scorecardresearch

Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ

Fahadh Faasil ‘Malik’ Movie Review & Rating: പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒരുപടി കൂടി മുകളിലേക്ക് ഉയർന്ന്, തനിക്കു തന്നെ നാളെ ഭേദിക്കാനുള്ള ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ് മാലിക്കിലൂടെ ഫഹദ്

RatingRatingRatingRatingRating
Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ
Fahadh Faasil 'Malik' Movie Review & Rating

Fahadh Faasil ‘Malik’ Movie Review & Rating: രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള, ലാഘവത്തോടെ കണ്ടുതീർക്കാവുന്ന വെറുമൊരു സിനിമാക്കാഴ്ചയല്ല, മാലിക്. കേരളം മറക്കാത്ത വലിയൊരു നരഹത്യയെ, വംശീയ കൂട്ടക്കൊലയെ കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ചിത്രം. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ ഭാവനയും കലർത്തിയാണ് മഹേഷ് നാരായണൻ ‘മാലിക്’ എന്ന പൊളിറ്റിക്കൽ ഡ്രാമ ഒരുക്കിയിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതപരിസരങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.

ജാതി-മതചിന്തകൾക്ക് അപ്പുറം മനുഷ്യത്വത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന, റമദാപള്ളിക്കാരുടെ കൺകണ്ട ദൈവമായ സുലൈമാൻ അലി എന്ന മനുഷ്യന്റെ ജീവിതകഥയാണ് മാലിക് പറയുന്നത്. അത് സുലൈമാൻ അലിയ്ക്ക് ഒപ്പം റമദാപള്ളിയുടെ, എടവത്തുറ കടപ്പുറത്തിന്റെ, എക്കാലത്തും പൊതുസമൂഹവും ഭരണകൂടവും രണ്ടാംകിട പൗരന്മാരായി മാത്രം കണ്ടുവരുന്ന നിരന്തരം അവഗണനകളേറ്റു വാങ്ങുന്ന കടലോരജീവിതങ്ങളുടെ കൂടെ കഥയാണത്. കടലിന്റെ മക്കൾക്കും ന്യൂനപക്ഷ സമുദായത്തിനുമെതിരെ നടക്കുന്ന അനീതികൾക്കെതിരെ ജീവിതം സമരമാക്കിയ വ്യക്തിയാണ് സുലൈമാൻ മാലിക്. പല കാലങ്ങളിലായി, പല കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.

ജീവിതം അവസാനിക്കുന്നു എന്നു കരുതിയിടത്ത് നിന്ന് സുലൈമാൻ മാലിക്കിന്റെ കുടുംബത്തിന് അഭയം നൽകിയ ഇടമാണ് റമദാപള്ളി. അവിടം മുതൽ അയാളുടെ ജീവിതം റമദാപള്ളിയ്ക്ക് വേണ്ടിയാണ്. റമദാപള്ളിയുടെ ഇന്നുകാണുന്ന സമൃദ്ധിയിലെല്ലാം അയാളുടെ അധ്വാനമുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുന്ന മാലിക് റമദാപള്ളിക്കാർക്കും വേണ്ടപ്പെട്ടവനാണ്.

സുലൈമാൻ മാലിക്കായി സ്ക്രീനിൽ നിറയുമ്പോൾ ‘ഫഫാ’ മാജിക്കിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് പകർന്നാട്ടങ്ങളുടെ വിസ്മയക്കാഴ്ച സമ്മാനിക്കുകയാണ് ഫഹദ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒരുപടി കൂടി മുകളിലേക്ക് ഉയർന്ന്, തനിക്കു തന്നെ നാളെ ഭേദിക്കാനുള്ള ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ് മാലിക്കിലൂടെ ഫഹദ്.

ഫഹദ് അടക്കമുള്ള കഥാപാത്രങ്ങളുടെ മുപ്പതുവയസ്സുകാലയളവിലുള്ള ജീവിതമാണ് ‘മാലിക്’ പറയുന്നത്. ഓരോ കാലഘട്ടത്തിനോടും പൂർണ്ണമായും നീതി പുലർത്താൻ ഫഹദിന് സാധിച്ചിട്ടുണ്ട്. വൃദ്ധനായി എത്തുന്ന സീനുകളിൽ ശരീരഭാഷയിൽ ഫഹദ് കൈകൊണ്ട കയ്യടക്കം അഭിനന്ദനാർഹമാണ്.

