scorecardresearch

Madhuram Movie Review & Rating: സ്നേഹത്തിന്റെ മധുരം കിനിയുമ്പോൾ; ‘മധുരം’ റിവ്യൂ

Madhuram Malayalam Movie Review & Rating: ജോജുവിന്റെ സാബു എന്ന കഥാപാത്രം ചിത്രം കണ്ടിറങ്ങിയാലും അത്രയെളുപ്പം പ്രേക്ഷകനെ വിട്ടുപിരിയില്ല. ഒപ്പം, ‘ഹോമി’ലൂടെ പ്രേക്ഷകരുടെ കണ്ണു നനയിച്ച അതേ ഇന്ദ്രൻസ് മാജിക് ‘മധുര’ത്തിലും ആവർത്തിക്കുന്നു

RatingRatingRatingRatingRating
Madhuram, Madhuram review, Madhuram movie review, Madhuram OTT, Madhuram OTT time, Madhuram SonyLiv, Madhuram OTT Platform, Madhuram rating, Madhuram full movie, Madhuram full movie download, Madhuram song download, Madhuram songs, മധുരം റിവ്യൂ, Nikhila Vimal, Arjun Asokan, Joju George, Shruti Ramachandran, നിഖില വിമൽ, അർജുൻ അശോകൻ, ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ

Madhuram Malayalam Movie Review & Rating: കണ്ടു തീരുമ്പോൾ കണ്ണുനനയിക്കുന്ന, മനസ്സു നിറയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്. ആ ഗണത്തിൽ പെടുത്താവുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘ജൂണ്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’. സ്നേഹത്തിന്റെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ മധുരം കിനിയുന്ന ഒരു സിനിമ.

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം ബൈ-സ്റ്റാൻഡേഴ്സായി എത്തുന്ന കുറച്ചുപേർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അടുപ്പവും അവരുടെ ജീവിതകഥയുമൊക്കെയാണ് ‘മധുരം’ പറയുന്നത്. തങ്ങളുടെ ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും (ജോജു ജോർജ്) രവിയും (ഇന്ദ്രൻസ്). അമ്മയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്നിരിക്കുകയാണ് കെവിൻ (അർജുൻ അശോകൻ).

ആശുപത്രി വരാന്തയിലെയും ബൈ-സ്റ്റാൻഡേഴ്സ് ഹാളിലെയും വിരസമായ കാത്തിരിപ്പിനിടയിൽ അവർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിലൂടെയാണ് കഥയുടെ സഞ്ചാരം. ഒപ്പം, സമാന അനുഭവങ്ങളിൽ കൂടി കടന്നുപോവുന്ന, പ്രിയപ്പെട്ടവരുടെ രോഗം മാറി അവരെയും കൊണ്ട് വീട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഒരുപിടി മനുഷ്യരും. പ്രത്യാശ ഒന്നു കൊണ്ട് മാത്രം ഓരോ ദിവസവും മുന്നോട്ട് പോവുകയാണ് അവർ.

വളരെ സാവധാനത്തിലാണ് ‘മധുര’ത്തിന്റെ കഥ പുരോഗമിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന സീനുകളോ വലിയ ട്വിസ്റ്റുകളോ ഒന്നുമില്ലെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ​ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മധുര’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

വൈകാരികമായൊരു സമീപനമാണ് കഥ പറച്ചിലിൽ ഉടനീളം സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെയാവാം ചിത്രത്തിൽ ചെറിയ റോളുകളിൽ വന്നുപോവുന്ന കഥാപാത്രങ്ങൾ വരെ പ്രേക്ഷകരുമായി ഇമോഷണലി കണക്റ്റാവുന്നുണ്ട്. ഏതൊരാൾക്കും പരിചിതമായ വൈകാരിക പരിസരങ്ങളാണ് ചിത്രത്തിൽ നിറയെ.

അഭിനേതാക്കളുടെ പ്രകടനം ‘മധുര’ത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. ജോജുവിന്റെ സാബു എന്ന കഥാപാത്രം ചിത്രം കണ്ടിറങ്ങിയാലും അത്രയെളുപ്പം പ്രേക്ഷകനെ വിട്ടുപിരിയില്ല. അത്രമേൽ ഹൃദ്യമായി തന്നെ സാബുവിന് ജീവൻ പകർന്നിട്ടുണ്ട് ജോജു. വൈകാരിക രംഗങ്ങളിൽ ജോജു പുലർത്തിയ കയ്യടക്കം എടുത്തുപറയണം. ‘ഹോമി’ലൂടെ പ്രേക്ഷകരുടെ കണ്ണു നനയിച്ച അതേ ഇന്ദ്രൻസ് മാജിക് ‘മധുര’ത്തിലും നിറഞ്ഞു കാണാം. അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ജഗദീഷ്, ലാൽ, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മനോഹരമായൊരു പ്രണയചിത്രം കൂടിയാണ് ‘മധുരം’. തന്റെ പങ്കാളി ഇല്ലാതായാൽ ശേഷിക്കുന്ന ശൂന്യതയെ ഭൂമിയിൽ മറ്റൊന്നിനും ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന, അവരെ തിരിച്ചുകിട്ടാൻ ഏതറ്റം വരെയും പോവാൻ തയ്യാറാവുന്ന, പ്രണയത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ രണ്ടു മനുഷ്യരെയും മധുരത്തിൽ കാണാം. മനുഷ്യത്വവും സ്നേഹവും മുറുകെ പിടിച്ചാൽ അപ്രതീക്ഷിതമായ ഇടങ്ങളിൽ പോലും നല്ല സൗഹൃദത്തിന്റെ പൂക്കൾ വിടരുമെന്നും ചിത്രം പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു. ബന്ധങ്ങളെ മറ്റൊരു തലത്തിൽ നോക്കി കാണാൻ ചിലർക്കെങ്കിലും പ്രചോദനമാവുന്ന കണ്ണുനനയിപ്പിക്കുന്ന ചില നിമിഷങ്ങളും ‘മധുരം’ കാത്തുവയ്ക്കുന്നുണ്ട്.

‘മധുര’ത്തിന്റെ നല്ലൊരു പങ്ക് സീനുകളും ഹോസ്പിറ്റൽ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ്. ഈ രംഗങ്ങളിലെല്ലാം സംവിധായകൻ പുലർത്തിയിരിക്കുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. ഭക്ഷണത്തെ ഒരു മെറ്റഫർ ആയി കൂടി ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. നല്ല ഭക്ഷണം, രുചി, സ്നേഹം- മനുഷ്യന് ഒരിക്കലും ബോറടിക്കാത്ത മൂന്നു കാര്യങ്ങൾ. ഈ മൂന്നു ആശയത്തെയും ബ്രില്ല്യന്റായി തന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും.

ജിതിന്‍ സ്റ്റാനിസ്ലാസിന്റെ മനോഹരമായ ക്യാമറ വർക്കും ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും കൂടി ചേരുമ്പോൾ മധുരത്തിന് മാധുര്യമേറുകയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്ന് നിർമ്മിച്ച ചിത്രം സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്. ഫീൽ ഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ, മധുരം നിങ്ങളെ നിരാശരാക്കില്ല.

Read more: Ajagajantharam Movie Review & Rating: മികച്ച കാഴ്ചാനുഭവം, ദുർബലമായ തിരക്കഥ; ‘അജഗജാന്തരം റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Madhuram malayalam movie review rating