Karthikeya 2 Movie Review & Rating: ഇന്ത്യൻ പുരാണ ഇതിഹാസങ്ങളെ ട്രെൻഡിനൊത്ത് ഉപയോഗിക്കാനുള്ള കഴിവ്, ആദ്യ ഭാഗ കാഴ്ച ആവശ്യമില്ലാത്ത കഥാഗതി, തീയറ്റർ കാഴ്ച ആവശ്യപ്പെടുന്ന രംഗങ്ങൾ, ചർച്ചയും വിവാദവും ആവാൻ സാധ്യതയുള്ള സംഭാഷണങ്ങൾ, ഇടക്ക് കയറി വരുന്ന ടിപ്പിക്കൽ തെലുങ്ക് സിനിമാ ഫൈറ്റുകൾ… ചന്ദൂ മോണ്ടെട്ടിയുടെ ‘കാർത്തികേയ’ സീരിസിന്റെ രണ്ടാം ഭാഗത്തിൽ ഒരു പരിധി വരെ പ്രതീക്ഷിച്ച കാഴ്ചകളാണ്. ആദ്യ ഭാഗത്തിൽ നിഖിൽ സിദ്ധാർത്ഥ ചെയ്ത ടൈറ്റിൽ കഥാപാത്രത്തിന്റെ അമിതമായ കൗതുകം തമിഴ് നാട്ടിലെ പ്രാചീനമായ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ദുരൂഹതകളും തനിക്ക് നേരെ വരുന്ന അപ്രതീക്ഷിത ദൗത്യവുമൊക്കെ പറഞ്ഞപ്പോൾ രണ്ടാം ഭാഗം ദ്വാരകയിലേക്കും മഥുരയിലേക്കും ഹിമാചൽ പ്രദേശിലേക്കും ഒക്കെ സഞ്ചരിക്കുന്നു. ആദ്യ ഭാഗ്യത്തിന് കിട്ടിയ വലിയ സ്വീകാര്യത സിനിമയെ പാൻ ഇന്ത്യൻ റിലീസ് ആക്കാൻ ഉള്ള സാധ്യതയെ തുറന്ന് തന്നത് കൂടിയാണ് ഈ ‘വലിപ്പ’ത്തിനു കാരണം. ഭക്തി, ശാസ്ത്രം, വിശ്വാസം, യുക്തി തുടങ്ങീ ആദ്യ ഭാഗം സ്പർശിച്ച ഭാഗങ്ങളെ തന്നെ തൊടുമ്പോഴും ‘കാർത്തികേയ 2’ വിലെ ഓരോ രംഗവും ശ്രമിക്കുന്നത് ആദ്യ ഭാഗത്തിൽ വ്യക്തമായി ഉണ്ടായിരുന്ന പ്രാദേശികതയെ മറി കടന്നു യൂണിവേഴ്സൽ ആകാൻ ആണ്.
കാർത്തികേയ എന്ന യുക്തിവാദിയായ മെഡിക്കൽ വിദ്യാർഥിയുടെ അതിസാഹസികമായ കൗതുകങ്ങൾ കാണിച്ചാണ് സിനിമയുടെ ആദ്യ ഭാഗം 2014 ൽ വലിയ കയ്യടി നേടിയത്. രണ്ടാം ഭാഗത്ത് എത്തുമ്പോൾ അയാൾ മിടുക്കൻ ആയ ഡോക്ടർ ആകുന്നു. തീവ്രമായ അതീന്ദ്രിയ അനുഭവങ്ങൾക്കപ്പുറവും അയാൾ കടുത്ത യുക്തിവാദിയാണ്. കഥാപാത്രത്തിന്റെ ശരീര ഭാഷയിലും സ്വഭാവത്തിലും തുടർച്ച കൊണ്ട് വരുമ്പോഴും സിനിമയുടെ തുടക്കത്തിൽ തന്നെ തീർത്തും പുതുമയുള്ള അന്തരീക്ഷത്തിലേക്ക് അവരെ സംവിധായകൻ പറിച്ചു നട്ടിട്ടുണ്ട്. ആദ്യ ഭാഗത്ത് ഭക്തിക്കൊപ്പം ഹൊറർ മൂഡിനെ നിലനിർത്തിയപ്പോൾ രണ്ടാം ഭാഗം ദൈവികമായ അന്വേഷണത്തിനൊപ്പം റോഡ് മൂവിയും ത്രില്ലർ സ്വഭാവത്തെ കൂടുതൽ ആശ്രയിക്കുന്ന സിനിമയും ആണ്. മുരുകൻ കോവിലിൽ നിന്നു ദ്വാരകയിലേക്കും മഥുരയിലേക്കും ഹിന്ദി സംസാരിക്കുന്ന കഥാപാത്രങ്ങളിലേക്കും അനുപം ഖേറിന്റെ സാമീപ്യത്തിലേക്കും നയിച്ച വാണിജ്യ ബുദ്ധി ശ്രദ്ധേയമാണ്.
