scorecardresearch
Latest News

Kamala Movie Review: നിഗൂഢതകളുടെ ചുരുളഴിച്ച് ‘കമല’; റിവ്യൂ

Kamala starring Aju Varghese Movie Review: ആദ്യാവസാനം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി കൊണ്ടുപോവുന്ന ചിത്രമാണ് ‘കമല’

കമല റിവ്യൂ, കമല റേറ്റിങ്, അജു വർഗീസ്, Kamala Review, Kamala Movie Review, Kamala Rating, Kamala Aju Varghese, Kamala Ranjith Sankar, review, movie review, film review

Kamala starring Aju Varghese Movie Review: ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച ട്രെയിലറും പോസ്റ്ററുകളുമാണ് ‘കമല’ എന്ന ചിത്രം പ്രേക്ഷകർക്കായി ആദ്യം കാത്തു വെച്ച കൗതുകം. ആരാണ് കമല? എന്താണ് കമലയ്ക്ക് പിന്നിലെ നിഗൂഢത? ട്രെയിലർ കണ്ട് സ്വാഭാവികമായും കാഴ്ചക്കാരുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന, ത്രില്ലർ ഴോണറിൽ വരുന്ന ഒരു ചിത്രമാണ് ‘കമല’. ആദ്യാവസാനം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി കൊണ്ടു പോവുന്നതിലാണ് ‘കമല’യുടെ വിജയവും.

കേരള തമിഴ്‌നാട് ബോർഡറായ അറുകാണിയിൽ പുഴയോട് അടുത്തു കിടക്കുന്ന, കാടിനോട് ചേർന്ന ഒരു പ്രദേശത്താണ് ‘കമല’ എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള, റിയൽ എസ്റ്റേറ്റും വാഹനക്കച്ചവടവുമൊക്കെയായി നടക്കുന്ന ഒരു ബ്രോക്കറാണ് സഫർ (അജു വർഗീസ്). അനാഥനായ സഫർ ഉയർന്നു വരുന്നത് സ്വന്തം പരിശ്രമങ്ങളിലൂടെയാണ്. ഒരു റിയൽ എസ്റ്റേറ്റ് ഡീലുമായി ബന്ധപ്പെട്ട് സഫർ അറുകാണിയിലെത്തുകയാണ്. ആ യാത്രയിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട് അയാളുടെ പ്ലാനിൽ. ഒന്നര ദിവസത്തിനിടെ അയാളുടെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ‘കമല’ പറയുന്നത്.

അജു വർഗീസിനെ സംബന്ധിച്ച് കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം തന്നെയാണ് സഫർ. എന്തും വിൽക്കാമെന്ന് ശുഭാപ്തി വിശ്വാസമുള്ള, ഏതു പ്രശ്നങ്ങൾക്കും എളുപ്പത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ മിടുക്കുള്ള, സാമാന്യത്തിൽ കവിഞ്ഞ ബുദ്ധിയുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കറായി കഥാപാത്രത്തോട് നീതി പുലർത്താൻ അജുവിന് കഴിയുന്നുണ്ട്. ഏറെ കയ്യടക്കത്തോടെയാണ് അജു സഫറായി സ്ക്രീനിൽ നിറയുന്നത്.

നായികയായെത്തിയ റൂഹാനി ശർമയാണ് പരിമിതമായ കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്ന മറ്റൊരു സാന്നിധ്യം. നിഗൂഢതകൾ ഉള്ള കമല എന്ന കഥാപാത്രത്തെ ഭദ്രമായി തന്നെ സ്ക്രീനിൽ അവതരിപ്പിക്കാൻ റൂഹാനിയ്ക്ക് കഴിയുന്നുണ്ട്. ചില രംഗങ്ങളിൽ അസാമാന്യമായ പ്രകടനമാണ് റൂഹാനി കാഴ്ച വയ്ക്കുന്നത്.

സഫറെന്ന കഥാപാത്രത്തെ ആദ്യ പകുതിയിൽ കൃത്യമായി പ്രേക്ഷകനു പിടികിട്ടുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ, കമലയെ അല്പം നിഗൂഢതകളോടെയാണ് സംവിധായകൻ ആദ്യം മുതൽ അവതരിപ്പിക്കുന്നത്. അതും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ടു പോവാൻ സഹായിക്കുന്നുണ്ട്. ആ ശൈലി കമല എന്ന കഥാപാത്രത്തെ ഒരു പ്രഹേളികയാക്കുന്നു. കാടിന്റെ വന്യതയുള്ള പരിസരങ്ങളും ചിത്രത്തിന് നിഗൂഢതകളുടേതായൊരു പരിവേഷമാണ് നൽകുന്നത്.

സത്യമോ മിഥ്യയോ എന്നു തോന്നിപ്പിക്കുന്ന കമല എന്ന പെൺകുട്ടിയ്ക്ക് പിന്നിലുള്ള നിഗൂഢതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ കാടും പുഴയും കയ്യേറുന്ന, ആദിവാസിജനതയെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന കച്ചവട താൽപ്പര്യങ്ങളും രാഷ്ട്രീയവുമെല്ലാം പറഞ്ഞുപോവുന്നുമുണ്ട് ചിത്രം.

Image may contain: 2 people, people smiling, people standing, text and outdoor

ബിജു സോപാനം, സുനിൽ സുഖദ, പത്രപ്രവർത്തകയും വാർത്താ അവതാരകയുമായ ശ്രീജ ശ്യാം, തമിഴ് താരം രാജേന്ദ്രൻ, അനൂപ് മേനോൻ തുടങ്ങി വളരെ കുറച്ചു താരങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ആവർത്തിച്ചു വരുന്ന ലൊക്കേഷനുകളിൽ, പരിമിതമായ താരങ്ങളെ വെച്ച് ചിത്രീകരിച്ച സിനിമയെ ആദ്യം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ, ത്രില്ലർ സ്വഭാവം നിലനിർത്തി മുന്നോട്ട് കൊണ്ടുപോവുക എന്ന ഉദ്യമത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

സാവധാനത്തിൽ വികസിക്കുന്ന ആദ്യ പകുതി ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരമേകുന്ന രണ്ടാം പകുതിയാണ് ചിത്രത്തെ കുറച്ചു കൂടി ചടുലമാക്കുന്നത്. ചിലയിടത്ത് ലോജിക് പ്രശ്നങ്ങളൊക്കെ അനുഭവപ്പെടുമെങ്കിലും താരതമ്യേന തരക്കേടില്ലാത്ത ഒരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടു കൊണ്ടു പോവുന്നത്. ഒരു പരീക്ഷണസ്വഭാവമുള്ള ചിത്രമാണ് ‘കമല.

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് എടുത്തു പറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ, രണ്ടും ഒന്നിനൊന്നു മികവു പുലർത്തുന്നുണ്ട്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചുരുളഴിച്ചെടുക്കുന്ന നിഗൂഢതകളുടെ കഥയെ രസകരമായി അവതരിപ്പിക്കുന്നതിൽ ആദിൽ എൻ അഷ്റഫിന്റെ എഡിറ്റിംഗിനും നല്ലൊരു പങ്കുണ്ട്. One beautiful puzzle, 36 Hours എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. 36 മണിക്കൂറുകൾക്കുള്ളിൽ ചുരുളഴിച്ചെടുക്കുന്ന ഒരു പസിൽ ഗെയിം- ഒറ്റവാക്കിൽ അതു തന്നെയാണ് ‘കമല’. മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ‘കമല’ പ്രേക്ഷകരെ നിരാശരാക്കില്ല.

Read more: ആരാണ് ‘കമല’? രഞ്ജിത് ശങ്കർ പറയുന്നു

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kamala movie review rating aju varghese