King Fish Anoop Menon Ranjith Malayalam Movie Review & Rating: ‘കൺട്രി റോഡ്സ് ടേക് മി ഹോം ‘- ജോൺ ഡെൻവറുടെ വിഖ്യാതമായ ഈ വരികളോടെയാണ് ‘കിങ് ഫിഷി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയത്.. ഒരു തലമുറയിലെ ഒരു വിഭാഗം ആളുകളുടെ വലിയ വികാരമാണ് ‘കൺട്രി റോഡ്സും’ ബീറ്റിൽസും ജോൺ ഡെൻവറുമൊക്കെ. ആ സാധ്യതയിലേക്കാണ് അനൂപ് മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അത്തരം ഒരു പോസ്റ്റർ പുറത്തിറക്കിയത്. ആ ഗൃഹാതുരതയുടെ അംശങ്ങൾ അനൂപ് മേനോൻ സംഭാഷണങ്ങളിൽ പല തവണ തെളിഞ്ഞു കണ്ടിട്ടുണ്ട്. കൊറോണക്ക് മുൻപ് തന്നെ ചിത്രീകരണം കഴിഞ്ഞതാണ് ‘കിങ് ഫിഷി’ന്‍റെ. ചിത്രത്തിലെ പാട്ടുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കൊറോണ പല ചെറിയ സിനിമകളോടും ചെയ്തത് ‘കിങ് ഫിഷി’നോടും ചെയ്തു എന്ന് തോന്നിക്കുന്ന രീതിയിൽ സിനിമയുടെ റിലീസ് നീണ്ടു പൊയ്ക്കൊണ്ടേ ഇരുന്നു. എന്തായാലും ഒടുവിൽ ഉത്സവ കാല റിലീസുകൾക്ക് ശേഷം ‘കിങ് ഫിഷ്’ തീയറ്ററുകളിൽ എത്തി. രഞ്ജിത്ത്, അനൂപ് മേനോൻ, ദുർഗ കൃഷ്ണ, നിരഞ്ജന അനൂപ്, ദിവ്യ പിള്ള എന്നിവരാണ് സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്.
നഗരത്തിലെ പ്രധാന റിയൽ എസ്റ്റേറ്റ് ഡീലർ ആണ് ഭാസ്കര വർമ. സൗഹൃദങ്ങളും പുസ്തകങ്ങളും ബാച്ചലർ ലൈഫ് ആഹ്ലാദങ്ങളും ഒക്കെയായി അയാൾ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ ദുരൂഹത നിറഞ്ഞ എന്തൊക്കെയോ പണമിടപാടുകൾ, ഗുണ്ടാ ബന്ധങ്ങൾ ഒക്കെ അയാൾക്കുണ്ട്. അപ്രതീക്ഷിതമായി അയാളുടെ, ഏറെ കാലമായി പിരിഞ്ഞ, അയാളെ വളർത്തിയ അമ്മാവൻ ദശരഥ വർമ വലിയ സ്വത്ത് വാഗ്ദാനം ചെയ്ത് അയാളെ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു. വളരെ തീവ്രമായ ആത്മബന്ധവും അതിലേറെ ശത്രുതയും അമ്മാവനോട് സൂക്ഷിക്കുന്ന അയാൾക്ക് ആ തിരിച്ചു വിളിക്കലിൽ എന്തൊക്കെയോ ദുരൂഹതകൾ അനുഭവപ്പെടുന്നു. അയാൾ തന്‍റെ പഴയ തറവാട്ടിൽ എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അനൂപ് മേനോൻ ഭാസ്കര വർമയാവുമ്പോൾ ദശരഥ വർമയായി രഞ്ജിത്ത് സ്‌ക്രീനിൽ എത്തുന്നു. ഇവർക്കിടയിലെ സ്നേഹ വിധ്വേഷങ്ങൾക്കിടയിലൂടെ ആണ് കഥ മുന്നോട്ട് നീങ്ങുന്നത്.
ജോൺ ഡെൻവറുടെ ‘കൺട്രി റോഡ്സ്’ സിനിമയിൽ വന്നു പോകുന്ന വെറും പാട്ടല്ല. സിനിമയുടെ പല ഘട്ടങ്ങളിലും അതൊരു റെഫറൻസ് ആയി കടന്നു വരുന്നു. ഒപ്പം ബാർബറ ലൂയിസിന്‍റെ ‘ഹേയ് സ്‌ട്രേഞ്ചറും’ അത് പോലെ കടന്നു വരുന്നു. സിനിമയുടെ പ്രധാന വിഷയങ്ങളിൽ ഒന്നായ ‘ബിലോങ്ങിങ്നെസ്’ അഥവാ ഇടം കണ്ടെത്തൽ പലയിടങ്ങളിലും അടയാളപ്പെടുന്നത് ഈ റെഫെറൻസുകളിൽ കൂടിയാണ്. ഇംഗ്ലീഷ് പാട്ടുകൾ ഇവിടെ തരംഗമായ ഒരു കാലത്ത് നിന്നുള്ള പ്രതിനിധികളാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ ഭാസ്കര വർമയും ദശരഥ വർമയും. ഈ പാട്ടുകൾ പാടിയ ഗായകരെ പോലെ, ഈ മ്യൂസിക് ബാന്റുകൾ പോലെ, ഒരു കാലത്തിനു ശേഷം ഈ കഥാപാത്രങ്ങളും വൈകാരികമായി അരക്ഷിതാവസ്ഥയിലാവുന്നു. അങ്ങനെ ഇപ്പോൾ മലയാളത്തിൽ അധികം കാണാത്ത കാല്പനികമായ കുറെ ബിംബങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തന്‍റെ ഇടം എവിടെയാണ് എന്ന് കേന്ദ്ര കഥാപാത്രങ്ങൾ ഈ പാട്ടുകളിൽ കൂടി അന്വേഷിക്കുന്നു.
പ്രണയം, വിരഹം, അസ്ഥിത്വ ദുഃഖം, ഗൃഹാതുരത, അരാജകത്വം, രതി, മദ്യപാനം, സിനിമ തുടങ്ങീ അനൂപ് മേനോൻ സിനിമകളിൽ സ്ഥിരം കാണുന്ന കുറെയധികം ആനന്ദങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഇവയൊക്കെ ആൺ ആനന്ദങ്ങൾ ആയി തന്നെയാണ് സ്‌ക്രീനിൽ തെളിയുന്നത്. ‘ടിപ്പിക്കൽ’ അനൂപ് മേനോൻ സന്ദർഭങ്ങൾ, സംഭാഷണങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ ഒക്കെ സിനിമയിൽ ആദ്യം മുതൽ അവസാനം വരെയുണ്ട്. ഒപ്പം രഞ്ജിത്തിന്‍റെ സാമീപ്യം കൂടിയാവുമ്പോൾ സിനിമ അത്തരം മൂഡിൽ തന്നെ സഞ്ചരിക്കുന്നു. ഇവർ ഒന്നിക്കുമ്പോൾ ഉണ്ടാവും എന്ന് കരുതാവുന്ന എല്ലാ സംഭവങ്ങളും സംഭാഷണങ്ങളും ഫാന്റസികളും ഒക്കെ പ്രേക്ഷകർക്ക് ‘കിങ് ഫിഷി’ൽ കാണാം. ആ രീതിയിൽ തിരക്കഥകൃത്ത് അനൂപ് മേനോന്‍റെ ഒരു തുടർച്ച തന്നെ ആയി അനൂപ് മേനോൻ പലയിടങ്ങളിലും മാറുന്നുണ്ട്. സിനിമ ആൺ കാഴ്ചകളുടെ ഉത്സവം ആകുമ്പോഴും സ്ത്രീ കഥാപാത്രങ്ങളെ പല നിലക്ക് വ്യക്തിത്വം ഉള്ളവരാക്കാൻ അനൂപ് മേനോൻ പലയിടങ്ങളിലും കഷ്ടപ്പെട്ട് ശ്രമിക്കുന്നുണ്ട്. ചിലയിടങ്ങളിൽ അത് വിജയിക്കുകയും മറ്റു ചിലയിടങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.
