Lalbagh Malayalam Movie Review & Rating: മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത ‘ലാൽബാഗ്’ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്. ഓടിടിയിലും തിയേറ്ററിലുമായി ഈ ആഴ്ച റിലീസിനെത്തിയ ചിത്രങ്ങളുടെ കൂട്ടത്തിൽ സ്ത്രീകേന്ദ്രീകൃതമായി കഥ പറഞ്ഞുപോവുന്ന ഒരു ചിത്രം കൂടിയാണിത്. മംമ്ത മോഹൻദാസാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന താരസാന്നിധ്യം.
ബാംഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലാൽബാഗി’ന്റെ കഥ നടക്കുന്നത്. സന്തുഷ്ടദാമ്പത്യം നയിക്കുന്ന ദമ്പതികളാണ് ടോമും സാറയും. മമ്ത മോഹൻദാസ് സാറയായി എത്തുമ്പോൾ ടോമിനെ അവതരിപ്പിക്കുന്നത് സിജോയ് വർഗ്ഗീസ് ആണ്. മകളുടെ പിറന്നാൾ പാർട്ടിയ്ക്കു പിന്നാലെ ടോം മരണപ്പെടുന്നു. ആത്മഹത്യയോ കൊലപാതകമോ എന്നു തീർത്തുപറയാനാവാത്ത ആ മരണത്തിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് ബാംഗ്ലൂർ പൊലീസ്. ഡിസിപി ഹെഡ്‌ഗേയ്ക്കാണ് (രാഹുല്‍ ദേവ് ഷെട്ടി) കേസ് അന്വേഷണത്തിന്റെ ചുമതല. ആ പാർട്ടിയിൽ പങ്കെടുത്ത ടോമിന്റെയും സാറയുടെയും സുഹൃത്തുക്കൾ സംശയത്തിന്റെ നിഴലിലാവുന്നു.
ഡിസിപി ഹെഡ്‌ഗേയുടെ അന്വേഷണം ആ മരണത്തിനു പിന്നിലെ ദുരൂഹതകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോവുകയാണ്. വ്യക്തിബന്ധങ്ങൾക്കിടയിലെ സംഘർഷങ്ങളും ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തികൊണ്ടാണ് കഥയുടെ സഞ്ചാരം. ബാംഗ്ലൂരിൽ നടക്കുന്ന കഥയായതിനാൽ, പൊലീസുകാരുടെയും മറ്റും സംസാരം കൂടുതലും കന്നട ഭാഷയിലാണ്. ഇത് ചിത്രത്തിന് ആകമാനം ഒരു റിയലിസ്റ്റിക് സ്വഭാവം നൽകുന്നുണ്ടെങ്കിലും കന്നട മനസ്സിലാകാത്തവരെ സംബന്ധിച്ച് ഇത് ആസ്വാദനത്തിനിടയിലെ കല്ലുകടിയായി അനുഭവപ്പെടാം.
പല ഷെയ്ഡുകളുള്ള കഥാപാത്രത്തെ മംമ്ത മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ നിന്നും കൂടുതൽ കരുത്താർജ്ജിച്ച ഒരു കഥാപാത്രമായാണ് മമ്ത രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്നത്. സിജോയ് വർഗ്ഗീസും തന്റെ കഥാപാത്രത്തോടെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. രാഹുല്‍ ദേവ് ഷെട്ടി, രാഹുൽ മാധവ്, നേഹാ സക്സേന, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ലാൽബാഗ് സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പൂർണമായും ബാംഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും മികവു പുലർത്തുന്നുണ്ട്. ബാംഗ്ലൂരിനെ മനോഹരമായി തന്നെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുകയാണ് സിനിമോട്ടോഗ്രാഫർ ആന്റണി ജോ. രാഹുൽ രാജിന്റെ സംഗീതം ചിത്രത്തിന്റെ മൂഡിനോട് നീതി പുലർത്തുന്നുണ്ട്.
സംവിധായകനായ പ്രശാന്ത് മുരളി പത്മനാഭൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സ് ഏറെ കുറെ പ്രേക്ഷകർക്ക് പ്രവചിക്കാനാവുമെന്നത് തിരക്കഥയിലെ സസ്പെൻസ് എലമെന്റിന് വിലങ്ങുതടിയാവുന്നുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിനു വേണ്ട ചടുലതയാണ് ‘ലാൽബാഗി’ൽ പലപ്പോഴും നഷ്ടപ്പെട്ടുപോവുന്ന മറ്റൊരു എലമെന്റ്. നാഗരിക ജീവിതത്തിൽ സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകളാണ് ഈ നോൺ ലീനിയർ ചിത്രത്തിലൂടെ പ്രശാന്ത് മുരളി പറഞ്ഞുപോവുന്നത്.
മമ്തയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ഒപ്പം സ്റ്റൈലിഷായ മേക്കിംഗും. അമിതപ്രതീക്ഷകളില്ലാതെ സമീപിക്കുന്ന പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തും.