Maari 2 movie review: ടൊവീനോ തോമസ്‌ അവതരിപ്പിക്കുന്ന ഗംഗാധര്‍ ബീജ എന്ന കഥാപാത്രത്തിലാണ് ‘മാരി 2’ തുടങ്ങുന്നത്. ധനുഷ് അവതരിപ്പിക്കുന്ന മാരിയുമായി കണക്ക് തീര്‍ക്കാന്‍ തീരുമാനിക്കുകയാണ് അയാള്‍. എന്തിനാണ് പ്രതികാരം എന്നതിന്റെ വിശദാംശങ്ങള്‍ സിനിമ നമ്മളെ അറിയിക്കുന്നുമുണ്ട്. ‘മരണപ്പെട്ട ആത്മാക്കളെ’ വായിക്കുന്ന, ‘മരണത്തിന്റെ രാജാവ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രൂരനാണ് നീണ്ട, ഒതുക്കമില്ലാത്ത മുടിയുള്ള ബീജ. ചതിയും ദേഷ്യവും സങ്കടവുമെല്ലാം നിഴലിക്കുന്നുണ്ട് അയാളുടെ കണ്ണുകളില്‍. അവിടെ നിന്നും സിനിമ നേരെ പോകുന്നത് മുണ്ടുടുത്ത, മീശ പിരിക്കുന്ന, സ്റ്റൈലന്‍ മാരിയിലേക്കാണ്.

മാരി, നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ, ഒരു തെരുവ് ഗുണ്ടയാണ്. അയാള്‍ കൊല്ലുകയും കിട്നാപ് ചെയ്യുകയും, കള്ളക്കടത്ത് നടത്തുകയും ചെയ്യും എന്ന് മാത്രമല്ല തന്റെ ‘ടേംസി’ല്‍ കാര്യങ്ങള്‍ നടത്തുകയും ചെയ്യും. അതേ സമയം, അയാള്‍ സൗഹൃദങ്ങളെ ആദരിക്കുകയും ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുകയും ചെയ്യുന്നവനാണ്. തങ്കം പോലത്തെ മനസ്സുള്ളവന്‍, മാരി. (അത് കൊണ്ടാണോ എന്നറിയില്ല, മാരിയുടെ കഴുത്തിന്‌ ചുറ്റും കട്ടിയുള്ള സ്വര്‍ണ്ണ മാലകള്‍ ഉണ്ട്). മറ്റൊരു ‘കാല’യായിട്ടാണ് മാരിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ ഉള്ള രജനികാന്ത് റഫറന്‍സുകള്‍ പ്രേക്ഷകന്റെ ശ്രദ്ധയില്‍ പെടാതിക്കാന്‍ വഴിയില്ല. പരിചിതമായ മഴ ഷോട്ടുകളും ചുവന്ന കുടകളും കാണാതിരിക്കാന്‍ ആവില്ല. രജനിയിസം നിറഞ്ഞതാണ്‌ മാരി. ധനുഷിന്റെ ഡയലോഗ് പറച്ചില്‍ രജനികാന്തിനെ ഓര്‍മ്മപ്പെടുത്തും. മാരിയും കാലൈയും തമ്മിലുള്ള കൂട്ട്, ദളപതിയിലെ സൂര്യയുടെയും ദേവയുടെയും സൗഹൃദത്തിന് സമാനമാണ് താനും.

 

ധനുഷ് എന്ന താരത്തെ ചുറ്റിപ്പറ്റി ഒരു ചിത്രമെടുക്കുക എന്നതായിരുന്നു സംവിധായകന്‍ ബാലാജി മോഹന്‍ ലക്ഷ്യമിട്ടത്. ബി സി സെന്ററുകളെ ലക്ഷ്യമിട്ടാണ് എന്നും വ്യക്തം. മാരിയായി എത്തുന്ന ധനുഷ് മാസ് പ്രേക്ഷകര്‍ക്ക്‌ വേണ്ടുന്നതെല്ലാം നല്‍കുമെന്നതും. പക്ഷേ അതില്‍ കൂടുതല്‍ ഒന്നുമില്ല ഈ ചിത്രത്തില്‍.

ഒരു ഐ എ എസ് ഓഫീസറോട് ‘നേരത്തേ വീട്ടില്‍ പോകൂ’ എന്ന് ഭീഷണി മുഴക്കുന്നവാണ് മാരി. മറ്റൊരു സീനില്‍ മനുഷ്യരെ മനുഷ്യരായി കാണണം എന്നും പറയുന്നുണ്ട്. ഇയാള്‍ നല്ലവനാണോ ദുഷ്ടനാണോ എന്ന് പ്രേക്ഷകന്‍ കുഴങ്ങും. ‘ഇവര് നല്ലവരാ കെട്ടവരാ?’ എന്ന ചോദ്യം ഒരു ഗാനത്തില്‍ വരുന്നുമുണ്ട്. നൂറാം തവണ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്ന മാരി അത് കേക്ക് മുറിച്ചു ആഘോഷിക്കുന്നുമുണ്ട്. അതാണ്‌ മാരി.

