scorecardresearch

Latest News

Halal Love Story Malayalam Movie Review Rating: ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ‘ഹലാൽ ലവ് സ്റ്റോറി’; റിവ്യൂ

Halal Love Story Review: പിടിച്ചിരുത്തുന്ന ഒരു കഥയോ ആകാംഷാഭരിതമായ സന്ദർഭങ്ങളോ ഇല്ലെങ്കിൽ കൂടി, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളുടെ സ്വാഭാവികമായ വികാര പ്രതികരണങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന ചിത്രമാക്കുന്നത്

Halal Love Story Review, Halal Love Story Malayalam Review, Halal Love Story, Halal Love Story release, Halal Love Story rating, Halal Love Story Amazon Prime, Halal Love Story full movie download, ഹലാൽ ലവ് സ്റ്റോറി, ഹലാൽ ലവ് സ്റ്റോറി റിവ്യൂ, Halal Love Story film review, Indrajith, Joju George, Grace Antony

Halal Love Story Malayalam Movie Review Rating: ഇസ്ലാമിക സ്വത്വത്തെ തന്നെ ശത്രുപക്ഷത്തു നിർത്തുകയും അപരവത്കരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയും ചെയുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, ‘ഹലാൽ ലവ് സ്റ്റോറി’ എന്ന നർമത്തിൽ പൊതിഞ്ഞ കൊച്ചു ചിത്രം ഒരുപാട് രാഷ്ട്രീയ മാനങ്ങൾ കഥയിലും കഥാപാത്രങ്ങളിലും നിലനിർത്തുന്നുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ’ സംവിധാനം ചെയ്ത സകരിയ മുഹമ്മദിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഹലാൽ ലവ് സ്റ്റോറി’. മുഖ്യധാരാ സിനിമകളിലും കാഴ്ച ശീലങ്ങളിലും പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുള്ള കേരളത്തിലെ സാധാരണ മുസ്ലീമുകളുടെ ജീവിതവും സാംസ്‌കാരിക പരിസരങ്ങളും വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിൽ തന്റെ ആദ്യ ചിത്രത്തിലേതു പോലെ തന്നെ ‘ഹലാൽ ലവ് സ്റ്റോറി’യിലും സകരിയ വിജയിച്ചിട്ടുണ്ട്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദ്ദിൻ, ഗ്രേസ് ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി, സൗബിൻ ഷാഹിർ എന്നിവർ അതിഥി കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പേര് വെളിപ്പെടുത്താത്ത ഒരു മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ള കലാ സംഘടനയിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് ഒരു സിനിമ പിടിക്കാൻ ഇറങ്ങുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം. സംഘടനയിലെ മുതിർന്ന പ്രവർത്തകനായ റഹീമും (നാസർ കറുത്തേനി), തെരുവ് നാടക കലാകാരനായ ഷെരീഫും (ഇന്ദ്രജിത്) ഒരു സിനിമ എന്ന ആശയവുമായി ഷറഫുദ്ദിൻ അവതരിപ്പിക്കുന്ന തൗഫീഖ് എന്ന കഥാപാത്രത്തെ സമീപിക്കുന്നു.

തങ്ങളുടെ പ്രസ്ഥാനത്തിന്റെ മതപരമായ ചട്ടക്കൂടുകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരു സിനിമ തിരക്കഥ എഴുതാൻ അവർ തൗഫീഖിനോട് ആവശ്യപെടുന്നു. തൗഫീഖ് അത് അംഗീകരിക്കുകയും, തങ്ങളുടെ പ്രസ്ഥാനത്തിനും മതത്തിനും അനുയോജ്യമായ ‘ഹലാലായ’ ഒരു തിരക്കഥ എഴുതുകയും ചെയുന്നു. ഇതിനെ സിനിമയാക്കാൻ അവർ മുസ്ലിമായ, എന്നാൽ ‘പൊതുവായ’ ഒരു സംവിധായകനെ ഇതിനായി കണ്ടെത്തുന്നു. മതവിശ്വാസിയല്ലാത്ത,  മദ്യപാന ശീലമുള്ള സിറാജിനെയാണ് സംവിധാന ചുമതല ഏൽപ്പിക്കുന്നത്.

