scorecardresearch
Latest News

Mahaveeryar Movie Review & Rating: തിരക്കഥയിലെ മികവ്, സംവിധായകന്റെ കയ്യടക്കം: ‘മഹാവീര്യർ’ റിവ്യൂ

Mahaveeryar Movie Malayalam Review & Rating: മലയാളി കണ്ടു പരിചയിച്ച സിനിമാകാഴ്ചകളുടെയെല്ലാം പൊളിച്ചെഴുത്താണ് ‘മഹാവീര്യർ’

RatingRatingRatingRatingRating
Mahaveeryar movie review, Mahaveeryar review, Mahaveeryar rating

Mahaveeryar Movie Malayalam Review & Rating: യാഥാർത്ഥ്യവും ഫാന്റസിയും ഇടകലരുന്ന, യുണീക് സ്വഭാവം കൊണ്ട് ഒരേ സമയം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘മഹാവീര്യർ’. മലയാളി കണ്ടു പരിചയിച്ച സിനിമാകാഴ്ചകളുടെയെല്ലാം പൊളിച്ചെഴുത്താണ് ചിത്രം.

ദേശമോ കാലമോ കാലഘട്ടമോ ഒന്നും ചിത്രത്തിൽ പ്രസക്തമല്ല. ഒരു സുപ്രഭാതത്തിൽ, ഒരു നാട്ടിൽ, ആൽത്തറയുടെ കീഴിൽ ഒരു ദിവ്യൻ പ്രത്യക്ഷപ്പെടുന്നു. അപൂർണാനന്ദ സ്വാമിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന അയാൾ നാട്ടുകാരെയെല്ലാം ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തുന്നു. എന്നാൽ, അധികം വൈകാതെ ഒരു കളവുമായി ബന്ധപ്പെട്ട് ദിവ്യനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒടുവിൽ ആ കേസ് കോടതി മുറിയിൽ വിചാരണയ്ക്ക് എത്തുകയും ചെയ്യുന്നു.

പൂർണമായും ഒരു കോർട്ട് റൂം ട്രയൽ ആയാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമാന്തരമായി, ചിത്രപുരിയെന്ന നാട്ടുരാജ്യത്തെ ചില സംഭവവികാസങ്ങളും കഥയിൽ വിഷയമായി വരുന്നു. സംവിധായകന്റെ കയ്യടക്കവും തിരക്കഥയുടെ മികവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്വപ്നസഞ്ചാരം പോലുള്ളൊരു കഥയെ, രസകരമായി എക്സിക്യൂട്ട് ചെയ്തിടത്താണ് സംവിധായകൻ എബ്രിഡ് കയ്യടി അർഹിക്കുന്നത്. ആദ്യ സീൻ മുതൽ അവസാന സീൻ വരെ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള ചിത്രമാണ് മഹാവീര്യർ. ഫാന്റസി ചിത്രമെന്നോ പിരീഡ്ഡ്രാമയെന്നോ ടൈം ട്രാവൽ ചിത്രമെന്നോ നിങ്ങൾക്ക് മഹാവീര്യറെ വിശേഷിപ്പിക്കാം.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമായി വരുന്ന ചിത്രം വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലർത്തിയാണ് ‘മഹാവീര്യരു’ടെ കഥ പുരോഗമിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ ഒരു ചെറുകഥയിൽ നിന്നും ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ എബ്രിഡ് ഷൈൻ. രാജഭരണം നാടുനീങ്ങിയിട്ടും പലപ്പോഴും അധികാരവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുണ്ട് ചിത്രം. അത്തരം ചില നിരീക്ഷണങ്ങളും സമീപനങ്ങളുമാണ് ചിത്രത്തെ ഒരു സറ്റയറാക്കി മാറ്റുന്നത്.

സ്ക്രീനിൽ എത്തുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കാൻ പരസ്പരം മത്സരിക്കുന്നവരാണ്. നിവിൻ പോളി അവതരിപ്പിച്ച അപൂർണാനന്ദ എന്ന കഥാപാത്രസൃഷ്ടി കൗതുകമുണർത്തും. ജടയും താടിയും കാഷായ വേഷവും രുദ്രാക്ഷമാലയുമൊക്കെ അണിഞ്ഞെത്തുന്ന നിവിന് തന്മയത്വത്തോടെയും കയ്യടക്കത്തോടെയും അപൂർണാനന്ദയെ അവതരിപ്പിക്കാനും ഒരു നിഗൂഢപരിവേഷം കഥയിലുടനീളം കഥാപാത്രത്തിനു സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട്. ആസിഫിന്റെ വീരഭദ്രനും കഥാഗതിയ്ക്ക് അനുസരിച്ച് കൃത്യമായ വളർച്ചയുള്ള കഥാപാത്രമാണ്. ആ വേഷഭൂഷാദികൾ നന്നായി ചേരുന്നുണ്ട് ആസിഫിന്, മൊത്തത്തിലൊരു ഗ്രേസുണ്ട് ആസിഫിന്റെ കഥാപാത്രത്തിന്.

നിവിനും ആസിഫും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കുമ്പോഴും സിനിമയെ ആദ്യാവസാനം വരെ രസകരമായി മുന്നോട്ടു കൊണ്ടുപോവുന്ന രണ്ടുപേർ ലാലു അലക്സും സിദ്ദിഖുമാണ്. കോർട്ട് റൂം ഡ്രാമയുടെ വിരസത പ്രേക്ഷകർക്ക് നൽകാതെ, കാഴ്ചക്കാരിൽ ചിരിയുണർത്താനും സിനിമയ്ക്ക് ആകമാനം ഒരുണർവ്വ് നൽകാനും ഇരുവരുടെയും മാനറിസങ്ങൾക്കും സംഭാഷണങ്ങൾക്കും സാധിക്കുന്നുണ്ട്. പാളിപോവാൻ ഏറെ സാധ്യതയുള്ള കഥാസന്ദർഭങ്ങളിൽ രക്ഷയാവുന്നത് ഇരുവരുടെയും വളരെ സൂക്ഷ്മമായ അഭിനയമുഹൂർത്തങ്ങളാണ്.

ഷാൻവി ശ്രീവാസ്തവയുടെ ദേവയാനി എന്ന കഥാപാത്രവും പ്രത്യേകശ്രദ്ധ നേടുന്നുണ്ട്, ഷാൻവിയുടെ സ്ക്രീൻ പ്രസൻസ് എടുത്തുപറയണം. ലാലിന്റെ രുദ്രമഹാവീര ഉഗ്രസേനനും ഗംഭീരമാണ്. മല്ലിക സുകുമാരന്റെ കലാദേവിയെന്ന കഥാപാത്രവും ഏറെ ചിരിയുണർത്തും. വിജയ് മേനോൻ, മേജർ രവി, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും തങ്ങളുടെ സാന്നിധ്യം മനോഹരമായി തന്നെ ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

സാങ്കേതികപരമായും ഏറെ മികവു പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. സംവിധായകൻ മനസ്സിൽ കണ്ട ഫ്രെയിമുകൾക്ക് സ്വപ്നസമാനമായ വിഷ്വലുകൾ ഒരുക്കിയത് സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ആണ്. ഇഷാൻ ചാബ്രയുടെ സംഗീതവും പശ്ചാത്തല സംഗീതവും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ മറ്റു സാങ്കേതികത വശങ്ങളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

ഇത്തരമൊരു ചിത്രം നിർമിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് നിവിൻ പോളി പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്. എബ്രിഡ് ഷൈൻ എന്ന ഫിലിം മേക്കറിലുള്ള വിശ്വാസത്തോടൊപ്പം തന്നെ, വേറിട്ട പരീക്ഷണങ്ങൾക്കും നിവിൻ തയ്യാറാവുന്നു എന്നത് ശ്രദ്ധേയമാണ്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ‘മഹാവീര്യർ’ നിർമ്മിച്ചിരിക്കുന്നത്.

വളരെ പുതുമയുള്ള, ദൃശ്യവിസ്മയം സമ്മാനിക്കുന്ന, നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ, തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രം- ഒരൊറ്റ വാചകത്തിൽ ‘മഹാവീര്യരെ’ അങ്ങനെ വിശേഷിപ്പിക്കാം. വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ചിത്രം നിരാശരാക്കില്ല. ഒന്നുറപ്പ്, ഇതുപോലൊരു ചിത്രം മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല! ആ ഫ്രഷ്നെസ്സ് തന്നെയാണ് ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ യുഎസ്‌പി.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Mahaveeryar movie review and rating nivin pauly asif ali