Kunjeldho Movie Review & Rating: ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും തിളങ്ങിയ മാത്തുക്കുട്ടി ആദ്യമായി എഴുതി, സംവിധാനം ചെയ്ത ‘കുഞ്ഞെൽദോ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനാകുന്ന ചിത്രം, മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ക്യാമ്പസ് സിനിമ കൂടിയാണിത്. സൗഹൃദവും പ്രണയവും തമാശയും നല്ല മാനുഷിക ബന്ധങ്ങളും കടന്നുവരുന്ന മനസ്സുനിറയ്ക്കുന്ന നല്ലൊരു ഫീൽ ഗുഡ് എന്റര്ടെയിനറാണ് ‘കുഞ്ഞെൽദോ’.
പേര് സൂചിപ്പിക്കുന്നത് പോലെ ‘കുഞ്ഞെൽദോ’ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്ലസ് ടൂ കഴിഞ്ഞിറങ്ങുന്ന എൽദോ എന്ന ‘കുഞ്ഞെൽദോ’, (ആസിഫ് അലി) കോളേജ് ജീവിതം ആസ്വദിക്കാനായി ആർട്സ് കോളേജ് തിരഞ്ഞെടുക്കുന്നു. യൂണിഫോമിലാത്ത കോളേജ് എന്ന ആഗ്രഹവും അതിനു പിന്നിലുണ്ട്. അവിടെവെച്ചു സഹപാഠിയായ നിവേദിത (ഗോപിക ഉദയൻ) യുമായി കുഞ്ഞെൽദോ പ്രണയത്തിലാകുന്നു. എന്നാൽ കൗമാര പ്രണയത്തിന്റെ ആവേശവും പക്വതയില്ലായ്മയും അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
കലാലയ ജീവിതവും പ്രണയവും തമാശകളുമായി കടന്നു പോകുന്ന ആദ്യ പകുതി ശേഷം, രണ്ടാം പകുതിയിൽ വൈകാരികമായ ട്രാക്കിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സ്വന്തം സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് മാത്തുക്കുട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കാൻ പോന്ന വലിയ തമാശകളോ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ ഇല്ലെങ്കിലും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ മാത്തുക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. റാഗിങ്ങ്, എൻഎസ്എസ് ക്യാമ്പ്, യൂത്ത് ഫെസ്റ്റിവൽ എന്നിവയിലൂടെ പ്രേക്ഷകരെ ഒരിക്കലെങ്കിലും തങ്ങളുടെ പഴയ സ്‌കൂൾ, കോളേജ് ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകാനും ചിത്രത്തിന് കഴിയുന്നുണ്ട്.
പ്ലസ് ടൂ കാരനായും കോളേജ് വിദ്യാർഥിയായും കാമുകനായും മകനായും പലതരം വികാരങ്ങളിലൂടെ കടന്നു പോകുന്ന കുഞ്ഞെൽദോ എന്ന കഥാപാത്രം ആസിഫ് അലിയുടെ കയ്യിൽ ഭദ്രമായിരുന്നു. ആസിഫ് അലിയ്ക്ക് പകരം മറ്റാരെയും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് അവിടെ ചിലപ്പോൾ സങ്കല്പിക്കാൻ കഴിഞ്ഞേക്കില്ല. പുതുമുഖം ഗോപിക ഉദയനും നിവേദിത എന്ന കഥാപാത്രത്തെ മികച്ചതാക്കി. ഗീവർഗീസ് എന്ന അധ്യാപകനായി എത്തി സിദ്ദിഖും പ്രേക്ഷരുടെ ഇഷ്ടം കവരുന്നുണ്ട്.

കുഞ്ഞെൽദോയുടെ ആത്മസുഹൃത്തായ ജിന്റോ എന്ന കഥാപാത്രത്തെ അർജുൻ ഗോപാലും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സുധീഷ്, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, അനാർക്കലി നാസർ, ഹാരിത ഹരിദാസ്, മിഥുൻ എം ദാസ്,എബിൻ പോൾ, അശ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ കൂടിയായ വിനീത് ശ്രീനിവാസനും ഒരു രംഗത്തിൽ എത്തുന്നുണ്ട്.
Also Read: Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ
സ്വരൂപ് ഫിലിപ്പിന്റെ ഛയാഗ്രഹണവും മികച്ചതായിരുന്നു. സ്‌കൂൾ ഫെയർവെല്ലിന്റെയും കോളേജ് കലോത്സവത്തിന്റെയും ഓരോ ഫ്രയിമുകളും പ്രേക്ഷകരെ ആ കാലഘട്ടങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ്. കുഞ്ഞെൽദോയുടെ ജന്മനാടായി അവതരിപ്പിക്കുന്ന ‘കുട്ടിക്കാനം’ എന്ന മലയോരമേഖലയെയും സ്വരൂപിന്റെ ക്യാമറ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. രഞ്ജന്‍ എബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിങ്. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊന്ന് ഷാൻ റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ്. സിനിമയിലെ അഞ്ചു പാട്ടുകളും ഒന്നിനൊന്ന് മികച്ചതാക്കാനും പശ്ചാത്തലസംഗീതത്തിലൂടെ ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനും ഷാനിന് സാധിച്ചിട്ടുണ്ട്.
ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ‘കുഞ്ഞെൽദോ’, സൗഹൃദവും പ്രണയവും തമാശയും നിറഞ്ഞ, പ്രേക്ഷകർക്ക് ഈ ക്രിസ്തുമസ് കാലത്ത് കുടുംബസമേതം തിയേറ്ററിൽ പോയി ആസ്വദിക്കാവുന്ന നല്ലൊരു എന്റര്ടെയിനറാണ്.