തങ്ങളുടെ സിനിമ ഹലാൽ ആണെന്ന് ഉറപ്പുവരുത്താനായി തൗഫീഖും കൂട്ടരും സിറാജിനെ കൊണ്ട് പല വിട്ടു വീഴ്ചകളും ചെയ്യിപ്പിക്കുന്നു. തങ്ങളുടെ സിനിമയിൽ യഥാർത്ഥ ഭാര്യ ഭർത്താക്കന്മാർ തന്നെ കഥാപാത്രങ്ങളായി അവതരിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് വഴി ഷെരീഫും അയാളുടെ ഭാര്യയെ സുഹറയും(ഗ്രേസ് ആന്റണി) ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തുടർന്ന് നടക്കുന്ന സിനിമ ഷൂട്ടിങ്ങും ഷൂട്ടിങ്ങിനിടയിൽ അഭിനേതാക്കളുടെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവുന്ന സംഘർങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പിടിച്ചിരുത്തുന്ന ഒരു കഥയോ, ആകാംഷാഭരിതമായ സന്ദർഭങ്ങളോ ഒന്നും സിനിമയിൽ ഇല്ലെങ്കിൽ കൂടി, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളുടെ സ്വാഭാവികമായ വികാര പ്രതികരണങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന ചിത്രമാക്കുന്നത്.

മതത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സദാചാര ബോധവും സങ്കുചിത കാഴ്ചപ്പാടുകളെയും നേരിട്ടല്ലെങ്കിൽ കൂടി പലതരത്തിൽ ചിത്രം ആക്ഷേപ വിധേയമാക്കുന്നുണ്ട്. കഥാപാത്രങ്ങൾ തമ്മിൽ സ്നേഹത്തോടെ കെട്ടിപിടിച്ചാൽ തങ്ങളുടെ പ്രസ്ഥാനത്തിൽ നിന്ന് എതിർപ്പ് ഉണ്ടാവുമെന്ന് ഭയക്കുന്ന തൗഫീഖും കൂട്ടരുടെയും കാഴ്ച, പണ്ട് ബീഫിന് പകരം ഉള്ളി കറിയാണ് കഴിച്ചതെന്ന് പറയേണ്ടി വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ അവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് . അങ്ങനെ ഈ ചിത്രത്തിലെ പല സന്ദർഭങ്ങളും കാലാകാലങ്ങളായി നടക്കുന്ന മത-രാഷ്ട്രീയ മുതലെടുപ്പുകളെ നോക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.

അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന് ജീവൻ നൽകുന്നത്. ജോജു ജോർജ് അവതരിപ്പിച്ച സിറാജ് എന്ന കഥാപാത്രം തന്നെയാണ് ഇതിൽ എടുത്ത് പറയേണ്ടത്. സ്വന്തം ജീവിതത്തിൽ ഉണ്ടാവുന്ന ഇടർച്ചകളും, ഒരു സംവിധായകനെന്ന നിലയിൽ ഉണ്ടാവുന്ന പല തരം ആത്മ സംഘർഷങ്ങളും സ്വാഭാവികമായ ഭാവ പകർച്ചയോടു കൂടിയാണ് ജോജു ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിച്ചു എന്ന് പറയുന്ന തരത്തിൽ തന്നെയായിരുന്നു ജോജുവിന്റെ വേഷപ്പകർച്ച.

Halal Love Story Review, Halal Love Story Malayalam Review, Halal Love Story, Halal Love Story release, Halal Love Story rating, Halal Love Story Amazon Prime, Halal Love Story full movie download, ഹലാൽ ലവ് സ്റ്റോറി, ഹലാൽ ലവ് സ്റ്റോറി റിവ്യൂ, Halal Love Story film review, Indrajith, Joju George, Grace Antony

ഇന്ദ്രജിത്ത് അവതരിപ്പിച്ച  ഷെരിഫും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി തോന്നി. നാടകീയതയും നിഷ്കളങ്കതയും സ്വാഭാവികമായ വികാര പ്രകടനങ്ങളും സമന്വയിപ്പിക്കേണ്ടി വന്ന ഷെരിഫ് എന്ന കഥാപാത്രം വളരെ സൂക്ഷ്മതയോടെ തന്നെയാണ് ഇന്ദ്രജിത് കൈകാര്യം ചെയ്തിരിക്കുന്നത്. ‘കുമ്പളങ്ങി നെറ്റ്സി’ലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗ്രേസ് ആന്റണിയുടെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തിലേത്. ഒരു നാട്ടിന്പുറത്തുകാരി വീട്ടമ്മയുടെ നിഷ്കളങ്കതയും ആകുലതകളും പേറുന്ന സുഹ്‌റ,  പല അവസരങ്ങളിലും സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളുമുള്ള ശക്തമായ സ്ത്രീയായി മാറുന്ന കാഴ്ചയും സിനിമയിൽ ഉണ്ട്. സുഹ്‌റ എന്ന കഥാപാത്രത്തിന്റെ ഈ വൈരുധ്യം സിനിമയിലുടനീളം നിലനിർത്താൻ ഗ്രേസ് എന്ന നടിക്ക് ആവുന്നുണ്ട്. അഭിനയം പരിശീലിപ്പിക്കാനായി എത്തുന്ന പാർവതിയും, സൗണ്ട് റെക്കോർഡിസ്റ്റായി എത്തുന്ന സൗബിനും ഓർത്തിരിക്കാവുന്ന പ്രകടങ്ങളാണ് കാഴ്ച വെക്കുന്നത്. നടനെന്ന നിലയിൽ തന്റെ റേഞ്ച് എത്രത്തോളം ആണെന്ന് മനസിലാക്കി തന്നിട്ടുള്ള നടനാണ് ഷറഫുദ്ദീൻ .  തൗഫീഖ് എന്ന കഥാപാത്രം ആ നടന്റെ അനായാസ വേഷപ്പകർച്ചയുടെ മറ്റൊരു ഉദാഹരണമാണ്.

തന്റെ ആദ്യ ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യുടെ മാതൃക തന്നെയാണ് സക്കറിയ ഈ ചിത്രത്തിലും തുടർന്നിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ കണ്ടെത്താനാകുന്ന കഥാപാത്രങ്ങളും കഥ പരിസരങ്ങളും വളരെ റിയലിസ്‌റ്റിക്കായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഈ ചിത്രത്തിലും വിജയിച്ചിട്ടുണ്ട്.  നർമ്മത്തിൽ ഊന്നിയ സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രതികരണങ്ങളും ചിത്രത്തിൽ ഉടനീളം നിലനിർത്താൻ അദ്ദേഹത്തിന് ആവുന്നുണ്ട്. ആഷിഫ് കക്കൂടിയും സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഷഹബാസ് അമനും ബിജിബാലും ചേർന്ന് ഒരുക്കിയ ഗാനങ്ങളും ഹൃദ്യമാണ്. ഒപിഎം സിനിമയുടെ ബാനറിൽ ആഷിഖ് അബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഹിന്ദു മുസ്ലിം മത സൗഹാർദം പ്രത്യാശിക്കുന്ന ഒരു പരസ്യ ചിത്രത്തിനെതിരെ പോലും അസഹിഷ്ണുത കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, മുസ്ലിം മത വിശ്വാസം പേറുന്നവർ ബാക്കിയെല്ലാ മതവിശ്വാസികളെയും പോലെ തന്നെയാണെന്നും, സ്വന്തം മതത്തിലെ കാലഹരണപ്പെട്ട  വ്യവസ്ഥിതികൾ നവീകരിക്കാൻ ശ്രമിക്കുന്ന ആളുകൾ എല്ലാ മതത്തിലും ഉണ്ടെന്നും പറയാൻ ശ്രമിക്കുന്ന ചിത്രമെന്ന നിലയിലും ‘ഹലാൽ ലവ് സ്റ്റോറി’ വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടേക്കാം.

Read more: ‘ഹലാൽ ലൗ സ്റ്റോറി’ റിലീസ് ആമസോൺ പ്രൈമിൽ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Halal love story malayalam movie review indrajith grace antony zakariya