Nivin Pauly Nayanthara Starrer ‘Love Action Drama’  Movie Review: സമീപകാലങ്ങളില്‍ മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച, ബോക്‌സോഫീസില്‍ വലിയ വിജയങ്ങള്‍ നേടിയ നിവിന്‍ പോളി-അജു വര്‍ഗീസ്, ഒപ്പം ശ്രീനിവാസന്റെ മക്കള്‍ എന്നിവര്‍ ഒരിടവേളയ്ക്ക് ശേഷം ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന കാരണം പോരെങ്കില്‍, തെന്നിന്ത്യയില്‍ ആറ് കോടി പ്രതിഫലം വാങ്ങിക്കുന്ന, നയന്‍താര എന്ന സൂപ്പര്‍സ്റ്റാറിന്റെ ഒരു പേര് മതി, ശരാശരി മലയാള സിനിമാ പ്രേമിക്ക് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമ കാണാന്‍ ആദ്യ ദിനം തിയേറ്ററില്‍ എത്താന്‍. പ്രതീക്ഷ തെറ്റിക്കാതെ, ഹൗസ് ഫുള്ളോടെയായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ തുടക്കം.

Read More: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം

Love Action Drama Review

മുപ്പത് വര്‍ഷം മുമ്പ് ശ്രീനിവാസന്‍ ഒരുക്കിയ തളത്തില്‍ ദിനേശന്‍, ശോഭ (വടക്കുനോക്കിയന്ത്രം) എന്നിവരുടെ കഥ സിനിമയാകുന്നു എന്നായിരുന്നു ‘ലവ് ആക്ഷന്‍ ഡ്രാമ’യെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകളില്‍ പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയും. കൂടെ സാഗര്‍ എന്ന, ദിനേശന്റെ സന്തത സഹചാരിയായി അജു വര്‍ഗീസും.

തളത്തില്‍ ദിനേശനെ പോലെയല്ല നമ്മുടെ കഥാനായകന്‍ ദിനേശന്‍. മദ്യപാനവും പുകവലിയുമായി, ജോലിയും കൂലിയുമില്ലാതെ, ഉത്തരവാദിത്തബോധം അടുത്തു കൂടി പോലും പോകാതെ പെണ്ണുങ്ങളെല്ലാം ‘തേപ്പുകാരികള്‍’ ആണെന്ന് പറഞ്ഞ് നടക്കുന്ന ദിനേശന്‍. താന്‍ ഇങ്ങനെയാകാന്‍ കാരണം 15ാം വയസില്‍ തന്റെ കസിനും പ്രണയിനിയുമായിരുന്ന സ്വാതി തന്നെ ‘തേച്ചിട്ട്’ പോയി എന്ന ന്യായമാണ് ദിനേശന്‍ നിരത്തുന്നത്. സ്വാതി (ദുര്‍ഗ കൃഷ്ണ)യുടെ കല്യാണത്തിന് ചെന്നൈയില്‍ നിന്നെത്തിയതാണ് ശോഭയും (നയന്‍താര) കൂട്ടുകാരികളും. കല്യാണ വീട്ടില്‍ വച്ച് ശോഭയ്ക്ക് ദിനേശനോട് അനുകമ്പയും ദിനേശന് ശോഭയോട് പ്രണയവും തോന്നുന്നു. ഇവിടെ നിന്നാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ കഥ വളരുന്നത്.

 

‘കായംകുളം കൊച്ചുണ്ണി’, ‘മിഖായേല്‍’ തുടങ്ങിയ സിനിമയിലെ സീരിയസ് കഥാപാത്രങ്ങള്‍ക്കു ശേഷം വീണ്ടും ‘തട്ടത്തിന്‍ മറയത്തിലേ’യും, ‘ഒരു വടക്കന്‍ സെല്‍ഫി’യിലേയും പഴയ ‘Naughty’ നിവിന്‍ പോളിയുടെ തിരിച്ചു വരവ് എന്നോ, ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ മലയാളിക്ക് നല്‍കിയ നിവിന്‍ പോളിയെ, ഒരിക്കല്‍ കൂടി തിരിച്ചു തരാനുള്ള ധ്യാന്‍ ശ്രീനിവാസന്റെ ശ്രമമോ ഒക്കെയാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. നിവിന്‍-അജു കൂട്ടുകെട്ടിന്റെ തമാശകള്‍ തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും പലയിടത്തും പാളിപ്പോകുന്നതായും കാണാം. നിവിന്‍-അജു കോംബോയെക്കാള്‍, നിവിന്‍-മല്ലികാ സുകുമാരന്‍ കൂട്ട് കെട്ടാണ് കൂടുതല്‍ കൈയ്യടികള്‍ നേടിയത്. ദിനേശന്റെ അമ്മയുടെ കഥാപാത്രത്തെയാണ് മല്ലിക സുകുമാരന്‍ അവതരിപ്പിക്കുന്നത്.

