scorecardresearch

Kaduva Movie Review: വാർപ്പു മാതൃകകള്‍ പിന്തുടരുന്ന, പുതുമയൊന്നുമില്ലാത്ത ശരാശരി പടം; 'കടുവ' റിവ്യൂ

Kaduva Movie Review and Rating: ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത എത്രയോ 'ആണഹന്തകളുടെ ആഘോഷചിത്രങ്ങളിൽ' ഒന്നുകൂടി എന്നതിനപ്പുറം മറ്റൊന്നും ആത്യന്തികമായി 'കടുവ'യ്ക്ക് അവകാശപ്പെടാനില്ല

Kaduva Movie Review and Rating: ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത എത്രയോ 'ആണഹന്തകളുടെ ആഘോഷചിത്രങ്ങളിൽ' ഒന്നുകൂടി എന്നതിനപ്പുറം മറ്റൊന്നും ആത്യന്തികമായി 'കടുവ'യ്ക്ക് അവകാശപ്പെടാനില്ല

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
kaduva release, kaduva review, kaduva movie review, kaduva ott release date, kaduva suresh gopi, kaduva movie download, kaduva telegram, kaduva tamil rockers

Kaduva Movie Review and Rating

Prithviraj, Vivek Oberoi starrer Kaduva Malayalam Movie Review & Rating: ഒരിടവേളയ്ക്ക്​​ ശേഷം സംവിധായകന്‍ ഷാജി കൈലാസ് മടങ്ങിയെത്തിയ ചിത്രം, പൃഥ്വിരാജ് മാസ് ഹീറോയായി എത്തുന്ന ചിത്രം, ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന ചിത്രം… ഇങ്ങനെ ചില പ്രത്യേകതകൾ മാറ്റി നിർത്തിയാൽ ഇക്കണ്ട ഹൈപ്പ് ഒന്നും അർഹിക്കുന്നില്ലാത്ത ഒരു സാദാ മസാല പടം മാത്രമാണ് 'കടുവ'.

Advertisment

ട്രെയിലറിൽ കണ്ടതു പോലെ തന്നെ പൃഥ്വി അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുര്യച്ചൻ എന്ന പ്ലാന്ററുടെ വീരസാഹസിക കഥയാണ് 'കടുവ'. പണവും ആൾബലവും ഒറ്റബുദ്ധിയുമൊക്കെ ആവശ്യത്തിൽ കൂടുതലാണ് കുറുവച്ചന്. അതിനിടയിൽ പാലായിലെ തന്നെ മറ്റൊരു പ്രമാണിയും കേരള പൊലീസിൽ ഉന്നത സ്വാധീനവുമുള്ള ഔസേപ്പുകുട്ടി എന്ന ഐ.ജി. ജോസഫ് ചാണ്ടിയുമായി (വിവേക് ഒബ്‌റോയ്) കുര്യച്ചൻ ഒന്നു ഉരസുന്നു. ഒരു ചെറിയ ഈഗോ ക്ലാഷിൽ തുടങ്ങി ബന്ധവൈരികളായി തീരുകയാണ് ഇരുവരും. ഏറ്റക്കുറച്ചിലുകളിലൂടെയും വീഴ്ചകളിലൂടെയും കടന്നുപോവുന്ന നായകനും വില്ലനും, ക്ലൈമാക്സിൽ ബുദ്ധിപൂർവ്വം വില്ലനെ വീഴ്ത്തുന്ന നായകൻ. ഒരു രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന് പ്രേക്ഷകർക്ക് സൂചന നൽകി അവസാനിക്കുന്നൊരു ടെയിൽ എൻഡും. ചുരുക്കി പറഞ്ഞാൽ ഇതാണ് 'കടുവ'യുടെ പ്ലോട്ട്.

