Hey Sinamika Movie Review & Rating: പ്രശസ്ത തെന്നിന്ത്യൻ നൃത്തസംവിധായിക ബൃന്ദ മാസ്റ്ററിന്റെ കന്നി സംവിധാനസംരംഭമാണ് ‘ഹേ സിനാമിക’. മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ, കാജൾ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന ചിത്രത്തിലെ ‘ഏയ് സിനാമിക’ എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഹേയ് സിനാമിക’ എന്ന ടൈറ്റിൽ.’ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം റിലീസ് ചെയ്യുന്ന ദുല്‍ഖറിന്റെ തമിഴ് ചിത്രം കൂടിയാണ് ‘ഹേ സിനാമിക.’
ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാതന്തു അല്പം കോമ്പ്ലെക്സ് ആണ്. സ്നേഹസമ്പന്നനും ആദര്ശയോഗ്യനുമായ ഭർത്താവിന്റെ നിരന്തരമായ ശ്രദ്ധയിലും കരുതലിലും ശ്വാസംമുട്ടുന്ന ഭാര്യ, വിവാഹമോചനം നേടുന്നതിനുള്ള കാരണം കണ്ടെത്താനായി ഒരു സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഈ സന്ദർഭത്തിൽ നിന്ന് ഉരുത്തിരിയുന്ന സങ്കീര്‍ണ്ണതകളാണ് സിനിമയുടെ ഗതി നിയന്ത്രിക്കുന്ന രണ്ടാം ഭാഗം.

Hey Sinamika Movie Review & Rating
നാടകീയത നിറഞ്ഞ സംഭവവികാസങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. കൊച്ചിയിൽ ഒരു ബീച്ച്സൈഡ് റെസ്റ്റോറന്റാണ് പശ്ചാത്തലം. യാഴൻ (ദുൽഖർ സൽമാൻ) ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. അവിടെ വച്ച് യാദൃശ്ചികമായി മൗനയെ (അദിതി റാവു ഹൈദരി) കണ്ടുമുട്ടുന്നു. പ്രഥമദര്‍ശനത്തില്‍ തന്നെ പരസ്പരം ആകൃഷ്ടരാകുന്നു. പെട്ടെന്നുണ്ടാകുന്ന ഒരു കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ അവർ പരിചയപ്പെടുന്നു. കേരളത്തിലെ ചില ഇഷ്ട വിഭവങ്ങൾ പഠിക്കാനെത്തിയ യാഴനും പാലിയോ ടെംപെസ്റ്റോളജി വിദഗ്ധയുമായ (Paleotempestologist)മൗനയും വേഗം അടുക്കുകയും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു. സിനിമ തുടങ്ങി ആദ്യത്തെ പതിനഞ്ച് മിനിട്ടിനുള്ളിൽ അവർ വിവാഹിതരാകുന്നു.
രണ്ടു വർഷം പിന്നിടുമ്പോൾ, മൗന തന്റെ വിവാഹത്തിൽ തൃപ്തിയല്ല എന്ന് നാം അറിയുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അതിരില്ലാതെ വർത്തമാനം പറയാൻ ഇഷ്ടപ്പെടുന്ന ഒരു സംഭാഷണ പ്രിയനാണ് യാഴൻ. വീട്ട് ജോലികൾ ചെയ്യാനും, ഭക്ഷണം പാചകം ചെയ്യാനും, വിളമ്പാനും, പുതിയ കാര്യങ്ങൽ പഠിക്കാനും എല്ലാം ഇഷ്ടപ്പെടുന്ന ഒരു എക്സ്ട്രോവേർട്ട് കഥാപാത്രമാണ് യാഴന്റെത്. എന്നാൽ മൗന തന്റെ ‘house husband’ന്റെ വാചാലതയെയും പരിപാലനത്തെയും മറ്റ് സ്വഭാവസവിശേഷതകളെയും വീര്‍പ്പുമുട്ടിക്കുന്ന സ്വഭാവങ്ങളായാണ് കാണുന്നത്. ഇത് യാഴനെ എങ്ങനെ അറിയിക്കണമെന്നും അവൾക്ക് അറിയില്ല.
സാമ്യങ്ങളേക്കാൾ വ്യത്യസ്തതകളാണ് തങ്ങൾക്കിടയിൽ കൂടുതലുള്ളതെന്ന് ബോധ്യം ഉണ്ടാകുന്ന മൗന relationship psychologist ആയ മലർവിഴിയെ (കാജല്‍ അഗര്‍വാൾ) സമീപിക്കുന്നു. യാഴനുമായി അടുത്തിടപഴകാൻ മലർവിഴിയോട് മൗന ആവശ്യപ്പെടുന്നു. സ്നേഹമുള്ള പങ്കാളി ആണെങ്കിൽ കൂടിയും വിവാഹ മോചനം നേടാനായി മൗന മെനയുന്ന കുടില തന്ത്രങ്ങളും അതിൽ നിന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിതത്തിന്റെ ബാക്കി.
ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകളും, തെറ്റിദ്ധാരണകളും എങ്ങനെ വിവാഹത്തെ ബാധിക്കുന്നു എന്ന് സിനിമ പറയുന്നുണ്ട്. പുരുഷന്മാർക്ക് മേൽ സമൂഹം ചുമത്തുന്ന പ്രോട്ടോടൈപ്പ് റോളുകൾക്ക് വിരുദ്ധമായി യാഴൻ പെരുമാറുമ്പോൾ അതിനെ മൗന വിമർശിക്കുന്നതായി കാണാം. മൗനയുടെ ആഖ്യാനങ്ങളുമായി പ്രേക്ഷകർക്ക് കണക്റ്റു ചെയ്യാനുള്ള വ്യക്തതയോ അടിസ്ഥാന വികാരങ്ങളോ ചിത്രം മുന്നോട്ട് വയ്ക്കുന്നില്ല. വിവാഹശേഷവും സ്വന്തം ഐഡന്റിറ്റി നിലനിർത്തുന്നതിലും പങ്കാളിയെ മനസ്സിലാക്കുന്നതിലൂടെയുമാണ് കുടുംബ ബന്ധത്തിലെ സന്തോഷം നിലനില്‍ക്കുന്നത് എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു.
സാധാരണയായി കണ്ടു വരുന്ന റോം-കോം സിനിമകൾ വിവാഹത്തിന് മുൻപുള്ള പ്രണയ കാലത്തെ കേന്ദ്രീകരിക്കുമ്പോൾ, ‘ഹേ സിനാമിക’ വിവാഹത്തിനു ശേഷമുള്ള പ്രതിസന്ധികളും സങ്കീർണതകളും വിശകലനം ചെയ്യുന്നു. മദന്‍ കര്‍ക്കിയുടെ തിരക്കഥയും, കഥാപരിസര – കഥാപാത്ര നിര്‍മ്മിതിയും നിരാശപ്പെടുത്തുന്നതാണ്. പ്രധാന കഥാപാത്രങ്ങൾ ഒഴികെയുള്ള മറ്റു കഥാപാത്രങ്ങളെല്ലാം മുഖ്യ കഥാപാത്രങ്ങളുടെ സാമൂഹിക പശ്ചത്തലവുമായി ബന്ധപ്പെടുത്താൻ മാത്രം വിനിയോഗിച്ചിരിക്കുകയാണ്.
ദുൽഖർ അവതരിപ്പിച്ച യാഴന്റെ സ്വാഭാവവും, കഥാപാത്രത്തിന്റെ മാനറിസങ്ങളും, സംസരരീതിയും എല്ലാം എടുത്തു പറയേണ്ടതാണ്. എവിടെയൊക്കെയോ ‘ചാർളി’ സിനിമയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം ആണ് ദുല്‍ഖറിന്റെത്. ഒരു പോസിറ്റിവ് വൈബ് നൽകുന്ന, ആരും ഇഷ്ടപ്പെടുന്ന കഥാപാത്രം. അദിതി റാവു ഹൈദരിയും കാജല്‍ അഗർവാളും കൈയ്യടത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
സിനിമകോമഡി രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് എങ്കിലും അതിൽ ചിലത് മാത്രമേ കൃത്യമായി ഫലിക്കുന്നുള്ളൂ. യാഴന്റെ സംസാരം സഹിക്കാൻ പറ്റാത്തതാണ് എന്ന് തെളിയിക്കുന്ന രംഗങ്ങളും, യാഴൻ വേണ്ടക്കയുമായി സംസാരിക്കുന്നതും എല്ലാം ചിരിയുണർത്തുന്നതാണ്. യോഗി ബാബുവിന്റെ രംഗങ്ങൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഗോവിന്ദ് വസന്ദയുടെ സംഗീതവും പ്രീത ജയരാമന്റെ കൊറിയോഗ്രാഫിയും മികച്ചതായിരുന്നു. അതാണ് ചിത്രത്തിന്റെ സെല്ലിംഗ് പോയിന്റ് ആണ് എന്ന് വേണമെങ്കില്‍ പറയാം. ‘അച്ചമില്ലൈ,’ ‘സിറഗൈ,’ ‘തോഴി,’ ‘മേഘം’ എന്നീ ഗാനങ്ങൾ എന്നിങ്ങനെ ഗാനങ്ങള്‍ എല്ലാം ഇമ്പമുള്ളവയും സിനിമയോട് ചേര്‍ന്ന് നില്ക്കുന്നവയുമാണ്. ‘സിറഗൈ’ എന്ന ഗാനം ബാജിറാവു മസ്താനിയിലെ ‘പിംഗ’ എന്ന ഗാനത്തെ ഓര്‍മ്മിപ്പിച്ചു. ചിത്രത്തിന്റെ സിനിമാറ്റോഗ്രഫിയും പ്രൊഡക്ഷന്‍ ഡിസൈനും മികച്ചതായിരുന്നു.
ലോജിക്കിനെ പടിക്കു പുറത്ത് നിർത്തിയാൽ ഈ ‘ത്രികോണ റൊമാന്റിക് കോമഡി’ നിങ്ങൾക്ക് ആസ്വദിക്കാനാവും.