കുറച്ച് തടിയും താടിയും ഉണ്ടെന്നതൊഴിച്ചാൽ പഴയ ‘അടുത്തവീട്ടിലെ പയ്യന്‍’ നിവിനെ തന്നെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ മുഴുവന്‍ ഫോമിലേക്കെത്താന്‍ നിവിന് സാധിച്ചോ എന്ന് പ്രേക്ഷകര്‍ കണ്ട് വിലയിരുത്തണം. എന്തായാലും നിവിന്‍ ഒരിക്കല്‍ കൂടി തന്റെ കംഫര്‍ട്ട് സോണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ.

Love Action Drama Review, lad review, Love Action Drama rating, Love Action Drama song download, Love Action Drama release date, Love Action Drama movie review, Love Action Drama critics review, Love Action Drama thriller movie, Love Action Drama audience review, Love Action Drama public review, nivin pauly, nayanthara, dhyan sreenivasan, malayalam movies, malayalam cinema, mollywood news, ലവ് ആക്ഷന്‍ ഡ്രാമ, ലവ് ആക്ഷന്‍ ഡ്രാമ റിവ്യൂ, നയന്‍‌താര

Read More: Love Action Drama, What we know so far: ദിനേശനും ശോഭയും അവരുടെ പ്രണയവുമായി ‘ലവ് ആക്ഷൻ ഡ്രാമ’

സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയന്‍താരയെ കൊണ്ടു വന്നത് എന്ന് ചിന്തിച്ചെങ്കിലും, ധ്യാന്‍ ശ്രീനിവാസന്‍ എന്ന സംവിധായകന്റെ മിടുക്കായി വേണം ആ തിരഞ്ഞെടുപ്പിനെ കാണാന്‍. കഥയുടെ ഭൂരിഭാഗവും ചെന്നൈയിലാണ് നടക്കുന്നത്. അതൊരുപക്ഷേ നയന്‍താരയ്ക്ക് വേണ്ടി ചെയ്തതു പോലുമാകാം. അല്ലാതെ നയന്‍സിനെ പോലൊരു താരത്തിന് വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവ് നടത്താന്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’ പോലൊരു സിനിമ തിരഞ്ഞെടുക്കേണ്ട ആവശ്യമെന്തെന്ന് ചിന്തിച്ച് മറ്റൊരു ഉത്തരം കിട്ടുന്നില്ല. നയന്‍താരയുടെ താരമൂല്യവും സൗന്ദര്യവും മാത്രമാണ് സിനിമ ‘ചൂഷണം’ ചെയ്തത്. കഥാപരിസരം ചെന്നൈ ആയതു കൊണ്ട് മാത്രം, കുറച്ച് കൂടി കോമഡിക്കു വേണ്ടി കൊണ്ടു വന്ന മൊട്ട രാജേന്ദ്രനൊക്കെ ‘വന്‍ ശോകം’ ആകുന്ന കാഴ്ചയാണ് സിനിമ നല്‍കുന്നത്.

ദുര്‍ബലമായ തിരക്കഥയും പ്ലോട്ടും ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ പാളിച്ചകളാണ് . പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത, 142 മിനിറ്റിനിടയില്‍ ആവശ്യത്തിനും അനാവശ്യത്തിനും കുറേ പാട്ടുകളുള്ള, ഓണക്കാലമായതുകൊണ്ട് മാത്രം പരിഗണിച്ചേക്കാവുന്ന ഒരു സിനിമ. ചിത്രത്തിന്റെ ടൈറ്റിലിൽ പറയുന്ന പോലെ ലവ് എന്ന ഘടകം പ്രേക്ഷരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിൽ സിനിമ എത്രത്തോളം വിജയിച്ചു എന്ന് പറയാനാകില്ല. അവസാനം കുറച്ച് ആക്ഷനുണ്ട്. പിന്നെക്കുറച്ച് ഡ്രാമയും.

അവധി ദിനത്തില്‍, ഒഴിവു വേളയില്‍, വെറുതെ ഒരു സിനിമ കയറി കണ്ടു കളയാം എന്ന് കരുതന്ന ആളാണ്‌ നിങ്ങള്‍ എങ്കില്‍ ഒരു ഉത്സവകാല ചിത്രം എന്ന നിലയില്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’ നിങ്ങളെ തൃപ്തിപ്പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook