scorecardresearch

Kamala, Poozhikkadakan, Happy Sardar, Enai Noki Paayum Thota & Frozen 2 Movie Review: ഈ ആഴ്ച റിലീസിനെത്തിയ ചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

ഈ ആഴ്ച പ്രദർശനത്തിനെത്തിയ കമല, പൂഴിക്കടകൻ, ഹാപ്പി സർദാർ, എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളുടെയും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആനിമേഷൻ ചിത്രം ‘ഫ്രോസൺ 2’വിന്റെയും റിവ്യൂ വായിക്കാം

Kamala Review, Poozhikkadakan Review, Happy Sardar review, ENPT film review, Enai Noki Paayum Thota film review, frozen 2 movie review, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം,​ IE Malayalam, ഐഇ മലയാളം

Kamala, Poozhikkadakan, Happy Sardar, Frozen 2 & Enai Noki Paayum Thota Movie Review: മലയാളത്തിൽ നിന്നും ഈ ആഴ്ച മൂന്നു ചിത്രങ്ങളാണ് റിലീസിനെത്തിയത്. അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘കമല’, കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’, ചെമ്പൻ വിനോദ് ജോസ്- ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പൂഴിക്കടകൻ’ എന്നിവയാണ് ഈ ആഴ്ച റിലീസിനെത്തിയ ചിത്രങ്ങൾ. ധനുഷ്- ഗൗതം മേനോൻ ടീമിന്റെ തമിഴ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’യാണ് മറ്റൊരു റിലീസ്. കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ വാള്‍ട്ട് ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രം ‘ഫ്രോസണ്‍ 2’വും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Kamala Movie Review: നിഗൂഢതകളുടെ ചുരുളഴിച്ച് ‘കമല’; റിവ്യൂ

36 മണിക്കൂറുകൾക്കുള്ളിൽ ചുരുളഴിച്ചെടുക്കുന്ന ഒരു പസിൽ ഗെയിം- അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘കമല’യെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യാവസാനം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി കൊണ്ടു പോവുന്ന ചിത്രം, മികച്ച തിയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

കേരള തമിഴ്‌നാട് ബോർഡറായ അറുകാണിയിലെ ഒരു വനപ്രദേശത്താണ് ‘കമല’യുടെ കഥ നടക്കുന്നത്. റിയൽ എസ്റ്റേറ്റും വാഹനക്കച്ചവടവുമൊക്കെയായി നടക്കുന്ന സഫർ (അജു വർഗീസ്), ഒരു റിയൽ എസ്റ്റേറ്റ് ഡീലുമായി ബന്ധപ്പെട്ട് അറുകാണിയിൽ എത്തുകയാണ്. ഫോൺവിളികളിലൂടെയും മെസേജുകളിലൂടെയും മാത്രം സഫറിന് പരിചയമുള്ള ‘കമല’യും അതേദിവസം അവിടെ എത്തുന്നു. 36 മണിക്കൂറിനിടയിൽ സഫറിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ‘കമല’യുടെ പ്രമേയം.

അജുവിന്റെ കരിയറിലെ ശ്രദ്ധേയമായൊരു കഥാപാത്രമാണ് സഫർ. എന്തും വിൽക്കാമെന്ന് ശുഭാപ്തി വിശ്വാസമുള്ള, ഏതു പ്രശ്നങ്ങൾക്കും എളുപ്പത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ മിടുക്കുള്ള, സാമാന്യത്തിൽ കവിഞ്ഞ ബുദ്ധിയുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കറായി കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ട് അജു. ഏറെ കയ്യടക്കത്തോടെയാണ് അജു സഫറിനെ അവതരിപ്പിക്കുന്നത്.

നായികയായെത്തിയ റൂഹാനി ശർമയാണ് പരിമിതമായ കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്ന മറ്റൊരു സാന്നിധ്യം. നിഗൂഢതകൾ ഉള്ള കമല എന്ന കഥാപാത്രം റൂഹാനിയിൽ ഭദ്രമാണ്. ചില രംഗങ്ങളിൽ അസാമാന്യമായ പ്രകടനമാണ് റൂഹാനി കാഴ്ച വയ്ക്കുന്നത്.

ആവർത്തിച്ചു വരുന്ന ലൊക്കേഷനുകളിൽ, പരിമിതമായ താരങ്ങളെ വെച്ച് ചിത്രീകരിച്ച സിനിമയെ ആദ്യം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ, ത്രില്ലർ സ്വഭാവം നിലനിർത്തി മുന്നോട്ട് കൊണ്ടുപോവുക എന്ന ഉദ്യമത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒരു പരീക്ഷണ ചിത്രം കൂടിയാണ് ‘കമല.

റിവ്യൂ പൂർണമായി ഇവിടെ വായിക്കാം: Kamala Movie Review: നിഗൂഢതകളുടെ ചുരുളഴിച്ച് ‘കമല’; റിവ്യൂ

Poozhikkadakan Movie Review: പലകുറി ആവർത്തിച്ച പ്രമേയവുമായി ‘പൂഴിക്കടകൻ’; റിവ്യൂ

മലയാള സിനിമയിൽ മുൻപ് പല തവണ കണ്ടിട്ടുള്ള ഒരു പ്രമേയത്തിന്റെ ഒട്ടും പുതുമയില്ലാത്ത ആവിഷ്കാരമാണ് നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്ത ‘പൂഴിക്കടകൻ’. സാമുവേൽ (ചെമ്പൻ വിനോദ്) എന്ന പട്ടാളക്കാരൻ ലീവിനായി തന്റെ നാടായ ചെറുതോണിയെന്ന മലയോര ഗ്രാമത്തിൽ എത്തുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരവും ക്വാറി ഉടമകളുടെ സ്ഥലം കൈയേറ്റ ശ്രമങ്ങളും റോഡുകളുടെ ശോചനീയ അവസ്ഥയുമൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്.

റോഡിലെ കുഴിയിൽ വീണുണ്ടാകുന്ന അപകടത്തിൽ തന്റെ മകൻ മരിക്കുന്നതോടു കൂടി സാമുവേൽ അധികാരപ്പെട്ടവർക്ക് മുൻപിൽ പരാതിയുമായി എത്തുന്നു. എന്നാൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കമുള്ളവരെല്ലാം അഴിമതിക്കാരാണെന്നു മനസിലാക്കുന്നതോടു കൂടി സാമുവേൽ ഒരു ഒറ്റയാൾ പോരാട്ടത്തിനിറങ്ങുന്നു, അതിന് അയാൾക്ക് മൗനസമ്മതവുമായി തന്റേടമുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനും കൂട്ടുണ്ട്.

 

‘അർജുനൻ സാക്ഷി,’ ‘നിർണായകം’ പോലെയുള്ള സിനിമകളെ ഓർമിപ്പിക്കുന്ന, ദുഷിച്ച ഒരു ഭരണസംവിധാനത്തോട് ഒരു സാധാരണക്കാരന്റെ അസാധാരണ പ്രതികരണം എന്ന പറഞ്ഞു പഴകിയ ആശയത്തെ ഒരു പുതുമയുമില്ലാതെ തണുപ്പൻ മട്ടിൽ ദൃശ്യവത്കരിച്ചിരിക്കുകയാണ് ചിത്രം. ‘ഈ മ യൗ’ പോലെയുള്ള ചിത്രങ്ങളിൽ വളരെ സങ്കീർണ്ണമായ അഭിനയ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്ത ചെമ്പൻ വിനോദിന് സാമുവേൽ എന്ന കഥാപാത്രം ഒട്ടും വെല്ലുവിളി ഉയർത്തുന്നില്ല. സാമുവേലിന്റെ ഭാര്യയായെത്തുന്ന ധന്യ ബാലകൃഷ്ണയ്ക്കും കാര്യമായ അഭിനയ മുഹൂർത്തങ്ങളൊന്നുമില്ല.

റിവ്യൂ പൂർണമായി ഇവിടെ വായിക്കാം: Poozhikkadakan Review: വിരസമായ യാത്ര: ‘പൂഴിക്കടകൻ’ റിവ്യൂ

Happy Sardar Movie Review: സുറിയാനി പെണ്ണിനെ മോഹിച്ച പഞ്ചാബി ചുള്ളന്‍; ‘ഹാപ്പി സര്‍ദാർ’ റിവ്യൂ

