Happy Sardar Movie Review: ഇന്ത്യ എന്ന ആശയം പല വിശ്വാസങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും ചേര്‍ന്ന ഒന്നാണെന്നും നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ അടിത്തറയെന്നും പറയാനായി വര്‍ഷങ്ങളായി ബോളിവുഡിലും മലയാള സിനിമയിലും കണ്ടു മടുത്ത സാഹചര്യങ്ങളും തമാശകളും ചേര്‍ത്ത് ഒരുക്കിയ തട്ടുപൊളിപ്പന്‍ ചിത്രം. ‘ഹാപ്പി സര്‍ദാർ’ എന്ന ചിത്രത്തെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കാളിദാസ് ജയറാമിനെ നായകനാക്കി സുദിപ് ജോഷി-ഗീതിക ദമ്പതികള്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ദിഖ്, മെറിന്‍ ഫിലിപ്പ്, ശ്രീനാഥ് ഭാസി, മാലാ പാര്‍വതി, സിദ്ധി മഹാജന്‍കട്ടി, ജാവേദ് ജഫ്റി എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജോയ്സി കൊച്ചറ (സിദ്ദിഖ്) എന്ന കോട്ടയം സുറിയാനി ക്രിസ്തിയാനിയുടെ നാലു പെണ്‍മക്കളില്‍ മൂന്നു പേരും അന്യമതത്തില്‍പ്പെട്ട പുരുഷന്മാരെയാണു വിവാഹം ചെയ്തത്. പള്ളി ഇടവകയുടെ സമ്മര്‍ദത്തിനു വഴങ്ങി തന്റെ നാലാമത്തെ പെണ്‍കുട്ടിയെ സുറിയാനി ക്രിസ്തിയാനിയെ കൊണ്ടേ വിവാഹം കഴിപ്പിക്കൂയെന്നു ജോയ്സിക്കു ശപഥം ചെയ്യേണ്ടി വരുന്നു. പഞ്ചാബിലെ പ്രബലനായ രാഷ്ട്രീയനേതാവായ ഇന്ദ്രപാല്‍ സിങ്ങിന്റെ മകനായ ഹാപ്പി സിങ്ങായാണു കാളിദാസ് ജയറാം ചിത്രത്തില്‍ എത്തുന്നത്.

Happy Sardar Movie Review: ഇന്ദ്രപാല്‍ സിങ്ങിന്റെ ഭാര്യ (പ്രവീണ) മലയാളിയാണ്. അതിനാല്‍ ഹാപ്പി സിങ് പാതി മലയാളിയാണ്. പച്ചവെള്ളം പോലെ മലയാളം സംസാരിക്കുകയും ചെയ്യും. സ്വാഭാവികം. ഹാപ്പിയുടെ സുഹൃത്തായ സഫര്‍ (ശ്രീനാഥ് ഭാസി) ഇന്ദ്രപാല്‍ സിങ്ങിന്റെ ശത്രുവായ മറ്റൊരു പഞ്ചാബി നേതാവിന്റെ മകള്‍ പമ്മു (സിദ്ധി മഹാജന്‍കട്ടി) വുമായി പ്രണയത്തിലാണ്. പമ്മുവിന്റെ സുഹൃത്താണു ജോയ്സിയുടെ നാലാമത്തെ പുത്രിയായ മേരി (മെറിന്‍ ഫിലിപ്പ്). ഹാപ്പിക്ക് മേരിയോടു സ്‌നേഹമാണെങ്കിലും തന്റെ അച്ഛനെ ഓര്‍ത്ത് മേരി ആ ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

പമ്മുവിന്റെ വിവാഹം ഉറപ്പിക്കുന്ന സാഹചര്യത്തില്‍ പമ്മുവിനെയും സഫറിനെയും കേരളത്തിലേക്ക് ഒളിച്ചോടാന്‍ മേരിയും ഹാപ്പിയും സഹായിക്കുന്നു. ഇതിനിടിയില്‍ മേരിക്കു ഹാപ്പിയോടു ഇഷ്ടം തോന്നുന്നു. പിന്നെ നടക്കുന്നതൊക്കെ ഈ സിനിമയില്‍ തന്നെ പറയുന്നതു പോലെ പ്രിയദര്‍ശന്‍ സിനിമകളെ അനുകരിക്കുന്ന കള്ളക്കളികളും തട്ടിപ്പ് കല്യാണച്ചടങ്ങുകളും അവസാനം കൂട്ടത്തല്ലുമൊക്കെയായുള്ള ബഹളമാണ്.

മേരിയുടെ മൂത്ത സഹോദരിമാരില്‍ ഒരാള്‍ ഹിന്ദുവിനെയും മറ്റൊരാള്‍ മുസ്ലിമിനെയും മൂന്നാമത്തെ സഹോദരി കമ്യൂണിസ്റ്റിനെയുമാണു വിവാഹം ചെയ്തത്. ഈ മൂന്ന് വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവര്‍ മേരിയുടെ വിവാഹത്തിനായി യോജിക്കുന്നതൊക്കെ ഇന്ത്യയുടെ ബഹസ്വരതയുടെ പ്രതീകമായൊക്കെ വേണമെങ്കില്‍ പ്രേക്ഷകനു വ്യഖ്യാനിക്കാം. ദുരഭിമാനത്തിന്റെ പേരില്‍ തന്റെ സ്വന്തം മകളെ കൊല്ലാനായി വരുന്ന പഞ്ചാബി അച്ഛന്റെയും വിശ്വാസങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന ഒരുകൂട്ടം ആളുകളുടെയും ഇടയിലേക്ക് ഒരു ആന മദംപൊട്ടി വരുന്നതും തുടര്‍ന്ന് എല്ലാവരും ഒന്നിക്കുന്നതുമൊക്കെ പ്രകൃതിദുരന്തം പോലെയുള്ള വിപത്തുകള്‍ വേണം, മതം മറന്നു മനുഷ്യന് ഒന്നിച്ചു നില്‍ക്കാന്‍ എന്നതു പോലുള്ള തത്വങ്ങള്‍ പറയാനാവും സംവിധായക ദമ്പതികള്‍ പ്രതീകാത്മകമായി ശ്രമിച്ചിരിക്കുന്നത്.

Image may contain: 2 people, people smiling, people standing

Happy Sardar Movie Review: ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം മക്കളെപ്പോലും കൊല്ലാന്‍ മടിയില്ലാത്ത ഈ രാജ്യത്ത് അങ്ങനെയൊരു പ്രമേയത്തെ ഗൗരവവും അര്‍ഹിക്കാത്ത തിരക്കഥയും നിലവാരമില്ലാത്ത തമാശകളും നിറച്ച് ദൃശ്യവല്‍ക്കരിക്കുന്നത് അത്തരം ചിന്തകളെ ഇല്ലാതാക്കാനുള്ള സത്യസന്ധമായ ശ്രമങ്ങളെ ചെറുതാക്കുകയാണ് ചെയ്യുന്നത്.

കാളിദാസും പുതുമുഖം മെറിന്‍ ഫിലിപ്പും തരക്കേടില്ലാത്ത പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയുടെ ഫലമായി അഭിനേതാക്കള്‍ക്ക് അധികം അഭിനയിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നു പറയാം. കുത്തിത്തിരുപ്പുകാരനായ കാക്കുവെന്ന കഥാപാത്രമായി എത്തിയ ഷറഫുദീനായിരുന്നു ഏക ആശ്വാസം.

പഞ്ചാബിലെ വിശാലമായ നെല്‍പ്പാടങ്ങളും പൂന്തോട്ടങ്ങളും കേരളത്തിലെ കായല്‍ ഭംഗിയും സുന്ദരമായി അടയാളപ്പെടുത്താന്‍ ക്യാമറാമാന്‍ അഭിനന്ദന്‍ രാമാനുജന്‍ ശ്രമിച്ചിട്ടുണ്ട്. ഗോപി സുന്ദറാണു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ പഞ്ചാബി ഈണം കുത്തിക്കേറ്റിയ ചില ഗാനങ്ങള്‍ ഉണ്ടെന്നല്ലാതെ മനസില്‍ നില്‍ക്കുന്ന പാട്ടുകള്‍ ഒന്നുമില്ല.

സുദിപ് – ഗീതിക ദമ്പതികൾ മുൻപ് ചില ഹൃസ്വ ചിത്രങ്ങളും, ഡോക്യൂമെന്ററികളും ചെയ്ത്തതായി അറിവുണ്ട്, എന്നാൽ അവരുടെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള ചുവടുവയ്പ്പ്, പ്രേക്ഷകരുടെ നിലവാരവും ക്ഷമയും പരീക്ഷിക്കുന്ന ഒന്നാണ്.

Read Here: കാളിദാസിന്റെ ‘ഹാപ്പി സർദാർ’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook