Jan E Man Movie Review: ഏകാന്തതയിൽ തുടങ്ങി, സൗഹൃദവും, പകയും, കുടുംബബന്ധങ്ങളിലെ സംഘർഷവും, സ്നേഹവും ഒടുവിൽ നഷ്ടപ്രണയത്തിന്റെ നോവുള്ള അനുഭൂതിയും പങ്കു വെക്കുന്ന ചിത്രമാണ് നവാഗതനായ ചിദംബരം എഴുതി സംവിധാനം ചെയ്ത ‘ജാൻ എ മൻ’. സാന്ദർഭികമായ തമാശകൾ കൊണ്ടും, മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ആകാംഷാഭരിതമായ ആഖ്യാന രീതി കൊണ്ടും ‘ജാൻ എ മൻ’ വ്യത്യസ്തത പുലർത്തുന്നുണ്ട്.
രസകരമായ ഒരു കഥാതന്തുവിൽ നിന്ന് ശിഖരങ്ങളും, ചില്ലകളുമായി ഒരു മരം വളരുന്നത് പോലെ സ്വാഭാവികമാണ് ചിത്രത്തിന്റെ സഞ്ചാരം. തുല്യപ്രാധാന്യമുള്ള ഒരു പിടി കഥാപാത്രങ്ങളും സംഭവബഹുലമായ ഒരു കഥാഗതിയും വളരെ കയടക്കത്തോടുകൂടി തന്നെ കൈകാര്യം ചെയ്യാൻ സംവിധായകന് തന്റെ ആദ്യ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്.
കാനഡയിലെ ഒറ്റപ്പെട്ട ഒരു പ്രദേശത്തു നഴ്സായി ജോലി ചെയുന്ന ജോയിമോനിൽ (ബേസിൽ ജോസഫ്) നിന്നാണ് സിനിമ ആരംഭിക്കുന്നത്. അന്യനാട്ടിൽ ഏകാന്ത ജീവിതം നയിക്കുന്ന ജോയിമോൻ തന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുന്നതും, തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആത്മരതിയുടെ അസ്കിത കാരണം സുഹൃത് ബന്ധങ്ങൾ അധികം നിലനിർത്താൻ കഴിയാത്ത പോയ ജോയിമോൻ, പത്താം ക്ലാസ്സിൽ തന്നോടൊപ്പം പഠിച്ച സഹപാഠികളെ തന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ ക്ഷണിക്കുന്നു.
ബര്ത്ത്ഡേ ആഘോഷിക്കാൻ പഴയ സഹപാഠിയായ സമ്പത് (അർജുൻ അശോകൻ) വീട്ടിൽ എത്തുന്നു. എന്നാൽ ആഘോഷം തുടങ്ങുന്നതിനു മുൻപ് തന്നെ സമ്പത്തിന്റെ അയൽവാസിയായ വൃദ്ധൻ മരിക്കുന്നു . അങ്ങനെ ഒരു ജന്മദിനാഘോഷവും, ഒരു മരണാനന്തര ചടങ്ങും ഒരു റോഡിന്റെ ഇരുവശത്തായി നടക്കുന്നതിന്റെ വിരോധാഭാസത്തിൽ നിന്നാണ് ഒരു മാലപ്പടക്കം പൊട്ടുന്ന പ്രതീതിയിൽ ചിത്രം മുന്നോട്ട് പോകുന്നത്.
ബേസിൽ ചെയ്ത ജോയിമോന് എന്ന വകതിരിവില്ലാത്ത കഥാപാത്രത്തിന്റെ പ്രവൃത്തികളാൽ രംഗം കൂടുതൽ വഷളാവുകയും കൂടുതൽ കഥാപാത്രങ്ങൾ കൊണ്ട് ചിത്രം സംഭവബഹുലമാവുകയും ചെയ്യുന്നുണ്ട്. ബാലു വര്ഗീസ് അവതരിപ്പിച്ച മോനിച്ചൻ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപെടുമെന്ന് തീർച്ചയാണ്.
ചെറിയ വേഷങ്ങളിൽ വന്നു പോകുന്നവർക്ക് വരെ കഥാഗതിയിൽ നിർണായകമായ പങ്കുണ്ടെന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയാണ് . ഒരു ഗുണ്ടയുടെ കയ്യാളായി എത്തുന്ന, അമിത ആത്മാർത്ഥതയുള്ള, പാലക്കാടൻ ശൈലിയിൽ സംസാരിക്കുന്ന കഥാപാത്രം തിയേറ്ററിൽ ചിരി ഉണർത്തുന്നതാണ്. അത് പോലെ രണ്ട് വീടുകളിലേക്കുമായി ലൈറ്റും സൗണ്ടും കസേരയും എന്ന് വേണ്ട മദ്യം വരെ സംഘടിപ്പിച്ചു കൊടുത്ത്, ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു കഥാപാത്രവും മനസിൽ തങ്ങുന്നതാണ് .
ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് ‘ജാൻ ഇ മൻ’ എന്ന് നിസ്സംശയം പറയാം. നഷ്ടപ്രണയത്തിന്റെ നൊമ്പരത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അലിഞ്ഞു പോകുന്നിടത്ത് ചിത്രം പൂർണത കൈവരിക്കുന്നുണ്ട്. ഏതു തരത്തിലുള്ള പ്രേക്ഷകനും ആസ്വദിച്ച് കണ്ടിരിക്കാവുന്ന എല്ലാ ഘടകങ്ങളും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഉൾക്കൊള്ളിക്കാൻ ചിദംബരം എന്ന സംവിധായകനും തിരക്കഥാകൃത്തിനും കഴിയുന്നുണ്ട്.
വളരെ റിയലിസ്റ്റിക്കായ കഥാപരിസരങ്ങളും, സംഭവങ്ങളും കഥാപാത്രങ്ങളും ആകാംക്ഷയുടെ ഒരു അന്തരീക്ഷവും നിലനിർത്തുന്ന ചിത്രത്തിന്റെ ആഖ്യാന രീതി ചിത്രത്തിന്റെ മികവാണ്. ‘ഈ മ യൗ’ , ‘അങ്കമാലി ഡയറീസ്’ പോലെയുള്ള ചിത്രങ്ങളിൽ അവലംബിച്ചിട്ടുള്ള ആഖ്യാന ശൈലി ഈ ചിത്രത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തോന്നാം.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും, പലരുടെയും പേരുകൾ അറിയില്ലെങ്കിൽ കൂടി, വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ജിലു ജോസഫ് തുടങ്ങിയവരുടെ അഭിനയം പ്രശംസനീയമാണ്. ‘വിനോദയാത്ര’യിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗണപതിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംവിധായകന്റെ സഹോദരനായ ഗണപതി ചിത്രത്തിന്റെ തിരക്കഥയിലും പങ്കാളിയാണ്.
വിഷ്ണു താമരശ്ശേരിയുടെ ദൃശ്യങ്ങൾ ചിത്രത്തിനെ കുറ്റമറ്റതാക്കുന്നുണ്ട്. കിരൺ ദാസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ആഖ്യാനശൈലിയിലെ കാര്യമായി സഹായിക്കുന്നുണ്ട് . ബിജിബാലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് .
തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ വരവറിയിച്ചു എന്ന് ചിദംബരം എന്ന യുവ സംവിധായകനു അഭിമാനിക്കാം.
Read more: ഈ ആഴ്ചയിൽ റിലീസിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ താഴെ വായിക്കാം
- Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’
- Ellam Sheriyakum Release Review & Rating: മിന്നും പ്രകടനവുമായി ആസിഫും രജിഷയും സിദ്ദിഖും; ‘എല്ലാം ശരിയാകും’ റിവ്യൂ
- Aaha Movie Review: വടംവലിയുടെ ആവേശം; ‘ആഹാ’ റിവ്യൂ
- Jan E Man Movie Review: ഏകാന്തതയിൽ തുടങ്ങി അവസാനിക്കാത്ത പ്രണയമാകുന്ന ‘ജാൻ എ മൻ’
- Lalbagh Movie Review: കരുത്തോടെ മമ്ത, ചുരുളഴിയുന്ന രഹസ്യങ്ങൾ; ലാൽബാഗ് റിവ്യൂ