Irupathiyonnam Noottandu Review: പ്രണയാതുരനായി പ്രണവ്: ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ റിവ്യൂ

Pranav Mohanlal Starrer ‘Irupathiyonnam Noottandu’ Critics Movie Review in Malayalam: ആദ്യ പകുതിയിൽ ഒരു പൂവിരിയും പോലെ ഇതൾ വിരിയുന്നൊരു പ്രണയമാണ് പറഞ്ഞു പോവുന്നതെങ്കിൽ പിന്നീട് ട്വിസ്റ്റുകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നോട്ടു പോവുകയാണ് കഥ

film review

Irupathiyonnam Noottandu Review: ഒരു കാലത്ത് ഗോവയിൽ ക്വട്ടേഷനും ഗുണ്ടായിസവും ഒക്കെയായി വിലസിയ ബാബ (മനോജ് കെ ജയൻ) യുടെ മകനാണ് അപ്പു (പ്രണവ് മോഹൻലാൽ). അടിയും പിടിയും നിറഞ്ഞ ജീവിതത്തിനോട് വലിയ താൽപ്പര്യമൊന്നുമില്ലാതെ, അപ്പന്റെ ചരിത്രത്തിന്റെ പച്ചപ്പിൽ നിൽക്കാനാഗ്രഹിക്കാത്ത, തന്നാലാവും വിധം അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ പരിപാലിക്കുന്ന, ഗോവയിൽ ഹോംസ്റ്റേ നടത്തുന്ന അധ്വാനിയായ ഒരു ചെറുപ്പക്കാരൻ.

തനിക്കേറെ ഇഷ്ടപ്പെട്ട സർഫിങ് നടത്തിയും അച്ഛനുണ്ടാക്കുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങൾ പരിഹരിച്ചുമൊക്കെ ജീവിക്കുന്ന അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സായ എന്ന പെൺകുട്ടി കടന്നു വരുന്നു. ഹോംസ്റ്റേയിൽ അതിഥിയായെത്തുന്ന സായയിൽ തന്റെ പ്രണയം കണ്ടെത്തുകയാണ് അപ്പു. എന്നാൽ ആഴക്കടലിൽ തിരമാലകളോട് മത്സരിച്ചു മുന്നേറുന്ന അവനു മുന്നിലുള്ളതും സാഹസികമായൊരു ജീവിതം തന്നെയായിരുന്നു. തന്റെ പ്രണയിനിയെ സ്വന്തമാക്കാനും അവളുടെ ജീവിതത്തെ ഊരാകുടുക്കുകളിൽ നിന്ന് അവളെ രക്ഷിച്ചെടുക്കാനുമായി അപ്പു നടത്തുന്ന യാത്രയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ പറയുന്നത്.

Read More: അപ്പുവിന്റെ രണ്ടാമങ്കം കാണാന്‍ അമ്മയെത്തി: വീഡിയോ

Pranav Mohanlal-Arun Gopy’s Irupathiyonnam Noottandu Movie Review: ടൈറ്റിലിനൊപ്പം കാണിക്കുന്ന ടാഗ് ലൈൻ പോലെതന്നെ, ഇതൊരു ഡോണിന്റെ കഥയല്ല. പ്രണയം കൊണ്ട് സാഹസികനായി മാറുന്ന ഒരു കാമുകന്റെ കഥയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനറാണ് ചിത്രം. പ്രണയവും ആകാംക്ഷയും വൈകാരികമായ നിമിഷങ്ങളും ഹൃദയസ്പർശിയായ സംഭാഷണങ്ങളും ആക്ഷേപഹാസ്യവും ആക്ഷനും ഡ്രാമയുമൊക്കെയായി ഒരു കോമേഴ്സ്യൽ സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ചേർത്താണ് സംവിധായകൻ അരുൺ ഗോപി ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ ഒരു പൂവിരിയും പോലെ ഇതൾ വിരിയുന്നൊരു പ്രണയമാണ് പറഞ്ഞു പോവുന്നതെങ്കിൽ പിന്നീട് ട്വിസ്റ്റുകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നോട്ടു പോവുകയാണ് കഥ.

വർഗീയത, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവ പോലുള്ള സാമൂഹിക പ്രശ്നങ്ങളെ കൂടി പ്രതിപാദിക്കുന്നുണ്ട് ചിത്രം. വീടകങ്ങൾക്കിടയിൽ പോലും സുരക്ഷിതരല്ലാത്ത പെൺകുട്ടികളെ കുറിച്ച് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കഥ. ചിന്തിപ്പിക്കുന്ന ഡയലോഗുകളും കുറിക്ക് കൊള്ളുന്ന സംഭാഷണശകലങ്ങളുമൊക്കെ തിയേറ്ററുകളിൽ കയ്യടി നേടുന്നുണ്ട്. അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിരിക്കുന്നത്.

 

Pranav Mohanlal-Arun Gopy’s Irupathiyonnam Noottandu Movie Review: ‘ആദി’യിൽ നമ്മൾ കണ്ട തുടക്കക്കാരനിൽ നിന്നും ഒരുപാട് മുന്നോട്ട് നടന്നിട്ടുണ്ട് പ്രണവ് മോഹൻലാൽ എന്നു പറയാതെ വയ്യ. ആദ്യ ചിത്രമായ ‘ആദി’യില്‍ പാക്കൌര്‍ കാണിച്ചു വിസ്മയിപ്പിച്ച പ്രണവ്, രണ്ടാം ചിത്രം ആകുമ്പോഴേക്കും അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി, സീരിയസ് ആകുന്നതാണ് കാണാന്‍ കഴിയുക. വളരെ സത്യസന്ധനായി മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന, പ്രണയം നിറഞ്ഞ കണ്ണുകളുള്ള ചെറുപ്പക്കാരനായി പ്രണവ് സ്ക്രീനിൽ നിറയുമ്പോൾ അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. സർഫിങ്ങിലും ട്രെയിൻ ഫൈറ്റ് സീനുകളിലും മികവു പുലർത്തുന്നുണ്ട് പ്രണവ്.

പേരിനൊരു നായികയല്ല ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ൽ സായ ഡേവിഡ്. തുടക്കക്കാരിയുടെ പതർച്ചകൾ ഇടയ്ക്കു കടന്നുവരുന്നെങ്കിലും ചില രംഗങ്ങളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട് സായ. പ്രണവും സായയും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.

Read More: പ്രണവ് മോഹന്‍ലാലിന്റെ ആദ്യനായിക: സായ സംസാരിക്കുന്നു

Pranav Mohanlal-Arun Gopy’s Irupathiyonnam Noottandu Movie Review: ഒറ്റ ടിക്കറ്റ് എടുത്ത് തിയേറ്ററിൽ കയറിയാൽ ഗോവയും ബാലിയും വാഗമണ്ണും വർക്കലയും വഴി കാഞ്ഞിരപ്പള്ളിവരെ ഒന്നു കറങ്ങിയിട്ടു വരാം. അത്രയും മനോഹരമായൊരു വിഷ്വൽ ട്രീറ്റാണ് സിനിമ സമ്മാനിക്കുന്നത്. അഭിനന്ദ് രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിനിമ ആവശ്യപ്പെടുന്ന ചടുലത പലപ്പോഴും എഡിറ്റിംഗിൽ നഷ്ടപ്പെടുന്നതായി തോന്നി. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. മുളക്പാടം ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ, ബിജു കുട്ടൻ, മാലാ പാർവ്വതി, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം, ഷാജു കെ. എസ്, സുരേഷ് കുമാർ തുടങ്ങി മികച്ചൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മനോജ് കെ ജയന്റെ അച്ഛൻ വേഷവും ശ്രദ്ധിക്കപ്പെടുന്നതാണ്. അതിഥി വേഷത്തിലെത്തുന്ന ഗോകുൽ സുരേഷും നിർണായകമായൊരു വേഷം കൈകാര്യം ചെയ്യുന്നു. അപ്പുവിന്റെ സന്തതസഹചാരിയായെത്തുന്ന അഭിഷേക് രവീന്ദ്രനും ധർമജൻ ബോൾഗാട്ടിയുമാണ് ചിത്രത്തിൽ ചിരികോളൊരുക്കുന്നത്.

അവസാന ഭാഗത്തെ അൽപ്പം നീണ്ട സ്റ്റണ്ട് സീനുകൾ ഇടയ്ക്കെപ്പഴോ ഉണ്ടാക്കുന്ന മുഷിച്ചിൽ ഒഴിച്ചാൽ ഒരു ശരാശരി പ്രേക്ഷകന് രണ്ടേ മുക്കാൽ മണിക്കൂർ കണ്ടിരിക്കാവുന്ന ഒരു ഫാമിലി എന്റർടെയിനർ ചിത്രം തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Irupathiyonnam noottandu movie review pranav mohanlal

Next Story
Praana Movie Review: വേറിട്ട സിനിമാ അനുഭവം: ‘പ്രാണ’ റിവ്യൂPraana review
The moderation of comments is automated and not cleared manually by malayalam.indianexpress.com