scorecardresearch
Latest News

പഴയ നല്ലവൻ-കെട്ടവൻ ട്രാക്ക്, രസച്ചരട് മുറിയാതെ; ‘ഇരട്ട’ റിവ്യൂ: Iratta Movie Review & Rating

Iratta Movie Review: കേരള പോലീസ് എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നത് ഒരേ രീതിയിൽ ഏകതാനമായാണോ എന്ന സംശയം സിനിമയുയർത്തുന്നു. പക്ഷേ ചിലയിടങ്ങളിലെങ്കിലും അതിനെ രസചരട് പൊട്ടിക്കാതെ പ്രേക്ഷകകരിലെത്തിക്കാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്

'ഇരട്ട' റിവ്യൂ, iratta review, iratta rating, iratta movie review, iratta ott release, iratta movie watch online, iratta full movie download
Iratta Malayalam Movie Review & Rating

Iratta Joju George Movie Review & Rating: ‘പഞ്ചവടി,’ ‘മനുഷ്യമൃഗം,’ ‘അപരൻ,’ ‘മായാ മയൂരം,’ ‘നാദിയ കൊല്ലപ്പെട്ട രാത്രി,’ ‘മിഴി രണ്ടിലും’ തുടങ്ങി, ഒന്നിലധികം റോളുകളിൽ പ്രധാന കഥാപാത്രങ്ങൾ വരുന്ന മലയാളം സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിലധികവും ഇരട്ട സഹോദരർ ആയാണ് സ്‌ക്രീനിലെത്താറുള്ളത്.

ജോജു ജോർജ്ജിന്റെ ‘ഇരട്ട’യിലേക്ക് വരുമ്പോൾ കഥയും സാഹചര്യവും പേര് പോലെ തന്നെ തുറസും ലളിതവുമായി കാണുന്നവരിലെത്തുന്നു. ആ പേരിൽ പറയുന്ന പോലെ തന്നെ നേരിട്ടുള്ള കഥയും സന്ദർഭങ്ങളുമാണ് സിനിമയിൽ മുഴുവനും. ഈ ഗണത്തിൽ പെട്ട സിനിമകളുടെ എല്ലാ സ്വഭാവവും പേറി, ഈ സിനിമകളുടെ ഒരു തുടർച്ചയാവുകയാണ് ‘ഇരട്ട.’ ഒരുപക്ഷേ അതാവാം പ്രേക്ഷകർക്ക് ഈ സിനിമ കണ്ട് കഴിയുമ്പോൾ ആദ്യം ഓർമ വരുന്ന കാര്യം.

Iratta Movie Review & Rating

Iratta Movie Review & Rating

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറും പ്രൊസീജറൽ ഡ്രാമയുമാണ് ‘ഇരട്ട.’ പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു പോലീസ്കാരന്റെ കൊലപാതകവും തുടർന്നുള്ള കുറ്റാന്വേഷണവുമൊക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഇരട്ട കഥാപാത്രങ്ങൾ എന്ന കാര്യം മാറ്റി നിർത്തി, ത്രില്ലർ എന്ന നിലയിൽ നോക്കിയാൽ ഇപ്പോൾ പുറത്തിറങ്ങുന്ന ത്രില്ലറുകളുടെ എല്ലാ പൊതു സ്വഭാവവും ‘ഇരട്ട’ക്കുമുണ്ട് എന്ന് കാണാം. കുറ്റം നടക്കുന്ന ഹിൽ സ്റ്റേഷൻ, സ്ഥിരം രീതി പിൻപറ്റുന്ന അന്വേഷണം, പതിവ് സംഭാഷങ്ങളിലൂടെ അന്വേഷണത്തെ മുന്നോട്ട് കൊണ്ട് പോകുന്ന പോലീസുദ്യോഗസ്ഥർ ഒക്കെ മലയാള സിനിമയിലെ പതിവ് കാഴ്ചകളുടെ തുടർച്ചയാണ്.

കേരള പോലീസ് എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നത് ഒരേ രീതിയിൽ ഏകതാനമായാണോ എന്ന സംശയം സിനിമയുയർത്തുന്നു. പക്ഷേ ചിലയിടങ്ങളിലെങ്കിലും അതിനെ രസചരട് പൊട്ടിക്കാതെ പ്രേക്ഷകരുലെത്തിക്കാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ കാണിക്കുന്ന – എല്ലാ ലോക്കൽ പോലിസ് സ്റ്റേഷനുകളിലും നടക്കുന്ന എല്ലാ കേസുകളിലും മന്ത്രി തലത്തിൽ നിന്നുള്ള പ്രഷർ, ചാനൽ ചർച്ചകൾ – കുറെയൊക്കെ ആവർത്തന വിരസമാവുന്നുണ്ട്. ചിലയിടങ്ങളിൽ റിയലിസ്റ്റിക്ക് ആക്കാൻ നോക്കിയ സിനിമയിൽ അതിഭാവുകത്വവും നാടകീയതയുമുണ്ടാക്കാൻ ഈ രംഗങ്ങൾ കാരണമായി.

നല്ലവൻ / കെട്ടവൻ എന്ന രീതിയും ‘ഇരട്ട’ പിന്തുടർന്നു. ഇരട്ട സഹോദരണമാരിൽ ഒരാൾ നല്ലവൻ, മറ്റെയാൾ കെട്ടവൻ എന്ന തീർത്തും പ്രവചന സ്വഭാവമുള്ള രീതി സിനിമയുടെ മൂല കഥയിൽ കടന്നു വന്നു. ഇതുണ്ടാക്കുന്ന സംഘർഷങ്ങൾ വളരെ പണ്ട് മുതലേ മലയാള സിനിമ പറഞ്ഞു കൊണ്ടേയിരിക്കുന്നവയാണ്. ‘ഇരട്ട’യുടെ തിരക്കഥയിലും സംഭാഷണങ്ങളിലും കഥാസന്ദർഭങ്ങളിലും ഒക്കെ കാലങ്ങളായി സിനിമകൾ പിന്തുടരുന്ന ട്രാക്ക് തെളിഞ്ഞു കാണാം. മനഃശാസ്ത്ര പരമായ സമീപനം (കുട്ടിക്കാല ട്രോമകൾ) ഇടക്കൊക്കെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും അതൊക്കെ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാനായോ എന്ന് സംശയമാണ്. പലപ്പോഴും ഈ ഇടങ്ങളിൽ സിനിമ പറഞ്ഞു പഴകിയ കഥയെയും ശൈലിയെയും ആശ്രയിച്ചു. മനുഷ്യരുടെ കഥ എല്ലായിടത്തുമൊന്നാണ് എന്ന പൊതുതത്വത്തിനും ആവർത്തനവിരസതക്കും ഇടയിലെ ദൂരത്തു നിന്നാണ് ഈ സന്ദർഭങ്ങളുണ്ടാവുന്നത് എന്ന് തോന്നുന്നു.

നായകൻ-വില്ലൻ എന്നതിന് പകരം ഗ്രേ ഷേഡിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന പതിവും ‘ഇരട്ട’യിൽ ആവർത്തിക്കുന്നു. ഗ്രേ ഏരിയയിൽ നിൽക്കുന്ന മനുഷ്യർ വളരെ സ്വഭാവികമായ കാഴ്ചയാണെങ്കിലും ഇതിനെ സിനിമകൾ അവതരിപ്പിക്കുന്ന രീതിയിൽ പലപ്പോഴും കൃത്രിമത്വം കലർന്നിരിക്കാറുണ്ട്. ‘ഇരട്ട’യിലും ചിലയിടങ്ങളിൽ അത് വല്ലാതെ തെളിഞ്ഞു കാണാം.

സമീപകാലത്തിറങ്ങിയ മറ്റൊരു സിനിമയുടെ ക്ലൈമാക്സുമായി ഇരട്ടയുടെ ക്ലൈമാക്സിനു (അറിഞ്ഞോ അറിയാതയോ) സാമ്യം വന്നിട്ടുണ്ട്. ഇതും ചിലപ്പോൾ സിനിമയെ പുറകോട്ട് നടത്താം.

ജോജു ജോർജ്, അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ തുടങ്ങി അനുഭവസ്ഥരും അല്ലാത്തവരുമായ ഒരുപാട് നടീ നടന്മാരുണ്ട് സിനിമയിൽ. ഒരു ടീം ആയി സ്ക്രീനിനു മുന്നിൽ എല്ലാവരും സ്വന്തം ഇടങ്ങളിൽ ഭദ്രമായി തന്നെ വന്നു പോയി.

ത്രില്ലർ, പ്രൊസീജറൽ ഡ്രാമ, റിയലിസ്റ്റിക്ക് ആക്കാനുള്ള ശ്രമം, ഗ്രേ രീതിയിലുള്ള കഥാപാത്രങ്ങൾ, മനഃശാസ്ത്ര വിശകലനം തുടങ്ങി ഇപ്പോൾ എഴുതാനും വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുള്ള നിരവധി കാര്യങ്ങൾ ‘ഇരട്ട’യിലുണ്ട്. ആവർത്തന വിരസതകളും ക്‌ളീഷെകളും ബാധ്യതയായി തോന്നുകയും ചെയ്യാം. ഇതിനിടയിൽ എവിടെയോ നിൽക്കുന്ന സിനിമ എന്നൊക്കെ വേണമെങ്കിൽ ‘ഇരട്ട’യെ പറയാം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Joju george iratta malayalam movie review rating