Kakshi Ammini Pilla Full Movie Review, Public Ratings: ചിരിയിലും നർമ്മത്തിലും പൊതിഞ്ഞ് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുകയാണ് ആസിഫ് അലിയും അഹമ്മദ് സിദ്ദിഖിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കക്ഷി​ അമ്മിണിപ്പിള്ള’ എന്ന ചിത്രം. അടുത്തിടെയായി മലയാളത്തിൽ വന്നു കൊണ്ടിരിക്കുന്ന കലാമൂല്യമുള്ള സിനിമകളുടെ തുടർച്ച തന്നെയാവുകയാണ്, ‘കക്ഷി അമ്മിണിപ്പിള്ള’യും.

നിരാശനും ജീവിതം മടുത്തവനുമായ ഷജിത്ത് അമ്മിണിപ്പിള്ള (അഹമ്മദ് സിദ്ദിഖി) എന്ന ചെറുപ്പക്കാരൻ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കയറിനിന്ന് കടലിലേക്ക് ചാടാൻ ഒരുങ്ങുന്നിടത്തുനിന്നുമാണ് സിനിമ ആരംഭിക്കുന്നത്. അത്തരമൊരു അവസ്ഥയിലേക്ക് അമ്മിണിപ്പിള്ളയെ എത്തിച്ച സാഹചര്യങ്ങളിലൂടെയാണ് കഥയുടെ പിന്നീടുള്ള സഞ്ചാരം.

kakshi ammini pilla, കക്ഷി അമ്മിണിപ്പിള്ള, കക്ഷി അമ്മിണിപ്പിള്ള മൂവി റിവ്യൂ, kakshi ammini pilla movie review, കക്ഷി അമ്മിണിപ്പിള്ള റിവ്യൂ, kakshi ammini pilla review, kakshi ammini pilla audience review, kakshi ammini pilla public reactions, kakshi ammini pilla public ratings, asif ali, basil joseph, mamukkoya, vijayaraghavan, sudheesh, malayalam movies, malayala cinema, ആസിഫ് അലി, ബേസിൽ ജോസഫ്, മാമുക്കോയ, വിജയ് രാഘവൻ, സുധീഷ്, ഐ ഇ മലയാളം,​ IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam

സിനിമയിലൊരു കഥാപാത്രം പറയും പോലെ, മക്കളുടെ ഇഷ്ടങ്ങൾക്കോ അഭിപ്രായങ്ങൾക്കോ വലിയ വിലയൊന്നും കൊടുക്കാതെ ബ്രോയിലർ കോഴിയെ പോലെ വളർത്തപ്പെട്ട ഒരു മകനാണ് ഷജിത്ത്. വളർന്നു വലുതായിട്ടും വീട്ടുകാർക്ക് ആ ചെറുപ്പക്കാരൻ അമ്മിണിയാണ്. ഗൾഫിൽ നിന്നെത്തുന്ന അയാളെ വീട്ടുകാർ നേരെ കൊണ്ടുപോകുന്നത് മംഗലം മ്യാരേജ് ബ്യൂറോയിലേക്കാണ്. ഒരിക്കൽ പോലും പെണ്ണിനെ നേരിട്ട് കാണാൻ അവസരം നൽകാതെ വീട്ടുകാർ അയാളെ കല്യാണം കഴിപ്പിക്കുന്നു.

എന്നാൽ ഭാര്യ കാന്തിയുമായി ആദ്യദിവസം മുതൽ തന്നെ പൊരുത്തപ്പെടാൻ അമ്മിണിപ്പിള്ളയ്ക്ക് ആവുന്നില്ല. ഒരാഴ്ചയ്ക്ക് അകം തനിക്ക് വിവാഹമോചനം വേണമെന്ന് അയാൾ പ്രഖ്യാപിക്കുകയാണ്. വിവാഹമോചനത്തെ എതിർക്കുന്ന വീട്ടുകാരും ഡൈവോഴ്സിനു തയ്യാറാവാത്ത കാന്തിയും​- അതിനിടയിൽ വിവാഹമോചനം എന്നത് അയാളെ സംബന്ധിച്ചൊരു ജീവൻ മരണപ്രശ്നമാവുകയാണ്. ഒടുവിൽ അയാൾ എത്തിപ്പെടുന്നത് അഡ്വക്കറ്റ് പ്രദീപൻ മഞ്ഞോടിയുടെ മുന്നിലാണ്. അങ്ങനെ വീട്ടുകാരുടെ അമ്മിണി, കക്ഷി അമ്മിണിപ്പിള്ളയായി മാറുകയാണ്. വിവാഹമോചനം മേടിച്ചെടുക്കാനായി പ്രദീപൻ വക്കീലിന്റെ നേതൃത്വത്തിൽ അമ്മിണിപ്പിള്ള നടത്തുന്ന പരിശ്രമങ്ങളാണ് പിന്നെയങ്ങോട്ട്.

സമൂഹത്തിൽ കൂടിക്കൂടി വരുന്ന വിവാഹമോചനകേസുകളെയും അതിനു പിറകിലെ കാരണങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. കുടുംബക്കോടതിയും ഗാർഹികപ്രശ്നങ്ങളുമൊക്കെയായി മലയാളസിനിമ പലകുറി ചർച്ച ചെയ്ത വിഷയം തന്നെയാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലും വരുന്നതെങ്കിലും അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോവാൻ സംവിധായകൻ ദിൽജിത്ത് അയ്യത്താന് സാധിച്ചിട്ടുണ്ട്. തലശ്ശേരി ഭാഷയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കയ്യൊതുക്കമുള്ള അവതരണവും കൊണ്ട് രസിച്ച് കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘കക്ഷി അമ്മിണിപ്പിള്ള’. സനിലേഷ് ശിവന്റെ തിരക്കഥ ഇന്നത്തെ കാലത്ത് പ്രസക്തമായ വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ആസിഫ് അലിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറുകയാണ് അഡ്വക്കറ്റ് പ്രദീപൻ. സ്ഥിരം ബിടെക്ക് വിദ്യാർത്ഥി, അലസയൗവ്വനം വേഷങ്ങളിൽ നിന്നും മാറി രാഷ്ട്രീയ പ്രവർത്തനവും അൽപ്പം കുശാഗ്രബുദ്ധിയും തരികിടകളുമൊക്കെയുള്ള വക്കീലായി ആസിഫ് അലി തിളങ്ങുന്നുണ്ട്. ആസിഫിനോളം തന്നെ തുല്യപ്രാധാന്യത്തിലാണ് അഹമ്മദ് സിദ്ദിഖിയുടെ കഥാപാത്രവും അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രത്തിന് മറ്റാരെയും പെട്ടെന്ന് സങ്കൽപ്പിക്കാനാവാത്ത അത്രയും സ്വാഭാവികതയോടെയാണ് അഹമ്മദ് സിദ്ദിഖിയുടെ അഭിനയം.

കാന്തിയായി എത്തിയ ഷിബിലയും പ്രേക്ഷകരുടെ ഇഷ്ടം കവരും. കഥാപാത്രത്തിനു വേണ്ടി നടത്തിയ കഠിന പ്രയത്നങ്ങളുടെ പേരിലാണ് സിനിമ റിലീസ് ചെയ്യും മുൻപ് ഷിബില ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, സിനിമ കണ്ടിറങ്ങുമ്പോൾ തന്റെ കഥാപാത്രത്തിനു നൽകിയ പൂർണതയുടെ പേരിലാവും ഷിബിലയുടെ കാന്തി ഓർക്കപ്പെടുക.

Read more: അഞ്ചു മാസം കൊണ്ട് 24 കിലോ കൂട്ടിയ കഥ: ഷിബില പറയുന്നു

 

ബേസിൽ ജോസഫ്, അശ്വതി മനോഹരൻ, സുധീഷ്, വിജയരാഘവൻ നിർമ്മൽ പാലാഴി, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ലുക്ക്‌മാൻ തുടങ്ങിയവരെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആസിഫ് അലി- ബേസിൽ- അഹമ്മദ് സിദ്ദിഖി- നിർമ്മൽ പാലാഴി എന്നിവരുടെ കോമ്പിനേഷൻ സീനുകളാണ് പലപ്പോഴും തിയേറ്ററുകളിൽ ചിരിയുണർത്തുന്നത്. ബാഹുൽ രമേശിന്റെ ഛായാഗ്രഹണവും ചിത്രത്തിലെ പാട്ടുകളും മികവു പുലർത്തുന്നു.

കളിയും കാര്യവും ചിരിയുമൊക്കെയായി കണ്ടിരിക്കാവുന്ന ചിത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള’. പ്രേക്ഷകരെ ബോറടിപ്പിക്കാതെ എന്റർടെയിൻ ചെയ്യിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ചിത്രം വിജയിക്കുന്നുണ്ട്. ബോഡി ഷേമിംഗിനെയും ഫിസിക്കൽ കമന്റുകളെയുമൊന്നും ഗൗനിക്കാതെ, താനെന്തായിരിക്കുന്നുവോ അതിൽ സന്തോഷം കണ്ടെത്തുന്ന കാന്തിയെന്ന കഥാപാത്രം ‘ബോഡി ഷേമിംഗ്’ പോലുള്ള വിഷയങ്ങളെ നിരന്തരം നേരിടുന്ന കുറച്ചു പെൺകുട്ടികൾക്കെങ്കിലും പ്രചോദനം നൽകുമെന്നതിൽ സംശയമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook