scorecardresearch

Kaapa Movie Review & Rating: ആവർത്തനവിരസം; 'കാപ്പ' റിവ്യൂ

Kaapa Movie Review & Rating: കുടിപ്പകയുടെയും കൊലപാതകങ്ങളുടെയും മനുഷ്യരുടെ വാശിയുടെയുമെല്ലാം കഥ പറയുമ്പോഴും അതൊന്നും വൈകാരികമായി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നില്ല എന്നതാണ് കാപ്പയുടെ പ്രധാന പോരായ്മ

Kaapa Movie Review & Rating: കുടിപ്പകയുടെയും കൊലപാതകങ്ങളുടെയും മനുഷ്യരുടെ വാശിയുടെയുമെല്ലാം കഥ പറയുമ്പോഴും അതൊന്നും വൈകാരികമായി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നില്ല എന്നതാണ് കാപ്പയുടെ പ്രധാന പോരായ്മ

author-image
Dhanya K Vilayil
New Update
Kaapa, Kaapa review, Kaapa malayalam review

Kaapa Movie Review & Rating: ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാവും റൈറ്റേഴ്സ് യൂണിയൻ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുന്നത്. അത്തരമൊരു സവിശേഷതയോടെയാണ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് കാപ്പയുടെ നിർമാതാക്കൾ. ചിത്രത്തിന്റെ ലാഭവിഹിതം സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുക. നല്ലൊരു ആശയത്തിനു വേണ്ടി നിലകൊള്ളുന്ന ചിത്രമെന്ന രീതിയിൽ 'കാപ്പ' കയ്യടി അർഹിക്കുന്നുണ്ട്. എന്നാൽ, അതിനപ്പുറം ഒരു ടിപ്പിക്കൽ ഗ്യാങ്സ്റ്റർ പടത്തിന്റെ അച്ചിൽ തന്നെ വാർത്തെടുത്ത ചിത്രമാണ് 'കാപ്പ'.

Advertisment

കൊട്ട മധു (പൃഥ്വിരാജ്) എന്ന ഗ്യാങ്സ്റ്റർ നേതാവും അയാളുടെ എതിരാളികളും തമ്മിലുള്ള കൊമ്പുകോർക്കലുകളുടെയും കഥയാണ് 'കാപ്പ'. യാദൃശ്ചികമായാണ് മധു ക്വട്ടേഷൻ ഗാങ്ങിന്റെ ഭാഗമായി മാറുന്നത്. എന്നാൽ ക്രമേണ, യാതൊരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഗുണ്ടാപ്രവർത്തനങ്ങളിലൂടെ അയാൾ തിരുവനന്തപുരം നഗരത്തിലെ ഏവരും ഭയക്കുന്ന അധോലോക നേതാവായി മാറുന്നു. അയാളെ തറപ്പറ്റിക്കാൻ ശത്രുക്കളും പൊലീസും നിരന്തരം ശ്രമിക്കുന്നു. ഇതിനിടയിലേക്ക് സാഹചര്യവശാൽ വന്ന് അകപ്പെടുകയാണ് ഐടി എഞ്ചിനീയറായ ആനന്ദ് (ആസിഫ് അലി). എന്താണ് ആനന്ദിന്റെ വരവിന്റെ ലക്ഷ്യം? അയാൾക്കു പിറകിൽ ആരെങ്കിലുമുണ്ടോ? എന്ന സംശയദൃഷ്ടിയോടെയാണ് മധുവും മധുവിന്റെ വലംകയ്യായ ജബ്ബാറും (ജഗദീഷ്) അനുയായികളും അയാളെ നോക്കി കാണുന്നത്. ഒരു ഊരാകുടുക്കിൽ പെട്ടുപോവുകയാണ് ആനന്ദ്.

