scorecardresearch

വ്യത്യസ്‌തമായ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ‘മഹേഷും മാരുതിയും’റിവ്യൂ: Maheshum Marutiyum Review & Rating

Maheshum Marutiyum Review & Rating: വളരെ മൃദുവായി തുടങ്ങി അങ്ങനെ തന്നെ ഒഴുകി പ്രതീക്ഷിച്ചത് പോലൊരു അവസാനത്തിലെത്തുന്ന സിനിമ

RatingRatingRatingRatingRating
Maheshum Maruthiyum, Asif Ali, Mamtha Mohandas

Maheshum Marutiyum Review & Rating: പ്രണയം, ജീവിതം, പ്രതിസന്ധികൾ, അതിജീവനം., മോട്ടിവേഷൻ… ഇതിനിടയിൽ റിയൽ ലൈഫ് കഥാപാത്രങ്ങളുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയുള്ള ബന്ധം ഇതൊക്കെയാണ് സാധാരണ ഫീൽ ഗുഡ് സിനിമകളെ മുന്നോട്ട് നയിക്കാറുള്ളത്. സേതുവിന്റെ ‘മഹേഷും മാരുതിയും’ അതേ പാത പിന്തുടർന്നെത്തിയ ഒരു സിനിമയാണ്. ആസിഫ് അലിയും ഫീൽ ഗുഡ് സിനിമകളും തമ്മിലുള്ള ബന്ധത്തെയും ‘മഹേഷും മാരുതിയും’ അത് പോലെ ആവർത്തിക്കുന്നു.

1983 മുതൽ ഇപ്പോഴുള്ള കാലം വരെയുള്ള മഹേഷിന്റെയും അയാളുടെ പ്രിയപ്പെട്ട മാരുതി കാറിന്റെയും യാത്രയാണ് ‘മഹേഷും മാരുതിയും.’ പേര് നേരിട്ട് സൂചിപ്പിക്കും പോലെ തന്നെ ‘മഹേഷും മാരുതിയും’ തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ കാതൽ. വളരെ പ്രിയപ്പെട്ട, ഏറെ സ്നേഹത്തോടെ കൊണ്ട് നടന്ന വസ്തുക്കളോട് നമുക്ക് തോന്നുന്ന വിട്ട് പിരിയാൻ പറ്റാത്ത ഇഴയടുപ്പമാണ് സിനിമയുടെ പ്രധാന പ്രമേയം. വളരെ ലളിതമായ എന്നാൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയേ ചുറ്റിപ്പറ്റിയാണ് ‘മഹേഷും മാരുതിയും’ വികസിക്കുന്നത്. 30 വർഷത്തോളം ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാറിനെ അയാൾ എങ്ങനെ കരുതുന്നു സ്നേഹിക്കുന്നു എന്നൊക്കെ ഡോക്യുമെന്റ് ചെയ്യാനാണ് സിനിമ ശ്രമിക്കുന്നത്. ഒരേ സമയം ലളിതവും വളരെ ബുദ്ധിമുട്ടേറിയതുമായ ഒരു പ്രമേയമാണ് സിനിമ ആ രീതിയിൽ കൈകാര്യം ചെയ്യുന്നത്. ചിലയിടങ്ങളിൽ അത് രസകരമായി കൊണ്ട് പോകുമ്പോൾ മറ്റു ചിലയിടങ്ങളിൽ സിനിമ അതിനെ മുറിച്ചിടുന്നു.

വളരെയധികം പഴക്കം അവകാശപ്പെടാനില്ലാത്ത ഈ പ്രമേയത്തെ സിനിമ കൈകാര്യം ചെയ്തിട്ടുള്ളത് മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ പതിവ് ശൈലിയിലാണ്. വളരെ മൃദുവായി തുടങ്ങി അങ്ങനെ തന്നെ ഒഴുകി പ്രതീക്ഷിച്ചത് പോലൊരു അവസാനത്തിൽ സിനിമയെത്തുന്നു. പ്രേക്ഷകർക്ക് ഇത്തരം സിനിമകൾ കണ്ട ശീലത്തിൽ നിന്ന് തന്നെ സിനിമയുടെ ആകെത്തുക ഊഹിക്കാനാവും.

‘മഹേഷും മാരുതിയും’ തമ്മിലുള്ള ബന്ധം വിവരിക്കാനുള്ള പ്രയാസം സിനിമയിൽ ചിലയിടങ്ങളിൽ വളരെ പ്രകടമായി കാണാം. ഡോക്യുമെന്ററി സ്വഭാവത്തിലേക്കും കഥ മുന്നോട്ട് പോകാത്ത രീതിയിലും സിനിമ നിൽക്കുന്നത് പോലെയുള്ള ചിലയിടങ്ങൾ കാണാം. മോട്ടിവേഷൻ ക്ലാസ്സ്‌ പോലുള്ള പതിവ് രീതികൾ കൊണ്ട് ഈ ഭാഗങ്ങളെ ഫിൽ ചെയ്തത് പോലൊരു അനുഭവം സിനിമ നൽകുന്നുണ്ട്. അസിഫ് അലിയുടെയും പ്രേം കുമാറിന്റെയും മമ്ത മോഹൻദാസിന്റെയും നല്ല പ്രകടനങ്ങൾക്ക് മഹേഷിനെയും മാരുതിയേയും ലിഫ്റ്റ് ചെയ്യാൻ ഈയിടങ്ങളിൽ സാധിക്കുന്നില്ല. സിനിമയിലെ ഹാസ്യത്തിനും പാട്ടിനുമൊക്കെ ഇതേ പോരായ്മ അനുഭവപ്പെടുന്നു. ആസിഫ് അലിയും മമ്ത മോഹൻദാസും തമ്മിലുള്ള പ്രണയത്തിന്റെ വികാസത്തിലും ഇതേ അനുഭവം ഉള്ളത് പോലെ അനുഭവപ്പെടുന്നു.

ചരിത്രവത്കരണത്തിന്റെ സാധ്യത ‘മഹേഷും മാരുതിയും’ ചെറിയ തോതിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. മാരുതി കാറുകൾ സാധാരണക്കാരുടെ വാഹന സ്വപ്‍നങ്ങളുടെ ഭാഗമായി ഇവിടെ തുടങ്ങി വിജയിച്ച സംരംഭമാണ്. ഇവിടത്തെ മധ്യവർത്തി വീടുകളിലെ പശുത്തൊഴുത്തുകൾ കാർ ഷെഡ്ഡുകൾക്ക് വഴി മാറിയ 80 കളുടെ അവസാനവും 90 കളുടെ തുടക്കവും, ജങ്കാറിലെ യാത്രകൾക്കിടയിൽ പാലം വന്നത്, ചെറുകാടിന്റെ ജീവിതപ്പാതയുടെ ഫോക്കസ്സിൽ വരുന്ന ലൈബ്രറി. സാർത്രും സിമോൺ ഡി ബോവെയും ഒക്കെ കഥക്കിടയിലൂടെ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. ആ ഇടങ്ങളിലൊക്കെ കൃത്യമായ ഗവേഷണവും നിരീക്ഷണവും തെളിഞ്ഞു കാണാം. സിനിമയുടെ പ്രമേത്തോട് ചേർന്ന് നിന്നു കൊണ്ട്, ഒട്ടും ആലഭാരങ്ങളില്ലാതെയാണ് ഈ റെഫറൻസുകൾ കടന്നു വരുന്നത്. ചിലപ്പോൾ കൗതുകമുണ്ടാക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ തുടർച്ചയില്ലാതെ ആ ശ്രമങ്ങൾ മുന്നോട്ട് നീങ്ങി.

ചിലയിടങ്ങളിൽ പതിവ് ഫീൽ ഗുഡ് സിനിമകളുടെ ക്‌ളീഷേകൾ ഉപയോഗിച്ച മറ്റു ചിലയിടങ്ങളിൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന സിനിമയാണ് ‘മഹേഷും മാരുതിയും’ എന്ന് വേണമെങ്കിൽ ലളിതമായി പറയാം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Maheshum marutiyum review rating asif ali mamta mohandas