Kesu Ee Veedinte Nadhan Malayalam Movie Review & Rating: ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ആദ്യചിത്രമാണിത്. ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്.
അച്ഛൻ അവശേഷിപ്പിച്ചു പോയ ബാധ്യതകളും കുടുംബപ്രാരാബ്ധങ്ങളുമൊക്കെ തലയിലേറ്റുന്ന, ഏറെ കുടുംബപ്രാരാബ്ധമുള്ളൊരു മധ്യവയസ്കനാണ് കേശു. മൂന്നു സഹോദരിമാരുടെയും വിവാഹമൊക്കെ ആഘോഷമായി നടത്തിയ കേശുവാണ് ഇപ്പോൾ കുടുംബവീട്ടിലെ നാഥൻ. വർഷങ്ങളായി ‘കേശു ഡ്രൈവിംഗ് സ്കൂൾ’ എന്ന സ്ഥാപനമാണ് കേശുവിന്റെയും കുടുംബത്തിന്റെയും അന്നദായകൻ.
കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന ആളെന്ന രീതിയിൽ നല്ല പിശുക്കും കേശുവിന്റെ കൂടപിറപ്പാണ്. വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം പിശുക്കിയും പണച്ചെലവുള്ള കാര്യങ്ങളിൽ നിന്നും ചെറിയ തന്ത്രങ്ങൾ ഒപ്പിച്ച് ഒഴിഞ്ഞുമാറിയുമൊക്കെ കേശു അങ്ങനെ ജീവിച്ചുപോവുകയാണ്. അങ്ങനെയിരിക്കെ അമ്മയുടെ ആഗ്രഹപ്രകാരം അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കാനായി കേശുവും കുടുംബവും സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും കുട്ടികളുമെല്ലാം ചേർന്ന് രാമേശ്വരത്തേക്ക് യാത്ര തിരിക്കുന്നു. ആ യാത്രയ്ക്കിടയിലുണ്ടാവുന്ന ചില രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ചിത്രത്തിൽ എടുത്തുപറയേണ്ടത് ദിലീപിന്റെ വേഷപ്പകർച്ചയാണ്. വേഷപ്പകർച്ച കൊണ്ട് മുൻപും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ദിലീപിന്റെ കയ്യിൽ കേശുവും ഭദ്രമായിരുന്നു. കേശുവെന്ന കഥാപാത്രത്തിന്റെ മേക്കോവറിനെ ഏറെ വിശ്വാസയോഗ്യമായി തന്നെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രൂപം കൊണ്ടോ ഭാവം കൊണ്ടോ മാനറിസം കൊണ്ടോ ഒരിടത്തും ദിലീപ് എന്ന നടനെ കേശു ഓർമ്മിപ്പിക്കുന്നേയില്ല എന്നതാണ് മറ്റൊരു പ്ലസ്.
ദിലീപിന്റെ ഭാര്യ രത്നമ്മയായി എത്തുന്നത് ഉർവശിയാണ്. ദിലീപിനൊപ്പം കൊണ്ടും കൊടുത്തും രത്നമ്മ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട് ഉർവശി. മക്കളായി എത്തിയ നസ്‌ലൻ, വൈഷ്ണവി എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ചിത്രത്തിൽ അളിയന്മാരായി എത്തുന്ന കോട്ടയം നസീർ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി എന്നിവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ചിത്രത്തിൽ. മലയാളസിനിമയ്ക്ക് ഏറെ പരിചിതമായ സ്വത്ത് മോഹവുമായി ഭാര്യവീടിന്റെ പരിസരത്തു കറങ്ങുന്ന ടിപ്പിക്കൽ അളിയന്മാരെ തന്നെയാണ് മൂവരും ഓർമ്മിപ്പിക്കുന്നത്.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, മോഹന്‍ ജോസ്, ഗണപതി, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാൾ, അനുശ്രീ, സ്വാസിക, പ്രിയങ്ക, ഷെെനി സാറാ, സീമാ ജി നായർ, വത്സല മേനോൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രാരാബ്ധക്കാരനായ മൂത്ത സഹോദരൻ, സ്വത്തിന്റെ ഭാഗം ചോദിക്കുന്ന സഹോദരിമാരും അളിയന്മാരും എന്നിങ്ങനെ മലയാളസിനിമയ്ക്ക് പരിചിതമായ പ്ലോട്ടിൽ നിന്നു തന്നെയാണ് നാദിർഷയും കഥ പറയുന്നത്. കഥയിലെ പുതുമയോ ഫ്രഷ് കോമഡികളുടെ നിറവോ ഒന്നും ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് അവകാശപ്പെടാനില്ല.
അഭിനേതാക്കളുടെ പ്രകടനം ചിത്രത്തെ ലൈവാക്കുന്നുണ്ടെങ്കിലും മുൻകൂട്ടി പ്രവചിപ്പിക്കാവുന്ന രീതിയിൽ മുന്നോട്ടുപോവുന്ന തിരക്കഥയാണ് ചിത്രത്തെ ദുർബലമാക്കുന്നത്. രണ്ടാം പകുതിയിലൊക്കെ നല്ല രീതിയിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ക്ലൈമാക്സിലേക്ക് ഒക്കെ കഥയെത്തിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട് തിരക്കഥാകൃത്ത്.
ദിലീപ്- നാദിർഷ കൂട്ടുക്കെട്ട് ഒത്തുചേരുമ്പോൾ സ്വാഭാവികമായും നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക. എന്നാൽ സ്വാഭാവികമായി ചിരിപ്പിക്കുന്ന നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിൽ ചിത്രം പരാജയപ്പെടുന്നു. കോമഡി നമ്പറുകളിൽ ഏറിയ പങ്കും വേണ്ട രീതിയിൽ ഏൽക്കുന്നില്ല. ബോഡി ഷേമിംഗും സ്ത്രീവിരുദ്ധ തമാശകളുമൊക്കെ ചിത്രത്തെ പലപ്പോഴും പിൻതിരിപ്പനാക്കുന്നുണ്ട്.
നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറിൽ ദിലീപ്, ഡോക്ടർ സഖറിയ തോമസ് എന്നിവർ ചേർന്നാണ് ‘കേശു ഈ വീടിന്റെ നാഥൻ’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി നാദിർഷ സംഗീതം പകർന്ന പാട്ടുകളും ആവറേജിൽ ഒതുങ്ങുകയാണ്. നാരങ്ങാമിഠായി പോലുള്ള ഗാനങ്ങളൊക്കെ കഥയിൽ മുഴച്ചുനിൽക്കുന്നു. കുട്ടികളുടെ ഇഷ്ടം കവരാൻ ഉണ്ടാക്കിയ ഒരു പാട്ടെന്നതിന് അപ്പുറത്തേക്ക് കഥയിലും കഥാഗതിയിലുമൊന്നും വലിയ റോളില്ല ഈ ഗാനത്തിന്.
വലിയ പ്രതീക്ഷകളോടെ സമീപിച്ചാൽ പ്രേക്ഷകരെ ചിത്രം നിരാശരാക്കും. ഒരു തവണ കണ്ടിരിക്കാം എന്നതിനപ്പുറത്തേക്ക് പ്രേക്ഷകന്റെ ഇഷ്ടം കവരുന്ന ഒന്നും ‘കേശു’ കാത്തുവയ്ക്കുന്നില്ലെന്ന് നിരാശയോടെ പറയേണ്ടി വരും.