പകരത്തിനു പകരം ചോദിക്കുന്ന ഗുണ്ടാസംഘങ്ങൾ, ഏതുനിമിഷവും ഒരു അപകടം ഭയന്നു കഴിയേണ്ടി വരുന്ന അയാളുടെ കുടുംബവും കൂട്ടാളികളും, ഈ 'ഗ്യാങ്ങ് വാറി'നിടയിൽ പെട്ട് പോവുന്ന നിസ്സഹായർ….. ഇതൊക്കെ തന്നെയാണ് കാപ്പയുടെ പ്ലോട്ടിലും കാണാനാവുക. കൊടുത്തത് തിരിച്ചുകിട്ടുമെന്ന വചനത്തെ തന്നെയാണ് ചിത്രം ഉദ്ഘോഷിക്കുന്നതും. കഥയിലും കഥാപാത്രസൃഷ്ടിയിലുമൊക്കെ പ്രേക്ഷകരിൽ മതിപ്പുളവാക്കുന്ന ഘടകങ്ങൾ തുലോം കുറവാണ് ചിത്രത്തിൽ. കണ്ടു പഴകിയ കാഴ്ചകളുടെ തനിയാവർത്തനം മാത്രമാണ് കഥയും കഥാപരിസരവുമൊക്കെ. അൽപ്പമെങ്കിലും മതിപ്പുണ്ടാക്കുക ചിത്രത്തിന്റെ ക്ലൈമാക്സ് ആണ്. പ്ലോട്ടിലെ ആ ട്വിസ്റ്റ് രസകരമാണ്.

പൃഥ്വിരാജ് മുൻപു ചെയ്തു വച്ച ഗ്യാങ്ങ്സ്റ്റർ കഥാപാത്രങ്ങളുടെ ഒരു തുടർച്ച മാത്രമാണ് 'കാപ്പ'യിലെ മധു. തനിനാടൻ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നു എന്നതു മാത്രമാണ് ആകെയുള്ള മാറ്റം. ആസിഫിന്റെ മറ്റൊരു പക്വമായ പ്രകടനമാണ് കാപ്പയിൽ കാണാനാവുക. പല വിധ വികാരങ്ങളിലൂടെ കടന്നുപോവുന്ന ആനന്ദ് എന്ന കഥാപാത്രം ആസിഫിൽ ഭദ്രമായിരുന്നു. അപർണ ബാലമുരളി, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ.

Advertisment

സംവിധായകൻ എന്ന രീതിയിൽ, തന്റെ തനതായ സ്റ്റൈൽ പൊടി തട്ടിയെടുക്കുകയാണ് ഷാജി കൈലാസ് കാപ്പയിലും. എന്നാൽ മലയാളത്തിലെ പല ഗ്യാങ്സ്റ്റർ സിനിമകളുടെയും സീനുകളുടെ ആവർത്തനം അതേപ്പടി കാപ്പയിൽ കാണാമെന്നത് അരോചകമാണ്. മഴയത്ത് കുട ചൂടി ശവസംസ്കാരത്തിൽ പങ്കെടുക്കുന്ന ആൾക്കൂട്ടമൊക്കെ മലയാളസിനിമയിലെ ക്ലീഷേ സീനുകളാണെന്നത് തിരക്കഥാകൃത്തുകൾ തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

‘കാപ്പ’ യെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റി'നെ ചിത്രം തുടക്കത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും പിന്നീടതിന് ചിത്രത്തിൽ വലിയ പ്രസക്തിയൊന്നുമില്ല. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ലഘുനോവലാണ് 'കാപ്പ'യുടെ മൂലകഥ. ജി ആർ ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

കുടിപ്പകയുടെയും കൊലപാതകങ്ങളുടെയും മനുഷ്യരുടെ വാശിയുടെയുമെല്ലാം കഥ പറയുമ്പോഴും അതൊന്നും വൈകാരികമായി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നില്ല എന്നതാണ് കാപ്പയുടെ പ്രധാന പോരായ്മയായി തോന്നിയത്. തിയേറ്ററുകളെ ആഘോഷമാക്കുന്ന ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ 'കാപ്പ' നിങ്ങളെ നിരാശരാക്കും, കാരണം കാഴ്ചക്കാരെ എന്റർടെയിൻ ചെയ്യിക്കുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്.

Prithviraj Dileesh Pothan Asif Ali Film Review Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: