Ente Ummante Peru Movie Review in Malayalam: വേരുകളും ബന്ധങ്ങളും അന്വേഷിച്ചു പോവുന്ന ഒരു മകന്റെ ജീവിതയാത്രയുടെ കഥയുമായി ‘എന്റെ ഉമ്മാന്റെ പേര്’ ഇന്ന് തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കും പോലെ തന്നെ ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കച്ചവടക്കാരനും അതിലുപരി കലാസ്നേഹിയുമൊക്കെയായ ഹൈദർ അയാളുടേതായ ചില സ്വകാര്യ കാരണങ്ങളാൽ നാടും വീടും ബന്ധുക്കളെയുമെല്ലാം വിട്ട് മകനെയും കൊണ്ട് തലശ്ശേരിയിലെത്തി ജീവിതം കെട്ടിപ്പടുത്ത ഒരു വ്യക്തിയാണ്. അടുത്ത സുഹൃത്തിനു പോലും അറിയാത്തൊരു ‘ഇന്നലെ’ അയാൾക്കുണ്ട്. അയാളുടെ സുഹൃത്ത് തന്നെ പറയുന്നതുപോലെ, ഒരുപാട് വേദനിപ്പിക്കുന്ന ഓർമ്മകളെ മറ്റാരോടും പങ്കുവെയ്ക്കാതെ, രഹസ്യങ്ങളുടെ താക്കോൽ മറ്റാർക്കും കൈമാറാതെ ഒരു ദിവസം അയാൾ മരണത്തിന്റെ കൈ പിടിച്ചു പോവുമ്പോൾ ബാപ്പയുടെ തണലിൽ മാത്രം ജീവിച്ചു ശീലിച്ച മകൻ ഹമീദ് ഒറ്റയ്ക്കാവുകയാണ്. ഒരു കല്യാണവീടിന്റെ സന്തോഷത്തിൽ ബിരിയാണി കഴിച്ചിരിക്കുമ്പോഴാണ് ബാപ്പ ലോകം വിട്ടുപോയെന്ന ആ ദുരന്തവാർത്ത ഹമീദ് കേൾക്കുന്നത്.

Read More: ആരും പറയാത്ത കഥയല്ല, പക്ഷേ എത്ര കേട്ടാലും മതി വരാത്ത ഒന്നാണ്: ‘എന്റെ ഉമ്മാന്റെ പേരി’നെക്കുറിച്ച് ഉര്‍വ്വശി

അൽപ്പം കർക്കശക്കാരനായ ബാപ്പയുടെ നിഴലിൽ നിന്നു ശീലിച്ച ഹമീദ് അവിടം മുതൽ ചിറകു നഷ്ടപ്പെട്ടൊരു കോഴിക്കുഞ്ഞിനെ പോലെയാവുന്നു. പണവും ജീവിത ചുറ്റുപാടുകളുമെല്ലാം ഉണ്ടായിട്ടും ഒറ്റയ്ക്കാവലിന്റെ വിങ്ങലും വേദനയുമൊക്കെ അവൻ അറിഞ്ഞു തുടങ്ങുകയാണ്. കൂടപിറപ്പിനെ പോലെ പരിചരിക്കുന്ന ഒരു സഹായിയും ബാപ്പയുടെ ഒരു സുഹൃത്തും മാത്രമാണ് അവന് കൂട്ട്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാൻ പോലും തന്റെ ‘യത്തീം’ മേൽവിലാസം തടസ്സം സൃഷ്ടിക്കുന്നതോടെ അവൻ തന്റെ ഉമ്മയെ അന്വേഷിച്ചിറങ്ങുകയാണ്. ‘ഉമ്മ മരിച്ചു പോയാലും അവർക്കൊരു പേരെങ്കിലുമുണ്ടാകില്ലേ?’ എന്നൊരൊറ്റ വിശ്വാസമാണ് അവനെ മുന്നോട്ട് നടത്തുന്നത്. എവിടെ തുടങ്ങണം, എങ്ങോട്ട് പോവണം എന്നറിയാത്ത ഹമീദിന്റെ യാത്രയും പ്രതിസന്ധികളും കണ്ടെത്തലുകളുമെല്ലാമാണ് ചിത്രം പറയുന്നത്.

