KGF movie review: ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രി, രാജ്യത്തെ കൊടും കുറ്റവാളിയുടെ ആധിപത്യം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പു വയ്ക്കുന്നതോടെയാണ് കെജിഎഫ് തുടങ്ങുന്നത്. ആ കുറ്റവാളി യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രമാണ്. ക്രിമിനല്‍ ലോകത്തിന്റെ മേധാവിയുടെ തുടക്കം എളിമയുടേതായിരുന്നു. മൈസൂര്‍ നഗരത്തില്‍ അമ്മയുടെ ചൂട് പറ്റിയാണ് വളര്‍ന്ന റോക്കി. അമ്മ മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ദാരിദ്ര്യം മൂലം റോക്കിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിക്കുന്നു. കണ്ണടയ്ക്കുന്നതിന് മുമ്പ് അമ്മ റോക്കിയോട് ഒന്നേ പറഞ്ഞുള്ളൂ, ഏതു വഴിയിലും പണം നേടുക, സമ്പന്നനാകുക. തെരുവില്‍ അലഞ്ഞു നടക്കുന്ന ഭ്രാന്തനായ മനുഷ്യന്‍ റോക്കിയോടു പറയുന്നു, തന്റെ ലക്ഷ്യത്തിലെത്താന്‍ നീ ശക്തനും അധികാരമുള്ളവനുമാകണം.
സ്വപ്‌നങ്ങളുടെ നഗരത്തിലേക്ക് അവന്‍ ട്രെയിന്‍ കയറുകയാണ്. 1960കളിലെ ബോംബെ നഗരത്തില്‍ ഷൂ പോളീഷ് ചെയ്താണ് അവന്‍ ജീവിതം ആരംഭിച്ചത്. ഒരു പൊലീസുകാരന്റെ തലയില്‍ രണ്ട് ബിയര്‍ ബോട്ടിലുകള്‍ അടിച്ച് പൊട്ടിച്ചു കൊണ്ടാണ് ഗുണ്ടാ ജീവിതത്തിലേക്കുള്ള അവന്റെ തുടക്കം. നഗരത്തിലെത്തിയ ഈ പുതിയ കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉടന്‍ തന്നെ നാടു നീളെ പടര്‍ന്നു. അവന്‍ സ്വന്തം പേര് റോക്കി എന്നാക്കി ചുരുക്കുന്നു.
എത്ര കിട്ടിയാലും മതിയാകാത്ത ഒന്നാണ് അധികാരം. മുംബൈയിലെ എല്ലാ ഗുണ്ടാ സംഘങ്ങളുടെയും തരിപ്പണമാക്കി ഒടുവില്‍ അധോലോകത്തെ തന്റെ ബോസ്സില്‍ നിന്നും തന്നെ പിടിച്ചെടുക്കാന്‍ റോക്കി ഒരുങ്ങുന്നു. അവന് ഒരിക്കലും നിരസിക്കാനാകാത്ത ഒരു ഓഫറാണ് ബോസിന്റെ ബോസ്സ് റോക്കിക്ക് മുന്നില്‍ വയ്ക്കുന്നത്. ‘ഞാന്‍ കാണിച്ചു തരുന്ന ആനയെ കൊല്ല്, പിന്നെ ഈ ബോംബെ നിന്റേതാണ്.’
ഈ ഓഫര്‍ സ്വീകരിക്കുന്ന റോക്കി ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെ അയാളെ കാത്തിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ണഖനികളാണ്. അധികാരത്തിനോടും സമ്പത്തിനോടുമുള്ള ആഗ്രഹം അയാളില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയും, അത് നേടാനായി എന്തും ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുന്ന റോക്കി ഒരു ഘട്ടത്തില്‍ നരകക്കുഴിയിലെക്ക് ഇറങ്ങി സാത്താനെ നിഷ്കാസനം ചെയ്യാനും ഒരുമ്പെടുന്നു.
മുംബൈയില്‍ നിന്നും ചിത്രത്തിന്റെ കഥ മാറുന്നതോടെ നരേഷന്റെ കരുത്തും കുറഞ്ഞു വരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ പ്രശാന്ത് നീല്‍ രണ്ടാം ഭാഗത്തിന് വേണ്ടി ഏറ്റവും നല്ല കഥാ ഭാഗങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതായി അനുഭവപ്പെടുന്നു. ഒരു ഘട്ടത്തിനു ശേഷം ഒഴിഞ്ഞ ഒരു ടാങ്ക് കൊണ്ടാണ് സംവിധായകന്‍ സിനിമയെ ഓടിക്കുന്നത് എന്ന് തോന്നിപ്പോകും. അനന്ത് നാഗ് അവതരിപ്പിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ വിവരണത്തില്‍ നിന്നാണ് റോക്കിയുടെ പിന്നീടുള്ള പോരാട്ടങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. റോക്കിയെ ഒരു ഐതിഹാസിക താരമാക്കി മാറ്റാനായുള്ള നരേഷനു വേണ്ടി അനന്ത് നാഗ് കൂടാതെ രണ്ടു പേരെക്കൂടി സംവിധായകന്‍ കൊണ്ടു വരുന്നുണ്ട്.
ഒന്നിനു പുറകെ ഒന്നായി നിരവധി സിനിമാറ്റിക് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഒന്നു പോലും പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിക്കുന്നില്ല. എസ്.എസ് രാജമൗലിയുടെ ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്നും അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.
KGF movie review: റോക്കിയുടെ നിരവധി എതിരാളികളില്‍ ഒരാളായ ഗരുഡ, തന്റെ തന്നെ പ്രതിമ അനാഛാദനം ചെയ്യുന്ന രംഗമുണ്ട്. ഇത് അവതരിപ്പിക്കുന്ന രംഗം ബാഹുബലി ആദ്യ ഭാഗത്തിന്റെ ഇടവേള രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മറ്റൊരു രംഗത്തില്‍, മറ്റുള്ളവര്‍ നോക്കി നില്‍ക്കുമ്പോള്‍ റോക്കി, നിറയെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിറച്ച വാഹനം ഒറ്റക്കൈകൊണ്ട് വലിച്ചു കൊണ്ടു വരുന്നത് കാണാം. ബല്ലാലദേവന്റെ ഭീമന്‍ പ്രതിമ, ബാഹുബലി ഒറ്റയ്ക്ക് വലിച്ചുകൊണ്ടു വരുന്ന രംഗത്തോട് ഇതിന് സാമ്യമുണ്ട്.
യഷിന്റെ താരപദവി ഉയര്‍ത്തുക എന്ന എന്ന ഒറ്റലക്ഷ്യത്തിലേക്ക് പലപ്പോഴും പ്രശാന്ത് ചുരുങ്ങുകയും, ശ്രീനിധി ഷെട്ടിയുടെ കഥാപാത്രത്തെ ഒട്ടും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. സാധാരണയായി നായകന്റെ ഹീറോയിസം കാണിക്കാനായുള്ള ചിത്രങ്ങളില്‍ നായികാ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും, ഒരു മാസ്സ് ഗാനരംഗമെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ ശ്രീനിധിക്ക് അതു പോലുമില്ല. റോക്കിക്ക് ചുറ്റും മാത്രം കറങ്ങുന്ന ചിത്രമായി മാറി ‘കെജിഎഫ്’.
കഥ കാര്യമായൊന്നും ഇല്ലെങ്കിലും അതിനു പകരമെന്നോണം ഗംഭീരമായ സെറ്റുകള്‍ ഉണ്ട് ചിത്രത്തിന്. രവി ബസ്രൂരിന്റെ ഗംഭീരമായ പശ്ചാത്തല സംഗീതമുപയോഗിച്ച് രംഗങ്ങളെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംവിധായകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലെ രംഗങ്ങള്‍ വെട്ടിക്കളയുക എന്നത് വളരെ ദുഃഖകരമായ കാര്യമായിരിക്കും. പ്രത്യേകിച്ച് ഏറെ പണം മുടക്കി എടുത്ത ഒന്നാകുമ്പോള്‍. എന്നാല്‍ ഇവിടെ എഡിറ്റിങില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘കെജിഎഫ്’ കുറച്ചുകൂടി വ്യത്യസ്തമായൊരു അനുഭവമായേനെ.
എന്തുകൊണ്ടാണ് ‘കെജിഎഫി’ന് രണ്ടു ഭാഗങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രശാന്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ സിനിമ എഴുതി വന്നപ്പോള്‍ അതിന് രണ്ട് തുടക്കവും രണ്ട് ഇടവേളകളും രണ്ട് ക്ലൈമാക്‌സുകളും ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെ രണ്ടാക്കി.’
പിന്നീട് ചോദിച്ചു ‘രണ്ടാം ഭാഗത്തിന് ആവശ്യമായ മെറ്റീരിയല്‍സ് നിങ്ങളുടെ കൈവശമുണ്ടോ,’ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘തീര്‍ച്ചയായും. ആദ്യ ഭാഗത്തെക്കാള്‍ ഞങ്ങള്‍ക്കിഷ്ടം രണ്ടാം ഭാഗമാണ്,’ എന്ന്. കാത്തിരുന്ന് കാണാം.