Irul Fahad Faasil, Soubin Shahir, Darshana Rajendran Malayalam Movie Review: ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓ ടി ടി പ്ലാറ്റ് ഫോമുകള്‍ എന്തെന്നു പോലും കേട്ടുകേള്‍വി ഇല്ലാതിരുന്ന കാലത്ത് വീടുകളില്‍ സിനിമകള്‍ റിലീസാകുന്നു എന്ന ആശയം തന്നെ മലയാളിക്ക് അത്ഭുതമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരത്തിലുള്ള എല്ലാ ചിന്തകളെയും മാറ്റി മറിച്ചു കൊണ്ട് മലയാള സിനിമയില്‍ ലോകത്തെ മറ്റെല്ലാ സിനിമാ വ്യവസായങ്ങള്‍ക്കും ഒപ്പം ഓ ടി ടി റിലീസുകളും വ്യാപിക്കുകയാണ്. അടുത്തിടെ മോഹനലാൽ ബ്ളോക്ക്ബസ്റ്റർ ചിത്രം ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗത്തിനുണ്ടായ വലിയ പ്രേക്ഷക പിന്തുണയും ഈ മാറ്റത്തിന്റെ തെളിവായി വിലയിരുത്താം. കൊവിഡിന്റെ പ്രത്യേക സാഹചര്യം സൃഷ്ടിച്ച അവസ്ഥയില്‍ നിന്നും, പരിമിതികളില്‍ നിന്നും ഒക്കെ പതുക്കെ സിനിമ മേഖലയും മുക്തമാകുന്നതിന്റെ സൂചനക്കൊപ്പം ഇനിയുള്ള കാലം സിനിമ വ്യവസായം തിയേറ്ററിലും പകുതി ഇന്റര്‍നെറ്റ് ഓ ടി ടി പ്ലാറ്റ്ഫോമുകളിലും ആയിരിക്കുമെന്ന സൂചനയുണ്ട്.
‘സീ യു സൂൺ’ എന്ന ഓ ടി ടി റിലീസ് ചിത്രം പകർന്ന ആവേശത്തിന്റെ തുടർച്ചയായാണ് ഫഫാ ആരാധകർ ‘ഇരുൾ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നസീര്‍ യൂസഫ് ഇസുദ്ദീനാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, പ്ലാന്‍ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ്.
കുട്ടിക്കാനത്തിന്റെ കഥയും കാഴ്ചയും
ഫഹദിന്റെ പ്രധാനപ്പെട്ട മിക്ക ചിത്രങ്ങളുടെയും ലൊക്കേഷന്‍ ഇടുക്കി ജില്ലയാണ്. മദ്ധ്യതിരുവിതാംകൂറിനു കിഴക്ക് സഹ്യപര്‍വതനിരയുടെ താഴ്വാരങ്ങള്‍ മലയാള സിനിമയുടെ ദൃശ്യ ഭംഗിക്ക് നല്‍കുന്ന സാധ്യതകള്‍ വലുതാണ്. വ്യത്യസ്തമായ ഭൂപ്രകൃതികള്‍ അവിടെയുള്ള മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഭാഷയിലും ചലനത്തിലും ജീവിതത്തിലും അതിന്റെ സ്വാധീനം കാണാം. ഫഹദ് മിക്കപ്പോഴും ഇടുക്കിയുടെ ഭൂപ്രകൃതിയോടു താദാമ്യം പ്രാപിക്കുന്നുമുണ്ട്.
‘ഇരുള്‍’കുട്ടിക്കാനത്തെ വന്യമായ ഭൂപ്രകൃതിയെ കാട്ടിത്തരുന്നു. ജോമോന്‍ ടി ജോണിന്റെ ക്യാമറ അതിതീവ്രമായ വന്യതയുടെ അനുഭവം ഒപ്പിയെടുക്കുന്നുണ്ട്.
നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ സസ്പെന്‍സ്. അസാമാന്യമായ ഒരു വഴക്കത്തോടെ ഫഹദ് ആ നിഗൂഡതയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷമാംശങ്ങളിലേക്ക് തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കാന്‍ കഴിയുക എന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. നവസിനിമയിലെ ഏറ്റവും ഫ്ലാക്സിബിളായ നടനായി ഫഹദ് മാറുന്നതും അതു കൊണ്ടു തന്നെയാണ്. മുന്‍കാല ചലച്ചിത്രങ്ങളില്‍ എന്ന പോലെ ‘ഇരുളിലും’ തന്റെ കഥാപാത്രത്തിന്റെ ഏറ്റവും ഉന്നതിയിലേക്ക് ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഉയര്‍ന്നു വരാന്‍ കഴിയുന്നുണ്ട്.
ഈയാഴ്ച റിലീസ് ചെയ്ത മറ്റു ചിത്രങ്ങളുടെ റിവ്യൂ വായിക്കാം
- Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ
- Aarkkariyam Review: വഴിമാറി നടന്ന സിനിമ; ‘ആര്‍ക്കറിയാം’ റിവ്യൂ
ഇതു വരെ മലയാളം ചർച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ, കഥ പറയുകയാണ് ‘ഇരുൾ’ ചെയ്യുന്നത്. ഹോളിവുഡില്‍ ആന്റണി ഹോപ്കിന്‍സ് തകര്‍ത്തഭിനയിച്ച ‘സൈലന്‍സ് ഓഫ് ദി ലാമ്പ്സ്’ലെ ഹാനിബാള്‍ ലെക്ട്ടര്‍ സ്വാധീനം സിനിമയില്‍ ഉണ്ടോയെന്ന് സംശയിക്കാം.
‘ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം. സ്ത്രീയുടെ അരക്ഷിതാവസ്ഥ മറ്റൊരു പ്രമേയത്തിലൂടെ പരോക്ഷമായി പറയുന്നു എന്നു വേണമെങ്കിൽ പറയാം. ഭീതി കലർന്ന നിലവിളി ഇത്തരത്തിലുള്ള ബിംബകല്പനകളായി എടുക്കാൻ കഴിയും.
ഒരു സ്ത്രീയും പുരുഷനും ഒറ്റപ്പെട്ട ഒരു ബംഗ്ലാവിൽ എത്തുകയും അവിടെ മനുഷ്യന്റെ വ്യത്യസ്തമായ സ്വഭാവങ്ങൾ അനാവരണം ചെയ്യുകയും ചെയ്യുന്നു. ഭീതി, വൈകൃതങ്ങൾ എന്നിവയിൽ ഊന്നിയ രസങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവം.
കൃത്രിമമായി നിർമ്മിക്കപ്പെട്ട ഭീതിയിൽ ഈ മൂന്ന് കഥാപാത്രങ്ങളും തങ്ങളുടെ വഴികൾ തേടുകയാണ്. ബംഗ്ലാവ്, മഴ, ഇരുട്ട് പോലുള്ള ക്ളീഷേകൾ ആവർത്തിക്കുന്നു എന്നിരിക്കിലും അഭിനേതാക്കളുടെ മികവ് കൊണ്ട് സിനിമ അതിനെ മറികടക്കുന്നു. ദർശനയും സൗബിനും ഫഹദും പ്രതിഭ കൊണ്ട് ഉയർത്തിയ, പിടിച്ചു നിർത്തിയ ചിത്രം. തിരക്കഥയുടെ മികവും അതിനൊത്ത ക്യാമറ വർക്കും സംവിധായകൻ ഉദ്ദേശിച്ച അനുഭവം പ്രേക്ഷകനു നൽകാൻ സഹായിച്ചിട്ടുണ്ട്. ചടുലമായ സംഗീതവും സെറ്റിന്റെ അനുയോജ്യമായ പശ്ചാത്തലവും ‘ഇരുളി’ന്റെ നിലവാരം കൂട്ടുന്നുണ്ട്. ചടുലമായ സംഗീതവും സെറ്റിന്റെ അനുയോജ്യമായ പശ്ചാത്തലവും ‘ഇരുളി’ന്റെ നിലവാരം കൂട്ടുന്നുണ്ട്.
എല്ലാത്തരം പ്രേക്ഷകനെയും സംതൃപ്തിപ്പെടുത്തുന്ന സിനിമയായി ‘ഇരുളിനെ’ കാണാൻ കഴിയില്ല. ഇതു വരെ കണ്ട സസ്പെൻസ്ത്രി ല്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട ബംഗ്ലാവിൽ എത്തുന്ന രണ്ടു പേർ അവിടെ അവരെ കാത്തിരുന്ന കഥാപാത്രത്തോട് നടത്തുന്ന സംഭാഷണം കാലിക പ്രസക്തിയുള്ളതാണ്. കൊലപാതകം മുതൽ വിചാരണ വിധി വരെ ഈ ചർച്ച നീണ്ടു പോകുന്നുണ്ട്. അവിടെ നിന്നും വീണ്ടും കഥ ഫിക്ഷന്റെ മാനസിക വ്യാപാരങ്ങളിലേക്ക് കടക്കുന്നു. എന്തു തന്നെയായാലും ‘ഇരുൾ’ പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയിൽ നിന്നും മികച്ച ഒരനുഭവത്തെ നിർമ്മിച്ചെടുത്തിട്ടുണ്ട്.
യൂറോപ്യൻ കലാ സിനിമയുടെ ക്രാഫ്റ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ പ്രേക്ഷകന് ഇതൊരു പുതിയ അനുഭവമായിരിക്കും. രാഷ്ട്രീയത്തിനും ഉപരി സിനിമ സ്വീകരിക്കുന്ന പ്രമേയങ്ങൾ, രീതികൾ, കാസ്റ്റിംഗ് എന്നിവയിൽ ഒക്കെ പുതുപുത്തൻ ആശയങ്ങൾ കാണാൻ കഴിയും. ഇവയെല്ലാം പുതിയ അനുഭവങ്ങൾ ആകുന്നതിനും ഒപ്പം പുതുമുഖ സംവിധായകർക്ക് അടക്കം സിനിമയുടെ പുതിയ നിർവചനങ്ങൾ പരിചയപ്പെടുത്തി നൽകുമെന്ന് തീർച്ച.