Kaval Malayalam Movie Review & Rating: “ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും,” ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ ഓർമ്മപ്പെടുത്തുന്ന, കുടിപ്പകയുടെയും പകവീട്ടലുകളുടെയും എണ്ണിയാലൊടുങ്ങാത്ത കഥകൾ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു തുടർച്ച തന്നെയാണ് നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘കാവൽ’ എന്ന ചിത്രം. ഇത്തരം കഥകൾ പറയാൻ സിനിമാക്കാർ സാധാരണയായി തിരഞ്ഞെടുക്കാറുള്ള ഹൈറേഞ്ചിന്റെ പരിസരം പോലും ആവർത്തിക്കുകയാണ് കാവലിൽ.
ഒരു കാലത്ത് നാട്ടുരാജാവിനെ പോലെ വാണ, കാലക്രമേണ ഒന്നരക്കാലനും അശരണനുമായി മാറിയ ആന്റണിയിൽ (രഞ്ജി പണിക്കർ) നിന്നുമാണ് കഥ ആരംഭിക്കുന്നത്. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും പലിശക്കാരിൽ നിന്നും ചുറ്റുമുള്ള ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയാതെ അയാൾ പലപ്പോഴും പരാജയപ്പെടുകയാണ്. ഓരോ ദിവസവും അതിജീവനം ദുസ്സഹമാവുന്ന ആന്റണിയുടെ കുടുംബത്തിന് കാവലായി ഒരാൾ എത്തുന്നു, തമ്പാൻ (സുരേഷ് ഗോപി). നല്ല കാലത്ത് പൊലീസിന് ബദലായി നിന്ന് പാവപ്പെട്ടവർക്കായി ആന്റണി നടത്തിയ പോരാട്ടത്തിൽ കരുത്തായി കൂടെ നിന്നവൻ.
Read more: ഇഡ്‌ലി, തൈര്, നാരങ്ങാ അച്ചാർ, എത്രയെണ്ണത്തിന് ഉരുട്ടി കൊടുത്തിട്ടുണ്ട്; വൈറലായി സുരേഷ് ഗോപിയുടെ വീഡിയോ
ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു പോവുന്നവരെ ചിത്രം നിരാശരാക്കും. ഒരു ഇമോഷണൽ ഡ്രാമയുടെ ട്രാക്കിലാണ് ‘കാവൽ’ നീങ്ങുന്നത്. തീപ്പൊരി ഡയലോഗുകളുമായി ആക്ഷൻ സീനുകളിൽ തിളങ്ങുന്ന സുരേഷ് ഗോപിയെ ഇടയ്‌ക്കൊക്കെ കാണാമെന്നതാണ് ഏക ആശ്വാസം. ചിത്രത്തിൽ തമ്പാൻ പറയും പോലെ, ‘ചാരത്തിനടിയിൽ ചികയുമ്പോൾ കെടാത്ത കനൽ പോലെ’ ഇടയ്ക്കെവിടെയോ ആ പഴയ സുരേഷ് ഗോപിയുടെ മിന്നലാട്ടം കാണാം. പ്രകടനമെന്ന രീതിയിൽ എടുത്തുപറയേണ്ടത്, ആന്റണിയായി എത്തുന്ന രഞ്ജി പണിക്കറിന്റെ അഭിനയമാണ്. പ്രത്യേകിച്ചും വൈകാരികമായ രംഗങ്ങളിൽ രഞ്ജി പണിക്കർ പുലർത്തുന്ന കയ്യടക്കം കയ്യടി അർഹിക്കുന്നുണ്ട്.
കാവലിലേക്ക് എത്തുമ്പോൾ ആദ്യചിത്രമായ ‘കസബ’യിലെ പോരായ്മകൾ ഒരു പരിധി വരെ പരിഹരിക്കാൻ നിതിൻ രഞ്ജി പണിക്കർ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. മേക്കിങ്ങിലും തന്റേതായൊരു സ്റ്റൈൽ നിതിൻ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, താരങ്ങളുടെ പ്രകടനത്തിനോ മേക്കിംഗ് മികവിനോ ഒന്നും രക്ഷിക്കാനാവാത്ത അത്രയും ദുർബലമാണ് ചിത്രത്തിന്റെ തിരക്കഥ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് മാറ്റി എന്നതിനപ്പുറം പുതുമ തിരക്കഥയ്ക്ക് അവകാശപ്പെടാനില്ല. പലയിടത്തും നല്ല രീതിയിൽ ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. വിരസമായി മുന്നോട്ട് നീങ്ങുന്ന ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ക്ലൈമാക്സ് സീനുകളിലെ ശ്രമവും വിഫലമാവുകയാണ്.
റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, മുത്തുമണി, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, പോളി വൽസൻ, ശ്രീജിത്ത് രവി, പത്മരാജ് രതീഷ്, കണ്ണൻ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മനോഹരമായ ഫ്രെയിമുകളാണ് പ്രേക്ഷകരുടെ കാഴ്ചയെ സമ്പന്നമാക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. രഞ്ജിൻ രാജിന്റെ പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സുരേഷ് ഗോപി തിരിച്ചുവരുന്ന ആക്ഷൻ ചിത്രം എന്ന രീതിയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ രഞ്ജി പണിക്കർ- സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ മലയാളികൾ കണ്ടു പരിചയിച്ച സിനിമകളുടെ ലൈറ്റായ ആവർത്തനം മാത്രമാവുകയാണ് ‘കാവൽ’. പ്രേക്ഷകരുടെ ആസ്വാദനരീതിയിൽ ഇക്കാലയളവിലുണ്ടായ മാറ്റങ്ങളെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനു സാധിക്കുന്നില്ല.