പതിവ് ഷാജി കൈലാസ് ചിത്രങ്ങളുടേതു പോലെ, നെടുനീളന്‍ ഡയലോഗുകളും മാസ് ആക്ഷന്‍ രംഗങ്ങളുമൊക്കെയായി നായകന്റെ ആഘോഷമാണ് 'കടുവ'യിലും കാണാനാവുക. ഒരിടവേളയ്ക്ക് ശേഷം തനിക്ക് കിട്ടിയ മാസ് നായകവേഷം പൃഥ്വി ആഘോഷമാക്കിയിട്ടുണ്ട്. 'അയ്യപ്പനും കോശി'യിലെ കോശി കുര്യന്റെ ശരീരഭാഷയെ പലയിടത്തും ഓർമ്മിപ്പിക്കുന്നുണ്ട് പൃഥ്വിയുടെ കുര്യച്ചൻ. ഇതിനെ മറികടക്കാൻ സംവിധായകൻ കണ്ട തന്ത്രമാണോ, നായകനായി നൽകിയ വൈറ്റ് ആൻഡ് വൈറ്റ് ഡ്രസ്സ് കോഡ് എന്നു തോന്നും. ഡിസൈനർ ആക്സസറീസും വെള്ള കുർത്തയും വെള്ളമുണ്ടുമൊക്കെയായി മൊത്തത്തിൽ നായകന് ഒരു സ്റ്റൈൽ പരിവേഷം വരുത്തിയിട്ടുണ്ട്.

നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി വിവേക് ഒബ്റോയിയും തന്റെ റോൾ വെടിപ്പാക്കിയിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിയുടെ ഭാര്യയായി എത്തുന്നത് സംയുക്ത മേനോനാണ്. കഥാഗതിയിൽ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല സംയുക്തയ്ക്ക്. അലൻസിയർ, ബൈജു സന്തോഷ്, സീമ, കലാഭവൻ ഷാജോൺ, ജനാർദ്ദനൻ, അർജുൻ അശോകൻ, രാഹുല്‍ മാധവ്, പ്രിയങ്ക, സുരേഷ് കൃഷ്ണ, കോട്ടയം രമേശ് എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Advertisment

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാണ് ചിത്രത്തെ കുറച്ചെങ്കിലും എൻഗേജിംഗ് ആക്കുന്നത്. മാഫിയ ശശി, കനൽ കണ്ണൻ ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി അഭിനന്ദനം അർഹിക്കുന്നുണ്ട്. പൊലീസുകാരെയൊക്കെ പുഷ്പം പോലെ തൂക്കിയെടുത്ത് എറിയുന്ന കുര്യച്ചൻ എന്തായാലും മാസ് മസാല ചിത്രങ്ങളുടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആദം ജോണ്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റര്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന. അഭിനന്ദൻ രാമാനുജം ഒരുക്കിയ ഫ്രെയിമുകളും ചിത്രത്തിന്റെ മൊത്തത്തിലുള്ള കളർ ടോണും ആകർഷകമാണ്.

പക്ഷേ, മാസ് പടങ്ങളുടെ വാർപ്പു മാതൃകകളെ പിന്തുടരുന്ന 'കടുവ'യിൽ പുതുമയൊന്നുമില്ലെന്നത് ഒരു ശരാശരി സിനിമാ പ്രേക്ഷകനെ സംബന്ധിച്ച് നിരാശയുണർത്തും. ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത എത്രയോ 'ആണഹന്തകളുടെ ആഘോഷചിത്രങ്ങളിൽ' ഒന്നുകൂടി എന്നതിനപ്പുറം മറ്റൊന്നും ആത്യന്തികമായി 'കടുവ'യ്ക്ക് അവകാശപ്പെടാനില്ല. മാസ് മൂവികൾ ഇഷ്ടപ്പെടുന്നവർ മാത്രം ആ വഴി പോവുക.

Read Here: Kaduva Movie Release and Review Live Updates: പൃഥ്വിരാജിന്‍റെ ‘കടുവ’ തിയേറ്ററുകളില്‍, റിലീസ് വിശേഷങ്ങള്‍

Prithviraj Review Vivek Oberoi Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: