scorecardresearch
Latest News

Innale Vare Review & Rating: തിളക്കമാർന്ന പ്രകടനവുമായി ആസിഫും നിമിഷയും, ശരാശരി കാഴ്ചാനുഭവം സമ്മാനിച്ച് ‘ഇന്നലെ വരെ’; റിവ്യൂ

Innale Vare Review & Rating: ഹോസ്റ്റേജ് ത്രില്ലർ വിഭാഗത്തിലുള്ള ഈ ചിത്രത്തിൽ ആസിഫിനും നിമിഷയ്ക്കുമൊപ്പം ആന്റണി പെപ്പെയും പ്രധാന കഥാപാത്രമായെത്തുന്നു

RatingRatingRatingRatingRating
Innale Vare Movie Review Rating, Asif Ali, Nimisha Sajayan

Innale Vare Malayalam Movie Review & Rating: ഫീൽ ഗുഡ് പടങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിസ് ജോയുടെ ഒരു വേറിട്ട ചിത്രമാണ് ‘ഇന്നലെ വരെ’. ഹോസ്റ്റേജ് ത്രില്ലർ വിഭാഗത്തിലുള്ള ഈ ചിത്രത്തിൽ ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അഭിനയത്തിന് സംസ്ഥാനപുരസ്കാരങ്ങൾ നേടിയ നടനാണെങ്കിലും കടക്കെണിയിൽ പെട്ട് പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന ഒരു താരമാണ് ആദി ശങ്കർ. അൽപ്പം നെഗറ്റീവ് ഷെയ്ഡിലുള്ള ഒരു കഥാപാത്രമാണ് ആസിഫിന്റെ ആദി. കടങ്ങളും തലയ്ക്കു മുകളിൽ ചില പ്രശ്നങ്ങളുമൊക്കെയായി നിൽക്കുന്ന അയാളുടെ ജീവിതത്തിലേക്ക് ഒരു രാത്രി രണ്ട് അപരിചതർ എത്തുന്നു. അവർ ആദി ശങ്കറിനെ ബന്ധികളാക്കുന്നു, ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ആ അപരിചിതരുടെ വരവ്. അവിടം മുതൽ ചിത്രം പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി തുടങ്ങുകയാണ്.

വാട്സ്​ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള പുതിയ കാലത്തിന്റെ പ്ലാറ്റ്ഫോമുകളും ടെക്നോളജിയുമെല്ലാം വലിയ പ്രാധാന്യത്തോടെ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ തട്ടിപ്പിന്റെയും മറ്റും പശ്ചാത്തലത്തിൽ പറഞ്ഞുപോവുന്ന കഥയ്ക്ക് പുതുമയുണ്ടെങ്കിലും വിശ്വാസയോഗ്യവും സമഗ്രവുമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ തിരക്കഥ പാളുന്നുണ്ട്. ഒരു ഹോസ്റ്റേജ് ത്രില്ലർ ചിത്രത്തിന് ഇണങ്ങുന്ന പരിസരമല്ല ‘ഇന്നലെ വരെ’യിൽ കാണാനാവുക. ബന്ദിയാക്കാനായി തിരഞ്ഞെടുത്ത ലൊക്കേഷൻ ഒറ്റപ്പെട്ടനിലയിൽ ഉള്ളതായിരുന്നുവെങ്കിൽ പ്രേക്ഷകർക്ക് കുറച്ചുകൂടി വിശ്വാസയോഗ്യമായി തോന്നിയേനേ.

പ്രേക്ഷകർക്ക് പ്രവചിക്കാനാവുന്ന ഒരു കഥയാണ് ചിത്രത്തിന്റെ മറ്റൊരു പോരായ്മ. കഥയുടെ സഞ്ചാരം എങ്ങോട്ടാണെന്നത് കൃത്യമായി പ്രവചിക്കാൻ കഴിയുമെന്നതും രസംകൊല്ലിയാവുന്നുണ്ട്. ട്വിസ്റ്റുകളും ടേണുകളുമൊക്കെ ധാരാളമായി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലോടെ പിടിച്ചിരുത്താൻ ചിത്രത്തിനു സാധിക്കുന്നില്ല. ബോബി-സഞ്ജയ് ടീമിന്റെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥ ഒരുക്കിയത്.

ആസിഫിലെ ഇരുത്തം വന്ന നടനെ തെളിഞ്ഞു കാണാവുന്ന ചിത്രമാണ് ‘ഇന്നലെ വരെ’. വളരെ കയ്യടക്കത്തോടെയും പാകതയോടെയും കൂടിയാണ് ആസിഫ് ആദിയെന്ന സൂപ്പർസ്റ്റാറിനെ അവതരിപ്പിച്ചിരിക്കുന്നത്. നിമിഷ സജയനാണ് പെർഫോമൻസിൽ മികവ് പുലർത്തുന്ന മറ്റൊരാൾ. നിമിഷയുടെ വ്യത്യസ്തമായ രണ്ടു മുഖങ്ങൾ ചിത്രത്തിൽ കാണാം. ആസിഫും നിമിഷയും തമ്മിലുള്ള ഫൈറ്റ് സീനും മികവു പുലർത്തുന്നുണ്ട്. ആന്റണി പെപ്പെ, ഡോ. റോണി ഡേവിഡ്, ഇർഷാദ്, റെബ മോണിക്ക ജോൺ, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

റെബ മോണിക്ക ജോൺ ‘ഇന്നലെ വരെ’യിൽ

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചിത്രം മികച്ച നിലവാരം ഉയർത്തുന്നുണ്ട്. കൂടുതലും വീടിനകത്തുള്ള രംഗങ്ങളാണെങ്കിലും ഒരേ വിഷ്വലുകൾ കാണിച്ച് പ്രേക്ഷകരെ മുഷിപ്പിക്കാത്ത രീതിയിലാണ് ബാഹുൽ രമേശ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളർ ടോണും ആകെമൊത്തം ഒരു ഫ്രഷ്നെസ്സ് സമ്മാനിക്കുന്നുണ്ട്. തിരക്കഥയിലെ ചെറിയ പാളിച്ചകൾ ഇടയ്ക്ക് കല്ലുക്കടിയാവുന്നുണ്ടെങ്കിലും വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ശരാശരി ത്രില്ലർ ചിത്രമാണ് ‘ഇന്നലെ വരെ’. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Innale vare movie review rating asif ali nimisha sajayan