Freedom Fight Malayalam Movie Review: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഞ്ച് ചെറു ചിത്രങ്ങൾ- ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രത്തെ ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന ‘ഫ്രീഡം ഫൈറ്റിൽ’ ‘ഗീതു അൺചെയ്ൻഡ്,’ ‘അസംഘടിതർ,’ ‘റേഷൻ,’ ‘ഓൾഡ് ഏജ് ഹോം,’ ‘പ്ര.തൂ.മു’ എന്നിങ്ങനെ അഞ്ചു ചിത്രങ്ങളാണ് ഉള്ളത്. അഖിൽ അനിൽകുമാർ, കുഞ്ഞില മസിലമണി, ഫ്രാൻസിസ് ലൂയിസ്, ജിതിൻ ഐസക് തോമസ് എന്നീ സംവിധായകരും ഈ ‘സ്വാതന്ത്ര്യസമര’ത്തിൽ ജിയോ ബേബിയ്ക്ക് ഒപ്പം കൈകോർത്തിരിക്കുന്നു. പല കഥാപാത്രങ്ങളിലൂടെയായി വിവിധ ജീവിതസമരങ്ങളെ കുറിച്ചാണ് ‘ഫ്രീഡം ഫൈറ്റ്’ സംസാരിക്കുന്നത്.
സമൂഹവും കുടുംബവുമെല്ലാം കൂടി ഒരു പെൺകുട്ടിയിൽ അടിച്ചേൽപ്പിക്കുന്ന സംഘർഷങ്ങളെ കുറിച്ചാണ് അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘ഗീതു അൺചെയിൻഡ്’ പറയുന്നത്. ഉപരി സമൂഹത്തിന്റെയും ചുറ്റുമുള്ളവരുടെയും ഇടപെടലുകൾ എത്രത്തോളമാണ് ഓരോ വിവാഹത്തെയും സ്വാധീനിക്കുന്നതെന്ന് രജിഷ വിജയൻ അവതരിപ്പിക്കുന്ന ഗീതുവെന്ന കഥാപാത്രത്തിലൂടെ മനോഹരമായി പറഞ്ഞു വയ്ക്കുന്നുണ്ട് സംവിധായകൻ. ഒരു ‘ടോക്സിക്ക്’ റിലേഷൻഷിപ്പിൽ നിന്നും ഒരു വിധം പുറത്തു ചാടുമ്പോൾ അതിനെ പോലും മനസ്സിലാക്കാതെ ‘തേപ്പ്’ എന്ന് പരിഹസിക്കുന്ന സമൂഹത്തോടുള്ള ഗീതുവിന്റെ കലഹം കൂടിയാണ് ചിത്രം. ആണത്ത അഹന്തകൾ പേറുന്ന സമൂഹത്തിന് മുഖമടച്ച് ഒരു ആട്ട് നൽകിയാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്.
പൊതു ഇടങ്ങളിലും തൊഴിൽ സ്ഥലങ്ങളിലുമൊക്കെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെയും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാത്ത മുതലാളിത്ത മനസ്ഥിതിയെ കുറിച്ചുമാണ് ‘അസംഘടിതർ’ സംസാരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുഞ്ഞില മസ്സില്ലാമണി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ഡോക്യു ഫിക്ഷനാണ്. സെയിൽസ് ഗേളായി എത്തുന്ന സ്രിന്റയാണ് ചിത്രത്തിലെ പ്രധാന മുഖങ്ങളിലൊന്ന്. ‘പെണ്‍കൂട്ട്’ എന്ന സംഘടനയിലൂടെ പ്രശസ്തയായ വിജി പള്ളിത്തൊടി, ആക്റ്റിവിസ്റ്റായ അജിത, കബനി എന്നിവരൊക്കെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എത്രയേറെ പ്രിവിലേജുകളുടെ മുകളിലാണ് ആൺകൊയ്മയുടെ ലോകം നിലനിൽക്കുന്നതെന്ന സത്യത്തിലേക്ക് കണ്ണു തുറപ്പിക്കാൻ ‘അസംഘടിതർ’ക്ക് ആവുന്നുണ്ട്.
തൊട്ടടുത്തു കിടക്കുന്ന രണ്ടു അയൽപ്പക്ക വീടുകളെ ചുറ്റിപ്പറ്റിയാണ് ‘റേഷൻ/ക്ലിപ്ത വിഹിതം’ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പണക്കാർ/പാവപ്പെട്ടവർ എന്നീ വേർത്തിരിവുകളെയും സമൂഹത്തിലെ അസമത്വങ്ങളെയും കൃത്യമായി വരച്ചിടുന്നുണ്ട് ഈ ചിത്രം. ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സംവിധായകൻ ജിയോ ബേബിയും കബനി ഹരിദാസുമാണ്.
വാർധക്യകാലത്തേക്ക് പ്രവേശിച്ച മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ഓൾഡ് ഏജ് ഹോം’ എന്ന ചിത്രം. ജീവിതപ്രാരാബ്ധങ്ങളൊക്കെ ഒന്നൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഡിമെൻഷ്യ ഷാജിയെ (ജോജു ജോർജ്) പിടിമുറുക്കി തുടങ്ങുന്നത്, വാർധക്യസഹജമായ അസുഖങ്ങൾ വേറെയും. ഒരിറ്റു മധുരം കഴിക്കാൻ പോലും വീട്ടുകാരോട് കെഞ്ചേണ്ടി വരുന്ന സാഹചര്യം അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ഭർത്താവ്, കുടുംബം, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനായി ജീവിതത്തിലെ നല്ലൊരു പങ്കും ചിലവിട്ട ശേഷം വാർധക്യത്തിൽ തനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തു തുടങ്ങുകയാണ് ഭാര്യ ലാലി. മകൻ കാരണം വീടുവിട്ടിറങ്ങേണ്ടി വരുന്ന ധന (രോഹിണി) ആ വീട്ടിലേക്ക് ജോലിക്കാരിയായി എത്തുന്നു. ഷാജിയുടെയും ലാലിയുടെയും ധനയുടെയും ജീവിതത്തിൽ നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളിലൂടെ വളരെ സ്വാഭാവികമായാണ് കഥ വികസിക്കുന്നത്. ഓരോരുത്തരും അവരുടേതായ ജീവിതസമരങ്ങളിലൂടെ കടന്നു പോവുകയാണ്.
കാഴ്ചക്കാരുടെ മനസ്സിൽ കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് ആന്തോളജി സീരിസിലെ അവസനാചിത്രമായ ‘പ്ര തൂ മു’. പ്രശ്നവത്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരുടെ ജീവിതമാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പറയുന്നത്. ചിത്രം കണ്ടു തീരുമ്പോൾ മനസ്സിലേക്ക് പടരുന്ന അസ്വസ്ഥത അത്ര പെട്ടെന്ന് പ്രേക്ഷകരെ വിട്ടു പിരിയില്ല. സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന തൊഴിലാളി ജീവിതങ്ങളുടെ നേർകാഴ്ചകളിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൊണ്ടു പോവുന്നത്. അധികാരവർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുന്നിൽ നിസ്സഹായമാവുന്ന അവരുടെ ചെറുത്തുനിൽപ്പുകൾ വേദനയോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല. ഉണ്ണി ലാലു, സിദ്ധാർത്ഥ് ശിവ, പ്രതാപൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വ്യത്യസ്തമായ രാഷ്ട്രീയം പറയുമ്പോഴും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നുണ്ട് അഞ്ചു ചിത്രങ്ങളും. സൂക്ഷ്മമായ നിരീക്ഷണവും തിരക്കഥയിൽ വരുത്തിയ കയ്യടക്കവുമെല്ലാം ‘ഫ്രീഡം ഫൈറ്റി’നെ ആറ്റികുറുക്കിയെടുത്ത ഒരനുഭവമാക്കി മാറ്റുന്നുണ്ട്. ലോക്ക്ഡൗൺ കാലത്തിനിടെ വിവിധ ഭാഷകളിലായി നിരവധി ആന്തോളജി ചിത്രങ്ങൾ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട, അടുത്തിടെ വന്ന ആന്തോളജികളിൽ മികച്ചു നിൽക്കുന്ന ഒന്നാണ് ‘ഫ്രീഡം ഫൈറ്റ്.’ തിരഞ്ഞെടുത്ത വിഷയം കൊണ്ടും ട്രീറ്റ്‌മെന്റ് കൊണ്ടും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൊണ്ടും ഏറെ കയ്യടി അർഹിക്കുന്നുണ്ട് ‘ഫ്രീഡം ഫൈറ്റി’ലെ ഓരോ ചിത്രങ്ങളും.
Read Here: On the politics of human excreta