/indian-express-malayalam/media/media_files/uploads/2023/06/lust-stories-2-review.jpg)
Lust Stories 2 Review: ലസ്റ്റ് സ്റ്റോറീസ് 2 റിവ്യൂ
Lust Stories 2 Review: പുരുഷാധികാരവും അവന്റെ ലൈംഗികതൃഷ്ണകളുമൊക്കെ വലിയ ആഘോഷമാക്കപ്പെടുന്ന സിനിമാലോകത്ത് സ്ത്രീകളുടെ ലൈംഗിക കാമനകളെ അഭിസംബോധന ചെയ്തു കൊണ്ടാണ് 'ലസ്റ്റ് സ്റ്റോറീസ്' ആദ്യം ശ്രദ്ധ നേടിയത്. സെക്സിനെ വിലക്കപ്പെട്ട വസ്തുവോ പ്രവൃത്തിയോ ആയി കാണുന്ന സമൂഹത്തിൽ സ്ത്രീകളുടെ രതി, കാമനകൾ, പ്രണയം എന്നിവയുടെ സത്യസന്ധമായ ആവിഷ്കരണം തന്നെയായിരുന്നു 'ലസ്റ്റ് സ്റ്റോറീസ്'. വേറിട്ട കഥകളുമായി 'ലസ്റ്റ് സ്റ്റോറീസി'ന്റെ രണ്ടാം ഭാഗവും ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലാണ് 'ലസ്റ്റ് സ്റ്റോറീസ് 2' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
അധികാരം, ചതി, മോഹം, കാമം, നിസ്സഹായത എന്നിങ്ങനെ വ്യത്യസ്തമായ മനുഷ്യാവസ്ഥകളെ കുറിച്ചു സംസാരിക്കുന്ന നാലു ചെറു ചിത്രങ്ങളാണ് 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന അന്തോളജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർ ബാൽക്കി, സുജോയ് ഘോഷ്, കൊങ്കണ സെൻ ശർമ്മ, അമിത് രവീന്ദർനാഥ് ശർമ്മ എന്നിവരാണ് സംവിധായകർ.
ആർ ബാൽക്കി സംവിധാനം ചെയ്ത 'മെയ്ഡ് ഫോർ ഈച്ച് അദർ', കൊച്ചു മകൾ വേദയുടെ (മൃണാൾ ഠാക്കൂർ) വിവാഹം ഉറപ്പിക്കും മുൻപ് അവർക്കിടയിൽ ലൈംഗിക പൊരുത്തം കൂടി പരിശോധിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു മുത്തശ്ശി (നീന ഗുപ്ത)യുടെ കഥയാണ്. വധൂവരന്മാരുടെ സാമൂഹിക അവസ്ഥയും ജോലിയും സൗന്ദര്യവും സ്വത്തും പദവിയും ജാതകപ്പൊരുത്തവും വരെ നോക്കി കല്യാണമുറപ്പിക്കുന്ന സാമ്പ്രദായിക രീതികളെ വിമർശനാത്മകമായിട്ടാണ് കഥയിലെ മുത്തശ്ശി നോക്കി കാണുന്നത്. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികമായ പൊരുത്തം കൂടി ചേരുമ്പോൾ മാത്രമേ ശക്തമായ അടിത്തറയുള്ള ഒരു ദാമ്പത്യം സാധ്യമാവൂ എന്നവർ കൊച്ചു മകളോട് ആവർത്തിക്കുന്നു.
മൃണാൽ ഠാക്കൂറും അംഗദ് ബേദിയുമായാണ് ചിത്രത്തിൽ നവ വധൂവരന്മാരായി എത്തുന്നത്. സെക്സിനെ കുറിച്ച് നാണക്കേടില്ലാതെ കൊച്ചു മകളോട് സംസാരിക്കുന്ന, തന്റെ ദാമ്പത്യത്തെയും ലൈംഗികതയേയും കുറിച്ച് വാചാലയാവുന്ന നീന ഗുപ്തയുടെ മുത്തശ്ശി കഥാപാത്രം വേറിട്ടൊരു കാഴ്ചയാണ്. ജീവിതത്തിലും ലൈംഗികതയെ കുറിച്ച് ധീരമായ തുറന്നുപറച്ചിൽ നടത്തിയിട്ടുള്ള നീന ഗുപ്ത അയത്നലളിതമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
റിലീസിനു മുൻപ് തന്നെ, തമന്ന- വിജയ് പ്രണയകഥകളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് 'സെക്‌സ് വിത്ത് എക്‌സ്'. ഒരു ചതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു യാത്രയ്ക്കിടെ വിജയ് ചൗഹാന്റെ (വിജയ് വർമ്മ) കാർ ബ്രേക്ക് ഡൗൺ ആവുന്നു. അപരിചിതമായ ആ ഗ്രാമത്തിൽ ഒരു മെക്കാനിക്കിനെ തേടിയിറങ്ങിയ വിജയ്, വർഷങ്ങൾക്കു മുൻപ് കാണാതായ മുൻഭാര്യ ശാന്തിയെ അപ്രതീക്ഷിതമായി വീണ്ടും കാണുന്നു. ശാന്തിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില നിഗൂഢതകൾ അവർക്കിടയിൽ ചുരുളഴിയപ്പെടുകയാണ്.
സിനിമോട്ടോഗ്രാഫിയിലെ അസാധാരണത്വമാണ് ഈ ഹ്രസ്വചിത്രം തുടങ്ങുമ്പോൾ മുതൽ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്ന ഒരു ഘടകം. എന്തു കൊണ്ടാണ് അത്തരമൊരു ചിത്രീകരണമെന്നതിന് ചിത്രത്തിന്റെ അവസാനം സംവിധായകൻ സുജോയ് ഘോഷ് ഉത്തരം നൽകുന്നുണ്ട്. എന്നാൽ സംവിധായകൻ ട്രീറ്റ്‌മെന്റിൽ കൊണ്ടു വന്ന അപൂർവ്വതയോ ആവേശമോ ഒന്നും പ്രേക്ഷകർക്ക് ഈ ചിത്രം സമ്മാനിക്കുന്നില്ലെന്ന് നിരാശയോടെ പറയേണ്ടി വരും. കൂട്ടത്തിൽ 'ലസ്റ്റ് സ്റ്റോറീസ്' എന്ന പ്രമേയത്തോട് നീതി പുലർത്താതെ പോവുന്നതും ഈ സുജോയ് ഘോഷ് ചിത്രം തന്നെ.
/indian-express-malayalam/media/media_files/uploads/2023/06/Lust-Stories-2.jpg)
രണ്ടു സ്ത്രീകളുടെ ലൈംഗിക കാമനകളെ വേറിട്ടൊരു രീതിയിൽ സമീപിക്കുകയാണ് കൊങ്കണ സെൻ ശർമ്മയുടെ 'ദ മിറർ'. ജീവിതം കൊണ്ടും സാമൂഹികാവസ്ഥ കൊണ്ടും ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സ്ത്രീകൾ, ഒരാൾ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഇഷിത (തിലോത്തമ ഷോം), ഇഷിതയ്ക്ക് ഒപ്പം വർഷങ്ങളായുള്ള വീട്ടു ജോലിക്കാരി (അമൃതാ സുഭാഷ്).
ഒരു ദിവസം കടുത്ത തലവേദനയെ തുടർന്ന് ലീവെടുത്ത് അപ്രതീക്ഷിതമായി ഫ്ളാറ്റിലെത്തുന്ന ഇഷിത കാണുന്നത് തന്റെ കിടപ്പറയിൽ സെക്സിലേർപ്പെടുന്ന വേലക്കാരിയേയും അപരിചിതനായൊരു പുരുഷനെയുമാണ്. ആ കാഴ്ചയുടെ നടുക്കം പിന്നീട് ഇഷിതയിലെ ചില ലൈംഗിക കാമനകളെ പുറത്തു കൊണ്ടു വരികയാണ്. ആ കാഴ്ച അവളെ ഉത്തേജിപ്പിക്കുന്നു.
പുറമെയുള്ള വ്യത്യസ്തകൾക്കെല്ലാമപ്പുറം ആ രണ്ടു സ്ത്രീകൾക്കും അവരുടെ ആന്തരികലോകത്ത് ഒരു സമാനതയുണ്ടെന്നും അതവരുടെ ലൈംഗിക കാമനകളാണെന്നും പരസ്പരം തിരിച്ചറിയപ്പെടുകയാണ്. അസാധ്യമായ കയ്യടക്കത്തോടെയാണ് കൊങ്കണ സെൻ ശർമ്മ ഈ ചിത്രം അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ ലൈംഗികതയേയും കാമനകളെയും കുറിച്ച് ഒരു സ്ത്രീ സംസാരിക്കുമ്പോഴുള്ള സത്യസന്ധമായ സമീപനവും ഈ ചിത്രത്തിനു മുതൽക്കൂട്ടാവുന്നുണ്ട്.
