Latest News

Finals Movie Review: മനസ്സു കവർന്ന് ‘ഫൈനല്‍സ്’; റിവ്യൂ

Finals Movie Review and Rating: നോട്ടം കൊണ്ടുപോലും കഥാപാത്രത്തിന്റെ വൈകാരിക സംഘർഷങ്ങളെ പ്രേക്ഷകരിലേക്കു എത്തിച്ച് അത്ഭുതപ്പെടുത്തുകയാണ് സുരാജ് വെഞ്ഞാറമൂട്

Finals review, Finals review malayalam, Finals review rating, Finals audience review, Finals movie review, Finals movie release, Finals movie ratings, Rajisha Vijayan, Rajisha, sports movie, Malayalam movie latest malayalam movie, ഫൈനല്‍സ്, ഫൈനല്‍സ് റിവ്യൂ, രജിഷ വിജയന്‍

Finals Malayala Movie Starring Rajisha Vijayan, Suraj Venjaramood Review: മറ്റുള്ളവരുടെ സ്വപ്നങ്ങൾ സ്വന്തം സ്വപ്നമായി കാണാനും അതിനു വേണ്ടി പരിശ്രമിക്കാനും കഴിയുന്നത് ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നാണ്. അതു തന്നെയാണ് ‘ഫൈനൽസ്’ എന്ന സിനിമയുടെ സൗന്ദര്യവും.

ഇന്ത്യയ്ക്ക് വേണ്ടി മെഡൽ വാങ്ങാൻ ആഗ്രഹിക്കുന്ന ആലീസ് (രജീഷ വിജയന്‍) എന്ന പെൺകുട്ടിയുടെ കഥയാണ് ‘ഫൈനൽസ്’ പറയുന്നത്. ആലീസിന്റെ അച്ഛൻ വർഗ്ഗീസിന്റെയും (സുരാജ് വെഞ്ഞാറമൂട്) ആലീസിന്റെ കൂട്ടുകാരൻ മാനുവലിന്റേയും (നിരഞ്ജ്) കൂടി ജീവിതമാണ് ‘ഫൈനൽസി’ൽ കാണാനാവുക. വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറി വീണ് നൊമ്പരമായി മാറിയ ഷൈനി ഷൈലസ് എന്ന സൈക്ലിസ്റ്റിനാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

ആലീസിന്റെ ഓരോ ശ്വാസത്തിലും ഒളിമ്പിക്സ് എന്ന സ്വപ്നമാണ്, ആ സ്വപ്നമാണ് അവളെ നിതാന്ത പരിശ്രമശാലിയായ ഒരു കായികതാരമാക്കുന്നതും. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ മുൻ കായികതാരവും പരിശീലകനുമായ വർഗീസിന്റെ മകളാണ് ആലീസ്. കായികരംഗത്തെ കുതികാൽവെട്ടലുകളും പണത്തിന്റെ അധികാരഗർവ്വുകളുമെല്ലാം കണ്ടും അതിന് ഇരയായും സ്പോർട്സ് ഫെഡറേഷന്റെ കണ്ണിലെ കരടായും മാറിയ വ്യക്തിയാണ് വർഗ്ഗീസ് മാഷ്. അയാളുടെ ഇനിയുള്ള പ്രതീക്ഷ മകളിലാണ്.

2020 ലെ ടോക്യോ ഒളിമ്പിക്സിനു വേണ്ടി ഒരുങ്ങുന്ന ആലീസിന്റെ സ്വപ്നങ്ങൾക്ക് ഒരു നാടിന്റെ മൊത്തം പിന്തുണയും പ്രാർത്ഥനയുമുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങൾ ആലീസിന്റെയും അവളുടെ കൂട്ടുകാരൻ മാനുവലിന്റെയും വർഗീസ് മാഷിന്റെയുമെല്ലാം ജീവിതത്തിന്റെ ഗതി മാറ്റുന്നു.

രജിഷ വിജയനാണ് സൈക്കിൾ താരം ആലീസായി എത്തുന്നത്. ‘ജൂണി’നു വേണ്ടി മുടി മുറിച്ചും തടി കുറച്ചുമൊക്കെ ഏറെ മുന്നൊരുക്കങ്ങൾ നടത്തിയ രജിഷ ഒരു പടി കൂടെ കടന്ന് അധ്വാനിച്ചിട്ടുണ്ട് ആലീസായി മാറാൻ. ചിത്രം കണ്ടിരിക്കേ ആ അർപ്പണമനോഭാവം പ്രേക്ഷകർക്കും ബോധ്യമാകും. ഒരു സൈക്കിൾ താരത്തിന്റെ കായിക ക്ഷമതയും ശരീരഭാഷയും ആലീസിന് നൽകുന്നതിൽ രജിഷ നൂറുശതമാനവും വിജയിച്ചിട്ടുണ്ട്. ഹെയർപിൻ വളവുകളിലൂടെയുള്ള സാഹസികമായ സൈക്ലിങ്ങ് രംഗങ്ങളൊക്കെ ഉദ്വേഗജനകമാണ്.

പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന മറ്റൊരു താരം സുരാജ് വെഞ്ഞാറമൂട് ആണ്. വർഗീസ് മാഷ് എന്ന കഥാപാത്രത്തെ അത്യുജ്ജ്വലമായി തന്നെ രേഖപ്പെടുത്തുന്നുണ്ട് സുരാജ്. നോട്ടം കൊണ്ടു പോലും കഥാപാത്രത്തിന്റെ വൈകാരിക സംഘർഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുരാജ് അത്ഭുതപ്പെടുത്തും.ഒന്നിനൊന്നു മികച്ചു നിൽക്കുന്ന പ്രകടനമാണ് രജിഷയും സുരാജ് വെഞ്ഞാറമൂടും കാഴ്ച വെച്ചിരിക്കുന്നത്. മാനുവൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിരഞ്ജ് മണിയൻപിള്ളയും കഥാപാത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. ഓരോ ചിത്രം കഴിയും തോറും കൂടുതൽ മെച്ചപ്പെടുന്ന ഒരു അഭിനേതാവിനെ നിരഞ്ജിൽ കാണാം. സോന നായർ, ടിനി ടോം, മുത്തുമണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Read more: കൂട്ടുകാരന്റെ സ്വപ്നത്തിനു കൂട്ടിരിക്കുമ്പോള്‍: ‘ഫൈനല്‍സ്’ സിനിമയെക്കുറിച്ച് മുത്തുമണി

നവാഗതനായ പി ആർ അരുൺ ആണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ നാളായി മനസ്സിൽ കൊണ്ടു നടുന്ന ഒരു കഥയെ തിരുത്തിയും പോളിഷ് ചെയ്തും കരുത്തുറ്റ ഒരു തിരക്കഥയാക്കി മാറ്റാൻ അരുണിന് കഴിഞ്ഞിട്ടുണ്ട്. ആലീസിന്റെ കഥ പറഞ്ഞു പോവുന്നതിനൊപ്പം തന്നെ, നമ്മുടെ കായികരംഗം നേരിടുന്ന അവഗണനകളും പരാധീനതകളും കൂടി ചൂണ്ടി കാണിക്കുന്നുണ്ട് ‘ഫൈനൽസ്’.

നമ്മുടെ ഗ്രാമ പ്രദേശങ്ങളിലും മറ്റും പരിമിതമായ സൗകര്യങ്ങളിൽ, സ്പോർട്സ് എന്ന ഒറ്റ സ്വപ്നത്തെ മുറുകെ പിടിച്ച്, പ്രത്യാശഭരിതമായൊരു നാളെ സ്വപ്നം കണ്ട് ജീവിക്കുന്ന, അതിനായി പരിശ്രമിക്കുന്ന ആലീസിനെ പോലുള്ള നിരവധി കായികതാരങ്ങൾക്കു വേണ്ടി കൂടിയാണ് ചിത്രം സംസാരിക്കുന്നത്. അതിനുമപ്പുറം സിനിമയെന്ന ശക്തമായ മാധ്യമത്തിലൂടെ കായികരംഗത്തെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും പച്ചപരമാർത്ഥങ്ങൾ തുറന്നു പറയുകയും ചെയ്യുകയാണ് അരുൺ. പ്രവചനാതീതമായ സ്ഥിരം സ്പോർട്സ് സിനിമകളുടെ ട്രാക്കിൽ അല്ല ‘ഫൈനൽസ്’ സഞ്ചരിക്കുന്നത് എന്നതും ചിത്രത്തിന് പുതുമ സമ്മാനിക്കുന്നു.

സുധീപ് എളമണ്ണിന്റെ ക്യാമറയാണ് ഫൈനൽസിനെ ഒരു മികച്ച കാഴ്ചാനുഭവമാക്കുന്ന മറ്റൊരു ഘടകം. കട്ടപ്പനയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിനൊപ്പം തന്നെ അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ഹെയർപിന്ന് വളവുകളിലൂടെയുള്ള അഭിനേതാക്കളുടെ സഞ്ചാരം ത്രില്ലിംഗ് ആയ രീതിയിൽ ഒപ്പിയെടുക്കാനും ക്യാമറക്കണ്ണുകൾക്ക് സാധിക്കുന്നുണ്ട്. സ്പോർട്സ് മാത്രമല്ല, മനുഷ്യരുടെ വൈകാരികതകളും സുന്ദരമായൊരു പ്രണയവുമെല്ലാം ‘ഫൈനൽസി’ൽ വിഷയമാകുന്നുണ്ട്. കൈലാസ് മേനോന്റെ സംഗീതം ചിത്രത്തിനെ ഹൃദയസ്പർശിയാക്കുന്നതിലും നല്ലൊരു പങ്കു വഹിക്കുന്നു.

പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന ‘ഫൈനൽസ്’ തിയേറ്ററിൽ പോയി കാണേണ്ട ഒരു ചിത്രമാണ്. വൻതാരനിരയുള്ള ഓണം റിലീസുകൾക്കിടയിൽ ‘ഫൈനൽസ്’ കാണാതെ പോവരുത്. കാരണം, മെഡൽ തിളക്കങ്ങൾ സമ്മാനിച്ച് കേരളത്തെയും ഇന്ത്യയേയുമെല്ലാം ലോകത്തിന്റെ നെറുകയിൽ പ്രശസ്തരാക്കിയ ഒരുപാട് കായികതാരങ്ങൾക്കുള്ള ആദരവാണ് ‘ഫൈനൽസ്’, ഒപ്പം വരാനിരിക്കുന്ന നിരവധിയേറെ പ്രതിഭകൾക്ക് പ്രതീക്ഷകൾ കൂടിയാണ് ചിത്രം നൽകുന്നത്.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Finals movie review rating rajisha vijayan suraj venjaramood

Next Story
Brother’s Day Review: പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍: ‘ബ്രദേര്‍സ് ഡേ’ റിവ്യൂBrother's Day movie, Brother's Day movie review, comedy movie, Brother's Day review, Brother's Day critics review, Brother's Day movie review, Brother's Day movie audience review, Brother's Day movie public review, prithviraj, malayalam movies, malayalam cinema, entertainment, movie review, ബ്രദര്‍സ് ഡേ, ബ്രദര്‍സ് ഡേ റിവ്യൂ, ബ്രദര്‍സ് ഡേ റേറ്റിംഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express