പൊതുവെ നായകകേന്ദ്രീകൃതമായ ചിത്രങ്ങളിൽ നായകന്റെ മാത്രം തേരോട്ടമാണ് കണ്ടു ശീലിച്ചതെങ്കിൽ ‘മാലിക്’ ആ പതിവുകളെ തിരുത്തി കുറിക്കുന്നുണ്ട്. ഫഹദിനൊപ്പം തന്നെ നിമിഷ സജയനും വിനയ് ഫോർട്ടും ദിലീഷ് പോത്തനും ജോജുവും അടക്കം സിനിമയിൽ വന്നുപോവുന്ന വലുതും ചെറുതുമായ കഥാപാത്രങ്ങളെല്ലാം മത്സരിച്ച് അഭിനയിക്കുന്നുണ്ട് ചിത്രത്തിൽ. തന്നിലും ഇരട്ടി പ്രായമുള്ള കഥാപാത്രത്തെ എത്ര പക്വതയോടെയാണ് നിമിഷ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ജലജയും ശക്തമായൊരു കഥാപാത്രവുമായി മാലിക്കിൽ നിറയുന്നുണ്ട്. സലിം കുമാർ, ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രൻസ്, സുധി കോപ്പ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു.

കഴിവുറ്റ ഒരു പറ്റം അഭിനേതാക്കളും മികച്ച സാങ്കേതികതയും കൂടി റമദാപ്പള്ളിക്കാരുടെ അതിജീവനകഥ സ്ക്രീനിൽ വരച്ചിടുമ്പോൾ പ്രേക്ഷകന് നിരാശ തോന്നുക ഒരൊറ്റ കാര്യത്തിൽ മാത്രമാകും, കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നമുക്ക് നഷ്ടമായ മാലിക്കിന്റെ തിയേറ്റർ അനുഭവം. നൂറുശതമാനവും തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കിൽ മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പ്രകടനത്തിൽ മാത്രമല്ല സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തലസംഗീതം, സാങ്കേതികത എന്നിവയിലെല്ലാം ഒരുപോലെ മികവ് പുലർത്തുന്നുണ്ട് ‘മാലിക്’. റമദാപ്പള്ളിയിൽ വന്നിറങ്ങിയ പ്രേക്ഷകനെ ഒപ്പം നടത്തുന്ന രീതിയിലാണ് മഹേഷ് നാരായണൻ മാലിക്കിന്റെ കഥ പറഞ്ഞുപോവുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ കൂടെ നടത്തുക എന്ന ഉദ്യമത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. റിയലിസ്റ്റിക്കായ ദൃശ്യങ്ങളും ഏച്ചുക്കെട്ടലുകളില്ലാത്ത എഡിറ്റിംഗും സിനിമയ്ക്ക് ഒപ്പമുള്ള പ്രേക്ഷകന്റെ യാത്രയെ സുഗമമാക്കുന്നു. സാനു ജോൺ വർഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മഹേഷ് നാരായണൻ തന്നെയാണ് മാലിക്കിന്റെ എഡിറ്റർ, സുഷിൻ ശ്യാമാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ, ചെറുപ്പത്തിന്റെ ആവേശം, സാഹസപ്രവർത്തികൾ, പ്രണയം, വിരഹം, മരണം, ചതി, പക, രാഷ്ട്രീയചൂതാട്ടങ്ങൾ, മനുഷ്യരുടെ ഉള്ളിൽ മതചിന്ത കലർത്തി ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിന്റെ കുതന്ത്രം, അധികാരകൊതി തുടങ്ങി എല്ലാതരം മനുഷ്യവികാരങ്ങളെയും അഡ്രസ് ചെയ്യുന്ന ചിത്രമാണ് മാലിക്. പച്ചയായ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച. സാഹോദര്യത്തിലും സഹവർത്തിത്വത്തിലും മാനവികതയിലും മതത്തിന്റെ പേരിൽ വിഷം കലക്കുന്ന യഥാർത്ഥ ചൂഷകർ ആരെന്നും ‘മാലിക്’ കാണിച്ചുതരുന്നു.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Fahadh faasil malik movie review rating