Watch the trailer of Lust Stories 2
ലാവ പോലെ പൊള്ളിപ്പിക്കുന്ന ഒരു കവിതയാണ് അമിത് രവീന്ദർനാഥ് ശർമ്മ സംവിധാനം ചെയ്ത തിൽചട്ട (Tilchatta). ആണഹന്തകളെയെല്ലാം തലയിലേറ്റുന്ന അധികാരവും പണവും ഉപയോഗിച്ച് എല്ലാവരെയും വരുതിയിലാക്കുന്ന ഒരു ഫ്യൂഡൽ പ്രഭു, കൊട്ടാരസദൃശ്യമായ വീട്ടിൽ അയാളുടെ ലൈംഗികവൈകൃതങ്ങൾ എല്ലാം അനുഭവിച്ചു കഴിയുന്ന ദേവയാനി (കാജോൾ).
ശരീരത്തിനും മനസ്സിനും ഒരു പോലെ മുറിവുകളേറ്റ സ്ത്രീയാണ് ദേവയാനി. സ്വാതന്ത്ര്യം കൊതിച്ച് സ്വർണക്കൂട്ടിൽ അകപ്പെട്ടുപോയവൾ. ആ ഹവേലിയ്ക്ക് അപ്പുറത്തേക്ക് കുറേ കൂടി വെളിച്ചവും തെളിച്ചവും സമാധാനവുമുള്ള ഒരു ലോകം ദേവയാനി ആഗ്രഹിക്കുന്നുണ്ട്. മകനിലാണ് അവളുടെ പ്രതീക്ഷകൾ. ആ പ്രതീക്ഷങ്ങൾക്കു മുകളിലും ഭർത്താവ് കരിനിഴൽ വീഴ്ത്തുമെന്നു മനസ്സിലാക്കി തുടങ്ങിയതോടെ ആ കൂട്ടിൽ നിന്നും രക്ഷപ്പെടാൻ അവളൊരു ഗൂഢാലോചന നടത്തുന്നു. എന്നാൽ ആ തീരുമാനമാവട്ടെ അവളെ കൂടുതൽ ഹൃദയഭേദകമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. പുരുഷകാമനകളുടെ ജീനുകൾ ദേവയാനിയെ വീണ്ടും തോൽപ്പിക്കുകയാണ്.
ജീവിതം വലിയൊരു വീട്ടിൽ കുടുങ്ങിപ്പോയതിന്റെ വേദനയും ശ്വാസംമുട്ടലും അസ്വസ്ഥതയുമെല്ലാം സൂക്ഷ്മമായ തലത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട് കാജോൾ. ആ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. ഡയലോഗുകളെക്കാൾ മുഖഭാവങ്ങളിലും കണ്ണുകളിലുമാണ് കഥാപാത്രത്തിന്റെ ആന്തരികമായ പ്രക്ഷുബ്ദത നിഴലിക്കുന്നത്. മകൻ അങ്കുറായി എത്തുന്ന സീഷൻ നദാഫ്, വീട്ടുജോലിക്കാരിയായി എത്തുന്ന അനുഷ്ക കൗശിക് എന്നിവരും കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/Kajol-Lust-Stories-2.jpg)
രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ ചിത്രം വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതു തന്നെയാണ് അതിന്റെ പ്ലസ്. ബാൽക്കിയുടെ ചിത്രത്തിൽ നർമ്മമാണ് നിഴലിക്കുന്നത്, ഒരു ചെറുചിരിയോടെയേ ആ ചിത്രം കണ്ടിരിക്കാനാവൂ. എന്നാൽ കൊങ്കണ സെൻ വളരെ സെൻസിറ്റീവായ ഒരു വിഷയത്തിന്റെ ഇരുണ്ട വശങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. അതേ സമയം, നിഗൂഢതയാണ് സുജോയ് ഘോഷിന്റെ ചിത്രത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. ജീവിതയാഥാർത്ഥ്യങ്ങളുടെ പരുക്കൻ അവസ്ഥകളെ കാണിച്ചു തരുന്ന അമിത് ചിത്രം വലിയൊരു പ്രഹരമാണ് കാഴ്ചക്കാരുടെ മനസ്സിൽ ഏൽപ്പിക്കുന്നത്. മൊത്തത്തിൽ ധീരമായൊരു സമീപനമാണ് 'ലസ്റ്റ് സ്റ്റോറീസ് 2'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us