Read in English Logo Indian Express

ഇതേ സംവിധായകന്റെ ‘കാതലില്‍ സൊതപ്പുവത് എപ്പടി’, ‘വായൈ മൂടി പേസവും’ എന്നീ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ‘മാരി 2’ നിങ്ങളെ കണ്‍വിന്‍സ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. 150 മിനുറ്റ് നീളമുള്ള ചിത്രത്തെ കുറച്ചു ട്രിം ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനെ. ഒരു പരിധി കഴിഞ്ഞു ‘ഈ ഏരിയ മൊത്തം മാരിയുടെ കണ്ട്രോളില്‍ ആണ്, പക്ഷേ മാരി ഔട്ട്‌ ഓഫ് കണ്ട്രോള്‍ ആണ്’ തുടങ്ങിയ ഡയലോഗുകള്‍ കേട്ടിരിക്കാന്‍ പറ്റില്ല. ‘മാരി മാത്രമല്ല ഔട്ട്‌ ഓഫ് കണ്ട്രോള്‍. കഥയും തിരക്കഥയുമെല്ലാം ഔട്ട്‌ ഓഫ് കണ്ട്രോള്‍ ആണ്’ എന്ന് പറയാന്‍ തോന്നും.

 

Maari 2 movie review: ‘മാരി’യുടെ ആദ്യ ഭാഗത്തില്‍ അനിരുധ് രവിച്ചന്ദറിന്റെ സംഗീത സംവിധാനത്തിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘മാരി 2’ സംഗീതപരമായും ശക്തമല്ല. ഇളയരാജയുടെ ശബ്ദത്തില്‍ ഒരു പാട്ടുണ്ടായിട്ട് പോലും ചിത്രത്തിലെ ഈണങ്ങള്‍ മനസ്സില്‍ തങ്ങുന്നവയല്ല. ധനുഷ്-യുവന്‍ ശങ്കര്‍ രാജ ടീം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയാണ്. അത് കൊണ്ട് തന്നെ ഗാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

ആനന്ദി എന്ന കഥാപാത്രമായി എത്തുന്ന സായ് പല്ലവിയുടെ അനായാസമായ അഭിനയം ശ്രദ്ധേയമാണ്. ആനന്ദി ധിക്കാരിയാണ് എന്നാല്‍ സ്നേഹമുള്ളവളുമാണ്. “ഞാന്‍ സാധാരണ കാണുന്ന ലൂസ്-പെണ്ണല്ല, മാരിയുടെ മാസ് പൊണ്ണ്,” എന്നിങ്ങനെയുള്ള മാസ് ഡയലോഗ് കൊണ്ട് അവര്‍ കൈയ്യടി നേടുന്നു. ധനുഷ്-സായ് പല്ലവി എന്നിവര്‍ ചേര്‍ന്നഭിനയിച്ച ‘റൌഡി ബേബി’ എന്ന ഗാനം സിനിമയുടെ ഹൈലൈറ്റ് ആണ്. ഓരോ സ്റെപ്പിലും പ്രഭുദേവ എന്ന നൃത്തസംവിധായകന്റെ കൈയ്യൊപ്പുണ്ട്. സായ് പല്ലവിയെ കൂടാതെ ശ്രദ്ധേയമായത് ടൊവീനോ തോമസാണ്. ചില സീനുകളില്‍ അയാള്‍ ധനുഷിനെക്കാളും തിളങ്ങുന്നു. വിജയ ചാമുണ്ടേശ്വരി എന്ന ഐ എ എസ് ഓഫീസര്‍ ആയി വരലക്ഷ്മി ശരത്കുമാര്‍ എത്തുന്നു. കഴിഞ്ഞ കുറച്ചു സിനിമകളിലായി അവര്‍ ചെയ്ത കഥാപാത്രങ്ങളുടെ തുടര്‍ച്ച പോലെ തോന്നി ഈ സിനിമയിലും.

 

നിങ്ങള്‍ ഒരു ധനുഷ് ഫാന്‍ ആണെങ്കില്‍, ‘സെന്‍ജിറുവേന്‍’, ‘If you are bad, I’m your dad!’ തുടങ്ങിയ ഡയലോഗുകള്‍ അദ്ദേഹത്തോടൊപ്പം പറഞ്ഞു ആസ്വദിക്കാം. മറിച്ചാണെങ്കില്‍, ‘നന്ദി, നമസ്കാരം’ പറഞ്ഞു കൊണ്ട് സിനിമ കഴിയുന്നത്‌ വരെ പിടിച്ചിരുന്നു, പോപ്‌കോണ്‍ തിന്നു തീര്‍ക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Review news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