അമ്മയുടെ പ്രാർത്ഥനക്കും വഴിപാടിനുമായി കാർത്തികേയ ദ്വാരകയിലെത്തുന്നു. ദൈവ വിശ്വാസം ഒട്ടുമില്ലാത്ത അയാൾ അപ്രതീക്ഷിതമായി ചില സംഭവങ്ങളിൽ ചെന്ന് പെടുന്നു. ഈ സംഭവങ്ങളിലേക്ക് എത്തിയ വഴികളും ആളുകളും അയാളെ ഭഗവാൻ കൃഷ്ണന്റെ സഞ്ചാര മാർഗങ്ങളിലേക്കും കലിയുഗ ദുരന്തങ്ങൾ അവസാനിക്കാൻ കൃഷ്ണൻ ഇവിടെ അവശേഷിപ്പിച്ച വഴികളിലേക്കും എത്തിക്കുന്നു. ഈ യാത്രയിൽ കാർത്തികേയയും അയാളുടെ പ്രണയിനി മുഗ്ദ്ധയും കൃഷ്ണ ഭക്തനായ അമ്മാവനും ലോറി ഡ്രൈവർ സുലൈമാനും നേരിടുന്ന വെല്ലുവിളികളും അതിൽ നിന്ന് അവർ എത്തിച്ചേരുന്ന തിരിച്ചറിവുകളും ഒക്കെയാണ് സിനിമ. ഈ കഥാഗതിക്കുള്ളിൽ ഫാന്റസിയുടെ, ത്രില്ലറിന്റെ, റോഡ് മൂവിയുടെ ഒക്കെ സാധ്യതകളെ ഇടകലർത്തി സിനിമ ഉപയോഗിച്ചിട്ടുണ്ട്.
Read Here: Chup Movie Review: നിരൂപകർ സിനിമയെ തകർക്കുന്നവരോ?; ശ്രദ്ധ നേടി ദുൽഖർ സൽമാൻ ചിത്രം
ഒരു ഫാന്റസി സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി പലപ്പോഴും അതിരുകൾ ഇല്ലാത്ത ഭാവനകളെ ദൃശ്യങ്ങളിൽ പകർത്തി പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ്. ‘കാർത്തികേയ 2’ ആദ്യം മുതൽ അവസാനം വരെ തകർന്ന പഴയ നഗരമായ ദ്വാരകയെയും മഞ്ഞുരുകി മരവിച്ച ഹിമാചലിലെ പഴയ നദിയെയും നക്ഷത്രങ്ങൾക്ക് തൊട്ടടുത്തുള്ള മലയെയും ഒക്കെ കാണികൾക്ക് അനുഭവ വേദ്യമാക്കുന്നുണ്ട്. സാങ്കേതിക വിദ്യയെ സൗന്ദര്യ ശാസ്ത്രപരമായി സിനിമയുടെ മൂഡിനോട് ചേർത്ത് ‘കാർത്തികേയ’ ഉപയോഗിക്കുന്നുണ്ട്. ഒരു കഥ വായിക്കുന്ന, കേൾക്കുന്ന, കാണുന്ന പ്രതീതി അത് ഉണ്ടാക്കുന്നുണ്ട്. സിനിമയുടെ വി എഫ് എക്‌സും കാർത്തിക്ക് ഘട്ടനേനിയുടെ ഛായാഗ്രഹണവും കാലഭൈരവയുടെ സംഗീതവും എല്ലാം ഈ ഒരു അന്തരീക്ഷത്തെ നന്നായി സഹായിച്ചിട്ടുണ്ട്. ഈ ഒരു കാഴ്ച അനുഭവമാണ് സിനിമ പ്രേക്ഷകരിൽ നിലനിർത്തുന്നത്.
