scorecardresearch
Latest News

തിരക്കഥയെ ഉപേക്ഷിച്ച സിനിമ: ‘കുമാരി’ റിവ്യൂ: Kumari Movie Review & Rating

Kumari Movie Review & Rating: കഥാപാത്ര നിർമിതിയിലെ പൂർണതയാണ് ഒരു സിനിമയെ പൂർണമാക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകം എന്ന് പറയാറുണ്ട്. ആ നിലക്ക് നോക്കിയാൽ വളരെയധികം അപൂർണമായ സിനിമയാണ് ‘കുമാരി.’

Kumari, Kumari review, Kumari rating, Kumari movie Ott release, Kumari full movie download, Kumari film review, Kumari malayalam review, Aishwarya Lakshmi
Kumari Movie Review and Rating

Kumari Movie Review & Rating: അതീന്ദ്രിയ സാനിധ്യങ്ങളെ പറ്റി പറയുമ്പോൾ സമകാലിക മലയാള സിനിമയിപ്പോൾ പൊതുവെ ആശ്രയിക്കാറുള്ളത് ജൂത പെട്ടിയെയും കോഡിങ്ങുകളെയുമൊക്കെയാണ്. ആത്മാക്കൾ പൊതുവെ നാഗരികരുമാണ്. എന്നാൽ നിർമൽ സഹദേവിന്റെ ‘കുമാരി’ പഴയ തറവാട്ടിലെ ദുർമരണവും അതേ തുടർന്നു തലമുറകളിലേക്ക് പടർന്നു പന്തലിക്കുന്ന ശാപവുമായി കുറച്ചധികം പഴയ ഫോർമാറ്റിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മുത്തശ്ശി കഥ പോലുള്ള നരേഷനിലൂടെ തുടങ്ങി പഴയ തറവാടിന്റെ വളരെ സമൃദ്ധമായ കാഴ്ചകളിലൂടെയാണ് ‘കുമാരി’ സഞ്ചരിക്കാൻ തുടങ്ങുന്നത്. വള്ളുവനാടൻ ഭാഷ മുതൽ ചാത്തൻ സേവ വരെ ‘കുമാരി’യിൽ പരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ വലിയ സ്‌ക്രീനിൽ ഒട്ടും കണ്ട് ശീലമില്ലാത്ത അത്തരം കാഴ്ചയിലൂടെ പ്രേക്ഷകരുടെ കൗതുകത്തെ തുടക്കത്തിൽ ഉണർത്തുന്നുണ്ട് ‘കുമാരി.’ കഥകൾ കേൾക്കാനിഷ്ടം തോന്നുന്ന മനുഷ്യരുടെ സ്വാഭാവിക ചോദനയോട് വളരെ സ്വഭാവികമായി പ്രതികരിക്കുന്നുണ്ട് അവിടെയൊക്കെ സിനിമ. എന്നാൽ പോകെ പോകെ ആ കൗതുകത്തെ വഴിയിലൂപേക്ഷിച്ചു തിരക്കഥ വേറെ ഏതൊക്കെയോ വഴികളിലേക്ക് മാറി സഞ്ചരിക്കുന്നു സിനിമ.

ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തിലെത്തുന്ന സിനിമയാണ് ‘കുമാരി.’ ‘പൊന്നിയിൻ സെൽവ’നിലൂടെയും ‘അമ്മു’വിലൂടെയും ‘ക്യാപ്റ്റനി’ലൂടെയുമൊക്കെ കരിയറിനെ മറ്റൊരു തലത്തിൽ ഇപ്പോൾ കൊണ്ട് പോകുന്ന താരമാണ് ഐശ്വര്യ. ‘കുമാരി’യിലും കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തലത്തിൽ വളരെ വിശ്വസനീയമായ വിധത്തിൽ തുടക്കം മുതൽ കൊണ്ട് പോകുന്നുണ്ട് അവർ. ഏകദേശം ഒറ്റക്കാണ് അവർ ‘കുമാരി’യെ കൊണ്ട് പോകുന്നത്. പക്ഷേ ആ പ്രകടനത്തിനു സിനിമയെ രക്ഷിക്കാനാവുമോ എന്ന സംശയത്തിലാണ് സിനിമ ഒരു ഘട്ടം കഴിയുമ്പോൾ മുന്നോട്ട് പോകുന്നത്. വിചിത്ര വസ്ത്ര ധാരികളായ ആത്മാക്കളും അവർ തമ്മിലുള്ള യുദ്ധങ്ങളുമൊക്കെയായി വിചിത്രമായ അനുഭവമായി സിനിമ മുന്നോട്ട് പോകുന്നു. തിരക്കഥയിൽ ഒരു ഘട്ടം കഴിഞ്ഞാൽ ഒന്നും പറയാൻ ബാക്കിയില്ലാത്തത്തിന്റെ വിഷമം സിനിമയിൽ വല്ലാതെ തെളിഞ്ഞു കാണുന്നുണ്ട് പലയിടങ്ങളിലും.

