Suraj Venjaramood Heaven Movie Review & Rating: കുറ്റാന്വേഷണ ചിത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ കാണാം അടുത്ത കാലത്തായി മലയാള സിനിമയിൽ. പ്രേക്ഷകനെ ആകാംക്ഷയുടെ നൂൽപ്പാലത്തിലൂടെ നടത്തിച്ചിട്ടൊടുവിൽ കുറ്റവാളിയെ കണ്ടെത്തുന്ന ഘടനയാണ് കുറ്റാന്വേഷണ, ത്രില്ലർ ചിത്രങ്ങളെ കണ്ടിരിക്കാവുന്നവയാക്കി മാറ്റുന്നത്.
മിക്കവാറും ഒരു കൊലപാതകവും അത് സംബന്ധിച്ച അന്വേഷണവും, സമർത്ഥമായ കൊലപാതക രീതിയും, തെളിവുകളുടെ അഭാവവും, ഒടുവിൽ അപ്രതീക്ഷിതമായ കുറ്റവാളിയെയും, കുറ്റവുമായി ബന്ധിപ്പിക്കുന്ന ആകസ്മികമായ ഒരു കണ്ണിയുമെല്ലാം ഇത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ്. കുറ്റാന്വേഷണ ചിത്രങ്ങളുടെയെല്ലാം പൊതുഘടകമായി ഒരു കുറ്റവാളിയും, കുറ്റകൃത്യത്തിന് പ്രചോദനമായ വികാരവുമെല്ലാം വേണ്ടതുണ്ട്. അതോടൊപ്പം തന്നെ അത് അന്വേഷിക്കുന്ന അന്വേഷണ. ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ വ്യക്തിയുടെ മാനസിക സമ്മർദ്ദം, കുറ്റവാളിയെ കുറ്റവുമായി ബന്ധപ്പിക്കുന്ന ഒരു ഭൂതകാലം, കാണികളെ തെറ്റിദ്ധരിപ്പിക്കാനും, സിനിമയ്ക്കു പ്രവചനാതീത സ്വഭാവം കൈവരിക്കാനും ഉൾപ്പെടുത്തുന്ന ചില സംശയാസ്പദ കഥാപാത്രങ്ങൾ എന്നിവയും ഇത്തരം ചിത്രങ്ങളിൽ പൊതുവായി കാണാം. സൂരജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ഹെവൻ’ എന്ന ചിത്രവും മലയാള സിനിമയിലെ കുറ്റാന്വേഷണ ചിത്രങ്ങളിലെ ഈ പതിവ് മാതൃകകളെല്ലാം പിന്തുടർന്ന് പോകുന്നുണ്ട്.
ഫോറെസ്റ്റ് റേഞ്ചിലേക്ക് ട്രെയിനിംഗിനായി പോകുന്ന ഒരു കൂട്ടം ട്രെയിനികളിൽ നിന്നാണ് ചിത്രത്തിന്റെ ആദ്യ ഷോട്ട് ആരംഭിക്കുന്നത്. ഗണപതിക്ക് തേങ്ങ ഒടച്ചിട്ട് ഒരു കാര്യത്തിന് ഇറങ്ങുന്നത് പോലെ, മലയാള സിനിമയുടെ തുടക്കത്തിൽ ഇപ്പോൾ ചുരം കേറുന്ന ഒരു വണ്ടിയുടെ ഏരിയൽ ഷോട്ട് കൂടിയേ തീരൂ എന്ന അവസ്ഥയിലായിട്ടുണ്ട്. ‘ഹെവനും’ ആ പതിവ് തെറ്റിക്കുന്നില്ല. ട്രെയിനികളുടെ വാൻ കാട് കേറുന്ന ഏരിയൽ ഷോട്ടിലൂടെ തുടങ്ങുന്ന ചിത്രം, അവിടെ രണ്ടു പേർ തമ്മിൽ ഉണ്ടാകുന്ന ഒരു പ്രണയമൊക്കെ കാണിക്കുന്നുണ്ട്. പക്ഷേ ഇതിന് ചിത്രവുമായി ബന്ധവുമില്ല എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കും.
അതിലൊരാൾ എന്തോ ഒരു കാഴ്ച കണ്ട ഞെട്ടുന്നടുത്ത് നിന്ന് ചിത്രം തുടങ്ങുന്നു. തുടർന്ന് ജീർണിച്ച ഒരു ശവശരീരം പോലീസ് കണ്ടെത്തുന്ന രംഗങ്ങളിലേക്കാണ് ചിത്രം പോകുന്നത്. കേസ് അന്വേഷിക്കാൻ സുദേവ് നായർ അവതരിപ്പിക്കുന്ന ബിജോയ് എന്ന പോലീസ് കഥാപാത്രം എത്തുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രതിയെ കണ്ടെത്തുകയും ചെയുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തുന്ന ബിജോയ് ചെന്നെത്തുന്നത് പീറ്റർ എന്ന, സുരാജ് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിലാണ്.
തുടർന്ന് ചിത്രത്തിന്റെ ടൈറ്റിൽ എഴുതി കാണിക്കുകയും, പീറ്ററിന്റെ ജീവിതത്തിലേക്ക് ചിത്രം നീങ്ങുകയും ചെയുന്നു. കാളിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ, വിഭാര്യനായ പീറ്റർ തന്റെ മകനോടും അമ്മയോടുമൊപ്പമാണ് ജീവിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു സാധാരണ ദിവസത്തിൽ ഒരു വീട്ടിൽ കൊലപാതകം നടന്നു എന്നറിഞ്ഞു അന്വേഷിക്കാനെത്തുന്ന പീറ്റർ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ തന്റെ മകനെയും കാണാൻ ഇടയാകുന്നു. തുടർന്ന് പീറ്റർ കൊലയാളിക്കായി സ്വന്തമായി അന്വേഷണം നടത്തുന്നു. അന്വേഷണം പലരിലേക്കും നീളുന്നു, ഒടുവിൽ പ്രതീക്ഷിക്കുന്ന പോലെ ഒരു പ്രതികാര നീതി നടത്തുന്ന പീറ്റർ, ‘ദൃശ്യം’ സിനിമയുടെ രണ്ടാം ഭാഗത്തെ ഓർമിപ്പിക്കുന്ന രീതിയിൽ നിയമത്തിൽ നിന്നും രക്ഷ നേടാനുള്ള ബുദ്ധിയും കാണിക്കുന്നുണ്ട്.
അടുത്ത കാലത്തിറങ്ങിയ പല ത്രില്ലർ സിനിമകളുടെയും പല ഭാഗങ്ങൾ എടുത്തു വെച്ചുണ്ടാക്കിയ ഒരു ചിത്രം പോലെ ‘ഹെവൻ’ അനുഭവപ്പെട്ടേക്കാം, അത് ഈ ചിത്രത്തിന്റെ കുറ്റമല്ല. കുറ്റാന്വേഷണ ചിത്രങ്ങളിൽ പുതുമ കണ്ടെത്തുക എന്നുള്ള ദൗത്യം അത്തരം സിനിമകളുടെ പ്രേക്ഷകപ്രീതി കണ്ടു അതിലേക്ക് തിരിയുന്ന കഥാകൃത്തുക്കൾക്കും, സംവിധായകർക്കും വലിയ വെല്ലുവിളി തന്നെയാണ്. ട്വിസ്റ്റുകൾ നിസ്സംഗമായി കണ്ടിരിക്കേണ്ടി വരുന്ന പ്രേക്ഷക സമൂഹത്തിനു മുന്നിൽ ഇനിയും കുറ്റാന്വേഷണവുമായി വരുമ്പോൾ സംവിധായകർ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരും.

മേൽ പറഞ്ഞ പോലെ ആവർത്തന വിരസമായി തുടങ്ങിയ കുറ്റാന്വേഷണ കഥാപശ്ചാത്തലവും, പശ്ചാത്തല സംഗീതത്തിൽ പലപ്പോഴായി കടന്നു വരുന്ന അസഹനീയമായ നാടകീയതയും ഒഴിച്ചാൽ കണ്ടിരിക്കാൻ സാധിക്കുന്ന ചിത്രം തന്നെയാണ് ‘ഹെവൻ.’ ചിത്രത്തിന്റെ തുടക്കത്തിൽ സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം നടത്തുന്ന അന്വേഷണ ഭാഗങ്ങളിലെ സംവിധാനവും മികവ് പുലർത്തുന്നുണ്ട്. ‘പത്താം വളവ്,’ ‘ജന ഗണ മന’ തുടങ്ങിയ ചിത്രങ്ങളിൽ സുരാജ് ചെയ്ത കഥാപാത്രങ്ങളുടെ കോമ്പിനേഷൻ തന്നെയായിരുന്നു ‘ഹെവനിൽ’ അദ്ദേഹം അവതരിപ്പിക്കുന്ന പീറ്റർ എന്ന പൊലീസ് കഥാപാത്രം. തന്റെ മകന്റെ ശവശരീരത്തിന് മുന്നിൽ ഇടറി നിൽക്കുന്ന സുരാജിന്റെ കാഴ്ച പെട്ടെന്ന് മറക്കാനാവുന്നതല്ല. ജാഫർ ഇടുക്കിയുടെ സ്റ്റീഫൻ എന്ന ക്രിമിനൽ കഥാപാത്രവും മികച്ചു നിന്നു. പൈശാചികത തുളുമ്പുന്ന ഒരു ചിരിയോടെ ‘ഞാനാ കൊന്നത്’ എന്ന് പറയുന്ന ജാഫർ ഇടുക്കിയുടെ കഥാപാത്രം ചെറുതായെങ്കിലും നിങ്ങളെ ഭയപ്പെടുത്തും. സുധീഷ്, അലൻസിയർ, അഭിജ ശിവകല തുടങ്ങിയവരും അവരുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സുരാജ് ചെയ്ത പീറ്റർ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയ വിനയ പ്രസാദിന് കാര്യമായി ഒന്നും ചെയാനുണ്ടായിരുന്നില്ല.
ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം പഴകിയതും അതിവൈകാരികവും, നാടകീയവുമായി തോന്നി. അത്, പല അവസരങ്ങളിലും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു. എന്നാൽ, വിനോദ് ഇളംപള്ളിയുടെ ദൃശ്യങ്ങൾ ചിത്രത്തെ ഭേദപ്പെട്ട അനുഭവമാക്കുന്നുണ്ട്.
Read Here: Vaashi Movie Review: വീറോടെ ടൊവിനോയും കീർത്തിയും, ശരാശരി കാഴ്ചാനുഭവം സമ്മാനിച്ച് ‘വാശി’; റിവ്യൂ