ഏറെക്കാലത്തിനു ശേഷം മലയാള സിനിമയ്ക്ക് കുടുംബാന്തരീക്ഷത്തിലുള്ള ഒരു ‘ഫീൽ ഗുഡ്’ ചിത്രം സമ്മാനിക്കുകയാണ് ‘എന്റെ ഉമ്മാന്റെ പേര്’. അതീവ വൈകാരികമായൊരു വിഷയത്തെ ചിരിയിൽ പൊതിഞ്ഞാണ് സംവിധായകൻ പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്. പ്രധാന വേഷങ്ങളിലെത്തുന്ന നടീനടന്മാരുടെ പെർഫോമൻസ് മികവാണ് സിനിമയുടെ നട്ടെല്ല്. അരക്ഷിതാവസ്ഥകളുള്ള, വലിയ ലോകവിവരമൊന്നുമില്ലാത്ത, ഉമ്മയെന്ന സങ്കൽപ്പത്തെ പോലും പ്രണയിക്കുന്ന മകനായി ടൊവിനോ ഹമീദിലേക്ക് പരകായപ്രവേശം നടത്തുകയാണ്. വെറളിയുമ്മയായി ഉർവ്വശി കൂടെ കഥയിലേക്കെത്തുന്നതോടെ സിനിമ അതീവ ഹൃദ്യമായി അനുഭവപ്പെട്ടു തുടങ്ങും.

ഉമ്മയും മകനുമായെത്തിയ ഉർവ്വശിയും ടൊവിനോയും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങൾ നിറയെയുണ്ട് ചിത്രത്തിൽ. സിനിമയോട് അത്രമേൽ പാഷൻ സൂക്ഷിക്കുന്ന രണ്ടുപേർ മത്സരിച്ചഭിനയിക്കുന്നത് കണ്ടിരിക്കുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്. ഈ ഉമ്മായ്ക്കും മകനും പകരം മറ്റാരെയും സങ്കൽപ്പിക്കാൻ ആവാത്ത വിധം കഥാപാത്രങ്ങളെ അനശ്വരമാക്കുന്നുണ്ട് ഇരുവരും. ആയിഷ എന്ന ഉർവ്വശിയുടെ കഥാപാത്രത്തിന് മറ്റൊരു മുഖം നിർദ്ദേശിക്കാനും കാഴ്ചക്കാർക്ക് സാധിക്കില്ല.

വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ്, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന, ഒറ്റയ്ക്ക് ജീവിക്കുന്ന, കർശനക്കാരിയായ, അതേസമയം സാമാർത്ഥ്യവും കുസൃതിയുമൊക്കെയുള്ള വെറളിയുമ്മ എന്നു വട്ടപ്പേരുള്ള ആയിഷയായി ഉർവ്വശി ജീവിക്കുകയാണ്. ഓരോ തിരിച്ചുവരവിലും ഗംഭീരൻ പെർഫോമൻസ് മലയാളികൾക്ക് സമ്മാനിക്കുന്ന ആ ‘ഉർവ്വശി മാജിക്’ ‘എന്റെ ഉമ്മാന്റെ പേരി’ലും കാണാം.

മാമുക്കോയ, ഹരീഷ് കണാരൻ, നായികയായെത്തിയ സായിപ്രിയ ദേവ്, ശാന്തികൃഷ്ണ, സിദ്ദീഖ്, ദിലീഷ് പോത്തൻ തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്. സ്വാഭാവികമായ നർമ്മമുഹൂർത്തങ്ങൾ തിയേറ്ററുകളിൽ പൊട്ടിച്ചിരി വിതറുന്നുണ്ട്. മാമുക്കോയ-ഹരീഷ് കണാരൻ-ടൊവിനോ കോമ്പിനേഷൻ രസകരമായ നിരവധി നർമ്മമൂഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

Read More: പടത്തില്‍ ‘ഉമ്മ’യുണ്ട്, എന്നാലും ‘യു’ സര്‍ട്ടിഫിക്കറ്റാ: പുതിയ ചിത്രത്തെക്കുറിച്ച് ടൊവിനോ തോമസ്‌

നവാഗതന്റെ പതർച്ചകളൊന്നുമില്ലാതെ, കയ്യടക്കത്തോടെ തന്നെയാണ് സംവിധായകൻ ജോസ് സെബാസ്റ്റ്യൻ ചിത്രമൊരുക്കിയിരിക്കുന്നത്. ഒട്ടും മുഷിപ്പിക്കാതെ, കഥയുടെ രസച്ചരട് മുറിക്കാതെ പ്രേക്ഷകനെ ആദ്യാവസാനം കൂടെ കൂട്ടുക എന്ന ഉദ്യമത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റ് പുതുമയേറിയ കാഴ്ചകളിലേക്കും ഹൃദയത്തെ സ്പർശിക്കുന്ന, കണ്ണുനനയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളിലേക്കുമാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുന്നത്.

Ente Ummante Peru Movie Review in Malayalam: പലകുറി പലരും പറഞ്ഞു പോയൊരു കഥയായിട്ടും അതിനെ വേറിട്ടൊരു രീതിയിൽ പറഞ്ഞതു വഴി കഥാപരിസരങ്ങൾക്ക് ഫ്രെഷ്നെസ്സ് കൊണ്ടു വരുന്നുണ്ട് തിരക്കഥ. വളരെ വൈകാരികമായ ജീവിതാവസ്ഥകളെയും യാഥാർത്ഥ്യങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോഴും ഉമ്മയ്ക്കും മകനുമിടയിലെ ആത്മബന്ധം പ്രേക്ഷകരുടെ കണ്ണു നനയ്ക്കും. സങ്കടങ്ങളിലും ചിരിക്കാൻ ശീലിക്കുന്ന മനുഷ്യരുടെ ഹൃദയവ്യഥകളെ അതിമനോഹരമായി തന്നെ ‘പോര്‍ട്രേ’ ചെയ്യുന്നുണ്ട് തിരക്കഥ.

സംവിധായകൻ ജോസ് സെബാസ്റ്റ്യനും ശരത് ആർ നാഥും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ട്രഷർ ഹണ്ട് കളി പോലെ, ഹമീദിന്റെ അന്വേഷണങ്ങൾക്കു മുന്നിലേക്ക് പുതിയ പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കപ്പെടുകയാണ്. ഒരുവേള ആ അന്വേഷണയാത്രയിൽ ഹമീദ് പിന്മാറാൻ തയ്യാറാവുമ്പോഴും ആ യാത്ര ഇനിയും മുന്നോട്ട് പോകണമെന്ന് പ്രേക്ഷകൻ ആഗ്രഹിച്ചു തുടങ്ങുന്നത്, സ്ക്രിപ്റ്റിലെ മുറുക്കം കൊണ്ടു തന്നെയാവാം. മികച്ചൊരു ദൃശ്യവിരുന്നു തന്നെയാണ് സ്പാനിഷ് ഛായാഗ്രഹകനായ ജോർഡി പ്ലാനെൽ ക്ലോസെയുടെ ക്യാമറ സമ്മാനിക്കുന്നത്. ഉത്തരേന്ത്യൻ കാഴ്ചകളെയൊക്കെ വളരെ റിയലിസ്റ്റാക്കായി തന്നെ പകർത്തിയിട്ടുണ്ട് ജോർഡി. അർജു ബെന്നിന്റെ എഡിറ്റിംഗും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഏറെ മികവു പുലർത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി മൂവീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

കുടുംബബന്ധങ്ങളെ കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ ഒട്ടും ‘ലക്ച്ചറിംഗ്’ ടോണില്ലാതെ സംസാരിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന ചിത്രമാണ്. സ്നേഹം കൊണ്ട് പരസ്പരം ചേർന്നു നിൽക്കുന്ന ഒരു ഉമ്മയും മകനും, ഗോതമ്പു വയലുകൾക്കു മുകളിൽ വീഴുന്ന അസ്തമയ സൂര്യന്റെ സ്വർണപ്രഭ പോലെ മനോഹരമായൊരു കാഴ്ചയാണത്. സിനിമ കണ്ടിറങ്ങുമ്പോൾ ആ മകനും ഉമ്മയും കൂടെപ്പോരും, കാരണം രണ്ടരമണിക്കൂർ സിനിമാക്കാഴ്ചയ്ക്കിടെ എപ്പോഴോ സ്നേഹം കൊണ്ട് അവർ പ്രേക്ഷകന്റെ ഹൃദയം സ്വന്തമാക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook