scorecardresearch

Kotthu Movie Review & Rating: വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ ചിത്രം; ‘കൊത്ത്’ റിവ്യൂ

Kotthu Movie Review & Rating: മനോഹരമായൊരു സൗഹൃദത്തിന്റെ കഥ കൂടി പറയുന്നുണ്ട് കൊത്ത്

RatingRatingRatingRatingRating
Kotthu Movie Review & Rating: വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ ചിത്രം; ‘കൊത്ത്’ റിവ്യൂ

Kothu Kotthu Asif Ali Malayalam Movie Review & Rating: കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും അണികളെ രക്തസാക്ഷികളാക്കി അധികാരമുഷ്ക് കാണിക്കുന്ന നേതാക്കന്മാരുമൊക്കെ പലയാവർത്തി സിനിമകളിൽ വിഷയമായി വന്നിട്ടുണ്ട്. രക്തക്കറ പുരട്ട അത്തരമൊരു രാഷ്ട്രീയവൈരത്തിന്റെ കഥ തന്നെയാണ് സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് പറയുന്നത്. ഒപ്പം, സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ കഥയിലേക്ക് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ആഴത്തിൽ വേരുകളുള്ള കണ്ണൂർ തന്നെയാണ് കൊത്തിലെ ഭൂമികയും. സഖാവ് നാഗേന്ദ്രനെ എതിർപാർട്ടി പ്രവർത്തകർ മൃഗീയമായി വെട്ടികൊല്ലുന്നു. കൊലയ്ക്ക് പകരം കൊല, ചോരയ്ക്ക് പകരം ചോര എന്ന കാലങ്ങളായി പിൻതുടരുന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് മുതിർന്ന സഖാവ് സദാനന്ദനും (രഞ്ജിത്) പാർട്ടിയും സ്വീകരിക്കുന്നത്. ആ രാഷ്ട്രീയ പകപോക്കലിനായി നിയോഗിക്കപ്പെടുന്നത് ഷാനുവും (ആസിഫ് അലി) സുമേഷും (റോഷൻ മാത്യു) അവരുടെ രണ്ടു സുഹൃത്തുക്കളുമാണ്. അമ്മയോളം പ്രിയപ്പെട്ടതാണ് ആ ചെറുപ്പക്കാർക്ക് അവരുടെ പാർട്ടിയും രാഷ്ട്രീയവും, പറയുന്നത് അവരുടെ ഗോഡ്‌ഫാദറായ സദാനന്ദനുമാവുമ്പോൾ മറ്റൊരു ചിന്തയ്ക്ക് കൂടി അവിടെ പ്രസക്തിയില്ല. എന്നാൽ, അതോടെ അവരുടെ ജീവിതവും മാറി മറിയുകയാണ്. അസ്വസ്ഥമായ ദിനരാത്രങ്ങളാണ് പിന്നീടങ്ങോട്ട് ഷാനുവിനെയും സുമേഷിനെയും കാത്തിരിക്കുന്നത്.

രാഷ്ട്രീയ ചിത്രം മാത്രമല്ല കൊത്ത്, മനോഹരമായ സൗഹൃദത്തിന്റെ കഥ കൂടി പറയുന്നുണ്ട് ചിത്രം. ഷാനുവും സുമേഷും തമ്മിലുള്ള സഹൃദം ഏറ്റവും ഹൃദയസ്പർശിയായ രീതിയിലാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. ആരോ ചരടു വലിക്കുന്ന പാവകളിയിലെ നിസ്സഹായരായ മനുഷ്യരായി ഇടയ്ക്ക് കാഴ്ചക്കാരുടെ കണ്ണു നനയിപ്പിക്കുന്നുണ്ട് ഇരുവരും. കൃത്യമായ വളർച്ചയുള്ള കഥാപാത്രമാണ് ആസിഫിന്റെ ഷാനു. ആ കഥാപാത്രം കടന്നുപോവുന്ന സംഘർഷങ്ങളെയും ഭീതിയേയും ആശങ്കയേയും നിസ്സഹായതയേയുമെല്ലാം പ്രേക്ഷകർക്കും അനുഭവവേദ്യമാവുന്ന രീതിയിൽ വളരെ കയ്യടക്കത്തോടെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സുമേഷ് എന്ന കഥാപാത്രമായി റോഷനും മികവു പുലർത്തുന്നു.

നിഖില വിമലാണ് ചിത്രത്തിലെ ശ്രദ്ധേയമായൊരു മറ്റൊരു മുഖം. നായകന്റെ നിഴലാവുന്ന നായികയായി മാത്രം നിഖിലയെ ഒതുക്കുന്നില്ല തിരക്കഥാകൃത്ത് എന്നത് ആശ്വാസകരമാണ്. കുറിക്കു കൊള്ളുന്ന ചില സംഭാഷണങ്ങളിലൂടെ രണ്ടാം പകുതിയിൽ ഷോ സ്റ്റീലറാവുന്നുണ്ട് നിഖില. ശ്രീലക്ഷ്‍മിയുടെ കഥാപാത്രവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. രാഷ്ട്രീയ ശകുനിയായി രഞ്ജിത്തും കസറുന്നുണ്ട്. വിജിലേഷ്, ശിവൻ സോപാനം, അതുൽ രാംകുമാർ എന്നിവരും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി.

Kothu Movie Review, Kotthu review, Kothu rating, Kotthu watch online, Kothu full movie download, Kotthu ott, കൊത്ത് review

രാഷ്ട്രീയത്തിനൊപ്പം തന്നെ ബന്ധങ്ങളെ കുറിച്ച് കൂടി സംസാരിക്കുകയും, രക്തസാക്ഷികളുടെയും അവർക്കു ചുറ്റുമുള്ള മനുഷ്യരുടെയും മനോവിചാരങ്ങളെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്ന കൊത്ത് വൈകാരികമായി കാഴ്ചക്കാരുമായി സംവദിക്കുന്ന ചിത്രമാണ്. രാഷ്ട്രീയകൊലകൾ വ്യക്തികളുടെ കുടുംബങ്ങളിൽ ബാക്കിയാക്കുന്ന വൈകാരികമായ പ്രത്യാഘാതങ്ങളിലേക്കാണ് തിരക്കഥാകൃത്ത് ഹേമന്ത് കുമാർ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്.

കൊത്തിന്റെ കഥയും കഥാസന്ദർഭങ്ങളും തീർത്തും യാദൃശ്ചികമാണെന്ന ഡിസ്ക്ലെയ്മർ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ നൽകുന്നുണ്ട്. എന്നാൽ, ‘കൊത്ത്’ കാഴ്ചകൾ മലയാളികൾ കണ്ടു മറന്ന എത്രയോ രാഷ്ട്രീയ കൊലപാതകങ്ങളെയും രക്തസാക്ഷിത്വങ്ങളെയും ഓർമ്മപ്പെടുത്തുന്നുണ്ട്. പേരുകളും കൊലയ്ക്കുള്ള കാരണങ്ങളും നേതാക്കളും മാത്രമേ മാറുന്നുള്ളൂ, ബാക്കിയെല്ലാം മലയാളിക്ക് പരിചിതമായ കാഴ്ചകളാണ്. അതിനാൽ തന്നെ, കഥാഗതി എങ്ങോട്ടാണെന്ന് പ്രേക്ഷകന് മുൻകൂട്ടി പ്രവചിക്കാനാവും.

വളരെ വൃത്തിയായി എക്സിക്യൂട്ട് ചെയ്ത ചിത്രമെന്ന് കൊത്തിനെ വിശേഷിപ്പിക്കാം. പ്രശാന്ത് രവീന്ദ്രൻ പകർത്തിയ വിഷ്വലുകൾ കഥാപരിസരങ്ങളെ വളരെ ലൈവായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്. റതിന്‍ രാധാകൃഷ്‍ണന്റെ എഡിറ്റിംഗും ശ്രദ്ധ കവരും. ജേക്സ് ബിജോയുടെ പശ്ചാത്തലസംഗീതവും മികവു പുലർത്തുന്നു. മനു മഞ്ജിത്ത് – ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോനാണ്. രഞ്‍ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മ്മിച്ചിക്കുന്നത്.

മനുഷ്യരുടെ വൈകാരികതയെ, വേദനകളെ, നൊമ്പരങ്ങളെ മനോഹരമായി അഭ്രപാളികളിലേക്ക് പകർത്തുന്നതിൽ പലകുറി വിജയിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. മാനുഷികവികാരങ്ങളെ അഡ്രസ്സ് ചെയ്യുന്നതിൽ സിബി മലയിൽ എന്ന അനുഭവസമ്പന്നനായ സംവിധായകനുള്ള കയ്യടക്കം കൊത്തിലും ഉടനീളം പ്രകടമായി കാണാം. മേക്കിംഗിലെ കയ്യടക്കം, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിവയെല്ലാം കൊത്തിന്റെ പോസിറ്റീവാണ്. അതേസമയം, മലയാളസിനിമ തന്നെ പലയാവർത്തി സംസാരിച്ച വിഷയം കൈകാര്യം ചെയ്യുന്നു, നിർവചിക്കാവുന്ന കഥാഗതി എന്നീ ഘടകങ്ങളാണ് കൊത്ത് ‘കാഴ്ച’യുടെ നിറം കെടുത്തുന്നത്. മാറിയ പ്രേക്ഷക അഭിരുചികൾ കൊത്തിനെ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kothu kotthu asif ali malayalam movie review rating