ഒരർത്ഥത്തിൽ വളരെ നല്ല ആർട്ടും ക്രാഫ്റ്റും ഒക്കെ കാണാൻ പറ്റുന്ന സിനിമയാണ് ‘കുമാരി.’ എബ്രഹാം ജോസഫിന്റെ അതി മനോഹരമായ ക്യാമറ, ജെക്സ് ബെജോയുടെ പശ്ചാത്തല സംഗീതം, കളർ ടോൺ, സ്റ്റെഫി സേവ്യറുടെ വസ്ത്രാലങ്കാരം ഒക്കെ പ്രത്യേക മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. സിനിമയിലെ ഓരോ ഫ്രേമും മനോഹരമാണ്. രാത്രി കേൾക്കുന്ന മുത്തശ്ശിക്കഥയുടെ എഫക്ട് കാണികളുടെ തലച്ചോറിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ ‘പണ്ട് പണ്ട് ഒരു നാട്ടിൽ’ എന്ന് പറഞ്ഞു തുടങ്ങുന്ന കഥ ക്‌ളീഷേ ആകാനും പറഞ്ഞു പഴകിയതാവാനും സാധ്യത വളരെ കൂടുതലാണ്. ഈ സാധ്യത ‘കുമാരി’യെ വല്ലാതെ ബാധിച്ചുവെന്ന് പറയേണ്ടി വരും. ലളിതമായി കഥ പറഞ്ഞു പോകുന്ന സിനിമയിൽ ഇടക്ക് വച്ച് ആ ലാളിത്യം ഇല്ലാതാവുന്നുണ്ട്. ചില കഥാ സന്ദർഭങ്ങൾ, സംഭാഷണങ്ങൾ ഒക്കെ ചിത്രകഥ നോക്കി വായിക്കും പോലെ കൃത്രിമമായി അനുഭവപ്പെട്ടു.

Kumari Movie Review & Rating

അഞ്ചു സ്ത്രീകളുടെ കഥയാണ് ‘കുമാരി’ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. എവിടെയൊക്കെയോ ആ രീതിയിൽ സിനിമയെ കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ കുമാരി ഒഴികെയുള്ള കഥാപാത്രങ്ങൾ ഒരു തുടർച്ചയുമില്ലാതെ ഇടക്ക് പ്രത്യക്ഷപ്പെടുകയും മറ്റു ചിലപ്പോൾ അപ്രത്യക്ഷരാവുകയും ചെയ്തു. സ്ത്രീകൾക്ക് മാത്രമല്ല കുമാരിയും ധ്രുവനും ഒഴികെയുള്ള സിനിമയിലെ പല കഥാപാത്രങ്ങൾക്കും കൃത്യമായ നിർമിതി സിനിമയിൽ ഉണ്ടായില്ല. കഥാപാത്ര നിർമിതിയിലെ പൂർണതയാണ് ഒരു സിനിമയെ പൂർണമാക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകം എന്ന് പറയാറുണ്ട്. ആ നിലക്ക് നോക്കിയാൽ വളരെയധികം അപൂർണമായ സിനിമയാണ് ‘കുമാരി.’ താരസാന്നിധ്യം എന്ന നിലയിൽ ഇടക്ക് ഉയർത്തി കാണിക്കാം എന്നതിലുപരി പലർക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എന്നും വേണമെങ്കിൽ ലളിതമായി ഇതിനെ കുറിച്ച് പറയാം. ആണധികാരം, ജന്മിത്തം, അന്ധവിശ്വാസം തുടങ്ങി പല വിഷയങ്ങളും പറഞ്ഞു പോകുന്നുണ്ട് ‘കുമാരി.’ പക്ഷേ വൈരുധ്യങ്ങൾ കൊണ്ട് ഇതിനും തുടർച്ചയില്ലാതെ പോയി.

കുമാരി എന്ന സ്മാർട്ട്‌ ആയ സ്നേഹമയിയായ പെൺകുട്ടി ദുർമരണത്തിന്റെ ശാപം തലമുറകളായി പേറുന്ന തറവാട്ടിലേക്ക് വിവാഹം കഴിഞ്ഞെത്തുന്നു. സ്വന്തം വീട്ടിൽ ഒരുപാട് പേർക്കിടയിൽ വളരെ സ്നേഹത്തോടെ കഴിഞ്ഞ അവൾ ഭർത്താവ് ധ്രുവന്റെ കുറച്ച് എക്സെൻട്രിക് ആയ അവസ്ഥയിലും അവിടത്തെ ദുരൂഹത നിറഞ്ഞ ചില വച്ചാരാധനകളിലും പകച്ചു പോകുന്നു. പിന്നീടപ്പോഴോ ധ്രുവനും കുമാരിയും പരസ്പരം തിരിച്ചറിയുന്നു. തികച്ചും ശാന്തമായ ജീവിതത്തിലേക്ക് അവർ മടങ്ങി വരുമ്പോളാണ് അപ്രതീക്ഷിതമായ ചില വെല്ലുവിളികൾ കുമാരിക്ക് മുന്നിൽ ഉയർന്നു വന്നത്. അത്തരത്തിൽ ഹൊററിനു ഒരുപാട് സാധ്യതകളുണ്ടായിരുന്ന പ്ലോട്ട് സിനിമക്കുണ്ടായിരുന്നു. എന്നാൽ ആ സാദ്ധ്യതകൾ ഒട്ടും തന്നെ സിനിമ ഉപയോഗിച്ചില്ല. അത്തരമൊരു മൂഡ് സിനിമ കാണുന്നതിന് മുന്നേ പ്രേക്ഷകരിൽ പരസ്യങ്ങളിലൂടെ ഉണ്ടാക്കിയെടുക്കാൻ സിനിമക്ക് സാധിച്ചു. തീയറ്ററിൽ ഒരു സർവൈവൽ ത്രില്ലർ സ്വഭാവം ഇടക്കെപ്പോഴോ സിനിമയിൽ കയറി വന്നു. ഇടക്കിടക്ക് കയറി വരുന്ന പാട്ടുകളും അതിനാടകീയത നിറഞ്ഞ സംഭാഷണങ്ങളും അയുക്തികളും നമ്മൾ ഇപ്പോൾ കാണുന്ന കാഴ്ച ശീലങ്ങളിൽ നിന്നു മാറി നടന്നു. ഷൈൻ ടോം ചാക്കോ തന്റെ ഓൺലൈൻ ഇന്റർവ്യു സംഭാഷണ രീതികൾ പിൻപറ്റിയാണ് ‘കുമാരി’യിൽ അഭിനയിച്ചത്. അയാളിലെ നടനെ പുറകോട്ടു നടത്തിയ സിനിമയാണ് ‘കുമാരി’ എന്നും പറയാം. ചാത്തനും ഗാരി ദേവനും തമ്മിലുള്ള യുദ്ധമൊക്കെ ഒട്ടും സിനിമാറ്റിക്ക് അല്ലാതെ അവതരിപ്പിച്ചു. പലപ്പോഴും രണ്ടാം പകുതിയിൽ നാടകീയ പ്രേത രംഗങ്ങൾ ഹാസ്യത്മകമായി ചില പ്രേക്ഷകർക്കെങ്കിലും തോന്നിയേക്കാം.

സിനിമ നല്ല ക്യാമറയും കാഴ്ചകളും നിറഞ്ഞ ഒരു ക്രാഫ്റ്റ് ആണോ നല്ല തിരക്കഥയുടെ പിൻബലത്തിൽ പറയുന്ന കഥയാണോ ഇത് രണ്ടിന്റെയും കൃത്യമായ അളവിലുള്ള മിക്സ് ആണോ എന്നൊക്കെയുള്ള ചർച്ചകളും തർക്കങ്ങളും ഒരിക്കലും അവസാനിക്കില്ല. എന്തായാലും തിരക്കഥയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നതെങ്കിൽ ‘കുമാരി’യിൽ അത്തരമൊരു തുടർച്ചയില്ല.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kumari malayalam movie review rating