Forensic Release Review & Rating: ടൊവിനോ തോമസിനെ നായകനാക്കി അനസ് ഖാനും ‘സെവൻത് ഡേ’യുടെ തിരക്കഥാകൃത്തായ അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോറൻസിക്’.

നഗരത്തിൽ നിന്നും ഒരു അഞ്ചു വയസ്സ്‌ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ പെട്ടെന്നൊരു ദിവസം കാണാതാവുകയാണ്. രണ്ടു ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ ശരീരം മൈതാനത്തിനടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെടുക്കുന്നു. പോലീസ് അന്വേഷണം ആരംഭിക്കുകയാണ്. പതിയെ നഗരത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും കൊലപാതകങ്ങള്‍ ഉണ്ടാകുന്നു. ഭരണാധികാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയെപ്പറ്റി പോലീസ് പഠിച്ചു തുടങ്ങുമ്പോൾ അതു നഗരത്തിന്റെ ഭൂതകാലത്തിലേക്ക്‌ കൂടി അവരെ കൊണ്ടു പോകുകയാണ്.

ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു ശീലിച്ച സൈക്കോ ത്രില്ലർ സ്വഭാവത്തിലേക്കാണ് ‘ഫോറൻസിക്’ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. മലയാള സിനിമയിൽ സാധാരണ കാണാത്ത ശാസ്ത്രീയ അന്വേഷണ രീതികളെ സമഗ്രമായി സമന്വയിപ്പിക്കുക വഴി അതിനൂതനമായ സാങ്കേതിക വിദ്യകളെക്കൂടി ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു അനുഭവം നിർമ്മിക്കാൻ സംവിധായകര്‍ക്ക് കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സീരിയൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘത്തിൽ പെട്ട മറ്റുദ്യോഗസ്ഥരും അവരുടെ തന്നെ വ്യക്തി ജീവിതവും ഒക്കെയായി വ്യത്യസ്തമായ രീതിയിൽ ബന്ധപ്പെട്ടു കിടക്കുകയാണ് കഥയും കഥാപാത്രങ്ങളും.

രണ്ടു മണിക്കൂർ പതിനാല് മിനുട്ട് നീളുന്ന സിനിമയിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത് മമ്ത മോഹൻദാസാണ്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോയും എത്തുന്നു.

പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ് ‘ഫോറൻസിക്.’ അതിസൂക്ഷ്മമായ നിരീക്ഷണ ബുദ്ധി എങ്ങനെയാണ് കുറ്റകൃത്യങ്ങളെ കണ്ടെത്താൻ സഹായിക്കുന്നതെന്ന് ഒരു മനുഷ്യന്റെ സാധ്യതകൾ മുൻനിർത്തി പറഞ്ഞു പോകുന്നുണ്ട് സിനിമ. കെട്ടുറപ്പുള്ള തിരക്കഥ സിനിമക്ക് ഉദ്യോഗ ജനകമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

ഹോളിവുഡ് സിനിമകളെ ഓർമ്മപ്പെടുത്തുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. ലോക പ്രശസ്ത സൈക്കോ ത്രില്ലർ ‘സൈലൻസ് ഓഫ് ദി ലാംപ്സ്’ പോലുള്ള ചിത്രങ്ങളുടെ വിദൂരസാമീപ്യത്തെ ‘ഫോറൻസിക്’ നിരാകരിക്കുന്നില്ല. ചില പാരമ്പര്യ ക്ളീഷേകൾ ഇടക്ക് കയറി വരുമ്പോഴും സിനിമ വേറിട്ടൊരു വഴി നിർമ്മിക്കുന്നുണ്ട്. മലയാളത്തിൽ അധികം ഉണ്ടായിട്ടില്ലാത്ത ജുവനൈൽ സൈക്കോ കില്ലർ ചിന്തകൾ ചില ഭാഗത്ത് ചിത്രം പറഞ്ഞു പോകുന്നുണ്ട്. സമീപകാല ഇന്ത്യൻ സാഹചര്യങ്ങളുടെ കൂടെ പ്രേരണ തിരക്കഥയിൽ ബോധപൂർവം കടന്നു കൂടിയിട്ടുണ്ട്.

Read English: Forensic movie review: A twisted whodunnit mystery

താരങ്ങളുടെ മികവുറ്റ അഭിനയമാണ് ‘ഫോറന്‍സിക്’ പകരുന്ന വേറിട്ട അനുഭവം. എല്ലാം അഭിനേതാക്കൾക്കും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനായി എന്നത് ശ്രദ്ധേയമാണ്. ടോവിനോയെയും മമ്തയേയും കൂടാതെ രഞ്ജി പണിക്കരും, പ്രതാപ് പോത്തനും സൈജുക്കുറുപ്പും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. റോണി ഡേവിഡ്, ധനേഷ് ആനന്ദ്, അൻവർ ഷെരീഫ്‌, അനിൽ മുരളി, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, നീനാക്കുറുപ്പ് എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടതാണ്.

‘സെവൻത് ഡേ’യ്ക്ക് ശേഷമാണ് അഖിൽ പോളും അനസ് ഖാനും വീണ്ടും ഒരുമിക്കുന്നത്. ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടാനുള്ള ഒരു വാണിജ്യ സിനിമയുടെ എല്ലാ മസാലയും ചേർന്നാണ് ‘ഫോറൻസിക്’ നിർമിച്ചിരിക്കുന്നത് എന്നു പറയാൻ സാധിക്കില്ല. ആ ഫോര്‍മുലയില്‍ സാധാരണ ഉണ്ടാകുന്ന പ്രണയവും സംഗീതവും ‘ഫോറൻസികി’ൽ കാണാൻ സാധിക്കില്ല. എന്നിരുന്നാലും സസ്പെൻസ് എന്ന വസ്തുതയെ അതിന്റെ മാക്സിമം അനുഭവത്തിൽ കൊണ്ടു വരിക വഴി പ്രേക്ഷകനെ വിസ്മയിപ്പിക്കാനാണ് ചിത്രം മുതിരുന്നത്. തിരക്കഥയും സംവിധാനവും ചെയ്തത് ഒരേയാളുകള്‍ തന്നെയായതിനാല്‍ ചിത്രത്തിന്‍റെ ‘ട്രീറ്റ്മെന്റും’ ഭംഗിയായി ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നതായി കാണാം. ബാലതാരങ്ങളെ കാസ്റ്റ് ചെയ്ത രീതിയും, അവരുടെ ഭാഗങ്ങൾ സംവിധാനം ചെയ്ത രീതിയും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

‘ഫോറന്‍സിക്കി’ന്റെ ചില ഭാഗങ്ങളിൽ അതിശയോക്തി അനുഭവപ്പെടുന്നുണ്ടെങ്കിലും ഉജ്വലമായ ഒരു ക്ലൈമാക്സിലൂടെ ആ കുറവ് അവർ നികത്തുന്നുണ്ട്. അനാവശ്യമായ ഒരു ഭീതി കുത്തി നിറക്കാൻ ‘ഫോറൻസിക്’ ഒരിക്കലും ശ്രമിക്കുന്നില്ല എങ്കിലും അതിന്റെ മേക്കിങ് അല്പം ഭയത്തെ സൃഷ്ടിക്കാൻ പോന്നതാണ്.

അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ജുവിസ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ‘ഫോറന്‍സിക്’ നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തിലെ സിനിമാ പ്രേക്ഷകർക്കും ടോവിനോയുടെ ആരാധകർക്കും ആഘോഷിക്കാനുള്ള വക ‘ഫോറൻസിക്’ നൽകുന്നുണ്ട്. രണ്ടേകാൽ മണിക്കൂർ നീളമുള്ള ചിത്രം ബോറടിപ്പിക്കില്ല.

ഇന്ന് റിലീസ് ചെയ്ത ചിത്രങ്ങള്‍ – ‘ഭൂമിയിലെ മനോഹരസ്വകാര്യം,’ ‘വെയില്‍മരങ്ങള്‍’ എന്നിവയുടെ റിവ്യൂ വായിക്കാം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook