Rajeev Ravi-Asif Ali Kuttavum Shikshayum Movie Review & Rating: ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി മലയാളത്തിൽ ഒരുക്കിയ ‘കുറ്റവും ശിക്ഷയും’ ഇന്ന് തിയേറ്ററുകളിലെത്തി. കേരളത്തിൽ നടന്ന ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയാണ് ‘കുറ്റവും ശിക്ഷയും’ ഒരുക്കിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായി എടുത്ത ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ എന്ന് ‘കുറ്റവും ശിക്ഷയു’മെന്ന ചിത്രത്തെ വിശേഷിപ്പിക്കാം.
ഒരു പുലർച്ചെ, കട്ടപ്പനയിലെ ജ്വല്ലറിയിലൊരു മോഷണം നടക്കുന്നു. കേസ് അന്വേഷിക്കാൻ എത്തുന്നത്, സിഐ സാജൻ ഫിലിപ്പ് (ആസിഫ് അലി). അന്വേഷണത്തിനിടയിൽ പ്രതികൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ സാജൻ ഫിലിപ്പും സംഘവും പ്രതികളെ തേടിയിറങ്ങുന്നു. ക്രൈമുകൾക്ക് പേരുകേട്ട, അത്ര പരിചിതമല്ലാത്ത ഒരു ഗ്രാമത്തിൽ എത്തിപ്പെടുന്ന സാജൻ ഫിലിപ്പും സംഘവും നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഏറെ പക്വമാർന്ന രീതിയിലാണ് സാജൻ ഫിലിപ്പ് എന്ന കഥാപാത്രത്തെ ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പൊലീസുകാരന്റെ സമ്മർദ്ദങ്ങളെയൊക്കെ കയ്യടക്കത്തോടെ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ ആസിഫിനു സാധിച്ചിട്ടുണ്ട്. അലന്‍സിയര്‍ ലോപ്പസ്, ഷറഫുദ്ദീൻ, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കി.

കാസർക്കോഡ് നടന്ന ഒരു യഥാർത്ഥ മോഷണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ആ കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസും മാധ്യമപ്രവർത്തകനായ ശ്രീജിത് ദിവാകരനും ചേർന്നാണ്. ചിത്രത്തിൽ ഒരു കഥാപാത്രത്തെ സിബി അവതരിപ്പിച്ചിട്ടുമുണ്ട്.
ഒരുപാട് സിനിമാറ്റിക് ആയി മാറ്റാതെ, പൊലീസുകാരുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൊണ്ടുവരാനാണ് ആദ്യം മുതൽ ചിത്രം ശ്രമിക്കുന്നത്. കൂടുതൽ സസ്പെൻസ് കൊണ്ടുവരിക അല്ലെങ്കിൽ കൊമേർഷ്യൽ ഘടകങ്ങൾ തിരുകി കയറ്റുക പോലുള്ള ഗിമ്മിക്കുകളൊന്നും ചിത്രത്തിൽ എവിടെയും കാണാനാവില്ല. വളരെ സ്ലോ പെയ്സിലാണ് കഥയുടെ പുരോഗതി. അതിനാൽ തന്നെ, തുടക്കം മുതൽ ഒടുക്കം വരെ ആവേശം കൊള്ളിക്കുന്ന ഒരു ത്രില്ലർ പ്രതീക്ഷിച്ച് ചിത്രത്തിന് ടിക്കറ്റ് എടുക്കേണ്ട!
സിനിമോട്ടോഗ്രാഫിയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ്. മികവുറ്റ ദൃശ്യങ്ങളിലൂടെ ഒരു ഉൾഗ്രാമത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നുണ്ട് സുരേഷ് രാജന്റെ ക്യാമറ. പരിചിതമല്ലാത്തൊരു ഗ്രാമവഴികളിലൂടെ ആ പൊലീസുകാർക്കൊപ്പം സഞ്ചരിക്കുന്ന ഒരു അനുഭൂതിയാണ് പ്രേക്ഷകർക്കും ലഭിക്കുക. രാത്രി സീനുകളും ഒന്നിനൊന്ന് മനോഹരം എന്നേ വിശേഷിപ്പിക്കാനാവൂ. ഒപ്പം, രാജീവ് രവി എന്ന സംവിധായകന്റെ മേക്കിംഗിലെ കയ്യടക്കവും കൂടി ചേരുമ്പോൾ അടിമുടി ക്ലാസ് ആയൊരു അനുഭവമാണ് കുറ്റവും ശിക്ഷയും സമ്മാനിക്കുന്നത്.
ബി അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സൗണ്ട് ഡിസൈൻ നിർവ്വഹിച്ചത് തപസ് നായക് ആണ്. ഡോൺ വിൻസെന്റിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേർന്നുപോവുന്നുണ്ട്. വി ആർ അരുൺകുമാറാണ് ചിത്രത്തിന്റെ നിർമാതാവ്.