scorecardresearch

Jaya Jaya Jaya Jaya Hey Movie Review & Rating: താരമായി ദർശന, ചിരിപ്പിച്ച് ബേസിൽ: ചിരിയും ചിന്തയുമായി ജയ ജയ ജയ ജയഹെ, റിവ്യൂ

Jaya Jaya Jaya Jaya Hey Movie Review & Rating: വളരെ ഗൗരവകരമായ വിഷയത്തെ, കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹെ

Jaya Jaya Jaya Jaya Hey Movie Review & Rating: വളരെ ഗൗരവകരമായ വിഷയത്തെ, കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹെ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
jaya jaya jaya jaya he review, jaya jaya jaya jaya he rating

Jaya Jaya Jaya Jaya Hey Movie Review & Rating: വിവാഹം കഴിഞ്ഞ് ഭർത്തൃവീടുകളിലെത്തുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പീഢനങ്ങളുമൊക്കെ പലകുറി മലയാള സിനിമ വിഷയമാക്കിയിട്ടുള്ളതാണ്. സമീപകാലത്ത് ഇറങ്ങിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വരെ നീളുന്ന എത്രയോ ചിത്രങ്ങൾ കുടുംബാന്തരീക്ഷത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തെയും അനീതിയേയും കുറിച്ച് സംസാരിച്ചിട്ടുള്ള ചിത്രങ്ങളാണ്. ആ ശ്രേണിയിൽ പെടുന്ന ചിത്രം തന്നെയാണ് ജയ ജയ ജയ ജയഹെയും. എന്നാൽ, വളരെ ഗൗരവകരമായ വിഷയത്തെ, കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു എന്നിടത്താണ് ജയ ജയ ജയ ജയഹെ വേറിട്ടൊരു കാഴ്ചാനുഭവമാവുന്നത്.

Advertisment

ചെറുപ്പകാലം മുതൽ അസമത്വമെന്തെന്ന് അനുഭവിച്ചറിഞ്ഞവളാണ് ജയഭാരതി. ചേട്ടനും തനിക്കും രണ്ടു നിയമങ്ങളുള്ള വീട്ടിൽ, പഠനം, വിവാഹം പോലുള്ള വിഷയങ്ങളിൽ പോലും വ്യക്തമായ അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യമില്ലാതെ വളർന്നവൾ. വീട്ടുകാർ പറഞ്ഞുറപ്പിച്ചയാളെ വിവാഹം കഴിച്ച് ജയ ചെന്നു കയറുന്നത്, ഒരു കോഴി ഫാം നടത്തുന്ന രാജേഷിന്റെ ജീവിതത്തിലേക്കാണ്. ആദ്യകാഴ്ചയിൽ വളരെ ശുദ്ധനും പാവത്താനുമൊക്കെയായി തോന്നുന്ന രാജേഷിന്റെ അനിയന്ത്രിതമായ ദേഷ്യം അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നു. ദേഷ്യം തല്ലി തീർക്കുന്ന രാജേഷ് ജയയുടെ ജീവിതം അസ്വസ്ഥമാക്കുന്നു. ഭർത്താവ് ഭാര്യയെ തല്ലുന്നതൊക്കെ ദാമ്പത്യത്തിലെ സ്വാഭാവികമായ കാര്യമാണെന്ന് ആശ്വസിപ്പിക്കുന്നവരാണ് ജയയ്ക്ക് ചുറ്റും. എന്നാൽ സഹനത്തിനവസാനം ജയ പ്രതികരിച്ചു തുടങ്ങുന്നിടത്ത് കഥ മാറുന്നു.

നായികയുടെ പേര് എന്തിനാണ് സംവിധായകൻ ടൈറ്റിലിൽ ഇത്രയേറെ തവണ ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നതെന്ന് ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിലാവും. ആദിമധ്യാന്തം ദർശനയുടെ ചിത്രമാണ് ജയ ജയ ജയ ജയഹെ. ആക്ഷൻ സീനുകളിലും പ്രകടനത്തിലുമെല്ലാം കയ്യടി നേടുന്നുന്നുണ്ട് ദർശന. ബേസിലും ദർശനയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്നു. പെർഫോമൻസിൽ ദർശന തിളങ്ങുമ്പോൾ കോമഡിയിലാണ് ബേസിൽ ശോഭിക്കുന്നത്. ജാൻ എ മൻ, പാൽതു ജാൻവർ തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ ബേസിൽ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം കാക്കുന്നുണ്ട് രാജേഷ് എന്ന കഥാപാത്രവും. അജു വർഗീസ്, അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, സുധീർ പറവൂർ, നോബി മാർക്കോസ്, ശരത് സഭ, ഹരീഷ് പേങ്ങൻ, ആനന്ദ് മന്മഥൻ എന്നിവരെല്ലാം രസകരമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബേസിലിന്റെ അമ്മയായി എത്തിയ കലാകാരിയും പ്രേക്ഷകരുടെ ഇഷ്ടം കവരും.

publive-image
Jaya Jaya Jaya Jaya Hey Movie Review

ജയ ജയ ജയ ജയഹെയുടെ പ്രമേയത്തിലേക്ക് വരുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലർക്കെങ്കിലും തോന്നാം. എന്നാൽ, കഥയുടെ പശ്ചാത്തലം കേരളത്തിന് അപരിചിതമായ ഒന്നേയല്ല. ജയയെ പോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോവുന്ന ആയിരക്കണക്കിന് സ്ത്രീകളെ നമുക്ക് ചുറ്റും കണ്ടെത്താനാവും. സഹനം എന്ന വാക്ക് പെൺകുട്ടികൾ തങ്ങളുടെ ഡിക്ഷണറിയിൽ നിന്ന് എടുത്തുകളഞ്ഞാൽ തീരാവുന്നതേയുള്ളൂ ആണഹന്തയുടെ കൊട്ടാരങ്ങളെന്നും, നടക്കുന്ന കഥയാവില്ല, പക്ഷേ നടക്കാൻ സാധ്യതയുള്ള കഥയാണെന്നും ഓർമ്മപ്പെടുത്തുകയാണ് ജയ ജയ ജയ ജയഹെ. വലിയ പുരോഗമനം പറയുന്ന പുരുഷന്മാരിലെ ഷോവനിസം പുറത്തുചാടുന്നതിനെയൊക്കെ ആക്ഷേപഹാസ്യത്തോടെയാണ് ചിത്രം സമീപിച്ചിരിക്കുന്നത്.

Advertisment

പറയാൻ ഉദ്ദേശിച്ച വിഷയത്തോട് നീതി പുലർത്താൻ സാധിച്ചിട്ടുണ്ട് സംവിധായകൻ വിപിൻ മോഹന്. എല്ലാവിധ പ്രേക്ഷകർക്കും ആസ്വാദ്യകരമായ രീതിയിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. അൽപ്പം ചിരിയും ചിന്തയും കൗണ്ടറുകളുമൊക്കെയായി തിയേറ്ററിന് ഉണർവ്വ് നൽകുകയാണ് ജയ ജയ ജയ ജയഹെ. ധൈര്യമായി ടിക്കറ്റെടുത്തോളൂ, ജയയും രാജേഷും കൂട്ടരും പ്രേക്ഷകരെ നിരാശരാക്കില്ല.

Also Read
Film Review Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: