Home Movie Review: ഇന്ദ്രജാലവുമായി ഇന്ദ്രൻസ്; ‘ഹോം’ റിവ്യൂ

Home Review: ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല

home movie review, home review, onam, watch home online, amazon prime video, watch malayalam movie amazon prime video, indrans, Sreenath Bhasi, ഹോം സിനിമ റിവ്യൂ, ഇന്ദ്രൻസ്

Home Movie Review & Rating: നമ്മളിൽ പലരുടെയും ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ കാണും, ഹോം എന്ന് സേവ് ചെയ്തിരിക്കുന്ന ഒരു നമ്പർ. ചിലപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുമ്പോൾ, ചങ്ങാതിമാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാവും ഫോണിന്റെ സ്ക്രീനിൽ ‘ഹോം കാളിങ്ങ്…’ എന്ന് തെളിഞ്ഞുവരിക. രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ, ‘തിരിച്ചുവിളിക്കാമല്ലോ’ എന്ന് മനസ്സിലോർത്ത് നമ്മൾ ചിലപ്പോൾ ആ കോൾ സൈലന്റിലിടുകയോ കട്ട് ചെയ്യുകയോ ചെയ്തേക്കാം. പ്രത്യേക പരിഗണനയൊന്നും ആവശ്യമില്ലാതെ, ‘ടേക്കൺ ഫോർ ഗ്രാന്റഡായി’ പലരും ജീവിതത്തിലേക്ക് എടുത്ത ഒരു വാക്കാണ് ‘ഹോം’ എന്നത്. ആ വാക്ക് മാത്രമല്ല, വീടെന്ന വികാരവും നമ്മളിൽ പലർക്കും ‘ടേക്കൺ ഫോർ ഗ്രാന്റഡായ’​ ഒരിടമാണ്.

അത്തരമൊരു വീടിന്റെ, ഏതാനും മനുഷ്യരുടെ കഥയാണ് ‘ഹോം’ എന്ന ചിത്രത്തിലൂടെ സംവിധായകൻ റോജിൻ തോമസ് പറയുന്നത്. സ്മാർട്ട് ഫോൺ സ്ക്രീനിൽ നിന്നും തല ഉയർത്തി നോക്കിയാൽ ചിലപ്പോൾ നമ്മുടെ വീട്ടിലോ നമ്മുടെ ജീവിതത്തിലോ കണ്ടെത്താവുന്ന മുഖങ്ങൾ, ഇത് ഞാൻ തന്നെയല്ലേ എന്നു തോന്നിപ്പിക്കുന്ന നമുക്കേറെ പരിചിതമായ ജീവിതമുഹൂർത്തങ്ങൾ.

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ‘ഹോമി’ലെ നായകനായ ഒലിവർ ട്വിസ്റ്റ്. തന്റെ പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയ്ക്കും മക്കളായ ആന്റണിയ്ക്കും ചാൾസിനുമൊപ്പമാണ് അയാളുടെ ജീവിതം. ആ വീടും കുട്ടിക്കാലം മുതൽ കൂടെയുള്ള തന്റെ ചങ്ങാതി സൂര്യനും മാത്രമാണ് അയാളുടെ ലോകം. ഇംഗ്ലീഷ് ക്ലാസിക് സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരുടെ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഒരു അപ്പന്റെ മകനാണ് ഒലിവർ. താൻ വായിച്ച പുസ്തകങ്ങളിൽ നിന്നും അയാൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ അയാൾ മക്കൾക്ക് നൽകി. അച്ഛന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന ആ പേരല്ലാതെ, യാതൊരുവിധ അസാധാരണത്വവും ഒലിവർ ട്വിസ്റ്റ് എന്ന മനുഷ്യനില്ല.

തന്റെ മക്കളോട് സംസാരിക്കാനായി ആ അച്ഛനൊരുപാട് വിശേഷങ്ങളുണ്ട്. പക്ഷേ ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും ലോകത്ത് ജീവിക്കുന്ന മക്കളെ സംബന്ധിച്ച് പഴഞ്ചൻ തലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് അയാൾ. മക്കളുടെ ലോകത്തേക്കോ അവരുടെ ഇഷ്ടങ്ങളിലേക്കോ പുത്തൻ ടെക്നോളജിയുടെ ലോകത്തേക്കോ കടന്നു ചെല്ലാനാവാതെ ഉഴലുകയാണ് ഒലിവർ എന്ന അച്ഛൻ.

ഇന്ദ്രൻസിലെ നടന്റെ ഇന്ദ്രജാലപ്രകടനമാണ് ഹോമിൽ കാണാനാവുക. മക്കളിൽ നിന്നും വേണ്ടത്ര സ്നേഹമോ ആദരവോ പരിഗണനയോ കിട്ടാതെ, അവഗണനകളേറ്റുവാങ്ങുന്ന ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ തികഞ്ഞ കയ്യടക്കത്തോടെയും അങ്ങേയറ്റം ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ഒലിവറിന്റെ ചെറുമൗനങ്ങളും കണ്ണിലെ നിസ്സഹായതയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രീതിയിലാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുകയാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.

പെർഫെക്റ്റ് കാസ്റ്റിംഗ് ആണ് സംവിധായകൻ ചിത്രത്തിനായി നടത്തിയിരിക്കുന്നത്. കുട്ടിയമ്മയായി എത്തിയ മഞ്ജുപിള്ള, ഒലിവർ ട്വിസ്റ്റിന്റെ മക്കളായ ആന്റണി- ചാൾസ് എന്നിവരെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസി, നസ്ലെൻ കെ ഗഫൂർ എന്നിവരെല്ലാം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്. ഒലിവർ ട്വിസ്റ്റിന്റെ കൂട്ടുകാരനായി എത്തുന്ന ജോണി ആന്റണിയും ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്.

Read Here: ‘ഹോം’ പിറന്നത് അച്ഛന്റെ ചോദ്യത്തിൽ നിന്നും; സംവിധായകൻ പറയുന്നു

ഒരു പുഴ പോലെ ഇടയ്ക്ക് തട്ടിയും തടഞ്ഞും ഒഴുകുന്ന ഒലിവർ ട്വിസ്റ്റിന്റെ ജീവിതക്കാഴ്ചയെ മനോഹരമാക്കുന്നതിൽ നീൽ ഡി കുഞ്ഞയുടെ ക്യാമറയ്ക്ക് നല്ലൊരു പങ്കുണ്ട്. രാഹുൽ സുബ്രഹ്മണ്യന്റെ പശ്ചാത്തലസംഗീതവും മികച്ചുനിൽക്കുന്നു.

ആരെയും വില്ലനാക്കുന്നില്ല ‘ഹോം’, നന്മമരങ്ങൾ എന്നോ പൂർണർ എന്നോ വിശേഷിപ്പിക്കാവുന്ന മനുഷ്യരും ഹോമിൽ ഇല്ല. അപൂർണതകളുള്ള ഒരു കൂട്ടം പച്ചയായ മനുഷ്യരെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ടെക്നോളജിയും സ്മാർട്ട് ഫോണുമെല്ലാം അകലെയുള്ളവരെ അടുത്തെത്തിക്കുമ്പോൾ അതിനൊപ്പം തന്നെ ഇവയുടെ അതിപ്രസരം കുടുംബബന്ധങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് ‘ഹോം’ കാണിച്ചു തരുന്നു.

ഒരു സിനിമ എന്ന രീതിയിൽ നോക്കുമ്പോൾ ഒഴിവാക്കാമായിരുന്ന ഒരുപാട് പോരായ്മകൾ ‘ഹോം’ എന്ന കുഞ്ഞുചിത്രത്തിലും ചൂണ്ടികാണിക്കാനാവും. ചിത്രത്തിലെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സും അതിവൈകാരികതയും ലാഗിങ്ങുമൊക്കെ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ പോരായ്മകൾ മാറ്റിനിർത്തിയാലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഹോം. ഒരു 360 ഡിഗ്രിയിൽ നിന്നും സ്വന്തം ജീവിതത്തിലേക്ക് കണ്ണോടിക്കുവാൻ, ആരെയും കാത്തുനിൽക്കാതെ കാലചക്രം ഓടികൊണ്ടിരിക്കുമ്പോൾ, വേഗതയുടെയും മത്സരങ്ങളുടെയും ഈ ലോകത്ത് എന്താണ് ഓരോരുത്തരും നഷ്ടപ്പെടുത്തുന്നത് എന്ന് ഓർമ്മിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുന്നുണ്ട്. അതുതന്നെയാണ്, ‘ഹോമി’ന്റെ പ്രസക്തി.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Home malayalam movie review rating indrans

Next Story
Kuruthi Review: ധീരമായ പരീക്ഷണം; കുരുതി റിവ്യൂKuruthi, Kuruthi amazon prime, Kuruthi release time, Kuruthi review, Kuruthi movie review, Kuruthi Malayalam movie review, Kuruthi movie download, Kuruthi, Kuruthi Release, Kuruthi review, Kuruthi rating, Kuruthi malayalam movie review, Kuruthi movie review, Kuruthi film review, Kuruthi full movie download, Kuruthi watch online, Kuruthi telegram, Kuruthi malayalam movie download, Kuruthi movie free download, Kuruthi Review, Kuruthi Rating, Kuruthi Malayalam Movie Review, മാലിക്, മാലിക് റിവ്യൂ, Prithviraj, Kuruthi Amazon prime , Prithviraj Kuruthi release, Prithviraj ott release, കുരുതി, കുരുതി റിലീസ്, കുരുതി റിവ്യൂ, പൃഥ്വിരാജ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ
The moderation of comments is automated and not cleared manually by malayalam.indianexpress.com