Kaanekkaane Movie Review & Rating: നന്മ നിറഞ്ഞ കഥാപാത്രങ്ങൾ ഒരു വശത്ത്, മറുവശത്ത് തിന്മ നിറഞ്ഞവർ. അതുമല്ലെങ്കിൽ ഒരിടത്ത് നായകൻ, മറുവശത്ത് വില്ലൻ. ഏറെക്കാലമായി മലയാളസിനിമ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രഖ്യാപിത കഥാപാത്രങ്ങളുടെ പാറ്റേൺ പിൻതുടരാതെ ശരിയും തെറ്റുമൊക്കെ ആപേക്ഷികമാവുന്ന ജീവിതസാഹചര്യങ്ങളെ, കറുപ്പിലും വെളുപ്പിലുമല്ലാതെ ‘ഗ്രേ’ കളറിൽ നിൽക്കുന്ന പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. ഓടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
‘ഉയരെ’യ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ വെറുമൊരു ഫാമിലി ഡ്രാമയല്ല, ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പാലായിൽ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുകയാണ് പോൾ മത്തായി (സുരാജ് വെഞ്ഞാറമൂട്). ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ട മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അയാളിപ്പോഴും. മകളുടെ സ്കൂട്ടറിനെ ഇടിച്ചിട്ട് നിർത്താതെ പോയ ആ കാറിനു പിന്നാലെയാണ് പോളിന്റെ യാത്ര, മകളുടെ മരണത്തിനു കാരണക്കാരനായ ഡ്രൈവർക്കെതിരെ കേസ് നടത്തുകയാണ് അയാൾ. ആ ‘ഹിറ്റ് ആൻഡ് റൺ’ ഒരർത്ഥത്തിൽ അയാളുടെ ജീവിതം തന്നെയാണ് താറുമാറാക്കിയത്.തന്റെ പേരക്കുട്ടിയേയും മരുമകൻ അലനെയും (ടൊവിനോ തോമസ്) അലന്റെ പുതിയ ഭാര്യ സ്നേഹയേയും (ഐശ്വര്യ ലക്ഷ്മി) കാണാൻ പോൾ എറണാകുളത്തെ വീട്ടിൽ എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. മകളുടെ കല്ലറയിൽ പ്രാർത്ഥിച്ച്, മെഴുകുതിരികൾ കത്തിച്ചുവച്ചതിനു ശേഷമാണ് അയാൾ മരുമകന്റെ പുതിയ കുടുംബത്തെ കാണാനെത്തുന്നത്.
മകളുടെ ഓർമകൾ മായും മുൻപ് തന്റെ മരുമകൻ വീണ്ടും വിവാഹം ചെയ്തത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ആ യാത്രയ്ക്കിടയിൽ മകളുടെ മരണവുമായി ബന്ധപ്പെട്ട് പോളിന് തോന്നുന്ന ചില സംശയങ്ങൾ, അയാളുടെയും അലന്റെയും സ്നേഹയുടെയും ജീവിതം കലുഷിതമാക്കുകയാണ്.
സുരാജ് വെഞ്ഞാറമൂടിന്റെ പോൾ ആണ് സിനിമയുടെ നെടുംതൂൺ. മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനകളെയും വിഹ്വലതകളെയും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സുരാജ്. ഓരോ സിനിമ കഴിയുന്തോറും വിസ്മയിപ്പിക്കുകയാണ് സുരാജ് എന്ന നടൻ. ടൊവിനോയുടെ അലനും കയ്യടി അർഹിക്കുന്ന ഒരു കഥാപാത്രമാണ്. സുരാജും ടൊവിനോയും മത്സരിച്ച് അഭിനയിക്കുകയാണ് ചിത്രത്തിൽ ഉടനീളം.
പേടിയും ടെൻഷനും കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു മനുഷ്യന്റെ ദൈന്യതയും നിസ്സഹായതയുമെല്ലാം ടൊവിനോയുടെ കയ്യിൽ ഭദ്രമാണ്. നായകനടനായി തിളങ്ങി നിൽക്കുമ്പോഴും അൽപ്പം ഗ്രേ ഷെയ്ഡിലുള്ള, അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ടൊവിനോ കാണിക്കുന്ന താൽപ്പര്യം പ്രശംസനീയമാണ്. സങ്കീർണ്ണമായ ജീവിതപരിസരങ്ങളിൽ പക്വതയോടെ പെരുമാറുന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു.

ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. സങ്കീർണ്ണമായ ജീവിതപരിസരങ്ങളെ അതിന്റെ യാഥാർത്ഥ്യത്തോടെ തന്നെ സമീപിച്ചിരിക്കുകയാണ് കഥാകൃത്തുകൾ. പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന നിരവധി കഥാമൂഹൂർത്തങ്ങളും സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. ഉള്ളിൽ വിങ്ങലും ഭാരവുമായി സഞ്ചരിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ പലപ്പോഴും പ്രേക്ഷകനും ഉള്ളുനീറും.
രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തോട് ചേർന്നു നിൽക്കുന്നതാണ്. കഥാപാത്രങ്ങൾ കടന്നുപോവുന്ന വിഹ്വലതകൾ പാട്ടിലൂടെ പ്രേക്ഷകരിലേക്കും പകരാൻ രഞ്ജിനു സാധിക്കുന്നുണ്ട്. ആൽബി ഛായാഗ്രഹണവും അഭിലാഷ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ‘കാണെക്കാണെ’. മലയാളസിനിമയുടെ മാറുന്ന ഭാവുകത്വത്തെ അതിമനോഹരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് ‘കാണെക്കാണെ’.
Read more: Home Movie Review: ഇന്ദ്രജാലവുമായി ഇന്ദ്രൻസ്; ‘ഹോം’ റിവ്യൂ