Hridayam Pranav Mohanlal Movie Release Review & Rating: ജീവിതത്തിലെ വളരെ സാധാരണമായ സംഭവങ്ങളെ പോലും സംഗീതം കൊണ്ടും ഫ്രെയിമുകളുടെ സൗന്ദര്യാത്മകമായ ഉപയോഗം കൊണ്ടും വികാരനിര്‍ഭരമാക്കാൻ കഴിവുള്ള ഒരു സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ ‘എന്റെ സാറേ അവൾ ആ തട്ടമിട്ടു വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല’ എന്ന് പറയുന്ന രംഗമൊക്കെ ഇപ്പോഴും ഓർമയിൽ നിൽക്കുന്നത് വിനീത് ശ്രീനിവാസന്‍റെ കാല്പനികത തുളുമ്പുന്ന സംവിധായക മികവാണെന്നു തന്നെ പറയേണ്ടി വരും.
‘തിര’ എന്ന ചിത്രമൊഴിച്ചു നിർത്തിയാൽ, വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇത്തരം ‘ഫീൽ ഗുഡ് മൊമെന്റ്‌സ്’ കോർത്തിണക്കിയ, സംഗീതത്തിന്റെ മാധുര്യത്തിൽ ചാലിച്ച, പറഞ്ഞു മടുത്ത കഥകളുടെ പുനരാവിഷ്കരണം മാത്രമാണ്. ‘തട്ടത്തിൻ മറയത്ത്,’ ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം,’ ‘മലർവാടി ആർട്സ് ക്ലബ്’ തുടങ്ങിയവയിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാവുകയും അതിനെ തരണം ചെയ്യുന്നതുമൊക്കെയാണ് പ്രമേയമായി വരുന്നതെങ്കിൽ, ‘ഹൃദയ’ത്തിലേക്കെത്തുമ്പോൾ വിനീതിന്റെ കഥാപാത്രങ്ങൾക്ക് സ്വാഭാവികമായ ഒരു യാത്രയല്ലാതെ, ജീവിതത്തിൽ യാതൊരു പ്രതിസന്ധിയും നേരിടാനില്ലാതെ പോകുന്നുണ്ട്.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്‍റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്. ചിത്രത്തിന്‍റെ പാട്ടുകളും ട്രൈലെറുകളും കാണുമ്പോൾ പ്രേക്ഷകന് ഊഹിക്കാവുന്നതിൽ അപ്പുറം ഒന്നും തന്നെ സിനിമയിൽ ഇല്ല എന്ന് പറയേണ്ടി വരും.
Hridayam Pranav Mohanlal Movie Release Review & Rating
ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോകുന്ന അരുണിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കോളേജ് റാഗിങ്ങും, ആദ്യ കാഴ്ചയിലെ പ്രണയവും, പൊടുന്നനെ സംഭവിക്കുന്ന പ്രണയ നഷ്ടവും അതു കാരണം ഉണ്ടാകുന്ന വികാര വിക്ഷോഭവും, പിന്നീട് ഉണ്ടാകുന്ന സ്വയം തിരിച്ചറിവുമൊക്കെയാണ് ആദ്യ പകുതിയെങ്കിൽ, രണ്ടാം പകുതി കോളേജ് ജീവിതം കഴിഞ്ഞ കഥനായകൻ ജീവിതത്തിൽ തന്‍റെ വഴി കണ്ടെത്തുന്നതും, വീണ്ടും ഒരു പ്രണയം കണ്ടെത്തുന്നതും, വിവാഹം കഴിച്ച് കുട്ടികളുണ്ടാകുന്നതുമൊക്കെയാണ്.
കലാലയ ജീവിതത്തിൽ അരുണിന്റെ കാമുകിയായി ദർശന രാജേന്ദ്രൻ എത്തുന്നുവെങ്കിൽ, രണ്ടാം പകുതിയിൽ അരുണിന്റെ കാമുകിയായി കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന നിത്യ എന്ന കഥാപാത്രമാണ്.
സ്ഥിരം കണ്ടു മടുത്ത ആദ്യ കാഴ്ച പ്രണയവും, ക്യാമ്പസ് ജീവിതവും, വരേണ്യ-വർഗ കുടുംബ പശ്ചാത്തലങ്ങളുമെല്ലാം തന്നെയാണ് സംഗീതവും സന്തോഷവും ചാലിച്ച് വിനീത് വീണ്ടും അവതരിപ്പിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ, രജീഷാ വിജയൻ കേന്ദ്രകഥാപാത്രമായി എത്തിയ ‘ജൂൺ’ എന്ന ചിത്രത്തിന് സമാനമായാണ് ‘ഹൃദയ’ത്തിന്റെയും ഒഴുക്കും ഭാവവും. കോളേജിലെ സെൽവൻ എന്ന കഥാപാത്രവും കുറച്ച തമിഴ് സുഹൃത്തുക്കളുടെയും കൂടെ കൂടി അരുൺ നേടുന്ന മാറ്റങ്ങളാണ് കുറച്ചെങ്കിലും ചിത്രത്തിൽ വ്യത്യസ്തമായി തോന്നിയത്.
പ്രണവ് എന്ന നടനു പ്രത്യേകിച്ചു വെല്ലുവിളികളൊന്നും നല്കാനാവാത്ത കഥാപാത്രമാണ് അരുൺ എന്ന് പറയേണ്ടി വരും. മൃദു ഭാഷിയായ, നാണം കുണുങ്ങിയായ അരുൺ എന്ന കഥാപാത്രം പ്രണവിന്‍റെ സേഫ് സോണിൽ നിൽക്കുന്ന കഥാപാത്രം മാത്രമായി പോകുന്നുണ്ട് . കല്യാണിയുടെ കഥാപാത്രവും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കണ്ടത് പോലെയുള്ള, കുട്ടിത്തമൊക്കെ തോന്നുന്ന, എനെർജിറ്റിക്കായ കഥാപാത്രമാണ്. ദർശന എന്ന കഥാപാത്രമാണ് അൽപ്പമെങ്കിലും വേറിട്ട് നിന്നതായി തോന്നിയത്. വളരെ വികാര തീവ്രമായ രംഗങ്ങൾ പോലും കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ ദർശനക്കു സാധിച്ചിട്ടുണ്ട്. അരുണിന്റെ അച്ഛനായി ചിത്രത്തിൽ എത്തുന്ന വിജയരാഘവൻ ചിത്രത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലും, മകന്റെ മനസ്സ് അറിഞ്ഞു അവനെ കെട്ടിപിടിക്കുന്ന ഒരു രംഗം മാത്രം മതി വിജയരാഘവൻ എന്ന നടന്‍റെ റേഞ്ച് മനസിലാക്കാൻ.
ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്‍റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ് . സന്ദര്‍ഭത്തിനനുസരിച്ചുള്ള സംഗീതം ചിത്രത്തിന്‍റെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട് . വിശ്വജിത് ഒടുക്കത്തിലാണ് ഛായാഗ്രാഹകൻ. എഡിറ്റർ – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്.
Read Here: Bhoothakalam Movie Review: സൈക്കോളജിക്കൽ ഡ്രാമയായി തുടങ്ങി ഗംഭീര ഹൊറർ ത്രില്ലറായി മാറുന്ന ചിത്രം; ‘ഭൂതകാലം’ റിവ്യൂ