കൃഷ്ണനും ദ്വാപര യുഗവും ഇന്ത്യയിൽ എല്ലായിടത്തും പൊതുവെ വളരെയധികം കേട്ട് പരിചയിച്ച മിത്ത് ആണ്. അത് കൊണ്ട് തന്നെ തെലുങ്ക് സംസാരിക്കുന്ന പ്രേക്ഷകർക്കപ്പുറം ഇന്ത്യയിലെ എല്ലാവർക്കും പരിചിതമാണ് സിനിമയുടെ കഥാപരിസരവും കഥാഗതിയുമെല്ലാം. ഇത് സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകമാണ്. പക്ഷേ സിനിമയുടെ അതിവാദങ്ങൾ ചിലയിടങ്ങളിൽ വിചിത്രമാണ്. മിത്തുകൾ ജീവിച്ചിരുന്നവരുടെ ചരിത്രമാണ് എന്നൊക്കെ സിനിമ പലയിടങ്ങളിലും വളരെ പ്രത്യക്ഷമായി തന്നെ പറഞ്ഞു വെക്കുന്നു. വർത്തമാനകാലവും ഓരോ ഭൂമികയേയും വിശ്വാസത്തെയും ബുദ്ധിപരമായി പരസ്പരം ബന്ധിപ്പിക്കുമ്പോഴും ഇടക്ക് കടന്നു വരുന്ന ഇത്തരം സ്ഥാപിക്കലുകൾ ആ ഭംഗി നശിപ്പിക്കുന്നുണ്ട്. ഒരു ത്രില്ലർ സ്വഭാവം നിലനിർത്തുന്നതിൽ സിനിമ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. അഭീര, സീക്രെട്ട് സൊസൈറ്റി അംഗങ്ങൾ തുടങ്ങിയ വില്ലന്മാർ പലയാവർത്തി ഇത്തരം സിനിമകളിൽ കണ്ട പ്രതിനായകരുടെ തനിപകർപ്പായി തോന്നി. അശ്വിൻ സംഘിയുടെ ‘കൃഷ്ണ കീ’ എന്ന ഹിറ്റ് നോവലിൽ നിന്നുള്ള മോഷണം ആണ് സിനിമ എന്ന ആരോപണത്തിന്റെ സാധ്യത വന്നതും ഈ കഥാപാത്രങ്ങളുടെ നിർമിതിയിലാണ്. ആദ്യ ഭാഗത്തിലെ സുഹൃത്തുക്കളെ സിനിമ രണ്ടാം ഭാഗത്തിലും നിലനിർത്തിയപ്പോൾ കാർത്തികേയയുടെ പ്രണയിനി ആയിരുന്ന സ്വാതി റെഡ്ഢിയെ കുറിച്ചുള്ള റെഫെറൻസുകൾ പോലും സിനിമയിൽ വരുന്നില്ല. ആദ്യ ഭാഗത്ത് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത് വരെ കാണിച്ചിട്ടുണ്ട്. പക്ഷേ പല സീക്വലുകളും നായികമാരോട് ചെയ്യുന്നത് ‘കാർത്തികേയ 2’ ആവർത്തിച്ചു.
തെലുങ്ക്, കന്നഡ സിനിമകളെ നിരന്തരം പിന്തുടരുന്ന ഒരു വിഭാഗം കാണികൾ കേരളത്തിലുണ്ട്. അവർക്കു വേണ്ടി പണ്ട് ഓ ടി ടി റിലീസുകൾ മാത്രമായി ഇവിടെ എത്തിയിരുന്ന സിനിമകൾ ഇപ്പോൾ തീയറ്ററുകളിൽ എത്താറുണ്ട്. കാർത്തികേയ ആദ്യ ഭാഗം കേരളത്തിലെ തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ വലിയ തരംഗവുമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് വേർഷനും ഹിന്ദി ഡബ്ബഡ് വേർഷനും റെക്കോർഡ് വിജയം സ്വന്തമാക്കി. പക്ഷേ രണ്ടാം ഭാഗം റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷമാണ് കേരളത്തിൽ എത്തുന്നത്. ചിത്രം ഹിന്ദു അജണ്ടകൾ ഒളിച്ചു കടത്തുന്നു എന്ന രീതിയിൽ ചർച്ചകൾ ഉണ്ടായി. പൊതുവെ തെലുങ്ക് സിനിമകൾ പീരിയഡ് ഡ്രാമകളിലും ഫാന്റസി ത്രില്ലറുകളിലും ആശ്രയിക്കാറുള്ള അതിഭാവുകത്വത്തെ ഉപയോഗിച്ചു എന്നതിൽ ഉപരി അത്തരം അജണ്ടകളെ പിന്തുടരുന്നതായി തോന്നിയില്ല.
സ്വാഭാവികമായും മൂന്നാം ഭാഗത്തിനുള്ള സാദ്ധ്യതകൾ തുറന്നിട്ട് കൊണ്ടാണ് ‘കാർത്തികേയ 2’ അവസാനിക്കുന്നത്. കാർത്തികേയ സീരീസിൽ നിന്നു, തെലുങ്ക് ഫാന്റസി സിനിമയിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ പൂർണമായും അത് നൽകാൻ അങ്ങേയറ്റം പരിശ്രമിച്ച സിനിമയാണിത്. ആദ്യ ഭാഗം എങ്ങനെ ഇന്ത്യയിൽ വിജയിച്ചു, ആ വിജയത്തിന്റെ എന്തൊക്കെ സാദ്ധ്യതകൾ രണ്ടാം ഭാഗത്തിൽ ഉപയോഗിക്കാം എന്നൊക്ക പഠിച്ചു അതിനെ കൃത്യമായി ഉപയോഗിച്ച സിനിമ. അത്തരം സിനിമകൾക്ക് ഇവിടെ ഭാഷാ ഭേദമന്യേ ഒരു വിപണിയുണ്ട്. ആ വിപണിയിൽ പാൻ ഇന്ത്യൻ അപ്പീൽ മുതൽ വിവാദം വരെ എങ്ങനെ വിറ്റു പോകും എന്ന് കൃത്യമായി പഠിച്ചു പ്രയോഗിച്ച ഒരു സിനിമയാണ് ‘കാർത്തികേയ 2.’