Kooman Malayalam Movie Review & Rating: ‘ഡിറ്റക്ടീവ്’ മുതലുള്ള ജീത്തു ജോസഫ് ത്രില്ലറുകളുടെ പ്രധാന സ്വഭാവമാണ് പ്രതികാരം. അതിനൊപ്പം അവരവരോടു തന്നെയുള്ള യുദ്ധം. ഇതെല്ലം പല നിലക്ക് അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. ഇതിന്റെയൊക്കെ തുടർച്ച പോലുള്ള ആദ്യ പകുതിയും മൊത്തത്തിൽ പല രീതിയിലും തുടർച്ചകൾ കൈവിട്ട രണ്ടാം പകുതിയുമാണ് ‘കൂമൻ.’ കൗതുകമുണ്ടാക്കുന്ന, ജീത്തു ജോസഫ് സിനിമകളുടെ പതിവ് രീതികൾ പിൻപറ്റുന്ന തുടക്കത്തിൽ നിന്ന്, വളരെ സ്വഭാവികമായ അന്തരീക്ഷത്തിൽ നിന്ന്, ‘കൂമൻ’ തുടങ്ങുന്നു. പക്ഷേ അസ്വഭാവികമായ കുറെ തുടർച്ചകളിലൂടെ ആ താളം സിനിമ എവിടെയോ ഉപേക്ഷിക്കുന്നു. മന്ത്ര-തന്ത്രങ്ങൾ മുതൽ അതികഠിന പാതകളിലൂടെ സിനിമ മറ്റൊരു വഴിയിലേക്ക് നടക്കുന്നു.
വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥയും പരിസരവുമൊക്കെ ജീത്തു ജോസഫ് സിനിമകളുടെ പൊതു സ്വഭാവമാണ്. ‘ദൃശ്യം’ അടക്കമുള്ള, ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം വളരെ പതുക്കെ കഥയെയും പരിസരത്തെയും കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയുമൊക്കെ പ്രേക്ഷകരിൽ എത്തിച്ചാണ് കഥ പറഞ്ഞു തുടങ്ങാറുള്ളത്. ‘കൂമനും’ അതേ പാത തന്നെയാണ് പിന്തുടരുന്നത്. തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലിസ് സ്റ്റേഷനും അവിടെയുള്ള വളരെ സ്വഭാവികമായ കാഴ്ചകളുമായി പ്രേക്ഷകരെ സിനിമയുടെ മൂഡിലേക്കെത്തിക്കാൻ സംവിധായകനും കൃഷ്ണകുമാറിന്റെ തിരക്കഥക്കും സാധിക്കുന്നുണ്ട്.
ഒരാൾ അയാളോട് തന്നെ യുദ്ധം ചെയ്യുന്ന കാഴ്ചകളാണ് സിനിമയുടെ തുടക്കം. ‘ചൊരുക്ക് സൂക്ഷിക്കുന്നയാൾ ‘ എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. വളരെ ലളിതമായി തോന്നുന്ന ഈ അവസ്ഥയിലൂടെയാണ് സിനിമ തുടങ്ങുന്നത്. പോലിസ് കോൺസ്റ്റബിൾ ഗിരി ശങ്കറിന്റെ ജീവിതവും വളരെ സൂക്ഷ്മമായ അയാളുടെ മാനസിക വ്യപരങ്ങളുമൊക്കെ വളരെയധികം കൗതുകമുണ്ടാക്കുന്നുണ്ട്. അവിടെ നിന്ന് വളരെ ബുദ്ധിപൂർവം തന്നെ കഥാ പരിസരം രൂപപ്പെടുത്തുന്നുണ്ട്. വളരെ സ്വഭാവികമായ, ലളിതമായ സംഭവങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. പക്ഷേ ആ കഥയുടെ തുടർച്ചയിൽ യുക്തികളെ മുഴുവൻ കൈവിട്ട് സിനിമക്ക് അതിന്റെ താളം നഷ്ടപ്പെടുന്നു.
ഒരു പദപ്രശ്നം പൂരിപ്പിക്കും പോലെ കാണികളിലേക്ക് സംഭവ വികാസങ്ങളെ എത്തിക്കുന്ന രീതി ഏതു തിരക്കഥയിലും ജിത്തു ജോസഫ് പിന്തുടരാറുണ്ട്. ‘കൂമനിലും’ അത് കാണാം. ഗിരി ശങ്കറിലും നെടുമ്പാറ എന്ന ഗ്രാമത്തിലുമാണ് അത് ഊന്നുന്നത്. എന്നാൽ പിന്നീട് ക്ലൈമാക്സിനോടടുത്ത് സിനിമ അതിന്റെ ലാളിത്യം കൈവിട്ട് അതീന്ദ്രിയ ശക്തികളെയൊക്കെ ആശ്രയിച്ചു തുടങ്ങുന്നു. ഇപ്പോൾ വാർത്തകളിൽ നിറയുന്ന ചില സംഭവങ്ങളെയൊക്കെ പരോക്ഷമായി ഓർമിപ്പിക്കുമെങ്കിലും ത്രില്ലർ സിനിമ എന്ന രീതിയിൽ നിർമിക്കുന്ന മുഴുവൻ ടെൻഷനുകളെയും ‘കൂമന്റെ’ രണ്ടാം പകുതിയിൽ ഇല്ലാതാവുന്നു.
മലയാള സിനിമയിൽ ത്രില്ലർ ഗണത്തിൽ ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരു പാറ്റേണുണ്ട്. സീരിയൽ കില്ലർ, ദുരാചാരകൊല, വിവിധ തരം സൈക്കോപാത്തുകളുടെ സാന്നിധ്യം ഒക്കെയാണ് കടന്നു വരാനുള്ളത്. ‘കൂമനിലും’ ഇതിൽ നിന്നും വ്യത്യസ്തമായ തുടക്കമുണ്ടെങ്കിലും ഈ പതിവ് രീതിയിലും ‘ക്‌ളീഷെയിലും’ കുടുങ്ങി കിടക്കുന്ന ഒരു രീതിയാണ് കണ്ടത്. സ്ഥിരമായി സമകാലിക മലയാള ത്രില്ലർ സിനിമ കാണുന്നവർക്കെങ്കിലും ഇത് കണ്ടു മടുത്ത കാഴ്ചയാവാൻ സാധ്യതയുണ്ട്.
വളരെയധികം സൂക്ഷ്മതയോടെ ജീത്തു ജോസഫ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ വരച്ചിടുന്നതാണ് പൊതുവെ കാണാറുള്ളത്. ‘കൂമനിലെ’ ആസിഫ് അലിയുടെ ഗിരിയും ജാഫർ ഇടുക്കിയുടെ മണിയനുമെല്ലാം വളരെയധികം സൂക്ഷ്മാപഗ്രഥനത്തിലൂടെ നിർമ്മിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ഈഗോ/വികാരം വൃണപ്പെടൽ തുടങ്ങിയ വിഷയങ്ങൾ എന്നിവയിലേക്ക് തിരക്കഥയും സംവിധാനവും സൂക്ഷ്മ ശ്രദ്ധ പതിപ്പിക്കുന്നു. എന്നാൽ അവസാന ഘട്ടത്തിൽ മറ്റു ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഈ സൂക്ഷ്മ ശ്രദ്ധ ഇല്ലാതെ പോയതായി അനുഭവപ്പെടുന്നു. ആസിഫ് അലിയും ജാഫർ ഇടുക്കിയും വളരെ ശ്രദ്ധയോടെ കൊണ്ടുപോയ സിനിമ കൂടിയാണ് ഇങ്ങനെ കൈമോശം വരുന്നത്.
വ്യക്തമായ ആദിമദ്ധ്യാന്ത പൊരുത്തം സിനിമ കാണുന്നവർ ആഗ്രഹിക്കും. ഇടക്ക് ഇതൊക്കെ കൈമോശം വരുമ്പോൾ ആ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തെ അത് ബാധിക്കും. അങ്ങനെ നോക്കിയാൽ എവിടെയൊക്കെയോ സൂക്ഷ്മ വിശകലന സാധ്യതകൾ തുറന്നിട്ട, അതേ സമയം മറ്റെവിടെയൊക്കെയോ അത് നഷ്ടപെട്ട ഒരു സിനിമയാണ് ‘കൂമൻ.’