Joji Malayalam Movie starring Fahadh Faasil Review & Rating: വെളുത്ത വയസ്സൻ കുതിരയെ ജോജി വിൽക്കാൻ ശ്രമിക്കുന്നുണ്ട്. അയാളുടെ ആദ്യ സ്വപ്നങ്ങൾ ഒരുപക്ഷേ കുതിരയുടെ കച്ചവടത്തിൽ നിന്നാകാം. എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുണ്ട് ഈ കഥാപാത്രത്തിന്.
മധ്യ തിരുവിതാംകൂറിലെ വന്യമായ ഒരു പച്ചപ്പിൽ ജോജി ജീവിക്കുന്നു. അയാൾ തനിക്ക് ചുറ്റും നിര്‍മ്മിച്ചെടുത്ത ഒരു ചെറിയ ലോകമുണ്ട്. മറ്റൊരു തലത്തിൽ ഭ്രാന്തമായ ഒന്ന്. വിഭ്രാന്തിയുടെ തീക്ഷ്ണമായ ഭാവനയാണ് അയാളുടെ ചിന്ത. തനിക്ക് ചുറ്റുമുള്ള യാഥാർഥ്യത്തെ ഭാവന കൊണ്ട്, അതിൽ നിന്നും രക്ഷപ്പെടാനുള്ള ത്വര കൊണ്ട്,
മറികടക്കാന്‍ ജോജി ശ്രമിക്കുന്നു.
അപ്പൻ ഉണ്ടാക്കിയെടുത്ത സ്വത്ത് അയാൾ സംരക്ഷിക്കുന്നതു തന്നെ അധികാരം പ്രയോഗിച്ചാണ്-വൈകാരികമായല്ലാതെ, ഏകാധിപത്യ പ്രവണതയോട് കൂടിത്തന്നെ. സമ്പത്തിന്റെ പരിണാമം മനുഷ്യ ചരിത്രത്തിൽ എങ്ങനെയാണോ ബന്ധപ്പെട്ടത് അതു തന്നെ ഇവിടെയും ആവർത്തിക്കുന്നു.
‘ജോജി’ ഭ്രമാത്മക ഫാന്റസിയുടെ ഉദാഹരണമാണ്. ഒരു തരം കളിയായാണ് അതിന്റെ ഘടന. ആ തരത്തിൽ തന്നെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നതും. ജോജിയായി ഫഹദ് അഭിനയിച്ചു തകർക്കുമ്പോൾ, ബാബു രാജ്, ഷമ്മി തിലകൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാറ്റോഗ്രാഫിയും സംഗീതവും മനോഹരം. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ നിര്‍മ്മാണവും നിര്‍വഹണവും ചെയ്തിരിക്കുന്ന ‘ജോജി’ മലയാളത്തിലെ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളുടെ ശ്രദ്ധേയമാകും.
Read in IE: Fahadh Faasil, Dileesh Pothan deliver a richly atmospheric tale of crime and punishment
നിലവിലുള്ള ഒരു ജീവിതത്തിന്റെ ബദൽ ജീവിതമാണ് സൈബർ ലോകം വാഗ്ദാനം ചെയ്യുന്നത്. ജോജി അയാളുടെ ലോകത്തെ നിർമ്മിക്കുന്നത് ഈ വിധത്തിലാണ്. ആശയങ്ങളാണ് അയാളിൽ ഉള്ളത്. പ്രയോഗികതയല്ല. അപക്വമായ ഒരു ബോധം അയാളെ ചുറ്റി നിൽക്കുന്നു.
വ്യക്തിയുടെ നിശ്ചലതയിൽ നിന്നു പോലും മറ്റൊരു വേഗത ഒരു അപര ഇടത്തിൽ സാധ്യമാണ് എന്നത് വിസ്മയിപ്പിക്കുന്നതാണ്. ഒരു ഡിപ്രഷൻ നേരത്ത് ജോജി അയാളെ തന്നെ സ്വയം പ്രദർശിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അതിൽ ഒരാനന്ദം ഉണ്ടാകുന്നു. വിപണി മൂല്യം ഉണ്ടാകുന്നു. അയാളുടെ കുതിരകൾ തന്നെ ഉദാഹരണം.
ചിത്രത്തിൽ അപ്പൻ ജോജിയെ കീഴടക്കാൻ ശ്രമിക്കുന്നത് വാക്കു കൊണ്ടല്ല ശരീരം കൊണ്ടാണ്. വൈകാരികമായ അടിമത്തമല്ല കായികമായ ഭീഷണി കൊണ്ടു തന്നെയാണ് അപ്പൻ വീടിനെ അടക്കിയത്. വീടിനെ മോചിപ്പിക്കാനും ആ വഴി സ്വയം തിരിച്ചെത്തുക തന്നെയാണ്. കർമ്മം എന്ന വാക്കിൽ അതിനെ ഒതുക്കാമെങ്കിലും സാധ്യതകൾ അനേകം.
സാധാരണ സിനിമകളിൽ നിന്നും വിഭിന്നമായി സെന്‍സറിങ്ങിന് വിധേയമാകാത്ത തരത്തിൽ സിനിമയിൽ ഭാഷ ഉൾപ്പെടുത്തി എന്നത് ചരിത്ര പരമായ ഒരു സമീപനമായി കാണാം. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന തെറികളെ അതേ സാഹചര്യങ്ങളിൽ സിനിമയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് ശ്രദ്ധേയയായ ഒരു നീക്കമായി വിലയിരുത്താൻ സാധിക്കും.
ക്ഷേക്സ്പിയറില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച പല ചിത്രങ്ങളും മുന്‍ കാലങ്ങളില്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ശ്യാം പുഷ്കരന്റെ തിരക്കഥ ചെന്നെത്തുന്ന മൂല കഥ ‘മാക്ബത്താണ്.’ ശപിക്കപ്പെട്ട ഒരു നാടകം എന്നറിയപ്പെടുന്ന ‘മാക്ബത്ത്’ അതിനാല്‍ തന്നെ നാടക രംഗത്തുള്ളവരുടെ ഇടയില്‍ സ്കോട്ടിഷ് നാടകം എന്നാണ് വിളിക്കുന്നത്. ‘മാക്ബത്ത്’ ഒരു ദുരന്ത നാടകമാണ്. ആയിരത്തി അറുന്നൂറുകളില്‍ എഴുതപ്പെട്ട ‘മാക്ബത്ത്’ പിന്നീട് ലോക നാടക ചരിത്രത്തിന്റെ ഭാഗമായി മാറി. ചരിത്രവും ഭാവനയും ഇടകലര്‍ന്ന ‘മാക്ബത്ത്’ ഇന്നും പ്രസക്തമായി നിലനില്ക്കുന്നു.
അഭിനേതാവ് എന്ന നിലയില്‍ ഫഹദ് ശക്തമായ അഭിനയം കാഴ്ചവെക്കുന്നുണ്ട് എങ്കിലും ഒരു പ്രത്യേക ‘ടൈപ്പ്’ വേഷങ്ങളിലേക്ക് ഫഹദ് കുടുങ്ങുന്നോ എന്ന ഒരു തോന്നല്‍ ഈ ചിത്രം ഉളവാക്കുന്നുണ്ട്. എങ്കിലും മാനസിക വ്യാപാരങ്ങളില്‍ അഭിരമിക്കുന്ന ഒരു കഥാപാത്രത്തെ തന്നിലേക്ക് ഉള്‍ക്കൊള്ളാന്‍ ഫഹദിന് അനായാസം കഴിയുന്നു എന്നത് ശ്രദ്ധേയം തന്നെയാണ്. നോട്ടം, ചലനം എന്നിവയില്‍ സൂക്ഷ്മത എടുത്തു പറയേണ്ടുന്ന പ്രത്യേകതകളും. ശക്തമായ പുരാണ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ക്ഷേത്ര കലയായ കൂടിയാട്ടത്തില്‍ നേത്ര വിദ്യയും പരിശീലനവും നിഷ്കര്‍ഷിച്ചിരുന്നു. അത് അറിഞ്ഞോ അറിയാതെയോ ഇവിടെയും തുടരുന്നതായി കാണാം.
‘മാക്ബത്ത്’ പരകായ പ്രാപ്ത്മാകുന്നത് ശ്യാം പുഷ്കരന്റെ തിരക്കഥയിലൂടെയാണ്. ‘കുമ്പളങ്ങി’യിലും ‘മഹേഷിന്റെ പ്രതികാര’ത്തിലും ഉള്‍ക്കൊണ്ട ഭൂമിശാസ്ത്ര-ഭാഷ സിദ്ധികള്‍ ഒക്കെ ഇതിലും പ്രയോഗത്തില്‍ വന്നിട്ടുണ്ട്. കേരളത്തിന്റെ പ്രതലത്തില്‍ നിഗൂഢമായ കാഴ്ചകളുടെ ആനന്ദം ഒരിക്കല്‍ക്കൂടി കണ്ടെടുക്കുന്നുണ്ട് ശ്യാം പുഷ്ക്കരന്‍.
ദിലീഷ് പോത്തന്റെ കല തീര്‍ത്തും ജനകീയമാണ്. ചരിത്ര-സാംസ്കാരിക-സിനിമാ ചട്ടക്കൂട്ടുകള്ക്കുപരി അദ്ദേഹം പ്രാധാന്യം നല്‍കുന്നത് പ്രാദേശികതയ്ക്കാണ് എന്ന് കാണാന്‍ സാധിക്കും. ഭാഷാപരമായും സാംസ്കാരിക പരമായുമുള്ള അതിന്റെ പരിമിതികളെ ഹാസ്യം കൊണ്ട് മറികടക്കുന്ന വിദ്യ സംവിധായകന് വ്യക്തമായി അറിയാം. മഹേഷിന്റെ പ്രതികാരത്തില്‍ ആ ചുവ ആദ്യവസാനം വരെ വ്യക്തമാകുന്നുണ്ട് . ‘ജോജി’യും അത്തരത്തില്‍ പ്രാദേശികത മുറുക്കിപ്പിടിക്കുന്നുണ്ട്.
ഒരു വീടും പരിസരവും അതിനെ ചുറ്റിയുള്ള അനേകം കഥാപാത്രങ്ങളും നിറഞ്ഞ ഒരന്തരീക്ഷത്തില്‍ ‘മാക്ബത്ത്’ കേരളത്തിന്റെ ഭൂപ്രദേശത്തിലേക്ക് പകര്‍ന്നാടുകയാണ് .നിഗൂഡവും വ്യത്യസ്തവുമായ അതിന്റെ ആഖ്യാനം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഓ ടി ടി റിലീസ് ചിത്രത്തെ ഭാഷാ വരമ്പുകള്‍ കടന്ന്, ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഉപകരിക്കും.