scorecardresearch

പുതിയ കാലത്തിന്റെ ദാസനും വിജയനും ഒപ്പം ചില കാശില്ലാ പ്രശ്നങ്ങളും; വിരസ കാഴ്ചകളുമായി 'ഖാലി പേഴ്‌സ് ബില്യണേഴ്‌സ്' റിവ്യൂ: Khali Purse Of Billionaires Review & Rating

Khali Purse Of Billionaires Review & Rating: ഹ്രസ്വചിത്രമായി ഒതുക്കാവുന്ന ഒരു വിഷയത്തെ രണ്ടു മണിക്കൂറിലേക്ക് നീട്ടിപരത്തിയെടുത്തിരിക്കുകയാണ് ചിത്രം. കഥയിലോ അവതരണത്തിലോ മേക്കിംഗിലോ ഒന്നും യാതൊരു തരത്തിലുള്ള പുതുമയും ചിത്രം കാത്തുവയ്ക്കുന്നില്ല

Khali Purse Of Billionaires Review & Rating: ഹ്രസ്വചിത്രമായി ഒതുക്കാവുന്ന ഒരു വിഷയത്തെ രണ്ടു മണിക്കൂറിലേക്ക് നീട്ടിപരത്തിയെടുത്തിരിക്കുകയാണ് ചിത്രം. കഥയിലോ അവതരണത്തിലോ മേക്കിംഗിലോ ഒന്നും യാതൊരു തരത്തിലുള്ള പുതുമയും ചിത്രം കാത്തുവയ്ക്കുന്നില്ല

author-image
Dhanya K Vilayil
New Update
Khali Purse Of Billionaires, Khali Purse Of Billionaires review, Khali Purse Of Billionaires malayalam review, Khali Purse Of Billionaires rating, Khali Purse Of Billionaires full movie dowload, Khali Purse Of Billionaires watch online, Khali Purse Of Billionaires response

Khali Purse Of Billionaires Review & Rating: മലയാള സിനിമയ്ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളാണ് ദാസനും വിജയനും. കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും ഒത്തൊരുമയോടെ കൂടെ നിന്ന ദാസവിജയന്മാർ ആ കാലഘട്ടത്തിൽ യുവാക്കളുടെ പ്രതിനിധികളായിരുന്നു. തൊഴിലില്ലായ്മയായിരുന്നു നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും പ്രശ്നമെങ്കിൽ, ഒന്നു കരകയറാൻ ബുദ്ധിമുട്ടുന്ന ഐടിക്കാരായ ഒരു ദാസന്റെയും വിജയന്റെയും കഥ പറയുകയാണ് 'ഖാലി പേഴ്‌സ് ബില്യണേഴ്‌സ്'. സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണ് ബിപിൻ ദാസും ബിപിൻ വിജയനും. ഒരേ പേരുള്ള ആ ചങ്ങാതിമാരെ പരസ്പരം മാറിപ്പോവാതിരിക്കാനായി കൂട്ടുകാർ പേരിലെ ബിപിനെ എടുത്തുകളഞ്ഞ് അവരെ ദാസനും വിജയനുമാക്കി തീർത്തു

Advertisment

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു തന്നെയാണ് ഇവിടെ ദാസവിജയന്മാരുടെ ജീവിതം. കാലി പേഴ്സുമായി എന്നെങ്കിലും ഒരിക്കൽ ബില്യണയറാവുമെന്ന സ്വപ്നത്തിൽ ജീവിക്കുകയാണ് ഇരുവരും. യൂസഫലി മുതൽ ആന്റണി പെരുമ്പാവൂർ വരെയുള്ളവർ ആ ചെറുപ്പക്കാരുടെ ആരാധനാപാത്രങ്ങളാണ്. കോവിഡ് കാലം ഇരുവരുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടി ഏൽപ്പിക്കുന്നു. ഏറെ മോഹിച്ചു തുടങ്ങിയ സ്റ്റാർട്ട് അപ്പ് ആണെങ്കിൽ ഒരു തരത്തിലും ഗതി പിടിക്കുന്നുമില്ല.

&t=2s

കടവും കടത്തിനുമുകളിൽ കടവുമൊക്കെയായി സാമ്പത്തികമായി പാളം തെറ്റി നിൽക്കുന്നതിനിടെ വിജയിനൊരു വിവാഹാലോചന വരുന്നു. കടക്കെണിയിൽ നിന്നൂരാനുള്ള കച്ചിത്തുരുമ്പായി ആ വിവാഹത്തെ നോക്കി കാണുകയാണ് വിജയ്. എന്നാൽ, കാര്യങ്ങൾ വിജയനോ ദാസനോ പ്ലാൻ ചെയ്ത അത്ര സ്മൂത്തായിരുന്നില്ല. ഇരുവരുടെയും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. ഇതാണ് 'ഖാലി പേഴ്‌സ് ബില്യണേഴ്‌സിന്റെ' കഥാപരിസരം.

ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ചിത്രത്തിൽ വിജയനും ദാസനുമായി എത്തുന്നത്. ജീവിതത്തിലും സുഹൃത്തുക്കളായ ഇവരുടെ കെമിസ്ട്രിയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ മാക്‌സ്‌വെൽ ജോസ്. സൗഹൃദത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ ഇരുവരും സമ്മാനിക്കുന്നുണ്ട്. തൻവി റാമാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നത്. അൽപ്പം ആത്മാഭിമാനവും സാമർത്ഥ്യവുമൊക്കെയുള്ള തൻവിയുടെ നിധിയെന്ന കഥാപാത്രം ചിത്രത്തിന് ഒരു ഫ്രഷ്നെസ്സ് സമ്മാനിക്കുന്നു.

Advertisment

സംവിധായകമായ മാക്സ് വെൽ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഖാലി പേഴ്‌സ് ബില്യണേഴ്‌സ്'. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും മാക്സ് വെൽ തന്നെ. അഭിനേതാക്കളെല്ലാം തരക്കേടില്ലാത്ത രീതിയിൽ തങ്ങളുടെ റോൾ ഭദ്രമാക്കുമ്പോഴും ചിത്രത്തിന്റെ രസച്ചരട് മുറിയാതെ കൊണ്ടുപോവാൻ സംവിധായകനു സാധിക്കുന്നില്ല. അതിനു പ്രധാന കാരണം, കഥ പറച്ചിലിലെ കയ്യടക്കമില്ലായ്മയാണ്. ആദ്യപകുതിയിൽ ചിത്രം രജിസ്റ്റർ ചെയ്ത അതേ വിഷയങ്ങൾ തന്നെയാണ് രണ്ടാം പകുതിയിലും ആവർത്തിക്കുന്നത്. അതിനപ്പുറത്തേക്ക് പ്ലോട്ട് വികസിക്കുന്നില്ല, ഇത് പ്രേക്ഷകരിൽ വിരസതയുണ്ടാക്കും. ഒരു ഹ്രസ്വചിത്രമായ ഒതുക്കാവുന്ന ഒരു വിഷയത്തെ സിനിമയാക്കി രണ്ടു മണിക്കൂറിലേക്ക് നീട്ടിപരത്തിയെടുത്തിരിക്കുകയാണ്.

publive-image

വലിയ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ പുതുമയുള്ള കഥയോ ഇല്ലാത്ത നിരവധി ചിത്രങ്ങൾ സമീപകാലത്ത് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇഷ്ടം കവരാനായത്, ചിത്രത്തിലൊളിപ്പിച്ചുവച്ച ഗിമ്മിക്കുകളോ ട്രീറ്റ്‌മെന്റിലെ പുതുമയോ കാരണമാണ്. എന്നാൽ ഇവിടെ ഖാലി പേഴ്‌സ് ബില്യണേഴ്‌സിൽ നഷ്ടമാവുന്നതും ആ ഘടകമാണ്. അവതരണത്തിലോ കഥ പറയുന്ന രീതിയിലോ മേക്കിംഗിലോ ഒന്നും യാതൊരു തരത്തിലുള്ള കൗതുകവും ചിത്രം കാത്തുവയ്ക്കുന്നില്ല. വളരെ പ്ലെയിനായിട്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോവുന്നത്.

അര്‍ജുന്‍ അശോകൻ, ലെന, ഷാഫി, സ്മിനു സിജോ, ധര്‍മ്മജന്‍ ബോൾ​ഗാട്ടി, അഹമ്മദ്, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, സരയൂ, ഷൈനി സാറ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന അഭിനേതാക്കൾ. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോസഫ് ആണ്.

കൊച്ചി പ്രധാന പശ്ചാത്തലമാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് അനിമയാണ്. പ്രകാശ് അലക്സ് സംഗീതം നൽകിയ പാട്ടുകൾ ശ്രദ്ധ കവരും, പ്രത്യേകിച്ചും ടൈറ്റിൽ സോങ്. വലിയ പ്രതീക്ഷകളില്ലാതെ ഒറ്റ തവണ കാണാവുന്ന ചിത്രം എന്ന് ഖാലി പേഴ്‌സ് ബില്യണേഴ്‌സിനെ വിശേഷിപ്പിക്കാം. സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി നല്ലൊരു നാളെ സ്വപ്നം കണ്ട് നിരന്തരം ശ്രമങ്ങൾ നടത്തുന്ന നിരവധി ഐടി ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഇവിടെ ദാസനും വിജയനും. ആ അർത്ഥത്തിൽ കേരളത്തിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ ചിത്രത്തിന്റെ കഥാപശ്ചാത്തലം ആകർഷിച്ചേക്കാം. അതിലപ്പുറം, ഒരു സിനിമയെന്ന രീതിയിൽ ഓർത്തുവയ്ക്കാവുന്ന നർമ്മ മുഹൂർത്തങ്ങളോ ആസ്വാദനമോ ചിത്രം സമ്മാനിക്കുന്നില്ല. തിയേറ്റർ റിലീസിനേക്കാളും ഒടിടി റിലീസ് ആയിരുന്നു ചിത്രത്തിന് അഭികാമ്യം.

Aju Varghese Dhyan Sreenivasan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: