Soubin Shahir Surabhi Lakshmi Starrer Kallan D’Souza Movie Review: ചാർളി എന്ന ദുല്‍ഖര്‍ ചിത്രത്തിൽ കള്ളനായി എത്തുന്ന സൗബിനെ മറക്കാനാവില്ല. ആ കഥാപാത്രത്തിൽ നിന്നാണ് ചാർളിയുടെ കഥ പകുതിയും മുന്നോട്ട് പോകുന്നത്. നിഷ്കളങ്കനായ ആ കള്ളനില്‍ നിന്ന് ഉടലെടുത്ത ഒരു ചിത്രം എന്നതാണ് കള്ളൻ ഡിസൂസയുടെ പ്രത്യേകത.
സജീർ ബാബയുടെ തിരക്കഥയില്‍ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ചിത്രം പക്ഷേ കള്ളൻ ഡിസൂസ എന്ന കഥാപാത്രത്തിന്റെ ഭൂതകാലമോ, ഡിസൂസ എങ്ങനെ കള്ളനായി എന്നതോ പറയുന്നില്ല. മറിച്ച് ഒരു കള്ളനും പോലീസും തമ്മിലുള്ള ഒളിച്ചു കളിയായി ചുരുങ്ങുകയാണ് ഈ കൊച്ചു ചിത്രം. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ പ്രധാന വേഷമായ കള്ളൻ ഡിസൂസയെ അവതരിപ്പിച്ചിരിക്കുന്നത് . സൗബിനെ കൂടാതെ സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനോജ് എന്ന ദുഷ്ടനും പരുക്കനുമായ ഒരു പോലീസുകാരന്റെ വേഷത്തിലാണ് ദിലീഷ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരു കുഴൽ പണം ഇടപാട് പിടിക്കുന്ന മനോജ് , തന്റെ സഹപ്രവർത്തകർക്കൊപ്പം, പിടിച്ച പണത്തിന്റെ ഏറിയ പങ്കും ഒളിപ്പിക്കുന്നു. ഇതിന്റെ ഇടയിൽ അറിയാതെ പെട്ടു പോകുന്ന ഡിസൂസയെ മനോജും സംഘവും പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡിസൂസ ഒരു വീട്ടിൽ കയറി ഒളിക്കുന്നു. ആ വീട്ടിലെ സ്ത്രീ ഡിസൂസയെ പോലീസുകാരിൽ നിന്ന് രക്ഷിക്കുന്നു.
തുടർന്ന് ഡിസൂസ തന്നെ രക്ഷിച്ച സ്ത്രീയെ ഒരു ആശുപത്രിയിൽ വെച്ച് വീണ്ടും കാണുകയും കൂടുതൽ അടുക്കുകയും ചെയുന്നു. വൈകാതെ തന്നെ, തന്നെ രക്ഷിച്ച ആ വീട്ടമ്മ മനോജിന്റെ ഭാര്യ ആശ ആണെന്ന് ഡിസൂസ മനസിലാകുന്നു. ക്രൂരനായ മനോജിന്റെ അടിമയെ പോലെ കഴിഞ്ഞിരുന്ന ആശയുമായും സംസാര ശേഷിയില്ലാത്ത അവരുടെ മകളുമായും ഡിസൂസ അടുക്കുന്നു. അവർ തമ്മിൽ ഒരു സ്നേഹ ബന്ധം ഉടലെടുക്കുന്നു. ഇവിടെ നിന്നാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഡിസൂസയും ആശയുമായുള്ള ബന്ധത്തെ എങ്ങനെ വ്യാഖ്യാനിക്കാം എന്നുള്ളത് പ്രേക്ഷകന് വിട്ടു കൊടുത്തിരിക്കുകയാണ് സംവിധായകൻ. മനോജിൽ നിന്നും ലഭിക്കാത്ത സ്നേഹവും വാത്സല്യവും ഡിസൂസയിൽ നിന്നും തനിക്കും മകൾക്കും ലഭിക്കുമ്പോൾ, ആശയ്ക്ക് ഡിസൂസയോട് തോന്നുന്ന അടുപ്പത്തിനു മലയാള സിനിമ അധികം കണ്ടു പരിചയിക്കാത്ത ഒന്നാണ്. തന്നെ പോലീസുകാരിൽ നിന്ന് രക്ഷിച്ച ആശയെ ‘ചേച്ചി’യെന്നാണ് ഡിസൂസ ആദ്യം വിളിക്കുന്നതെങ്കിലും, ആശ തന്നെ ഡിസൂസയോട് തന്റെ പേര് വിളിച്ചാൽ മതിയെന്ന് ആവശ്യപെടുന്നുണ്ട്.
ഒരു കൂട്ടുകാരനല്ലാതെ വേറെ കുടുംബബന്ധങ്ങളൊന്നും ഇല്ലാത്ത ഡിസൂസയുടെ കഥാപാത്രത്തിന് ആശയും മകളും തനിക്ക് ആരൊക്കെയോ ആണെന്ന് തോന്നിയിട്ടുണ്ടാവണം. ആശയും ഡിസൂസയും തമ്മിലുള്ള ആത്മബന്ധം ഒരു കാമുകി-കാമുകൻ ബന്ധമായി ചിത്രത്തിൽ ഒരിടത്തും സംവിധായകൻ ‘ഫോഴ്സ്’ ചെയ്യുന്നില്ല, പകരം മനോജ് എന്ന ക്രൂരനിൽ നിന്നും ആശയേയും മകളെയും രക്ഷിക്കാൻ വന്ന ഒരു മാലാഖയുടെ പരിവേഷമാണ് ഡിസൂസക്കു നല്‍കുന്നത്. ചിത്രത്തിന്റെ അവസാനം വരെ ആശയെ ഒരു കുലസ്ത്രീ ബോധത്തിൽ നിർത്താനുള്ള തത്രപ്പാടായും ഇതിനെ കാണാവുന്നതാണ്.
പോലീസുകാരന്റെ ഭാര്യയെ സ്നേഹിക്കുന്ന കള്ളൻ എന്ന ഇതിവൃത്തത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. കാര്യമായ നർമ്മ മുഹൂർത്തങ്ങളോ, ഓർത്തിരിക്കാവുന്ന രംഗങ്ങളോ ഒന്നും ചിത്രം സമ്മാനിക്കുന്നില്ല. ക്ലൈമാക്സിൽ മനോജ് എന്ന കണ്ണിൽ ചോരയില്ലാത്ത പോലീസുകാരന്റെ കൈയിൽ നിന്ന് ആശക്കും മകൾക്കും മോചനമുണ്ടാകുമോ എന്ന ആകാംഷ മാത്രമേ ചിത്രത്തിന് നൽകാനുള്ളൂ.

നിഷ്കളങ്കനും, മനസ്സിൽ നന്മയുള്ളവനുമായ കഥാപാത്രത്തെ സൗബിൻ കേടുപാടില്ലാതെ അവതരിപ്പിച്ചെങ്കിലും, അഭിനയ സാധ്യതയുള്ള മുഹൂർത്തങ്ങൾ പ്രധാന കഥാപാത്രം എന്ന നിലയിൽ കുറവായിരുന്നു എന്ന് പറയേണ്ടി വരും. ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ചു ജീവിക്കേണ്ടി വരുന്ന ആശ എന്ന കഥാപാത്രത്തെ സുരഭി ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ അടികൊള്ളുമ്പോഴും മകളുടെ മുന്നിൽ കരയാതെ പിടിച്ചു നിൽക്കുന്ന സന്ദര്‍ഭങ്ങളെല്ലാം സുരഭി തന്മയത്വത്തോടു കൂടി തന്നെ അവതരിപ്പിച്ചു.
ദിലീഷിന്റെ മനോജ് എന്ന കഥാപാത്രം പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കാൻ പോന്നതാണ്, അത് തന്നെയാണ് ദിലീഷ് എന്ന അഭിനേതാവിന്റെ മികവും. ദയാ ദാക്ഷണ്യമില്ലാത്ത പോലീസുകാരനായും ഭർത്താവായും ദിലീഷ് പകർന്നാടുന്നുണ്ട് ചിത്രത്തിൽ. വളരെ കുറച്ചു നേരം വന്നു പോകുന്ന വെട്ടുക്കിളി പ്രകാശിന്റെ പ്രകടനവും മനസ്സിൽ തങ്ങുന്നതാണ്. സൗബിന്റെ സുഹൃത്തായി എത്തുന്ന ഹരീഷ് കണാരന്റെ കോമഡിയൊന്നും ചിത്രത്തിൽ ഫലിക്കുന്നില്ല.
പ്രശാന്ത് കർമ്മ , ലിയോ ടോം എന്നിവർ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ചില ഗാനങ്ങൾ വ്യത്യസ്തത പുലർത്തുന്നുണ്ട്. അരുൺ ചാലിലാണ് ഛായാഗ്രാഹകൻ. ഡിസൂസയും ആശയുമായുള്ള വൈകാരിക ബന്ധം വളരുന്നതിന്റെ ആവർത്തനം ഒഴിച്ച് നിർത്തിയാൽ വല്യ മുഷിപ്പില്ലാത്ത കണ്ടിരിക്കാനാവുന്ന ചിത്രമാണ് ‘കള്ളൻ ഡിസൂസ.’
Read Here