Kappela Movie Review & Rating: ‘ഐൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2015ലെ ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘കപ്പേള’ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയുടെ ദൃശ്യാവിഷ്കാരമാണ്. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘കപ്പേള’ അതിന്റെ ആഖ്യാനശൈലിയിലും, കഥാപാത്രങ്ങളെ വെളിവാക്കുന്ന രീതിയിലും പുതുമ നിലനിർത്തിയെങ്കിലും, ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ ആകാംഷകള്‍ ഒന്നും സമ്മാനിക്കാത്ത അനുഭവമായി മാറുന്നുണ്ട്.
അന്ന ബെൻ അവതരിപ്പിക്കുന്ന, വയനാട്ടിലെ ഒരു ഗ്രാമത്തിലെ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന കുടുംബത്തിലെ, കൂലിപ്പണിക്കാരനായ അച്ഛന്‍റെ മകളായ ജെസ്സി യാദൃശ്ചികമായി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി ഫോണിൽ കൂടി അടുക്കുന്നു. ഇതേ സമയം തന്നെ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ജീവിത പശ്ചാത്തലങ്ങളും കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ കണ്ണിലെ ‘മാതൃക പുരുഷോത്തമന്മാരിൽ’ ഒരാളാണ് സഹാനുഭൂതിയുള്ള, സദാ നെറ്റിയിൽ കുറി തൊടുന്ന, ‘നല്ലവനായ ഉണ്ണി’ എന്ന് പറയാവുന്ന, റോഷൻ മാത്യൂസ് ചെയ്ത വിഷ്ണുവെന്ന കഥാപാത്രം.
തുടർന്ന് മുൻപ് പല ചിത്രങ്ങളിലും കണ്ടിട്ടുള്ളത് പോലെ ഒരു വശത്തു പ്രേമം മൂക്കുമ്പോൾ, മറു വശത്തു വീട്ടുകാർ ജെസിയുടെ കല്യാണം ഉറപ്പിക്കുന്നു. ഇതിനടയിൽ ജെസ്സിയുടെ കുടുംബ-ജീവിത-പരിസരങ്ങളും മറ്റും രസകരമായി തന്നെ കാഴ്ചക്കാരിലേക്കു എത്തിക്കുന്നുണ്ട്. ജെസ്സിയും കൂട്ടുകാരിയുമായുള്ള രംഗങ്ങളും ചെറുചിരി ഉണർത്തുന്നതാണ്.
തനി നാട്ടിൻപുറത്തുകാരിയായ, സ്മാർട്ട് ഫോൺ ഇല്ലാത്ത, കടൽ കണ്ടിട്ടില്ലാത്ത ജെസ്സി തന്റെ കാമുകനെ ആദ്യമായി കണ്ടു പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഒറ്റയ്ക്ക് ഒരു ദിവസം കോഴിക്കോട് പട്ടണത്തിലേക്കു ബസ് കയറുന്നു. പക്ഷേ ബസ് സ്റ്റാൻഡിൽ നടക്കുന്ന ഒരു കശപിശയിൽ വിഷ്ണുവിന്റെ ഫോൺ നഷ്ടപ്പെടുകയും, അത് ശ്രീനാഥ് ഭാസി ചെയുന്ന കഥാപാത്രം കൈക്കലാക്കുകയും ചെയ്യുന്നിടത്ത് ഇടവേളയാണ്.
Read Here: ബേബിമോൾക്ക് ജീവിതത്തിലും ‘വെറവൽ’ ഉണ്ടായിട്ടുണ്ട്; അന്ന ബെൻ പറയുന്നു
രണ്ടാം പകുതിയിൽ വിഷ്ണു എന്ന കഠിനാധ്വാനിയായ, സഹാനുഭൂതിയുടെ നിറകുടമായ ചെറുപ്പക്കാരന്റെ നേർവിപരീതമായിട്ടാണ് ശ്രീനാഥ് ഭാസിയുടെ റോയ് എന്ന കഥാപാത്രത്തെ കാണിക്കുന്നത്. തൊഴിൽരഹിതനായ, കാമുകിയോടും സുഹൃത്തുക്കളോടും പൈസ കടം മേടിച്ചു, നാട്ടിൽ തല്ലും പിടിയും ഉണ്ടാക്കി നടക്കുന്ന അഭ്യസ്തവിദ്യനായ റോയ് എങ്ങനെ ജെസ്സിയുടെയും വിഷ്ണുവിന്റെയും ജീവിതത്തിൽ ഇടപെടുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ.
വളരെ റിലിസ്‌റ്റിക്കായി, നാടകീയത, സന്ദർഭങ്ങളിൽ മാത്രം ഒതുക്കി പ്രേക്ഷകരിൽ ആകാംഷയുടെ ഒരു സമ്മർദം വളർത്താനൊക്കെ ചിത്രത്തിന് ആവുന്നുണ്ടെങ്കിലും ‘ചാപ്പാകുരിശിൽ’ തുടങ്ങി അധികം മുന്നോട്ടു പോവാത്ത മുഖ്യധാരാ മലയാള സിനിമയുടെ ‘ന്യൂ ജനറേഷൻ’ മാതൃക തന്നെയാണ് ‘കപ്പേള’യും പിന്തുടരുന്നത്. ക്ലൈമാക്സിനോടടുക്കുമ്പോൾ കഥാപാത്രങ്ങളുടെ തനി നിറങ്ങൾ വെളിവാക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് ചിത്രത്തിന്റെ ഗതി നിർണയിക്കുന്നത്.
‘ഗുഡ് ബാഡ് അഗ്ലി’ എന്ന വിഖ്യാതമായ ഹോളിവുഡ് ചിത്രത്തിൽ നിന്നുള്ള ആശയം കടമെടുത്തു നിർമിച്ച പല സൃഷ്ടികളിൽ നിന്നുള്ള പ്രചോദനം അറിഞ്ഞോ അറിയാതെയോ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സമൂഹം ബാഹ്യരൂപവും, പ്രത്യക്ഷമായ പ്രവർത്തിയും കൊണ്ട് ഒരു വ്യക്തിയെ അളക്കുന്നത് പലപ്പോഴും തെറ്റായിരിക്കാം എന്ന് മൂന്ന് കഥാപാത്രങ്ങളിലൂടെ പറയുന്ന സെർജിയോ ലിയോൺ സംവിധാനം ചെയ്ത് ക്ലിന്റ് ഈസ്ടവൂഡ് അഭിനയിച്ച ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രവും ‘കപ്പേള’യും തമ്മിൽ ആ തരത്തിൽ സാമ്യത കാണാനാവും. ഭയന്ന് വിറച്ചു ലോഡ്ജിലെ ബാത്റൂമിന്റെ ഉള്ളിൽ ഇരിക്കുന്ന ജെസ്സിയെയും, പുറത്തു മൃഗങ്ങളെ പോലെ തമ്മിൽ ആക്രമിക്കുന്ന റോയും വിഷ്ണുവും. ഇവരെ കാണുമ്പോൾ പ്രേക്ഷകന് തോന്നും, ഇവർ രണ്ടുപേരും വികൃതമായ, അഗ്ലിയായ (ugly) മനസ്സിന്റെ ഉടമകളാണോ എന്ന്.
കുസൃതി ചിരിയുള്ള, യഥാർത്ഥ പ്രണയം എന്ന് വിളിക്കുന്ന കാല്പനികതയെ കണ്ണടച്ച് വിശ്വസിക്കുന്ന ജെസ്സി എന്ന അന്ന ബെന്‍ ചെയ്ത കഥാപാത്രത്തിന് അവരുടെ ആദ്യ ചിത്രമായ ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ബേബി മോളുമായി ഏറെ സാമ്യതകൾ ഉണ്ട് . ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ അഭിനയ സാധ്യതകൾക്കപ്പുറമൊന്നും അന്ന എന്ന നടിക്ക് ഈ ചിത്രതിയിൽ ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും, അത് ഉള്ളത് അവർ ഭംഗിയായി തന്നെ ചെയ്തിട്ടുമുണ്ട്. ‘മൂത്തോനി’ലെ അഭിനയം കൊണ്ട് വലിയ സാദ്ധ്യതകൾ ഉള്ള നടനാണ് താനെന്നു റോഷൻ തെളിയിച്ചിട്ടിട്ടുണ്ട്. പ്രണയത്തിന്റെ സൂക്ഷ്മ ഭാവങ്ങളും, പുരുഷസഹജമായ ക്രൗര്യവുമെല്ലാം വിശ്വാസ്യതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ റോഷന് ആവുന്നുണ്ട്. ചെറിയ റോളുകളിൽ വന്നു വിസ്മയിപ്പിക്കുന്ന ശ്രീനാഥ് ഭാസിക്ക് മുൻപ് ചെയ്ത പല റോളുകളുടെയും ഒരു സങ്കരം തന്നെയാണ് റോയും. സ്‌ഥിരമായി നാഗരികതയുടെ സ്വതം പേറുന്ന കഥാപാത്രങ്ങൾ ചെയ്‌തിട്ടുള്ള ഭാസിക്ക് പക്ഷേ ഗ്രാമീണതയുടെ വേരുകൾ പേറുന്ന റോയ് എന്ന കഥാപാത്രം എന്തോ ഒരു അസ്വാഭാവികത ഉളവാക്കുന്നുണ്ട്.
കഥാഗതിക്കനുസരിച്ചു ദൃശ്യങ്ങളുടെ ഭാവങ്ങളും മാറുന്നുണ്ട് എന്നുള്ളതാണ് ‘കപ്പേള’യെ ഒരു തവണ കാണാവുന്ന ഒരു ചലച്ചിത്ര അനുഭവമാക്കുന്നത്. ഇരുണ്ട ആകാശത്തിൽ നിന്ന് വീഴുന്ന മഴതുള്ളികളിലൂടെ താഴേക്കു വന്നു കേന്ദ്രകഥാപാത്രത്തിനെ പിന്തുടരുന്ന ചിത്രം, പിനീടങ്ങോട്ടും ഒരു നല്ല ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. കഥാപരിസരങ്ങൾ, ഇരുട്ടു-വെളിച്ചങ്ങളുമെല്ലാം സന്ദര്‍ഭങ്ങളുടെ ഭാവങ്ങൾക്കനുസരിച്ചു പകർത്തിയതിന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ് പ്രത്യേക പ്രശംസ അർഹിക്കുന്നു. ഒരു ദിവസം നടക്കുന്നതെങ്കിലും, നോൺ ലീനിയർ ആഖ്യാന ശൈലി പിന്തുടരുന്ന ഒരു കഥയെ അതിന്റെ തീവ്രതയോടെ പ്രേക്ഷകരിൽ എത്തിക്കാൻ നൗഫൽ അബ്ദുല്ലയുടെ എഡിറ്റിംഗും സഹായകമായിട്ടുണ്ട്. മുൻ ചിത്രങ്ങളിലെല്ലാം തന്റെ പശ്ചാത്തല സംഗീതത്തിലെ ആഴം വ്യക്തമായി അനുഭവപ്പെടുത്തിയ സുഷിന്‍ ശ്യാമിന്റെ ‘കപ്പേള’യിലെ സംഗീതം പക്ഷേ ഓർത്തിയിരിക്കാൻ പറ്റുന്ന ഒന്നായി മാറിയിട്ടില്ല. വിഷ്ണു വേണുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രണയം ചിലപ്പോഴൊക്കെ ചതികുഴിയാവുന്ന കഥകൾ ഇതിനു മുൻപും മലയാള സിനിമ കണ്ടിട്ടുണ്ടെങ്കിലും, ആഖ്യാനത്തിലും കഥാപാത്രങ്ങളിലും ഒളിപ്പിച്ചു വെക്കുന്ന ചില ആകസ്മിതകൾ ‘കപ്പേള’യെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാക്കി മാറ്റുന്ന
Read in English: South Stream: Anna Ben’s Kappela