scorecardresearch

സ്വാഗുണ്ട്, സ്ക്രീൻ പ്രസൻസും, പ്രേക്ഷകരുമായുള്ള കണക്റ്റ് മാത്രം മിസ്സിംഗ്; 'കിംഗ് ഓഫ് കൊത്ത' റിവ്യൂ: King of Kotha Movie Review & Rating

King of Kotha Movie Review & Rating: രാജു എന്ന കഥാപാത്രത്തിനു വേണ്ട സ്വാഗും സ്ക്രീൻ പ്രസൻസുമെല്ലാം നൽകാൻ ദുൽഖർ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ആത്മബന്ധം തോന്നിപ്പിക്കുന്ന രീതിയിലുള്ള ക്യാരക്ടറൈസേഷൻ സംഭവിച്ചില്ല

King of Kotha Movie Review & Rating: രാജു എന്ന കഥാപാത്രത്തിനു വേണ്ട സ്വാഗും സ്ക്രീൻ പ്രസൻസുമെല്ലാം നൽകാൻ ദുൽഖർ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ആത്മബന്ധം തോന്നിപ്പിക്കുന്ന രീതിയിലുള്ള ക്യാരക്ടറൈസേഷൻ സംഭവിച്ചില്ല

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
king of kotha movie review, king of kotha movie rating, king of kotha, king of kotha movie review ott, king of kotha ott release, king of kotha full movie, king of kotha full movie download

King of Kotha Movie Review

King of Kotha Movie Review & Rating: സൗഹൃദത്തിലും പ്രണയത്തിലും വന്നുചേരുന്ന ചതികൾ മനുഷ്യരെ വീഴ്ത്തികളയുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ചതികളിൽ ഇടറി രാജ്യം ഉപേക്ഷിച്ചുപോയ കൊത്തയുടെ രാജാവിന്റെ കഥയും കാലത്തിന്റെ കണക്കുതീർക്കലുമാണ് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റചിത്രമായ കിംഗ് ഓഫ് കൊത്ത പറയുന്നത്.

Advertisment

ബ്രിട്ടീഷ് ഭരണകാലത്ത് ആളുകളെ കൊന്നു തള്ളിയിരുന്ന സ്ഥലമാണ് കൊത്ത. പിന്നീട് അവിടം ക്രിമിനലുകളുടെ സങ്കേതമായി മാറുന്നു. ഗുണ്ടാ വിളയാട്ടത്തിന്റയും കിരീടം വയ്ക്കാത്ത രാജാക്കന്മാരുടെയും ഏറെ കഥകൾ പറയാനുണ്ട് കൊത്തയ്ക്ക്. തൊണ്ണൂറുകളുടെ പകുതിയിൽ അവിടേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയെത്തുകയാണ് ഷാഹുൽ ഹസൻ എന്ന സർക്കിൾ ഇൻസ്പെക്ടർ. കൊത്തയിലെ യുവതലമുറ അപ്പോഴേക്കും മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെട്ടിരുന്നു. കൊത്തയേയും അവിടുത്തെ യുവാക്കളെയും രക്ഷിക്കാൻ പൊലീസിനോ നിയമവ്യവസ്ഥയ്ക്കോ ആവില്ലെന്നറിഞ്ഞ ഷാഹുൽ ഹസൻ ചില വളഞ്ഞ വഴികൾ തേടുന്നു.

കൊത്തയുടെ ഭൂതവും വർത്തമാനും ചികഞ്ഞിറങ്ങുന്ന ഷാഹുൽ ഹസനിലൂടെയാണ് കിംഗ് ഓഫ് കൊത്തയുടെ കഥ വികസിക്കുന്നത്. ഒരു കാലത്ത് കൊത്തയുടെ ആത്മാവായിരുന്നു രാജു (ദുൽഖർ സൽമൻ). കൊത്തയിലെ കിരീടം വയ്ക്കാത്ത രാജാവ്. കെട്ടവനാണെങ്കിലും നാട്ടുകാർക്ക് പരോപകാരി ആയതിനാൽ നല്ലവൻ ഇമേജിൽ തിളങ്ങുന്ന രാജുവിന്റെയും അയാളുടെ ഏഴംഗ ടീമിന്റെയും പ്രതാപകാലം. എന്നാൽ ഒരു ഘട്ടം എത്തുമ്പോൾ ആത്മസുഹൃത്തുക്കളായ രാജുവും കണ്ണനും തെറ്റുന്നു. പിന്നീട് അങ്ങോട്ട് കൊത്ത വാഴുന്നത് കണ്ണൻ ഭായ് ആണ്. മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്ന നാടൻ ശൈലി പഴറ്റാൻ ഷാഹുൽ ശ്രമിക്കുന്നതോടെ കൊത്ത പിന്നെയും പകയുടെയും ഏറ്റുമുട്ടലിന്റെയും ചൂടറിയുകയാണ്.

