Enkilum Chandrike Malayalam Movie Review & Rating: ഗ്രാമീണമായ പശ്ചാത്തലം, ആർട്സ് ക്ലബ്ബുകൾ, അവിടെ ഉടലെടുക്കുന്ന സൗഹൃദങ്ങൾ, പിണക്കങ്ങൾ- ഇതെല്ലാം മലയാളസിനിമയ്ക്ക് വളരെ സുപരിചിതമായ പ്ലോട്ടുകളാണ്. സമാനമായ പശ്ചാത്തലങ്ങളിൽ നിന്നും കഥ പറഞ്ഞ മലർവാടി ആർട്സ് ക്ലബ്, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിട്ടുള്ളതുമാണ്. ട്രെയിലറും പാട്ടുകളുമൊക്കെ കൊണ്ട് ഇറങ്ങുന്നതിനു മുൻപു തന്നെ ശ്രദ്ധ നേടിയ ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രവും പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്.
കൂമൻതൊണ്ട എന്നൊരു സാങ്കൽപ്പിക ദേശത്തിന്റെയും അവിടുത്തെ അഞ്ചു ചെറുപ്പക്കാരുടെയും കഥയാണ് ‘എങ്കിലും ചന്ദ്രികേ’ പറയുന്നത്. കൂമൻതൊണ്ടയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സുമലത. അവിടുത്തെ സജീവ പ്രവർത്തകരാണ് സൊസൈറ്റി പവിത്രൻ (വെഞ്ഞാറമൂട്), അഭിഷേക് (സൈജു കുറുപ്പ്), സിനിമാസംവിധായകനാവാൻ നടക്കുന്ന കിരൺ (ബേസിൽ ജോസഫ്), അമൽ, ബിബീഷ് (അഭിരാം പൊതുവാൾ) എന്നിവർ.
കൂട്ടത്തിൽ വിവാഹപ്രായം കഴിഞ്ഞ്, പെണ്ണു കിട്ടാതെ അതിന്റെതായ നിരാശയുമായി കഴിയുന്നവരാണ് പവിത്രനും അഭിഷേകും. അതിനിടയിൽ കൂട്ടുകാരെയൊന്നും അറിയിക്കാതെ കൂട്ടത്തിലെ അഞ്ചാമനായ ബിബീഷിന്റെ കല്യാണം ഉറപ്പിക്കുന്നു. ‘എന്തുകൊണ്ടാണ് വിവാഹകാര്യം ബിബീഷ് ഇത്ര രഹസ്യമായി കൊണ്ടുനടക്കുന്നത്’ എന്നത് കൂട്ടുകാരിലും സംശയമുണർത്തുന്നു. അതിനു പിന്നിലുള്ള ചങ്ങാതിമാരുടെ അന്വേഷണവും ബിബീഷ്- ചന്ദ്രിക വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചില സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ബേസിൽ, സൈജു കുറുപ്പ്, അശ്വിൻ എന്നിവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കാൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. ഈ അഭിനേതാക്കൾ സമ്മാനിക്കുന്ന ചില നർമ്മമുഹൂർത്തങ്ങൾ മാത്രമാണ് പ്രേക്ഷകർക്ക് അൽപ്പമെങ്കിലും ആശ്വാസമാകുന്നത്. ഭാനുമതി പയ്യന്നൂർ എന്ന കലാകാരിയും സ്വാഭാവികമായ നർമ്മവും ഭാവപ്രകടനങ്ങളും കൊണ്ട് തിയേറ്ററിൽ ചിരിയുണർത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടുമൊത്തുള്ള രംഗങ്ങളിലും ഉരുളയ്ക്കുപ്പേരി മറുപടികളുമായി തകർന്നുണ്ട് ഈ അഭിനേത്രി. നിരഞ്ജന, തൻവി റാം, സി നാരായണൻ, രാജേഷ് ശർമ്മ, മണിയൻപ്പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
എന്നാൽ അഭിനേതാക്കളുടെ പ്രകടനങ്ങൾക്കൊന്നും ദുർബലമായ കഥയെ രക്ഷിച്ചെടുക്കാൻ സാധിക്കുന്നില്ല. പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്ന രീതിയിലാണ് കഥയുടെ മുന്നോട്ട് പോക്ക്. വളരെ ചെറിയൊരു കഥാതന്തുവിനെ പരമാവധി നീട്ടിവലിച്ച് അവതരിപ്പിക്കാൻ ശ്രമിച്ചതിന്റേതായ ആയാസവും അസ്വാഭാവികതയും ചിത്രത്തിൽ ഉടനീളം നിഴലിക്കുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംവിധായകൻ. നല്ല രീതിയിൽ കോമഡി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പറ്റം അഭിനേതാക്കൾ സിനിമയിൽ നിറഞ്ഞുനിന്നിട്ടും കഥയിലും മേക്കിംഗിലും കയ്യടക്കം ഇല്ലാതെ പോയത് ചിത്രത്തെ പലയിടത്തും വിരസമാക്കുന്നു. രസച്ചരട് പൊട്ടാതെ കഥയെ മുന്നോട്ടുകൊണ്ടുപോവുന്നതിലാണ് അണിയറപ്രവർത്തകർ പരാജയപ്പെടുന്നത്. കോമഡിയ്ക്കായി ചില കഥാപാത്രങ്ങളെയൊക്കെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് കാണുമ്പോൾ ഇതൊരു സ്പൂഫ് ചിത്രമാണോ എന്ന് പ്രേക്ഷകർക്ക് തോന്നിയാലും അതിശയപ്പെടാനില്ല.
ചിത്രത്തിലെ മറ്റു ഘടകങ്ങളെ കുറിച്ചു പറയുമ്പോൾ, ഇഫ്ത്തിയൊരുക്കിയ പാട്ടുകൾ എടുത്തു പറയണം. സിനിമയുടെ മൂഡുമായി ചേർന്നുപോവുന്നതാണ് പാട്ടുകളെല്ലാം തന്നെ. ജിതിൻ സ്റ്റാനിസ്‌ലാസിന്റെ ക്യാമറ കണ്ണൂരിന്റെ നാട്ടിൻപ്പുറഭംഗിയെ ദൃശ്യമികവോടെ തന്നെ ഒപ്പിയെടുക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.