Kuttimama movie review: എല്ലാ നാട്ടിൻപ്പുറങ്ങളിലും കാണും, ഒരാൾക്കൂട്ടത്തെ ഒത്തു കിട്ടിയാൽ പഴയ വീരസാഹസിക കഥകൾ അൽപ്പം പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചില ‘തള്ള്’ വീരന്മാർ. ഒരേ കഥ പലയാവർത്തി കേൾക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയൊന്നും ഇവർക്ക് പ്രശ്നമല്ല.
സിനിമകളിലും അത്തരത്തിലുള്ള നിരവധി ‘തള്ളൽ’ വീരന്മാരെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. ‘കുഞ്ഞിരാമായണ’ത്തിൽ മാമുക്കോയ അഭിനയിച്ച വെൽഡൺ വാസു മുതൽ ഹരീഷ് കണാരന്റെ ജാലിയൻ കണാരൻ വരെ നീളുന്ന നിരവധി പേരെ ഉദാഹരണമായി എടുത്തു കാണിക്കാം. അത്തരം കഥാപാത്രങ്ങളുടെ തുടർച്ച തന്നെയാണ് ‘കുട്ടിമാമ’ എന്ന ശ്രീനിവാസൻ കഥാപാത്രവും. പക്ഷേ തള്ള് കഥകളിൽ വെൽഡൺ വാസുവും ജാലിയൻ കണാരനുമൊക്കെ കുട്ടിമാമയുടെ മുന്നിൽ ശിരസ്സു നമിക്കേണ്ടി വരും.
ശേഖരൻ കുട്ടി എന്ന റിട്ടയേർഡ് പട്ടാളക്കാരന്റെ വേഷത്തിലാണ് ‘കുട്ടിമാമ’യിൽ ശ്രീനിവാസൻ എത്തുന്നത്. കാർഗിൽ യുദ്ധത്തിൽ വരെ പങ്കെടുത്ത ആളാണ് ശേഖരൻകുട്ടി. ഭാര്യയുമായി പിരിഞ്ഞ് തനിയെ താമസിക്കുന്ന ശേഖരൻകുട്ടിയെ അയാളുടെ സഹോദരി മക്കൾ വിളിക്കുന്ന പേരാണ് കുട്ടിമാമ എന്നത്. പിന്നീടെപ്പോഴോ ആ വിളി നാട്ടുകാർ മൊത്തം ഏറ്റെടുക്കുകയാണ്.
‘പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല’/ ‘അന്ന് ഞാൻ ആസാമിൽ ആയിരുന്ന കാലത്ത്’ എന്നിങ്ങനെ മുഖവുരയോടെ തുടങ്ങുന്ന അയാളുടെ പട്ടാളക്കഥകൾ ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിയെ പോലെയാണ് പലപ്പോഴും സഞ്ചാരം. അതിർത്തിയിലെ പാക്കിസ്ഥാൻ പട്ടാളത്തിന് മത്തങ്ങാ തോരൻ വച്ചുകൊടുത്ത കഥയും, ഒരിക്കൽ പാക്ക് പട്ടാളക്കാർക്കായി ശേഖരൻ കുട്ടി ഉണ്ടാക്കി വച്ച മത്തങ്ങാ തോരൻ ഇന്ത്യൻ സൈനികർ തിന്നു തീർത്തതിന്റെ പേരിലുണ്ടായ ബഹളത്തിൽ നിന്നുമാണ് കാർഗിൾ യുദ്ധം ഉണ്ടായതെന്നു വരെ പറഞ്ഞു കളയും കുട്ടിമാമ.
ആദ്യം കണ്ണുരണ്ടും മിഴിച്ച് ആവേശത്തോടെ കഥ കേട്ട് ഗോവിന്ദൻകുട്ടിയെ പ്രോത്സാഹിപ്പിച്ച നാട്ടുകാർ പിന്നീട് അയാളെ കാണുമ്പോൾ ഓടിയൊളിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. കുട്ടിമാമയുടെ തള്ള് കഥകൾ സഹിക്കാനാവാതെ വാടക വീടൊഴിഞ്ഞു പോയവർ വരെ ഉണ്ട് അന്നാട്ടിൽ. ഏറെ കാലത്തിനു ശേഷം ആദ്യാവസാനം ശ്രീനിവാസൻ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘കുട്ടിമാമ’. അസുഖത്തിന്റെ ക്ഷീണവും ആരോഗ്യനിലയുമെല്ലാം നിഴലിക്കുന്നുണ്ടെങ്കിലും ശേഖരൻകുട്ടി എന്ന കഥാപാത്രത്തെ മികവോടെ തന്നെ അവതരിപ്പിക്കാൻ ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ ശേഖരൻകുട്ടിയുടെ യൗവ്വനകാലം അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസൻ ആണ്. ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കുട്ടിമാമ’. ചിത്രത്തിൽ പലയിടത്തും മികച്ച പ്രകടനമാണ് ധ്യാൻ കാഴ്ച വയ്ക്കുന്നത്. ആക്ഷനിലും പ്രണയരംഗങ്ങളിലുമെല്ലാം ശ്രദ്ധേയമായ പെർഫോമൻസ് ആണ് ധ്യാൻ കാഴ്ച വയ്ക്കുന്നത്. ശേഖരൻ കുട്ടിയുടെ ഭാര്യാവേഷത്തിലെത്തിയ മീര വാസുദേവും ചെറുപ്പക്കാലം അവതരിപ്പിച്ച ദുർഗ കൃഷ്ണയും സഹോദരിയായെത്തിയ മഞ്ജുവും മകനായെത്തിയ വിശാഖ് നായരും (ആനന്ദം ഫെയിം) നിർമൽ പാലാഴിയുമെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തുണ്ട്.
ചിത്രത്തിന്റെ പ്രധാന പോരായ്മ ഒട്ടും ലോജിക്കല്ലാത്ത, കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയാണ്. കഥയിൽ പലയിടത്തും ഏച്ചുക്കെട്ടലുകളും മുഴച്ചുനിൽക്കുന്നുണ്ട്. ഗോവിന്ദൻകുട്ടിയുടെ പട്ടാളക്കഥകളും അതുകേട്ട് കേട്ട് സഹിക്കെട്ട നാട്ടുകാരെയുമാണ് ഒന്നാം പകുതിയിൽ കാണാൻ കഴിയുക. എന്നാൽ രണ്ടാം പകുതി ഗോവിന്ദൻകുട്ടിയുടെ പ്രണയത്തിലേക്കും അധികമാർക്കും അറിയാത്ത ഭൂതകാലജീവിതത്തിലേക്കുമാണ് പ്രേക്ഷകനെ ശ്രമിക്കുന്നത്. പറഞ്ഞതത്രയും തള്ളല്ല, അതിലും ചില സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണിച്ചു തരുന്നു.
ലോജിക്ക് എന്നത് പലപ്പോഴും കഥാപരിസരങ്ങളുടെ സമീപത്തു കൂടെ പോലും പോയിട്ടില്ല. അങ്ങനെയാണെങ്കിൽ കൂടിയും, സമൂഹത്തിലെ ചില യാഥാർത്ഥ്യങ്ങളിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച പട്ടാളക്കാരുടെ റിട്ടയേർഡ് ലൈഫിലേക്കും സമൂഹം അവരോട് കാണിക്കുന്ന അനാദരവിനെ കുറിച്ചും ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഗ്രാമീണ അന്തരീക്ഷവും യുദ്ധാന്തരീക്ഷവും ആക്ഷൻ സീനുകളുമെല്ലാം മനോഹരമായി തന്നെ പകർത്താൻ ഛായാഗ്രാഹകനു സാധിച്ചിട്ടുണ്ട്. വി എം വിനുവിന്റെ മകൻ വരുൺ വിനു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
‘കുട്ടിമാമ’ ഒരർത്ഥത്തിൽ അച്ഛൻ- മക്കൾ കോമ്പിനേഷന്റെ ചിത്രം കൂടിയാണ്. ശ്രീനിവാസനൊപ്പം ധ്യാൻ അഭിനയിക്കുമ്പോൾ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് വിനീത് ശ്രീനിവാസനും ‘കുട്ടിമാമ’യുടെ ഭാഗമായിട്ടുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
Read more: അച്ഛൻ ശ്രീനിവാസനൊപ്പം ആദ്യമായി സ്ക്രീൻ പങ്കിട്ട് ധ്യാൻ: ‘കുട്ടിമാമ’ വരുന്നു
യുക്തിഭദ്രമായ ഒരു കെട്ടുറപ്പുള്ള ചിത്രം എന്ന പ്രതീക്ഷയിൽ ‘കുട്ടിമാമ’ കാണാൻ കയറിയാൽ നിരാശയായിരിക്കും ഫലം. അതേസമയം, ‘പണ്ട് പണ്ടൊരിടത്ത് ഒരു വീരശൂരപരാക്രമിയായ പട്ടാളക്കാരനുണ്ടായിരുന്നു,’ എന്ന ലാഘവത്തിൽ പറഞ്ഞു പോകുന്ന ഒരു നാടോടിക്കഥ കേൾക്കാനും കാണാനുമുള്ള മാനസികാവസ്ഥയോടെ ചെന്നാൽ രണ്ടര മണിക്കൂറിൽ അത്യാവശ്യം ചിരിച്ചാസ്വദിക്കാവുന്ന ഒരു ചിത്രമാണ് ‘കുട്ടിമാമ’. അശ്ലീലമോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത താരതമ്യേന ക്ലീൻ ആയൊരു ചിത്രമാണ് ‘കുട്ടിമാമ’. തിയേറ്ററുകളിൽ ചിരിച്ചുല്ലസിക്കുന്ന കുട്ടികളെയാണ് തിയേറ്ററുകളിൽ കണ്ടത്.