Advertisment
King of Kotha| Kalapakkaara Video| Dulquer Salmaan
King of Kotha Kalapakkaara song

ഒരു പതിറ്റാണ്ടു തികയുന്ന കരിയറിനിടെ ആദ്യമായി ദുൽഖർ ചെയ്യുന്ന മാസ് പടമെന്ന രീതിയിൽ ഡിക്യു ആരാധകർക്ക് ആഘോഷമാക്കാനുള്ള ചേരുവകളൊക്കെ ചിത്രത്തിലുണ്ട്. ഗുണ്ടയായി മാറാൻ കുട്ടിക്കാലം മുതൽ ആഗ്രഹിച്ച രാജു എന്ന കഥാപാത്രത്തിനു വേണ്ട സ്വാഗും സ്ക്രീൻ പ്രസൻസുമെല്ലാം നൽകാൻ ദുൽഖർ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ആത്മബന്ധം തോന്നുന്ന രീതിയിലുള്ളൊരു ക്യാരക്ടറൈസേഷൻ നൽകാൻ സംവിധായകനോ എഴുത്തുകാരനോ സാധിച്ചിട്ടില്ല.

കണ്ണനായി എത്തുന്ന ഷബീർ കല്ലറക്കൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഗോകുൽ സുരേഷിന്റെ ടോണി എന്ന കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രേക്ഷകർ ഓർക്കുക വിന്റേജ് സുരേഷ് ഗോപിയെ ആവും. രൂപത്തിലും ശരീരഭാഷയിലുമൊക്കെ അത്രയേറെ സുരേഷ് ഗോപിയെ ഓർമിപ്പിക്കുന്നുണ്ട് ഗോകുൽ. നിലപാടുകളുടെ ഉറപ്പും വേറിട്ടൊരു സമീപനവും കൈകൊള്ളുന്നുവെങ്കിലും ഐശ്വര്യയുടെ താര എന്ന കഥാപാത്രത്തിന് ചിത്രത്തിൽ വലിയ രീതിയിലുള്ള ഇംപാക്റ്റ് ഉണ്ടാക്കാൻ ആവുന്നില്ല. പ്രസന്ന, ചെമ്പൻ വിനോദ്, നൈല ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, സജിത മഠത്തിൽ തുടങ്ങിയവരുടെ കഥാപാത്രങ്ങളും ശ്രദ്ധ കവരുന്നുണ്ട്.

മലയാളം ഇന്നേ വരെ കാണാത്ത ടൈപ്പ് മസാല പടമൊന്നുമല്ല 'കിംഗ് ഓഫ് കൊത്ത'. സൗഹൃദവും പ്രണയവും സാഹോദര്യവും പകയും ചതിയും പകപ്പോകലുമൊക്കെയടങ്ങുന്ന ഒരു മാസ് പടത്തിനു വേണ്ട ചേരുവകളെല്ലാം കൊത്തയിലും കാണാം. ചിത്രം കണ്ടിറങ്ങുന്ന കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കുക മേക്കിംഗ് മികവും സാങ്കേതിക തികവുമാണ്. ഛായാഗ്രഹണം, കലാസംവിധാനം, സിനിമോട്ടോഗ്രാഫി, സംഘട്ടനം തുടങ്ങിയ സാങ്കേതിക വശങ്ങളിലെല്ലാം കൊത്ത മികവു പുലർത്തുന്നുണ്ട്. ഛായാഗ്രഹണം നിമിഷ് രവിയും സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവരും സംഘട്ടനം രാജശേഖറുമാണ് നിർവ്വഹിച്ചത്. പക്ഷേ ഇതെല്ലാം ചേരുമ്പോഴും ഒരു അപൂർണത ഫീൽ ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയത്. എല്ലാ ചേരുവകളും ചേർത്തിളക്കിയിട്ടും പാളിപോയൊരു വിഭവം പോലെ കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിൽ നിരാശ സമ്മാനിച്ചേക്കാം.

അടി, ഇടി, ചതി, പക വീട്ടൽ, അറുംകൊല… എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ചു സ്ക്രീനിൽ തെളിയുന്ന വയലൻസിന്റെ കയ്യാങ്കളിയാണ് ചിത്രത്തിലുടനീളം. കഥാപരമായി നോക്കുമ്പോൾ, പ്രവചിക്കാനാവുന്ന രീതിയിൽ മുന്നോട്ടു പോവുന്ന സ്റ്റോറി ലൈൻ കഥയുടെ രസച്ചരട് മുറിക്കുന്നുണ്ട്. ആദ്യ പകുതിയിൽ കൃത്യമായി പശ്ചാത്തലമൊരുക്കി ഉദ്വേഗജനകമായ രീതിയിൽ മുന്നേറുന്ന കിംഗ് ഓഫ് കൊത്തയ്ക്ക് രണ്ടാം പകുതിയിൽ ആ മുറുക്കം നഷ്ടപ്പെടുന്നുണ്ട്. കഥ അവസാനിച്ചു എന്നു തോന്നുന്നിടത്തും വീണ്ടും വന്നു ചേരുന്ന ട്വിസ്റ്റുകൾക്ക് പ്രേക്ഷകരിൽ ആവേശം നിറയ്ക്കാനും കഴിയുന്നില്ല. സിനിമയുടെ ദൈർഘ്യകൂടുതലും കാഴ്ചയ്ക്ക് വിരസത സമ്മാനിക്കുന്നുണ്ട്. അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ.

സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് ഈ ആക്ഷൻ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. ഓണക്കാലത്ത് ഒരു ഫെസ്റ്റിവൽ മൂഡിൽ തിയേറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ 'കിംഗ് ഓഫ് കൊത്ത'യ്ക്കു കഴിയുമോ എന്നത് കണ്ടറിയണം.

Review Dulquer Salmaan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: