Saiju Kuruppu’s Janamaithri Movie Review: കേരള പൊലീസിന്റെ പ്രതിച്ഛായ ഒന്നു മിനുക്കാനും സമൂഹത്തിന് ഉപകാരപ്രദമായ പരിപാടികളിലൂടെ ജനങ്ങളുടെ ഇഷ്ടം കവരാനുമായി സംഘടിപ്പിക്കപ്പെടുന്ന ഏക ദിന കർമ്മ പരിപാടിയാണ് ‘ഒരു ചായക്ക്‌ ഒരു ജീവൻ’. വർഷത്തിൽ ഒരു ദിവസം ജനമൈത്രി ദിനമായി ആചരിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവ് അനുസരിച്ചാണ് ഇത്തരമൊരു കർമ്മപരിപാടി പൊലീസ് സംഘടിപ്പിക്കുന്നത്.

രാത്രി വണ്ടിയോടിക്കുന്ന ഡ്രൈവർമാരുടെ ഉറക്കച്ചടവ് മാറ്റാനായി ഒരു ഗ്ലാസ്സ് ചായ നൽകി അവർക്ക് ഉണർവ്വ് സമ്മാനിക്കുക. ചായ വേണ്ടാത്തവർക്ക് കാപ്പി, ലെമൺ ടീ എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോകുന്നതുവഴിയുണ്ടാകുന്ന രാത്രിയിലെ റോഡപകടങ്ങൾ കുറക്കുകയെന്നതാണ് ഇതുവഴി പൊലീസിന്റെ ലക്ഷ്യം.

കണ്ണൂർ പാറമേട് സ്റ്റേഷൻ അതിർത്തിയിൽ ‘ഒരു ചായക്ക്‌ ഒരു ജീവൻ’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആദ്യ ചായ വാങ്ങി കുടിക്കാനും ഭാഗ്യം ലഭിക്കുന്നത് കൊച്ചി സ്വദേശിയായ സംയുക്തനാണ് (സൈജു കുറുപ്പ്). വ്യക്തിപരമായ ഒരു ആവശ്യത്തിനായി കൊച്ചിയിൽ നിന്നും രാത്രിയിൽ യാത്ര പുറപ്പെട്ടതാണ് അയാൾ. കൊച്ചിയിലെ സ്പൈ ഐ എന്ന സിസി ടിവി കമ്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആണ് കക്ഷി. ആ ചായ കുടി ഉദ്ഘാടനവും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ‘ജനമൈത്രി’ പറയുന്നത്.

സ്വാഭാവികമായ കഥാമുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥ കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ജോൺ മാന്ത്രിക്കൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥ, ഒരു പുലർച്ചെ മുതൽ രാവിലെ വരെയുള്ള ഏതാനും മണിക്കൂറുകളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്.

സംയുക്തനായി സൈജു കുറുപ്പ് തിളങ്ങുമ്പോൾ അഷ്റഫ് എന്ന പൊലീസുകാരനായി സാബുമോനും എസ് ഐ ഷിബുവായി ഇന്ദ്രൻസും വിജയ് ബാബുവുമെല്ലാം ചിത്രത്തെ രസകരമായൊരു അനുഭവമാക്കി മാറ്റുകയാണ്. ഒരു ക്യാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമാണ് വിജയ് ബാബുവിന്റെ പഞ്ഞി മൂട്ടിൽ മത്തായി മകൻ റാഫേൽ എന്ന കഥാപാത്രം. ബിഗ് ബോസ് ജേതാവായ സാബുമോൻ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ‘ജനമൈത്രി’യിൽ. ഇവരെ കൂടാതെ മറിമായം ഫെയിം മണികണ്ഠൻ , ഇർഷാദ്, സിദ്ധാർത്ഥ് ശിവ, ജോളി ചിറയത്ത്, ബാലു വർഗീസ്, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് സംവിധായകനും കൂട്ടരും ചിത്രം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ തന്നെ പ്രേക്ഷകർ കാണാൻ പോകുന്നതെന്താണെന്നതിനെ കുറിച്ച് ഏതാണ്ടൊരു മുഖവുര അണിയറപ്രവർത്തകർ നൽകുന്നുണ്ട്. നവാഗതനായ ജോൺ സംവിധായകൻ വിജയ് ബാബുവിന് അരികിലേക്ക് എത്തുന്നതും സിനിമയെ കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നതുമൊക്കെ പറഞ്ഞുപോവുന്ന ടൈറ്റിൽ കാർഡ് കൗതുകം ഉണർത്തും. ഇതൊരു പരീക്ഷണചിത്രമാണെന്ന മുൻകൂർ ജാമ്യവും ആദ്യമേ എടുക്കുന്നുണ്ട് സംവിധായകനും സംഘവും.

ആന്‍ മരിയ കലിപ്പിലാണ്’, ‘അലമാര’, ‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍കടവ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനമൈത്രി’. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ചിത്രത്തിനുള്ളത്, ആ ലക്ഷ്യത്തിൽ​ ഒരു പരിധിവരെ സിനിമ വിജയിക്കുന്നുണ്ട് താനും. ‘ അല്ലറചില്ലറ പാളിച്ചകളുണ്ടെങ്കിലും രണ്ടു രണ്ടര മണിക്കൂർ ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘ജനമൈത്രി’. ‘ആട്’, ‘ആട് 2’ പോലുള്ള ക്യാരിക്കേച്ചർ സ്വഭാവമുള്ള സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരെ ‘ജനമൈത്രി’യും നിരാശരാക്കില്ല.

Read more: കൂടുതൽ സിനിമാ റിവ്യൂ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook