Latest News

Gauthamante Radham review: ഒരു കാറും രസകരമായ മുഹൂർത്തങ്ങളും; ‘ഗൗതമന്റെ രഥം’ റിവ്യൂ

Gauthamante Radham movie review rating: ‘ഫാമിലിമാൻ’ എന്ന വെബ് സീരീസിലൂടെ ഗ്ലോബൽ താരമായി മാറിയ നീരജിന്റെ ആദ്യനായക വേഷമാണ് ചിത്രത്തിലേത്. ക്യാരക്ടർ റോളുകൾ മാത്രമല്ല, നായകവേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് നീരജ്

Gauthamante Radham movie, Gauthamante Radham movie review, Gauthamante Radham malayalam movie review, ഗൗതമന്റെ രഥം, ഗൗതമന്റെ രഥം റിവ്യൂ, ഗൗതമന്റെ രഥം മലയാളം സിനിമ റിവ്യൂ, Neeraj Madhav, Gauthamante Radham, നീരജ് മാധവ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Gauthamante Radham movie review: ഒരു കൂട്ടം മനുഷ്യർക്കൊപ്പം ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ‘ഗൗതമന്റെ രഥം’. പെൺകുട്ടികൾ പാവകളെ കൊഞ്ചിച്ചും ലാളിച്ചും കളിക്കുന്ന കുട്ടിക്കാലത്ത് ഭൂരിപക്ഷം ആൺകുട്ടികൾക്കും പ്രണയം വണ്ടികളോടാണ്. കാർ ഭ്രാന്തില്ലാത്ത ആൺകുട്ടികൾ താരതമ്യേന കുറവായിരിക്കുമെന്നു തന്നെ പറയാം. കുട്ടിക്കാലം മുതൽ വണ്ടിപ്രേമമുള്ളൊരു കുട്ടിയാണ് കഥാനായകനായ ഗൗതമും. പോസ്റ്റ്മാസ്റ്ററായ അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്നതാണ് അവന്റെ ലോകം.

മുത്തശ്ശി പറഞ്ഞു കൊടുത്ത പുരാണകഥകളിൽ പോലും ഗൗതം ഹീറോയായി കണ്ടെത്തിയത് കൃഷ്ണനെയാണ്. കൃഷ്ണന് വണ്ടിയോടിക്കാൻ അറിയാം എന്നതാണ് ആ ഇഷ്ടത്തിനു പിന്നിലെ കാരണം. വളരുംതോറും ഗൗതമിനൊപ്പം അവന്റെ വണ്ടിപ്രാന്തും വളരുകയാണ്. 18 വയസ്സായപ്പോൾ അവന്റെ വണ്ടിപ്രേമത്തിന് ‘ലൈസൻസ്’ കിട്ടുകയാണ്. മകനെ കൊണ്ട് ഡ്രൈവിംഗ് പഠിപ്പിക്കാൻ മുൻകൈ എടുത്ത അവന്റെ അച്ഛൻ ഇഷ്ടപ്പെട്ട കാർ കണ്ടെത്താനും മകനോട് ആവശ്യപ്പെടുകയാണ്. മിനിമം ഒരു ഹോണ്ട സിറ്റിയെങ്കിലും സ്വപ്നം കാണുന്ന ഗൗതമിന്റെ ജീവിതത്തിലേക്ക് പക്ഷേ എത്തുന്നത് ഒരു സെക്കനന്റ് നാനോ കാറാണ്.

ഒട്ടും ഇഷ്ടമില്ലാതെ ഇത്തിരി കുഞ്ഞൻ നാനോയുമായുള്ള ഗൗതമിന്റെ ഓട്ടം അവിടെ തുടങ്ങുകയാണ്. വീട്ടുകാർ നാണപ്പൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന കാറിനെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ഒരു കാർ സ്വന്തമാക്കണമെന്ന ഗൗതമിന്റെ ആഗ്രഹവും അതിനുള്ള ​ശ്രമങ്ങളും അതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

ശക്തനായ പ്രതിനായകനോ, നായകന്റെ ജീവിതത്തെ പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളോ, ഉദ്യേഗജനകമായ നിമിഷങ്ങളോ ഒന്നുമില്ലാതെ, അകത്തും പുറത്തും പരിമിതികളുള്ള ഒരു കൊച്ചു നാനോ കാറിലെ യാത്ര പോലെയാണ് ചിത്രമെന്നു പറയാം. ഒരു പതിനെട്ടുവയസ്സുകാരന്റെ ജീവിതത്തിലെ ബാലിശമെന്നു തോന്നുന്ന വിഷമങ്ങളും സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളുടെ ഹൃദ്യമായ മുഹൂർത്തങ്ങളുമൊക്കെ ചിത്രം കാണിച്ചുതരുന്നുണ്ട്.

നായകനായി എത്തിയ നീരജ് മാധവിന്റെ കയ്യിൽ ഗൗതം എന്ന കഥാപാത്രം ഭദ്രമായിരുന്നു. ‘ഫാമിലിമാൻ’ എന്ന വെബ് സീരീസിലൂടെ ഗ്ലോബൽ താരമായി മാറിയ നീരജിന്റെ ആദ്യനായക വേഷം കൂടിയാണ് ചിത്രത്തിലേത്. ക്യാരക്ടർ റോളുകൾ മാത്രമല്ല, നായകവേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ചിത്രത്തിലൂടെ തെളിയിക്കുകയാണ് നീരജ്. ഗൗതമിന്റെ കൂട്ടുകാരൻ വെങ്കിടിയായി എത്തിയ ബേസിലാണ് സ്ക്രീനിൽ ചിരിയുണർത്തുന്ന ഒരു സാന്നിധ്യം. രഞ്ജി പണിക്കറുടെ അച്ഛൻ വേഷവും വത്സലാമേനോന്റെ മുത്തശ്ശി വേഷവും പുണ്യ എലിസബത്തിന്റെ നായികാ വേഷവുമെല്ലാം മികവു പുലർത്തുന്നുണ്ട്. ദേവി അജിത്ത്, ബിജു സോപാനം, കലാഭവൻ പ്രജോദ്, ഹരീഷ് കണാരൻ എന്നു തുടങ്ങി വളരെ കുറച്ചു അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്.

കാർ ഒരു സൊസൈറ്റി സ്റ്റാറ്റസിന്റെ മാനദണ്ഡമായി മാറുന്നതെങ്ങനെ എന്നൊക്കെ ചിത്രത്തിലൂടെ തിരക്കഥാകൃത്ത് പറയാൻ ശ്രമിക്കുന്നുണ്ട്, ഒപ്പം ആദ്യമായി സ്വന്തമാക്കുന്ന കാർ ചിലരുടെ ജീവിതത്തിലെങ്കിലും എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്നും. വളരെ ചെറിയൊരു കഥാതന്തുവിനെ രണ്ടു മണിക്കൂർ നീട്ടി വലിച്ചപ്പോൾ സ്വാഭാവികമായും വന്നു ചേർന്ന ഇഴച്ചിലും ശക്തമായൊരു തിരക്കഥയുടെ അഭാവവുമെല്ലാം പോരായ്മയായി എടുത്തു പറയാമെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു തിയേറ്റർ അനുഭവം തന്നെ നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. വിഷ്ണു ശർമയുടെ ഛായാഗ്രഹണവും എടുത്തുപറയണം.

Read more: Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ: മറിയം വന്നു വിളക്കൂതി റിവ്യൂ

കച്ചവട സിനിമകളുടെ വിജയ ഫോർമുലകൾ പിന്തുടരുന്ന വലിയ മാസ് ചിത്രങ്ങൾക്കിടയിൽ അൽപ്പം കളിയും കാര്യവും ചിന്തയുമൊക്കെയായി എത്തുന്ന ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർക്ക് പുതുമയുള്ള കാഴ്ചയാണ് ഒരുക്കുന്നത്. വലിയ പ്രതീക്ഷകളില്ലാതെ പോയാൽ ചിരിയോടെ ആസ്വദിച്ച് കാണാവുന്ന​ ഒരു ഫീൽഗുഡ് ചിത്രമാണ് ‘ഗൗതമന്റെ രഥം’.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Gauthamante radham movie review rating neeraj madhav

Next Story
Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ: മറിയം വന്നു വിളക്കൂതി റിവ്യൂMariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review rating, Mariyam Vannu Vilakkoothi review live audience, Mariyam Vannu Vilakkoothi movie review, Mariyam Vannu Vilakkoothi movie release date, Mariyam Vannu Vilakkoothi movie ratings, Mariyam Vannu Vilakkoothi critic reviews, Basil Joseph, Althaf Salim, Siju Wilson, Baiju, Jenith Kachappilly, Arun Padathu, മറിയം വന്നു വിളക്കൂതി, മറിയം വന്നു വിളക്കൂതി റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com