പാട്ടുകളിലൂടെ, കാല്പനിക സാഹിത്യം നിറഞ്ഞു തുളുമ്പുന്ന സംഭാഷങ്ങളിലൂടെ ഒക്കെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. 60 കൾ മുതൽ ഇറങ്ങിയ പാട്ടുകൾ, പോപ്പുലർ ഫിക്ഷൻ ഒക്കെ സിനിമയിൽ അടിക്കടി റെഫെറൻസ് ആയി കടന്നു വരുന്നു. ഇപ്പോൾ ഉള്ള സിനിമാ മേക്കിങ് രീതികളിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണ് ഇത്. ഇതൊക്കെ വളരെ ചെറിയ ഒരു വിഭാഗം കാണികളെ ആകർഷിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു വലിയ അടുപ്പക്കുറവ് ഉണ്ടാക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ അനൂപ് മേനോൻ സിനിമ ‘പദ്മ’യിൽ പ്രണയമായിരുന്നു വിഷയം. ‘കിങ് ഫിഷി’ൽ എത്തുമ്പോൾ അത് വേരുകൾ തേടിയുള്ള യാത്രയാവുന്നു. പക്ഷേ തിരക്കഥ എഴുതിയ കാലം മുതലുള്ള പ്രണയത്തിന്‍റെ ആശയക്കുഴപ്പങ്ങൾ, ആഴം തേടിയുള്ള യാത്ര ഒക്കെ ‘കിങ് ഫിഷി’ലും തുടരുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്‍റെ സിനിമകളിലെ പ്രണയ സംഭാഷണങ്ങൾ, പ്രണയത്തിന്‍റെ പോക്ക് ഒക്കെ സ്ഥിരം ആ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് പ്രവചിക്കനാവും. പ്രണയം എന്താണ് എന്നതിലൂടെയാണ് അദ്ദേഹം ഈ സിനിമയെയും മുന്നോട്ട് നയിക്കുന്നത്. സിനിമകളിൽ പരാജയപ്പെടുന്ന നടൻ, ഗാർഹിക പീഡനത്തിന്‍റെ ഓർമകളെ മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന ജോലിക്കാരി ഒക്കെ സിനിമയിലെ ഒരേ സമയം വ്യത്യസ്തവും അതേ സമയം അനൂപ് മേനോൻ ട്രൈറ്റുകൾ പേറുന്ന കഥാപാത്രങ്ങളാണ്. സ്‌ക്രീനിൽ വന്നു പോകുന്ന നടീ നടന്മാരും പശ്ചാത്തല സംഗീതവും മഹാദേവൻ തമ്പിയുടെ ക്യാമറയും ഒക്കെ സിനിമയുടെ മൂഡിൽ തന്നെ നിൽക്കുന്നു. സിനിമയിലെ സസ്പെൻസ് എലമെന്റുകൾ ദുർബലമായി തോന്നി.

‘റേഡിയോ റിമനിന്റസ് മി ഓഫ് മൈ ഹോം ഫാർ എവെ’ എന്നൊക്കെ ഏറ്റു പാടുന്ന, തറവാടിന്‍റെ പഴയ ഓർമകളിൽ കുളിരുന്ന കാണികൾ മലയാള സിനിമക്ക് ബാക്കിയുണ്ടോ എന്നറിയില്ല. എന്തായാലും മുഴുവനായി അവസാനിച്ചിട്ടില്ലാത്ത ആ വിഭാഗത്തിനു വേണ്ടി മാത്രമുള്ള സിനിമയാണ് ‘കിങ് ഫിഷ്.’