scorecardresearch
Latest News

Ennalum Ente Aliya Movie Review & Rating: ചിരിപ്പിച്ചും ഇടയ്ക്ക് ബോറടിപ്പിച്ചും ‘എന്നാലും ന്റെളിയാ’; റിവ്യൂ

Ennalum Ente Aliya Movie Review & Rating: രസികൻ പ്രകടനവുമായി സുരാജും സിദ്ദിഖും ലെനയും ചിരികോള് ഒരുക്കുകയാണ് ചിത്രത്തിൽ

RatingRatingRatingRatingRating
ennalum ente aliya review, ennalum ente aliya review rating

Ennalum Ente Aliya Movie Review & Rating: വളരെ ചെറിയ പ്ലോട്ട്, വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, വലിയ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ പറഞ്ഞുപോവുന്ന കഥകൾ. സമീപകാലത്ത് ഈ കോമ്പിനേഷനിലുള്ള ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതേ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എന്നാലും ന്റെളിയാ’. അത്യാവശ്യം ചിരിക്കാനും രസിക്കാനുമൊക്കെയുള്ള ചേരുവകളെല്ലാം സംവിധായകൻ ബാഷ് മുഹമ്മദ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രവാസി മലയാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദുബായിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ബാലു (സുരാജ് വെഞ്ഞാറമൂട്), ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ).വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായിട്ടും കുട്ടികൾ ഇല്ല എന്നതു മാത്രമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ പ്രധാന വിഷമം. ബാലുവിന്റെ ഫ്ളാറ്റിലേക്ക് ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തുന്നയാളാണ് അളിയൻ വിവേക്. അതേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് അബ്ദുൽ കരീമും (സിദ്ദിഖ്) സുൽഫിയും (ലെന) മകൾ ഇസ്മിയും. ഇരു കുടുംബങ്ങൾക്കും ഇടയിലുണ്ടാവുന്ന ചില തെറ്റിദ്ധാരണകളും പ്രശ്നങ്ങളുമൊക്കെയാണ് ‘എന്നാലും ന്റെളിയാ ‘ എന്ന ചിത്രത്തിന്റെ കഥാപരിസരം.

ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന ഗൃഹനാഥന്മാരായി സുരാജും സിദ്ദിഖും തകർക്കുമ്പോൾ സംശയരോഗിയായ സുൽഫിയായി ലെനയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. സിദ്ദിഖ്-സുരാജ് കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അൽപ്പം മണ്ടത്തരവും വെപ്രാളവും സംശയരോഗവുമൊക്കെയുള്ള നാട്ടിൻപ്പുറത്തുകാരിയായി ലെനയും പ്രേക്ഷകരെ ചിരിപ്പിക്കും. ഈ മൂവർ സംഘത്തിന്റെ പ്രകടനത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്നുണ്ട് ഗായത്രി അരുണും. ഒരു അതിഥി വേഷത്തിൽ മീര നന്ദനും ചിത്രത്തിലുണ്ട്.

പ്രകാശ് വേലായുധന്റെ സിനിമോട്ടോഗ്രാഫി ദുബായുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നുണ്ട്. വില്യം ഫ്രാൻസിസും ഷാൻ റഹ്മാനുമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ‘ലുക്ക ചുപ്പി’യ്ക്ക് ശേഷം സംവിധായകനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘എന്നാലും ന്റെളിയാ ‘ . ശ്രീകുമാരൻ അറയ്ക്കലിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബാഷ് മുഹമ്മദ് തന്നെ. രണ്ടു കുടുംബങ്ങൾക്കിടയിലുണ്ടാവുന്ന രസകരമായ ചില സംഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ബാഷ്. ഒറ്റവരിയിൽ പറഞ്ഞുപോകാവുന്ന വളരെ നിസാരമായൊരു കഥയെ സിനിമയുടെ ഫോർമാറ്റിലേക്ക് നീട്ടി പരത്തി പറയുമ്പോൾ പലയിടത്തും ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ, അനുഭവപരിചയമുള്ള അഭിനേതാക്കളുടെ പക്വമായ ഇടപെടലാണ് ഇവിടെയെല്ലാം സിനിമയെ രക്ഷിക്കുന്നത്.

സാങ്കേതികതയിലും അഭിനേതാക്കളുടെ പ്രകടനത്തിലുമൊക്കെ മികവു പുലർത്തുമ്പോഴും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന രീതിയിൽ ഒന്നും അവശേഷിപ്പിക്കാൻ ചിത്രത്തിനു സാധിക്കുന്നില്ല. എന്താണ് ആ മിസ്സിംഗിനു കാരണമെന്ന് സിനിമ കണ്ടിറങ്ങുന്ന ചിലരെങ്കിലും ആലോചിച്ചേക്കാം. ദുർബലമായ കഥയ്ക്കു മുകളിൽ കെട്ടിപ്പടുത്ത തിരക്കഥ മാത്രമല്ല, മലയാളികളുടെ മാറിയ സിനിമക്കാഴ്ചകളും ഇവിടെ പരിഗണിക്കേണ്ട വിഷയമാണ്. സിനിമയ്ക്ക് സമാന്തരമായി വെബ് സീരിസുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയൊക്കെ വളരെയധികം പ്രചാരത്തിലുള്ള ഒരു കാലമാണിത്. വിരൽത്തുമ്പിനപ്പുറം എല്ലാ ഴോണറുകളിലുള്ള ചിത്രങ്ങളും ലഭ്യമാവുന്ന കാലം. അത്തരമൊരു കാലത്ത്, ഒരു സിനിമ കാണാനായി പ്രേക്ഷകർ തിയേറ്ററിലേക്ക് സമയവും പണവും നഷ്ടപ്പെടുത്തിയെത്തുന്നുണ്ടെങ്കിൽ അവരെ ആവേശം കൊള്ളിക്കുന്ന, വിസ്മയിപ്പിക്കുന്ന, സ്പർശിക്കുന്ന ഒരു കാഴ്ചാനുഭവം സമ്മാനിക്കാൻ സിനിമകൾക്ക് സാധിക്കേണ്ടതുണ്ട്. അത്തരം കാഴ്ചാനുഭവമാണ് സമീപകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും മിസ്സായ ഘടകം, നിർഭാഗ്യവശാൽ ‘എന്നാലും ന്റെളിയാ’യിലും നഷ്ടമാവുന്നത് ആ എലമെന്റ് തന്നെയാണ്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Ennalum ente aliya movie review rating