വര്‍ഷങ്ങളായി ബോളിവുഡിലും മലയാള സിനിമയിലും കണ്ടു മടുത്ത സാഹചര്യങ്ങളും തമാശകളും ചേര്‍ത്ത് ഒരുക്കിയ തട്ടുപൊളിപ്പന്‍ ചിത്രമാണ് ‘ഹാപ്പി സര്‍ദാർ’. കാളിദാസ് ജയറാമിനെ നായകനാക്കി സുദിപ് ജോഷി-ഗീതിക ദമ്പതികള്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജോയ്സി കൊച്ചറ (സിദ്ദിഖ്) എന്ന കോട്ടയം സുറിയാനി ക്രിസ്തിയാനിയുടെ നാലു പെണ്‍മക്കളില്‍ മൂന്നു പേരും അന്യമതത്തില്‍പ്പെട്ടവരെയാണ് വിവാഹം ചെയ്തത്. പള്ളി ഇടവകയുടെ സമ്മര്‍ദത്തിനു വഴങ്ങി തന്റെ നാലാമത്തെ പെണ്‍കുട്ടിയെ സുറിയാനി ക്രിസ്ത്യാനിയെ കൊണ്ടേ വിവാഹം കഴിപ്പിക്കൂ എന്ന് ശപഥം ചെയ്തിരിക്കുകയാണ് ജോയ്സി.

പഞ്ചാബിലെ പ്രബലനായ രാഷ്ട്രീയനേതാവായ ഇന്ദ്രപാല്‍ സിങ്ങിന്റെ മകനാണ് ഹാപ്പി സിങ്ങ് (കാളിദാസ് ജയറാം). ഇന്ദ്രപാല്‍ സിങ്ങിന്റെ ഭാര്യ മലയാളിയാണ്. സുഹൃത്തായ സഫറിനെയും കൂട്ടുകാരിയേയും ഒളിച്ചോട്ടത്തിന് സഹായിക്കുന്നതിനിടയിലാണ് ഹാപ്പി മേരിയെ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടൽ പ്രണയമാവുന്നതും പിന്നീടുള്ള സംഭവബഹുലമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

കാളിദാസും പുതുമുഖം മെറിന്‍ ഫിലിപ്പും തരക്കേടില്ലാത്ത പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന്റെ പോരായ്മ. പഞ്ചാബിലെ വിശാലമായ നെല്‍പ്പാടങ്ങളും പൂന്തോട്ടങ്ങളും കേരളത്തിലെ കായല്‍ ഭംഗിയും സുന്ദരമായി അടയാളപ്പെടുത്താന്‍ ക്യാമറാമാന്‍ അഭിനന്ദന്‍ രാമാനുജന്‍ ശ്രമിച്ചിട്ടുണ്ട്.

റിവ്യൂ പൂർണമായി ഇവിടെ വായിക്കാം: Happy Sardar Movie Review: സുറിയാനി പെണ്ണിനെ കെട്ടാന്‍ വന്ന പഞ്ചാബി ചുള്ളന്‍; ‘ഹാപ്പി സര്‍ദാർ’ റിവ്യൂ

Enai Noki Paayum Thota Review: റൊമാൻസും ആക്ഷനും സമാസമം; ‘എന്നൈ നോക്കി പായും തോട്ട’ റിവ്യൂ

മൂന്നുവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗൗതം മേനോൻ- ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ റിലീസിനെത്തിയിരിക്കുന്നത്. പ്രേക്ഷകർ കണ്ടുപരിചയിച്ച ഗൗതം മേനോൻ സ്റ്റൈലിലുള്ള ഒരു ചിത്രം തന്നെയാണ് ‘എന്നൈ നോക്കി പായും തോട്ട’യും.

രഘു (ധനുഷ്) എന്ന കഥാപാത്രത്തെ ഒരു പറ്റം ആളുകൾ ആക്രമിക്കുന്നിടത്തുനിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഒരു ബുള്ളറ്റ് രഘുവിനു നേരെ കുതിക്കുന്നതിനിടയിൽ, അയാളുടെ ഭൂതകാലം ഫ്ളാഷ് ബാക്കുകളിലൂടെ അവതരിപ്പിക്കുന്നു. വോയിസ് ഓവറുകളിലൂടെയും മറ്റും രഘുവിന്റെ ജീവിതകഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുകയാണ്. വോയിസ് ഓവറുകളുടെ​ ആധിക്യം, ചിത്രത്തിന്റെ ആഖ്യാനത്തിന് പുതുമയില്ലാത്താക്കുന്നു.

അവസാന വർഷ ബിരുദവിദ്യാർത്ഥിയായ രഘുവും അഭിനേത്രിയായ ലേഖയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. കോളേജിൽ ഒരു ഷൂട്ടിംഗിന് എത്തിയപ്പോഴാണ് ലേഖ രഘുവിനെ പരിചയപ്പെടുന്നത്. അവിശ്വസനീയമായ ഈ കഥാപരിസരം ചിത്രത്തിന്റെ കഥയെ ദുർബലമാക്കുന്നുണ്ട്. തന്നെ ദത്തെടുത്ത കുബേരൻ എന്ന വ്യക്തിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലേഖ അഭിനയിക്കുന്നത്. രേഖ സുരക്ഷിതമായ കൈകളിൽ അല്ലെന്ന് രഘു മനസ്സിലാക്കുന്നു.

റൊമാന്റിക് ഡ്രാമയായി പുരോഗമിക്കുന്ന ചിത്രം ഇടയ്ക്ക് ആക്ഷൻ ത്രില്ലറായും മാറുന്നത് കാണാം. രണ്ടു ഴോണറുകളിലേക്കുമുള്ള കഥയുടെ മാറിമാറിയുള്ള സഞ്ചാരം, മൊത്തത്തിലുള്ള ചിത്രത്തിന്റെ ഫോക്കസിനെ ബാധിക്കുന്നുണ്ട്.

അത്ര ഓർഗാനിക് അല്ലാത്ത ഒരു റൊമാൻസ് ആണ് ചിത്രം കാണിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുമായി പ്രണയം സംവദിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. പലയിടത്തും നാടകീയമാണ് സിനിമ മുന്നോട്ടു പോവുന്നത്. റൊമാൻസ് ഏരിയയിൽ ചിത്രം പരാജയപ്പെടുന്നുവെങ്കിലും ആക്ഷൻ സ്വീകൻസുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ജോമോൻ ടി ജോൺ, മനോജ് പരമഹംസയുടെയും ക്യാമറയും മികവു പുലർത്തുന്നു. ദർബുക ശിവയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് പ്ലസ് ആവുന്നുണ്ട്.

ആദ്യം മുതൽ അവസാനം വരെ ചിത്രം പുലർത്തുന്ന ക്ലാസി സ്വഭാവവും ആറ്റിറ്റ്യൂഡുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു കാര്യങ്ങൾ. മികച്ച കാസ്റ്റിംഗ് ആണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. കഥാപാത്രത്തെ മികവോടെയും കയ്യടക്കത്തോടെയും ധനുഷ് അവതരിപ്പിക്കുമ്പോൾ മറ്റു അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്. യാഥാർത്ഥ്യങ്ങളേക്കാൾ സ്വപ്നസമാനമായൊരു അനുഭവമാണ് സിനിമ പകരം തരുന്നത്.

റിവ്യൂ പൂർണമായി ഇവിടെ വായിക്കാം: Enai Noki Paayum Thota movie review: All swagger, but not enough soul

Frozen 2 review: വിസ്മയിപ്പിച്ച് ‘ഫ്രോസൺ 2’

രണ്ടു അക്കാദമി അവാർഡുകളും മികച്ച ആനിമേഷൻ ഫീച്ചർ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ബാഫ്റ്റ പുരസ്കാരവും ഗ്രാമി അവാർഡുകളുമെല്ലാം നേടി ലോകശ്രദ്ധ നേടിയ വാൾട്ട് ഡിസ്നിയുടെ ആനിമേഷൻ ചിത്രം ‘ഫ്രോസണി’ന്റെ രണ്ടാം ഭാഗത്തിന് ഹാർദ്ദവമായ സ്വീകരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.

ക്രിസ് ബക്കും ജെന്നിഫർ ലീയും ചേർന്ന് സംവിധാനം ചെയ്ത ‘ഫ്രോസൺ 2’ വിസ്മയ കാഴ്ചയുടെ പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ‘ഫ്രോസണി’ന് ആറു വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ‘ഫ്രോസൺ 2’വും ഒരുക്കിയിരിക്കുന്നത്.

അരണ്ടെല്ലെയിലെ രാജ്ഞിയായ എൽസയുടെ മാന്ത്രികശക്തിയെക്കുറിച്ചുള്ള ഉത്തരങ്ങൾ തേടിയുള്ള യാത്രയാണ് ‘ഫ്രോസൺ 2’. പ്രതിബന്ധങ്ങളെ അതിജീവിച്ച് എൽസ തന്റെ ലക്ഷ്യത്തിലെത്തുന്നതാണ് ചിത്രം പറയുന്നത്. ഇനിയും തുടർഭാഗങ്ങൾ ഉണ്ടാവുമെന്ന സൂചനകളും ചിത്രം തരുന്നുണ്ട്.

റിവ്യൂ പൂർണമായി ഇവിടെ വായിക്കാം: Frozen 2 review: Dazzling drag

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kamala poozhikkadakan happy sardar frozen 2 enai noki paayum thota movie review

Best of Express